മദം പൊട്ടുന്നവരും മതം പൊളിക്കുന്നവരും

ഡോ. സി.എം സാബിര്‍ നവാസ്

2017 ഡിസംബർ 16 1439 റബിഉല്‍ അവ്വല്‍ 27

ഏതാനും പെണ്‍കട്ടികള്‍ തെരുവില്‍ താളത്തിനൊത്ത് തട്ടമിട്ട് തുള്ളിയാല്‍ തെറിച്ച് പോകുന്നതല്ല ഇസ്ലാമിന്റെ അനുശാസനകളെന്ന് തിരിയാത്തവര്‍ അധികം ഉണ്ടാകാനിടയില്ല. ഉറക്കം നടിക്കുന്നവര്‍ ഉറക്കെ പറയുന്ന കാര്യങ്ങള്‍ക്ക് ചെവിയോര്‍ത്ത് സമയം കളയാന്‍ തല്‍ക്കാലം മാന്യന്മാര്‍  മിനക്കെടുകയില്ല. മലപ്പുറത്തിന്റെ മലമുകളില്‍ ജിമിക്കി കമ്മലും ബ്രാന്‍ഡി കുപ്പിയും പാടിയ പെണ്‍കുട്ടികളും അവരെ താങ്ങാനും തല്ലാനും വന്ന ആങ്ങളമാരുമാണ് പോയ വാരം മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്.

വ്യക്തി സ്വാതന്ത്ര്യവും അതിന്റെ വിശാല വ്യാഖ്യാനങ്ങളും നമ്മുടെ നാട്ടില്‍ പലകുറി ചര്‍ച്ചക്ക് വിധേയമായിട്ടുള്ളതാണ്. സ്വാതന്ത്ര്യെമന്നത് സ്വന്തം കാര്യം വരുമ്പോള്‍ മാത്രം പുറത്തെടുക്കുവാനുള്ളതാണെന്ന് ഇക്കണ്ട ഇങ്കുലാബുകാര്‍ തന്നെ പലവട്ടം പ്രയോഗിച്ച് തെളിയിച്ചിട്ടുമുണ്ട്.

ഒരു പെണ്‍കുട്ടി വൈക്കത്ത് മാസങ്ങളോളം വീട്ടുതടങ്കലില്‍ കഴിഞ്ഞ സമയത്ത് ഈ മുദ്രാവാക്യത്തൊഴിലാളികളൊക്കെ ഏത് മടയിലാണാവോ മൗനം ജപിച്ചിരുന്നത്? ഇഷ്ടപ്പെട്ട മതത്തില്‍വിശ്വസിക്കുവാനും വിവാഹം ചെയ്ത പുരുഷന്റെ കൂടെ ജീവിക്കുവാനും അതിയായി അഭിലഷിച്ച ആ ഡോക്ടര്‍ പെണ്‍കുട്ടിക്കു വേണ്ടി കണ്ണീരൊഴുക്കുവാനും ഫഌാഷ് മോബ് നടത്തുവാനുമൊന്നും സ്വാതന്ത്ര്യവാദികളെ കണ്ടിരുന്നില്ലല്ലോ!

മലപ്പുറത്തേക്ക് മടങ്ങിവരാം. തട്ടം മാത്രമല്ല തുണിതന്നെ ഉരിഞ്ഞും പല പല പൊറാട്ടുനാടകങ്ങള്‍ ഇവിടത്തുകാര്‍ ഇന്നും ഇന്നലെയും കാണാന്‍ തുടങ്ങിയതല്ല. ആരെങ്കിലും അങ്ങാടിയില്‍ വന്ന് നിരന്നുനിന്ന് നൃത്തം ചവിട്ടിയാല്‍ ഇക്കിളിപ്പെട്ട് ഇളകിപ്പോകാനുള്ള ഈമാനല്ല മാപ്പിളമാര്‍ക്കുള്ളതെന്ന് മലപ്പുറത്തിന്റെ മനസ്സ് വായിച്ചവര്‍ക്കറിയാം. ഈ പെണ്‍കുട്ടികള്‍ നടത്തിയതിനെക്കാള്‍ വലിയ പേക്കൂത്തുകള്‍ കല്യാണ വീടുകളിലും മറ്റു പല വേദികളിലും ഗംഭീരമായി അരങ്ങേറുന്നുണ്ട് എന്നതും പുതിയ കാര്യമല്ല.

