ആശയത്തെ തടയാന്‍ ആയുധം തികയില്ല

ഡോ. സി.എം സാബിര്‍ നവാസ്

2017 സെപ്തംബര്‍ 16 1438 ⁠⁠ദുൽഹിജ്ജ 25

ആശയസമരങ്ങളെ ആയുധംകൊണ്ട് നിഷ്പ്രഭമാക്കാം എന്ന വ്യാമോഹം ഏതുകാലത്തും ഫാഷിസ്റ്റുകളെ ഭരിച്ചിരുന്നു എന്നത് ചരിത്രത്തിന്റെ ചുമരുകളില്‍ കാണാം. ഒരു വിപ്ലവകാരിയുടെ പേനയൊടിക്കാന്‍ നിയമം കയ്യിലെടുത്ത് അക്രമം വിതച്ചാല്‍ ഒരായിരം പിന്‍മുറക്കാര്‍ പ്രതിയോഗികളായി ജനിച്ചുയരുമെന്നതിന് കാലം സാക്ഷിയാണ്. 

പ്രശസ്ത മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മൃഗീയ കൊലപാതകം എഴുത്തിനുവേണ്ടി കഴുത്ത് നീട്ടിക്കൊടുക്കുന്നതിന്റെ തുടക്കവും ഒടുക്കവുമല്ല തുടര്‍ച്ചയാണെന്ന് വേണം പറയാന്‍. 

ഫാഷിസത്തിനെതിരെ ശബ്ദിച്ചതിന്റെ പേരില്‍ ഇന്ത്യയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ പട്ടിക പരതാന്‍ പുരാതന ചരിത്രഗ്രന്ഥങ്ങള്‍ തേടി അലയേണ്ടതില്ല. 2013 മുതല്‍ ഇങ്ങോട്ടുള്ള ചരിത്രം നോക്കിയാല്‍ മാത്രം മതി. 

എതിര്‍ ശബ്ദങ്ങളെ ഭീഷണികൊണ്ട് തടയുന്നത് നിഷ്ഫലമാണെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഗൗരി ലങ്കേഷ് കൊലപാതകം. സംഘി ബൗദ്ധിക് പ്രമുഖ് ടി.ജി മോഹന്‍ദാസ് തുറന്നുപറഞ്ഞതുപോലെ അറിയാത്തവര്‍ കൂടി ആ പത്രപ്രവര്‍ത്തകയുടെ എഴുത്തും മഹത്ത്വവും മനസ്സിലാക്കി എന്നുള്ളതാണ് ഈ കൊലപാതകത്തിന്റെ ബാക്കിപത്രം. ലോകം ഇത്രയേറെ വളര്‍ന്നിട്ടും ശാസ്ത്രവും സാങ്കേതിക വിദ്യയും പുരോഗതി പ്രാപിച്ചിട്ടും പുരാതന ശിലായുഗത്തിലെ കായിക പ്രയോഗം കൊണ്ട് പുതിയ കാലത്ത് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന് ഇനിയെങ്കിലും ഇരുട്ടിന്റെ ശക്തികള്‍ തിരിച്ചറിയുന്നത് നല്ലതാണ്. കയ്യൂക്കും കൂക്കുവിളികളും കൊണ്ട് ആശയപ്രചാരണം തടയാന്‍ ശ്രമിച്ചാല്‍ വിപരീതഫലമാണ് ഉണ്ടാക്കുക എന്നുള്ളതിന് പറവൂര്‍ സംഭവം ഏറ്റവും വലിയ തെളിവാണ്. 

ഒരു നൂറ്റാണ്ടുകാലമായി കേരളത്തില്‍ നിയമാനുസൃതമായി ഇസ്‌ലാമിക പ്രചാരണം നിര്‍വഹിക്കുന്ന മുജാഹിദുകള്‍, ഇക്കാലമത്രയും രാജ്യത്തിനോ പൗരന്മാര്‍ക്കോ അപകടം വരുത്തുന്ന ഒരു പ്രവര്‍ത്തനത്തിലും പങ്കാളികളായിട്ടില്ല എന്നുള്ളത് മുഴുവന്‍ മലയാളികള്‍ക്കും അറിയാവുന്ന വസ്തുതയാണ്. ശാസ്ത്രീയവും വ്യവസ്ഥാപിതവുമായി പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിലധികമായി ഗൃഹസമ്പര്‍ക്ക പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിക്കൊണ്ടാണ് കര്‍മരംഗത്ത് നിലകൊള്ളുന്നത്. വിസ്ഡം പ്രവര്‍ത്തകര്‍ കയറിയിറങ്ങിയ 25 ലക്ഷത്തിലധികം വീടുകളില്‍ നിന്ന് അതൃപ്തികരമായ ഒരു പരാതിപോലും ഉണ്ടായിട്ടില്ല എന്നുള്ളതാണ് യാഥാര്‍ഥ്യം. നിരപരാധികളായ 40 പ്രവര്‍ത്തകരെ മര്‍ദിച്ചൊതുക്കി ആശയപ്രചാരണം നിഷ്പ്രഭമാക്കാം എന്ന് വ്യാമോഹിച്ചവര്‍ ദയനീയമായി പരാജയപ്പെടുന്ന സ്ഥിതി വിശേഷമാണ് പിന്നീട് സംഭവിച്ചത്. ആദര്‍ശപരമായി യോജിക്കാനും വിയോജിക്കാനും സ്വാതന്ത്ര്യവും അവകാശവും ഉള്ള ഒരു നാട്ടില്‍ സ്വേഛാധിപത്യപരമായി പെരുമാറി ബലം പ്രയോഗിച്ചാല്‍ എതിരാളികള്‍ തളരുകയല്ല പതിന്മടങ്ങ് വളരുകയാണ് ചെയ്യുക. എതിര്‍ക്കുന്നവരെയൊക്കെ ഉന്മൂലനം ചെയ്ത് മുന്നോട്ട് പോകാനാണ് മേലിലും പരിപാടിയെങ്കില്‍ അതിന് നിങ്ങളുടെ കയ്യിലുള്ള ആയുധം തികയാതെവരുമെന്നാണ് വിനയത്തോടെ പറയാനുള്ളത്.