അന്ധവിശ്വാസങ്ങളെ അടിച്ചിറക്കുക

ഡോ. സി.എം സാബിര്‍ നവാസ്

2017 മാര്‍ച്ച് 11 1438 ജമാദുല്‍ ആഖിര്‍ 12

വികല വിശ്വാസങ്ങളും അബദ്ധധാരണകളും നമ്മുടെ സമൂഹ ഗാത്രത്തില്‍ എത്രത്തോളം ഗാഢമായി കട്ടപിടിച്ചിരിപ്പുണ്ട് എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമല്ല കോഴിക്കോട് ജില്ലയിലെ നാട്ടിന്‍ പുറത്ത് നടന്ന ദാരുണമായ സംഭവം. ജിന്ന്, മൂര്‍ത്തി, സാത്താന്‍ ചികിത്സകളും ബാധ ഒഴിപ്പിക്കലും കാലവും കോലവും മാറിയിട്ടും നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുകയാണിവിടെ. മനുഷ്യരുടെ ആശയും കീശയും ഊറ്റിയെടുത്ത് വീര്‍ക്കുന്ന മാഫിയ സംഘങ്ങള്‍ ഇതിന്റെ മേല്‍വിലാസം അവകാശപ്പെടുന്നതില്‍ നിന്ന് തന്നെ ഈ അക്രമത്തിന്റെ അപകടം വ്യക്തമാണ്. നിത്യവൃത്തിക്ക് വകയില്ലാത്തവന്‍ പോലും വലിയ തുക കെട്ടിവെച്ച് ഇത്തരം ഹോമങ്ങളും അടിച്ചിറക്കല്‍ 'കലാപരിപാടി'കളും നടത്താന്‍ തയ്യാറാവുന്നു എന്നത് തിരിച്ചറിയുമ്പോഴാണ് നമ്മുടെ സമൂഹം എത്തിപ്പെട്ടിട്ടുള്ള ദുരന്തത്തിന്റെ ആഴം മനസ്സിലാവുക.

മതത്തിനും മനുഷ്യനുമിടയില്‍ മതിലുകള്‍ തീര്‍ത്ത് പടച്ചവന്റെ പ്രതിനിധികളായി ചമയുന്ന മതമുതലാളിമാരുടെ ദ്രംഷ്ടങ്ങളില്‍ നിന്ന് നമ്മുടെ സമുദായത്തെ രക്ഷപ്പെടുത്തേണ്ടത് അനിവാര്യമാണ്. സര്‍വജ്ഞനും സര്‍വ പ്രതാപിയുമായ അല്ലാഹു അടുത്തുണ്ടെന്നും ഏത് സമയത്തും നമ്മുടെ ആവലാതികള്‍ അവന്റെ മുന്നില്‍ അവതിരിപ്പിക്കാമെന്നതുമാണ് ഇസ്‌ലാം മതത്തിന്റെ അടിസ്ഥാന തത്ത്വം.

ആളുകളില്‍ മതം പഠിപ്പിക്കാന്‍ നിയുക്തരായ പുണ്യപുരുഷന്‍മാരായ പ്രവാചകന്മാര്‍ മനുഷ്യസമൂഹത്തെ ദൈവവുമായി നേരിട്ട് കൂട്ടിയിണക്കുകയാണ് ചെയ്തത്. പ്രാര്‍ഥനകളും വഴിപാടുകളും അല്ലാഹുവില്‍ നിന്ന് മാത്രം എന്നതില്‍ നിന്ന് വ്യതിചലിച്ചാല്‍ മനുഷ്യസമൂഹം വഴിതെറ്റുമെന്നുറപ്പാണ്. മതം ഏജന്റുമാരുടെയും ദല്ലാളന്‍മാരുടെയും കൈകളിലെ കളിപ്പാട്ടങ്ങളായി മാറിയാല്‍ വിശ്വാസികള്‍ വലയും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഒരു ശവകുടീരത്തില്‍ നിന്ന് മറ്റൊന്നിലേക്കും ഒരു സിദ്ധനില്‍ നിന്ന് മറ്റൊരു ബീവിയിലേക്കുമുള്ള ഈ ലക്ഷ്യമില്ലാത്ത പ്രയാണം അനുസ്യൂതം തുടര്‍ന്നുകൊണ്ടേയിരിക്കും. ക്വുര്‍ആന്‍ പറയുന്നു: ''അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം അവന്‍ ആകാശത്തു നിന്ന് വീണത് പോലെയാകുന്നു. അങ്ങനെ പക്ഷികള്‍ അവനെ റാഞ്ചിക്കൊണ്ടു പോകുന്നു. അല്ലെങ്കില്‍ കാറ്റ് അവനെ വിദൂരസ്ഥലത്തേക്ക് കൊണ്ടു പോയി തള്ളുന്നു'' (22:31).