വ്യക്തിസ്വാതന്ത്ര്യം മൊത്തമായും ചില്ലറയായും വിതരണം ചെയ്യുന്നവരോട് ഒരുവാക്ക്; ഈ പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല അവരുടെ പിന്നാലെ കൂടുന്ന ഓണ്‍ലൈന്‍ ആങ്ങളമാര്‍ക്കും ഇപ്പറയുന്ന സ്വാതന്ത്ര്യം നിങ്ങള്‍ ദയവായി വകവെച്ചുകൊടുക്കണം. തട്ടമിട്ട കുട്ടികള്‍ 'തോന്ന്യാസം' കാണിച്ചതിനാല്‍ ആകാശം അടര്‍ന്നുവീഴുമെന്നു കണ്ട് ഓടിവന്ന തട്ടമിട്ട ചിലര്‍ ഉപദേശികളും സാരോപദേശവുമായി ഗോദയില്‍ സജീവമായിരുന്നു.

വീണ്ടും വീണ്ടും വികാരം വൃണപ്പെടാനും വിവേകരഹിതമായി വിഷം വമിക്കാനും ഉപയോഗിക്കാനുള്ള ഒന്നാണോ വിശ്വാസമെന്ന വിലപ്പെട്ട സത്യം? വിവരമില്ലാത്തവര്‍ വേലിചാടുന്നത് കാണുമ്പോള്‍ വിവേകപൂര്‍ണമായി ഉപദേശിക്കുന്നിന് പകരം വിലകുറഞ്ഞ വിമര്‍ശനങ്ങള്‍ നടത്തി, വിപരീത ഫലം ഉണ്ടാക്കുന്ന വര്‍ത്തമാനങ്ങളുമായി കടന്നുവരാന്‍ ആരാണ് നിങ്ങള്‍ക്ക് ഇസ്‌ലാമിനെ തീറെഴുതിത്തന്നത് എന്നാണ് മുഴുവന്‍ വികാരജീവികളോടും ചോദിക്കുവാനുളളത്.

പുരപ്പുറത്തു കയറി ഇസ്‌ലാമിനെതിെര ഓരിയിടുന്നത് കാണുമ്പോള്‍ കാടടക്കി വെടിവെക്കാതെ പക്വതയോടെ പെരുമാറുകയാണ് വിശ്വാസികള്‍ ചെയ്യേണ്ടത്. കാത് പൊട്ടിപ്പോകുന്ന ആേക്രാശങ്ങളും സഭ്യത തെല്ലുമില്ലാത്ത ആരോപണങ്ങളുമായി പ്രവാചകന്റെ മുന്നില്‍ നിറഞ്ഞാടിയ ശത്രുക്കളുടെ മുന്നിലൂടെ സുസ്‌മേരവദനനായി അവിടുന്ന് കടന്നുപോയ ചരിത്രമാണ് വിശ്വാസികള്‍ക്ക് വെളിച്ചമാകേണ്ടത്.

വാക്കിലും നോക്കിലും മാത്രമല്ല വിചാര വികാരങ്ങളിലും വ്യവഹാരങ്ങളിലും കൃത്യമായ അധ്യാപനങ്ങള്‍ അനുധാവനം ചെയ്യേണ്ടവരാണ് നമ്മള്‍. പരിശുദ്ധ ക്വുര്‍ആനിലെ 41:34 വചനം പ്രസക്തമാകുന്നത് ഇവിടെയാണ്:

''നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ (തിന്‍മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു'' (ക്വുര്‍ആന്‍ 41:34).