മതേതര പാര്‍ട്ടികള്‍ മറന്ന് പോകുന്നത്

ഡോ. സി.എം സാബിര്‍ നവാസ്

2017 ഏപ്രില്‍ 29 1438 ശഅബാന്‍ 2

മതേതരപാര്‍ട്ടികള്‍ മയക്കം വിട്ടുണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രാജ്യം നൂറ്റാണ്ടുകളായി പുലര്‍ത്തി പോന്ന ജനാധിപത്യസങ്കല്‍പം തുടര്‍ച്ചയായി പിച്ചിച്ചീന്തി വ്യാവസായികാടിസ്ഥാനത്തില്‍ വെറുപ്പുല്‍പാദനത്തില്‍ സകല റെക്കോര്‍ഡുകളും ഭേദിച്ച് മോദി ഭരണകൂടം മുന്നേറുമ്പോള്‍ നമ്മുടെ മതേതര പാര്‍ട്ടികളൊക്കെ എന്തെടുക്കുകയാണ്?

എന്തെല്ലാം പോരായ്മകള്‍ ഉന്നയിക്കുവാന്‍ സാധിക്കുമെങ്കിലും രാഷ്ട്രം ഉയര്‍ത്തിപ്പിടിച്ച ബഹുസ്വരതയുടെയും സഹിഷ്ണുതയുടെയും നല്ല ചിത്രങ്ങള്‍ ലോക സമൂഹത്തിന്റെ ചുവരില്‍ നിന്ന് നീക്കിക്കൊണ്ടാണ് എന്‍.ഡി.എ സഖ്യം നിക്ഷിപ്ത അജണ്ടകളുമായി ചുവടുവെക്കുന്നത്.  

ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളായ പാര്‍ലമെന്റിന്റെ ഇരു സഭകളെയും അവഗണിച്ചു കൊണ്ട് പ്രധാനമന്ത്രിയും പ്രധാന ശിങ്കിടികളും കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ക്കെതിരെ ചെറു വിരലനക്കാന്‍ ആണ്‍കുട്ടികളില്ലേ, പ്രതിപക്ഷനിരയില്‍ എന്നതാണ് ഇവിടെ ഉയരുന്ന ഏറ്റവും പ്രസക്തമായ ചോദ്യം!

ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളി ഫാഷിസം വിതക്കുന്ന ഭീതിയല്ല, മതേതരചേരി പുലര്‍ത്തുന്ന നിസംഗമായ മൗനമാണെന്ന് നാം തിരിച്ചറിയുകയാണ്. വീടിന്റെ ചുമരില്‍ കരിക്കട്ട കൊണ്ട് സ്വന്തം പേരെഴുതി വെക്കുന്നതിന് സമാനമായ ബാല്യചാപല്യങ്ങള്‍ കൊണ്ടു നടക്കുന്ന പ്രധാനമന്ത്രിയെ ശരിയാം വിധം നേരിടുന്നതില്‍ പ്രതിപക്ഷം തോറ്റുപോയി എന്ന് പറയേണ്ടി വന്നിരിക്കുന്നു. ശശി തരൂര്‍, ആനന്ദ് ശര്‍മ, സിതാറാം യ

ച്ചൂരി, ഇ.ടി, അസദുദ്ദീന്‍ ഉവൈസി തുടങ്ങിയ ചെറു ശബ്ദങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ എതിര്‍പക്ഷ നിര ശൂന്യമാണെന്ന് വേണം പറയാന്‍.

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മുഴുവന്‍ കൂപ്പുകുത്താന്‍ നോട്ടുപിന്‍വലിക്കല്‍ നടപടി സകല കീഴ്‌വഴക്കങ്ങളും മറികടന്ന് നടപ്പിലാക്കിയിട്ട് പോലും നോക്കുകുത്തികളായി നോക്കി നില്‍ക്കാനേ ഇന്ദ്രപ്രസ്ഥത്തിലേക്ക് വണ്ടി കയറിയ കുര്‍ത്താധാരികള്‍ക്ക് കഴിഞ്ഞുള്ളൂവെന്ന് തിരിച്ചറിയുമ്പോഴാണ് പ്രതിപക്ഷ നിഷ്‌ക്രിയതയുടെ ആഴം മനസ്സിലാവുക.

തുച്ഛമായ ഭൗതിക പിന്‍ബലത്തിന്റെയും തകര്‍ക്കാനാവാത്ത താത്ത്വിക പശ്ചാത്തലത്തിന്റെയും അടിസ്ഥാനത്തിലല്ല, കേവല ഭൂരിപക്ഷത്തിന്റെ ശതമാനക്കണക്കുകളുടെ ആനുകൂല്യത്തിലാണ് ഇത്തവണ ബി.ജെ.പി ഭരണകൂടത്തിലേറിയതെന്നെല്ലാവര്‍ക്കുമറിയാം. ചില കുത്തക കോര്‍പറേറ്റുകളും അന്താരാഷ്ട്ര ഇവന്റ്മാനേജ്‌മെന്റ് ടീമും മനസ്സുവെച്ചാല്‍ ഒരു രാജ്യത്തിന്റെ തലവര മാറ്റിയെഴുതാനാവുമെന്ന് വിചാരിക്കുന്നത് വ്യര്‍ഥമാണ്. സാഹചര്യങ്ങള്‍ മനസ്സിലാക്കിയും യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടുമുള്ള പരിഹാരശ്രമങ്ങള്‍ക്ക് മുന്‍കയ്യെടുക്കാന്‍ മതേതര പാര്‍ട്ടികള്‍ മറന്നുപോയിരിക്കുന്നു.

