ഉപരിപഠനവും ഉല്‍പാദനക്ഷമതയും

ഡോ. സി.എം സാബിര്‍ നവാസ് 

2017 നവംബര്‍ 11 1439 സഫര്‍ 22

വ്യക്തമായ കാഴ്ചപ്പാടോ ശരിയായ ധാരണയോ ഇല്ലാതെയാണ് ഭൂരിഭാഗം രക്ഷിതാക്കളും ഇന്ന് വിദ്യാഭ്യാസ മേഖലയെ സമീപിക്കുന്നത്. ലക്ഷ്യബോധം നഷ്ടപ്പെട്ട തലമുറ ജോലിയിലും ജീവിത വ്യവഹാരങ്ങളിലും പിടിവിട്ട് താഴോട്ട് പതിക്കുന്ന കാഴ്ചകളാണ് കണ്ടുവരുന്നത്.

ഒരു ജനതയുടെ വളര്‍ച്ചയുടെ കാതല്‍ പുതിയതലമുറ വിദ്യാഭ്യാസമേഖലയില്‍ കൈവരിക്കുന്ന അഭിമാനകരമായ നേട്ടങ്ങളാണ്. വളരുന്ന ലോകത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് വളരാനും ഉയരാനും സാധിക്കുന്ന തലത്തിലേക്ക് എത്തിപ്പെടാന്‍ കേരളത്തിലെ മുസ്‌ലിം സമുദായം ഇനിയും ഒരുപാട് കാലം  കാത്തിരിക്കേണ്ടിവരുമെന്നതാണ് നിലവിലെ സ്ഥിതി പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത്. 

മെഡിസിനും എഞ്ചിനീയറിംഗിനും അപ്പുറം ലോകമുണ്ടെന്ന് നാം തിരിച്ചറിഞ്ഞേ പറ്റൂ. ഡോക്ടറും എഞ്ചിനീയറും ആവാന്‍ മാത്രം വിധിക്കപ്പെട്ട തലമുറ പിഞ്ചുപ്രായം മുതല്‍ ആര്‍ക്കോ വേണ്ടി ഓക്കാനിക്കുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. സ്വന്തം അഭിരുചിയോ താല്‍പര്യമോ പരിഗണിക്കാതെ തങ്ങളുടെതല്ലാത്ത കാരണങ്ങളാല്‍ പ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍ എത്തിപ്പെട്ട കുട്ടികള്‍ ശിഷ്ടകാലം ദുരിതപൂര്‍ണമായി തള്ളിനീക്കേണ്ട ഗതികേടിന് അന്ത്യം വരേണ്ടതുണ്ട്.

വിദ്യാഭ്യാസ മേഖല എന്നത് ഏകവിളതോട്ടമല്ലെന്നും എല്ലാമേഖലകളിലും പ്രാതിനിധ്യം ഉണ്ടെങ്കില്‍ മാത്രമെ ക്രമപ്രവൃദ്ധവും സമഗ്രവുമായ വളര്‍ച്ചയും പുരോഗതിയും നേടിയെടുക്കുവാന്‍ കഴിയുകയുള്ളൂ എന്നുമുള്ള മുന്‍ഗാമികള്‍ക്കുണ്ടായിരുന്ന തിരിച്ചറിവ് നാം വന്നവഴിയില്‍ എവിടെയോ നഷ്ടമായിരിക്കുന്നു. അരക്ഷിതാവസ്ഥയും അജ്ഞതയും വിട്ടുനിന്ന കാലത്ത് അറിവിന്റെ ആര്‍ജവത്തോടെ വെളിച്ചത്തിലേക്ക് നടക്കാന്‍ അവര്‍ പഠിപ്പിച്ച വഴിയില്‍ നിന്ന് നാം മാറിനടന്നത് മുതലാണ് എല്ലാ മേഖലകളിലുമെന്നപോലെ ഉന്നതവിദ്യാഭ്യാസ രംഗത്തും നമുക്ക് അടിതെറ്റാന്‍ തുടങ്ങിയത്.

മണ്‍മറഞ്ഞ സമുദായനേതാക്കള്‍ നവോത്ഥാനകാലത്ത് ദീര്‍ഘദൃഷ്ടിയോടെ എടുത്ത നിലപാടുകളാണ് ഇന്ന് കേരള മുസ്‌ലിംകള്‍ ആര്‍ജിച്ച അസൂയാവഹമായ വളര്‍ച്ചയുടെ നിദാനം എന്നതില്‍ ആരും തര്‍ക്കിക്കാനിടയില്ല. കഴിഞ്ഞ നൂറ്റാണ്ടിന്റെ പാതി പിന്നിടുന്നതിന്ന് മുമ്പ് തന്നെ സമുദായ സന്തതികള്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഉന്നത വിദ്യാഭ്യാസത്തിന്റെ ചവിട്ടുപടികള്‍ കയറി രാജ്യത്തിനകത്തും പുറത്തുമുള്ള ഉയര്‍ന്ന സ്ഥാപനങ്ങളില്‍ നിലയുറപ്പിച്ചിരുന്നു എന്നത് ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ പലര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഉപരിപഠന മേഖല ഉദ്പാദനക്ഷമമാക്കി മാറ്റുന്നിന് കരുതലോടെയുള്ള കാല്‍വയ്പുകളാണ് കാലം കാത്തിരിക്കുന്നത്. കുട്ടികളുടെ പഠനരംഗം നിര്‍ണയിക്കേണ്ടത് അടിസ്ഥാനപരമായി അവരിലടങ്ങിയിരിക്കുന്ന ശേഷിയും അഭിരുചികളും പരിഗണിച്ചുകൊണ്ടു തന്നെയായിരിക്കണം. തൊഴില്‍ രംഗത്ത് ആഗോള വ്യാപകമായി ഉടലെടുക്കുന്ന പ്രവണതകളെക്കുറിച്ച് ആഴത്തില്‍ പഠിക്കുവാന്‍ നമുക്ക് കഴിയണം. സമകാലിക സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ തിരിച്ചറിഞ്ഞ് നിയമനിര്‍മാണരംഗത്തും അധികാരസ്ഥാനങ്ങളിലും പൊതുരംഗത്തും സാന്നിധ്യം നേടിയെടുക്കുവാന്‍ കൂട്ടായ ശ്രമങ്ങള്‍ അനിവാര്യമാണ്.