ജനാധിപത്യ ജെല്ലിക്കെട്ട്

ഡോ. സി.എം സാബിര്‍ നവാസ്‌

2017 ഫെബ്രുവരി 18 1438 ജമാദുൽ അവ്വൽ 23

ശ്വാസം അടക്കിപ്പിടിച്ച രാഷ്ട്രീയ നാടകങ്ങളിലൂടെ തമിഴ് രാഷ്ട്രീയം വീണ്ടും തനിസ്വരൂപം സ്വീകരിച്ചിരിക്കുന്നു. നീണ്ട വര്‍ഷങ്ങള്‍ തമിഴകം അടക്കിഭരിച്ച ജയലളിതയുടെ മരണത്തിന് ശേഷം പിന്‍ഗാമിയെ ചൊല്ലിയുള്ള രാഷ്ട്രീയ ജെല്ലിക്കെട്ട് കൂടുതല്‍ ഗംഭീരമായി മുന്നേറുകയാണ്.

അഴിമതിയുടെയും വ്യക്തിജീവിതത്തിലെ ദുഃശാഠ്യങ്ങളുടെയും കറപുരണ്ടതായിരുന്നെങ്കിലും സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കാന്‍ സാധിച്ച ഭരണാധികാരി എന്ന നിലയിലാണ് 'തലൈവി' രാഷ്ട്രീയ ചരിത്രത്തില്‍ അറിയപ്പെടുക. രണ്ടു രൂപക്ക് അരിയും പകുതി വിലക്ക് സിമന്റും സൗജന്യ നിരക്കില്‍ ഇഡ്ഡലിയും ദോശയുമടക്കം നല്‍കി പാവങ്ങളുടെ മനസ്സില്‍ കുടിയിരിക്കാന്‍ നിഷ്പ്രയാസം സാധിച്ച 'ജയമാജിക്കി'ന് അന്ത്യംകുറിക്കുന്നത് ഉദ്വേഗജനകമായ രാഷ്ട്രീയ വടംവലിയുടെ നാടകീയ രംഗങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ടാണ്.

കൂടെ നിഴലായി നിന്ന തോഴി ശശികലയോ, പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രതിനിധിയായി നിന്ന വിശ്വസ്തന്‍ പനീര്‍സെല്‍വമോ ആരാണ് തമിഴ്‌നാടിന്റെ ഭരണചക്രം തിരിക്കുക എന്നതാണ് ദേശീയ രാഷ്ട്രീയം ഉറ്റു നോക്കുന്നത്. എം.എല്‍.എമാരെ മുഴുവന്‍ മഹാബലിപുരത്തെ റിസോര്‍ട്ടില്‍ 'ബന്ദികളാക്കി' വെച്ചുകൊണ്ടാണത്രെ ശശികല നടരാജന്‍ മുഖ്യമന്ത്രിപദത്തിന് അവകാശവാദവുമായി രംഗത്ത് വന്നിട്ടുള്ളത്.

രണ്ട് തവണ ഇടക്കാല മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ച ഒ.പി.എസ് എന്ന ഒ. പനീര്‍സെല്‍വം സ്ഥാനത്യാഗിയായി മൗനം തുടരുന്നതിനിടയിലാണ് ദേശീയ രാഷ്ട്രീയത്തില്‍ അലയൊലികളുയര്‍ത്തിയ അവകാശവാദങ്ങളുമായി രാജി തിരിച്ചെടുക്കാന്‍ തയ്യാറായി ഗോദയില്‍ ഇറങ്ങിയത്.

ആരു ഭരിച്ചാലും നെറികെട്ട കുറെ പൊറാട്ട് നാടകങ്ങള്‍ക്ക് തമിഴകം സാക്ഷിയാകേണ്ടി വരും. ജയലളിതയുടെ ഭരണകാലത്ത് മറക്ക് പിന്നില്‍ ചരട് വലിച്ചിരുന്ന ശശികലയുടെ ഭര്‍ത്താവ് നടരാജന്‍ നേതൃത്വം കൊടുക്കുന്ന മന്നാര്‍ഗുടി മാഫിയ ലക്ഷ്യമിടുന്നത് കോടികളുടെ 'അഴിമതി കച്ചവട'മാണ്.