ഇരുട്ടിന്റെ തടവറയില്‍ ദുരഭിമാനത്തിന്റെ തഴമ്പ് തടവി കാലം കഴിക്കുന്നതിന് പകരം രാജ്യത്തെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന ഫാഷിസം എന്ന അര്‍ബുദം കരിച്ചു കളയാന്‍  ചെറുതും വലുതുമായ മുഴുവന്‍ മതേതര പാര്‍ട്ടികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണം.

രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരുക്കങ്ങള്‍ അത്തരം വിശാലമായ കൂട്ടായ്മയുടെ രൂപീകരണത്തിന് ഏറ്റവും യോജിച്ച സമയമാണെന്നതിന് സന്ദേഹമില്ല.

കോണ്‍ഗ്രസ്സ് മുന്നില്‍ നിന്ന് കൊണ്ടു മാത്രമേ ഇത്തരം കൂട്ടായ്മകള്‍ ഫലപ്രദമാവുകയുള്ളൂവെന്ന് മറ്റു പാര്‍ട്ടികള്‍  തിരിച്ചറിഞ്ഞേ പറ്റൂ. പ്രതാപവും പത്രാസും നഷ്ടപ്പെട്ട പല്ലു കൊഴിഞ്ഞ സിംഹമാണ് തങ്ങളെന്ന കാര്യം കോണ്‍ഗ്രസ്സിനും ബോധ്യപ്പെടേണ്ടതുണ്ട്.

കുടുംബരാഷ്ട്രീയത്തിന്റെയും സ്തുതിപാഠകരുടെയും അതിപ്രസരം കൊണ്ടാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് എന്ന വടവൃക്ഷം വെറും പുല്‍ക്കൊടിയായി മാറിയതെന്ന കാര്യം ഹൈക്കമാന്റല്ലാത്ത മുഴുവന്‍ പേര്‍ക്കും ഇതിനകം മനസ്സിലായി കഴിഞ്ഞിട്ടുണ്ട്. 

ഫാഷിസ്റ്റ് വിരുദ്ധ ശബ്ദങ്ങള്‍ ചിതറിപ്പോകാതിരിക്കാന്‍ അരവിന്ദ് കെജ്‌രിവാളിന് സാധിക്കും. അസദുദ്ദീന്‍ ഉവൈസിയെ പോലെയുള്ള തീവ്ര നിലപാടുകള്‍ക്ക് മിതമായ മതേതര ഭാഷ പഠിപ്പിക്കാന്‍ മുസ്‌ലിം ലീഗിനും പുതിയ തേരാളി കുഞ്ഞാലിക്കുട്ടിക്കും സാധിച്ചേക്കും. തമിഴ് രാഷ്ട്രീയം എത്ര കലങ്ങി മറിഞ്ഞാലും അവര്‍ എന്നും ഫാഷിസ്റ്റ് വിരുദ്ധ ചേരിയിലായിരുന്നുവെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

മമതയും ശരത് പവാറുമടക്കമുള്ള പഴയ കോണ്‍ഗ്രസ്സുകാരെയും ബി.എസ്.പിയും എസ്.പിയും ഉള്‍ക്കൊള്ളുന്ന യാദവപ്പടയെയും പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ഒന്നിച്ച് നിര്‍ത്താന്‍ കഴിയണം. ഫാഷിസത്തെ ബൗദ്ധികമായി നേരിടുന്ന തില്‍ വിജയിച്ച കക്ഷിയാണ് സി.പി.എം എന്ന കാര്യം വിസ്മരിക്കാന്‍ കഴിയില്ല. കാക്കിക്കളസമിട്ടവര്‍ കേരളത്തിലടക്കം വളരാതിരിക്കാന്‍ ഫലപ്രദമായി കരുക്കള്‍ നീക്കിയതിന്റെ ക്രഡിറ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് മാത്രം അവകാശപ്പെട്ടതാണ്. 

അപ്രായോഗികമായ പ്രത്യയശാസ്ത്ര ശാഠ്യങ്ങളില്‍ കിടന്ന് കുരുങ്ങുന്നതിന് പകരം പ്രായോഗികതയിലേക്ക് കണ്ണ് തുറക്കാന്‍ എല്ലാവരും തയ്യാറാവണം. ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് സി.പി.ഐ(എം) സെക്രട്ടറി സിതാറാം യെച്ചൂരിക്ക് നല്‍കാന്‍ കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ കാണിച്ച മഹാമനസ്‌കത ഇത്തരം തിരിച്ചറിവിന്റെ ഭാഗമാണ്.

ഫാഷിസം കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ കേവലം സ്വപ്‌നം മാത്രമായിരുന്നെന്നും മതേതരത്വവും ജനാധിപത്യവും നട്ടെല്ലുയര്‍ത്തി നില്‍ക്കുന്ന നാളുകളാണ് ഇനി വരാനുള്ളതെന്നും ആശ്വസിക്കാനാണ് മനഃസാക്ഷിയുള്ള മുഴുവന്‍ ഇന്ത്യക്കാരും ആഗ്രഹിക്കുന്നത്. ഈ വഴിയില്‍ തിരിച്ചറിവോടെ മുന്നേറാന്‍ നമ്മുടെ മതേതര രാഷ്ട്രീയകക്ഷികള്‍ തയ്യാറാകുമെന്ന് പ്രതീക്ഷിക്കാം.