സെന്‍കുമാറിന്റെ സെന്‍സില്ലാത്ത വെളിപാടുകള്‍

പി.എന്‍. അബ്ദുല്ലത്വീഫ് മദനി

2017 ജൂലായ് 15 1438 ശവ്വാല്‍ 21

ശക്തമായ മതേതരത്വത്തിനും സമാധാനപൂര്‍ണമായ ബഹുസ്വരതക്കും വേരോട്ടമുള്ള ഒരു സംസ്ഥാനത്ത് ദീര്‍ഘകാലം പോലീസ് അധികാരിയായി രംഗത്തുണ്ടായിരുന്ന ഒരു വ്യക്തി ഒട്ടും സെന്‍സില്ലാതെ സംസാരിച്ചതാണ് നാട്ടിലെ   ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. 

ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തോട് പോലും പുറംതിരിഞ്ഞു നിന്ന് സായിപ്പന്മാര്‍ക്കു വെഞ്ചാമരം വീശിക്കൊടുത്ത ഒരു തീവ്ര വര്‍ഗീയ നിലപാടുള്ള സംഘത്തേയാണ് ദേശീയബോധമുള്ളവെരെന്ന് അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. ഭാരതത്തിലിന്നോളം നടന്ന മിക്ക വര്‍ഗീയ കലാപങ്ങളിലും പ്രത്യക്ഷമായോ പരോക്ഷമായോ പങ്കു വഹിച്ച ആര്‍ എസ്.എസ്സിനെ പുകഴ്ത്തിപ്പറയുന്നതിന്റെ പിന്നിലുള്ള ചേതോവികാരം തിരിച്ചറിയാനുള്ള കഴിവൊക്കെ മലയാളികള്‍ക്കുണ്ട്.

ലൗ ജിഹാദ് ചീറ്റിപ്പോയ വ്യാജ ആരോപണമാണെന്നും ജനസംഖ്യാ വളര്‍ച്ചയുടെ കാര്യത്തിലെ നിജസ്ഥിതി എന്താണെന്നും പോലിസിന്റെ തലപ്പത്തിരുന്ന് പെന്‍ഷന്‍ പറ്റിയ വ്യക്തിക്ക് അറിയാതിരിക്കാന്‍ വഴിയില്ലല്ലോ.

താങ്കള്‍ ദേശീയാവബോധത്തിന്റെ പൊന്നാട അണിയിച്ചു കൊടുക്കുന്ന ആര്‍.എസ്.എസ്സുകാരില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ മരിച്ചുവീണ എത്ര പേരുണ്ട്?  

എന്നാല്‍ താങ്കള്‍ പ്രത്യുല്‍പാദന ശേഷിക്ക് മാര്‍ക്കിട്ട സമുദായത്തില്‍ നിന്ന് അനേകം സ്വാതന്ത്ര്യ സമര സേനാനികളും രക്തസാക്ഷികളും ഉണ്ടായിട്ടുണ്ട്.

സമുദായത്തെ ബോധവല്‍കരിക്കാന്‍ 152 പേരെ ശട്ടം കെട്ടിയതിന്റെ പോരിശ അദ്ദേഹം വിളമ്പുന്നുണ്ട്.  ഇസ്‌ലാമിന്റെ മാനുഷിക മുഖം മാനവതയെ പരിചയപ്പെടുത്താനും മിതത്വനിലപാട്  ഉയര്‍ത്തിപ്പിടിക്കാനും സമുദായത്തെ ബോധവല്‍ക്കരിക്കാന്‍ പ്രാപ്തരായ നേതാക്കളും പണ്ഡിതന്മാരും ഉണ്ടായിരിക്കുകയും അവര്‍ തങ്ങളുടെ ദൗത്യം നിര്‍വഹിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. 

പിന്നെ എന്തിനാണ് സ്വന്തം വക ഒരു ഏര്‍പ്പാടാക്കല്‍? ഇതിനു പിന്നില്‍ സദുദ്ദേശ്യമാണെങ്കില്‍ അവരുമായി ചര്‍ച്ച ചെയ്യുകയായിരുന്നില്ലേ വേണ്ടത്? അതിന്നു മുതിരാതെ ഒരു സമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി തിരശ്ശീലക്കു പിന്നില്‍ കാവലേര്‍പ്പെടുത്തുന്നത് സത്യത്തില്‍ ഒറ്റുകൊടുക്കലല്ലേ?

ജനങ്ങളെ ജന്മനാ തന്നെ അധമതെന്നും ഉന്നതരെന്നും  ജാതി തിരിച്ച്  വേലികെട്ടിത്തിരിച്ച സവര്‍ണ വര്‍ഗീയതയെ മോണിട്ടര്‍ ചെയ്യാന്‍ ആരെയാണു നിങ്ങള്‍ ഏര്‍പ്പാടു ചെയ്തിട്ടുള്ളത്? വാ തുറന്നാല്‍ വര്‍ഗീയ വിഷം ചീറ്റുന്ന വെളിച്ചപ്പാടുകളെ നിരീക്ഷിച്ചു നേര്‍വഴിക്ക് നടത്താന്‍ നിങ്ങള്‍ നിശ്ചയിച്ചവര്‍ ആരൊക്കെയാണെന്ന് പറയാമോ? 