കീശയും അവശതയും ചൂഷണം ചെയ്ത് മനുഷ്യരുടെ ജീവനെടുക്കുന്ന ഇത്തരം പ്രാകൃത നടപടികള്‍ ഇല്ലായ്മ ചെയ്യാന്‍ ശക്തമായ ബോധവത്ക്കരണ പരിപാടികള്‍ ഫലപ്രദമായി നടപ്പിലാക്കണം. അന്ധവിശ്വാസങ്ങള്‍ക്കും പിശാച് സേവ പോലുള്ള പ്രാകൃത ചികിത്സാ രീതികള്‍ക്കും പ്രോത്സാഹനം നല്‍കുന്ന നിലപാടില്‍ നിന്ന് മാധ്യമങ്ങളും വിശിഷ്യാ ടിവി ചാനലുകളും പിന്‍മാറിയേ മതിയാകൂ. അന്ധവിശ്വാസങ്ങള്‍ സമൂഹത്തില്‍ പാടെ ഇല്ലാതാക്കാന്‍ നിയമ നിര്‍മാണം നടത്തുമെന്ന പ്രഖ്യാപനം പതിവ് പാഴ്‌വാഗ്ദാനങ്ങളുടെ പട്ടികയില്‍ നിന്ന് ഇനിയെങ്കിലും മോചനം നേടണം.

കോഴിക്കോട് ജില്ലയില്‍ നടന്ന ദാരുണമായ സംഭവത്തിലെ പ്രതി ജിന്നുമ്മയായി നടക്കുന്ന ഒരു മധ്യ വയസ്‌ക്കയും അവര്‍ക്ക് പിന്തുണ നല്‍കുന്ന സമുദായത്തിലെ ഭൂരിപക്ഷം വരുന്ന യാഥാസ്ഥിതിക വിഭാഗവുമാണെന്ന സത്യം നാട്ടുകാര്‍ക്കൊക്കെ മനസ്സിലായിട്ടും ബോധ്യപ്പെടാത്ത ഒരു വിഭാഗം പാവങ്ങള്‍ നമുക്കിടയിലുണ്ട്. പരിഷ്‌കൃതമെന്ന് പുറമേക്ക് തോന്നിക്കുന്ന നമ്മുടെ സമുദായം അന്ധകാര സമാനമായ സാഹചര്യത്തിലാണെന്ന് മനസ്സിലാക്കി സടകുടഞ്ഞെഴുന്നേറ്റ് സര്‍വ ശക്തിയുമുപയോഗിച്ച് യാഥാസ്ഥിതിക വിഭാഗം നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം ഇസ്‌ലാമിക വിരുദ്ധമായ നടപടികള്‍ക്കെതിരെ ശബ്ദിക്കേണ്ടതിന് പകരം ശിര്‍ക്കിനും ബിദ്അത്തിനുമെതിരെ ശക്തമായ പ്രബോധന പദ്ധതികളാവിഷ്‌ക്കരിച്ച് നടപ്പിലാക്കികൊണ്ടിരിക്കുന്ന വിസ്ഡം പ്രവര്‍ത്തകരെ ചില ഇരുട്ടിന്റെ ഉപാസകര്‍ ഈ സംഭവത്തില്‍ അന്യായമായി പ്രതിചേര്‍ക്കാന്‍ നടത്തിയ വിഫല ശ്രമം വളരെ വില കുറഞ്ഞതായി പോയി.

ഇത്തരം നിലവാരമില്ലാത്ത നീക്കങ്ങളിലൂടെ ഇക്കൂട്ടര്‍ സമൂഹത്തിനു മുന്നില്‍ അപഹാസ്യരായി മാറുക മാത്രമല്ല, യഥാര്‍ഥ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുത് നല്‍കുക കൂടിയാണ് ചെയ്യുന്നതെന്ന് സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്. കൃത്യമായ ഗൃഹപാഠം പോലും ചെയ്യാതെ തട്ടിക്കൂട്ടിയുണ്ടാക്കിയ ഐക്യ മഹാമഹം എന്ന പൊറാട്ട് നാടകം തിരക്കഥയില്‍ നിന്ന് തന്നെ പാളിയതിന്റെ ജാള്യം തീര്‍ക്കാനും സ്വന്തം പാളയത്തില്‍ നിന്നുള്ള മണ്ണൊലിപ്പ് തടയാനും വേണ്ടിയാണല്ലൊ ഇതൊക്കെ 'എന്ന് ആലോചിക്കുമ്പോഴാണ് ആകെ ഒരാശ്വാസം!'