കൂടെ നില്‍ക്കുന്ന എം.എല്‍.എമാരില്‍ ഓരോരുത്തര്‍ക്കും അഞ്ച് കോടി രൂപ വീതമാണ് വീതം വെപ്പ് എന്നറിയുമ്പോള്‍ കാണാനിരിക്കുന്ന അഴിമതിപ്പൂരവും സ്വജനപക്ഷ മാമാങ്കവും പറഞ്ഞറിയിക്കേണ്ടി വരില്ല. എം.എല്‍.എമാര്‍ കൂറുമാറാതിരിക്കാന്‍ ഗുണ്ടകള്‍ ജനാധിപത്യത്തിന് കാവല്‍ നില്‍ക്കുകയാണ്.

തമിഴ് ഐക്യവും ദ്രാവിഡ മുന്നേറ്റവും മുഖ്യ അജണ്ടയാക്കി മുന്നേറുന്ന തമിഴ് പാര്‍ട്ടികള്‍ പ്രാദേശിക വാദത്തില്‍ ഏതറ്റം വരെ പോകാനും തയ്യാറായിരുന്നെങ്കിലും വര്‍ഗീയതയില്‍ നിന്ന് ഏറെ ബഹുദൂരമായിരുന്നു എന്നത് ഏറെ ശ്രദ്ധേയമായിരുന്നു. അധികാരം നിലനിര്‍ത്താന്‍ പനീര്‍സെല്‍വം തുറന്ന് കൊടുത്ത പിന്‍വാതിലിലൂടെ ബി.ജെ.പി തമിഴ് മണ്ണില്‍ ചുവടുറപ്പിക്കുമോ എന്നതാണ് മതേതരവിശ്വാസികള്‍ ആകുലതയോടെ ഉറ്റു നോക്കുന്നത്. നാശത്തിന്റെയും നിരാശയുടെയും ചാരക്കൂമ്പാരത്തില്‍ നിന്ന് ചിറകടിച്ചുയര്‍ന്ന ഒ.പി.എസ് എന്ന ഫിനിക്‌സ് പക്ഷി പറക്കുന്നത് താമരക്കുളങ്ങള്‍ക്ക് മുകളിലാണ് എന്നത് തമിഴ്‌നാട്ടിന്റെ രാഷ്ട്രീയചിത്രം ചോര കൊണ്ട് മാറ്റി എഴുതാന്‍ കാരണമാകാതിരുന്നാല്‍ അത്രയും നല്ലത്.

നമുക്ക് കണ്ണം കാതും തമിഴ്‌നാട്ടിലേക്ക് തുറന്ന് വെക്കാം. പഴയ എം.ജി.ആര്‍ സിനിമകളെ വെല്ലുന്ന ക്ലൈമാക്‌സും ആന്റി ക്ലൈമാക്‌സും ദ്രാവിഡ രാഷ്ട്രീയത്തിന്റെ പതിവ് രീതിയാണ്. പ്രവചനങ്ങള്‍ക്ക് പ്രസക്തിയില്ലാത്ത കളിക്കളത്തില്‍ അനുനിമിഷം എന്തും സംഭവിക്കാം. മുഖ്യമന്ത്രിയാവാന്‍ ശ്രമിക്കുന്നവര്‍ മുഖ്യ പ്രതികളാവുന്നതും തൂണും ചാരി നിന്നവര്‍ ഭരണം കൊണ്ട് പോവുന്നതും കണ്ണിമ വെട്ടാതെ നോക്കി നില്‍ക്കേണ്ടിയും വരാം. അന്നന്ന് കാണുന്നവനെ അപ്പനും അമ്മയുമായി സങ്കല്‍പിക്കാന്‍ മടിയില്ലാത്ത ജനപ്രതിനിധികള്‍ ഉള്ള നാട്ടില്‍ വില കുറയുന്നത് പൗരബോധത്തിനും ജനാധിപത്യമൂല്യങ്ങള്‍ക്കുമാണ്.