സെന്‍കുമാര്‍ ജീ! പോത്തിറച്ചിയുടെ പേരില്‍ മനുഷ്യജീവന്‍ കൊണ്ട് അമ്മാനമാടുന്ന രക്തദാഹികളായ കലാപപ്പരിഷകളെ, ജനങ്ങള്‍ ആരാധന നടത്തുന്ന പള്ളികളും ചര്‍ച്ചുകളും തല്ലിത്തകര്‍ത്തു മുക്രയിടുന്ന വര്‍ഗീയ കോമരങ്ങളെ തള്ളിപ്പറയാന്‍ താങ്കള്‍ക്കു ധൈര്യം കിട്ടാതെ പോകുന്നതെന്തുകൊണ്ടാണ്? പശുവിന്റെ പേരില്‍ തല്ലിക്കൊന്നതല്ല, തല്ലിക്കൊന്നു എന്ന് റമദാന്‍ പ്രഭാഷണത്തില്‍ പറഞ്ഞതാണ് പ്രശ്‌നം എന്ന് പറഞ്ഞതിന്റെ നിയമവശം ഒന്ന് വ്യക്തമാക്കാമോ?

ജിഹാദാണ് കുറ്റം പറയുവാന്‍ തുറുപ്പു ശീട്ടാക്കിയ മറ്റൊരായുധം. ഇസ്‌ലാമില്‍ ജിഹാദ് ഒരു ധര്‍മ സമാരമണ് സാര്‍. അത് പ്രവാചകനും അനുചരന്മാരും നടത്തിയിട്ടുണ്ട്. യുദ്ധവേളയില്‍ ആയോധനത്തില്‍ ഏര്‍പ്പെടുന്ന ശത്രു പക്ഷത്തുള്ള പോരാളികളുടെ വിരല്‍തുമ്പുകള്‍ അരിഞ്ഞെടുക്കാന്‍ നിര്‍ദേശിക്കുന്ന വചനങ്ങളെ കോട്ടിമാട്ടി ഇസ്‌ലാമിനെ മൊത്തമായി പ്രതിക്കൂട്ടിലാക്കാന്‍ കാലാകാലങ്ങളില്‍ ശത്രുക്കള്‍ ജിഹാദിനെ ഉപയോഗിക്കാറുണ്ട്. ഇസ്‌ലാമിലെ ജിഹാദ് കേവലം ആയുധപ്പോരാട്ടം മാത്രമല്ല. പേന കൊണ്ടും നാവുകൊണ്ടുമെല്ലാം നടത്താവുന്ന ഒന്നാണത്. സ്വര്‍ഗം കിട്ടാന്‍ ഹിന്ദു സഹോദരങ്ങളെ വെട്ടിനുറുക്കേണ്ടതുണ്ടെന്ന്  വിചാരിക്കുന്ന ഒരു വ്യക്തി പോലും മുസ്‌ലിംകളിലില്ലെന്നതു പകല്‍ പോലെ സത്യമാണ്. പിന്നെ സെന്‍കുമാര്‍ എവിടെ നിന്നാണ് ഈ കര്‍മശാസ്ത്ര സൂത്രം പഠിച്ചുണ്ടാക്കിയത്?

അദ്ദേഹം തള്ളിവിടുന്ന മറ്റൊരു കൗതുക വാര്‍ത്ത പ്രസവക്കണക്കാണ്! ഈ നാട്ടില്‍ മുസ്‌ലിംകളുടെ വര്‍ധനവ് കൊണ്ട് സര്‍വനാശമുണ്ടാകുന്ന കണ്ടുപിടുത്തം ആരെ തൃപ്തിപ്പെടുത്താനാണ് സര്‍? വടക്കുനിന്നുദിക്കുമെന്ന് സെന്‍കുമാര്‍ സ്വപ്‌നം കാണുന്ന ഒരു ഭാഗ്യനക്ഷത്രത്തെ ക്ഷണിച്ചു വരുത്താന്‍ ആരോ ഉപദേശിച്ചു കൊടുത്ത മന്ത്രവാക്യമല്ലേ അത്? 

നൂറ്റാണ്ടുകള്‍ ഇന്ത്യ ഭരിച്ച ഭരണ വര്‍ഗത്തിന്റെ അനന്തരവന്മാര്‍ കൊത്തിവെച്ച ഭാരത ചരിത്രത്തിലഖിലവും കാണാനാകുന്നത് പരസ്പര സ്‌നേഹവും സൗഹാര്‍ദര്‍വുമാണ്. അവര്‍ ഈ രാജ്യത്തെ സേവിച്ചതല്ലാതെ വേവിച്ചിട്ടില്ല.