നജീബിന്റെ ഉമ്മയും ജിഷ്ണുവിന്റെ അമ്മയും

ഡോ. സി.എം സാബിര്‍ നവാസ്

2017 ഏപ്രില്‍ 15 1438 റജബ് 18

മക്കള്‍ നഷ്ടപ്പെട്ട അമ്മമാരുടെ കണ്ണീരില്‍ കുതിര്‍ന്ന് കിടക്കുകയാണ് നമ്മുടെ കലാലയങ്ങള്‍. നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. മകന്റെ വേര്‍പാടില്‍ വിതുമ്പുന്ന സ്ത്രീയെ നടുറോഡിലിട്ട് വലിച്ചിഴച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴി തുറന്നിരിക്കുകയാണ്. എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഒന്ന് പ്രതിഷേധിക്കാന്‍ പോലുമുള്ള അവകാശം നിഷേധിക്കുന്ന തരത്തിലേക്ക് തലൈവന്‍മാര്‍ അഹന്തയുള്ളതായി മാറുന്നത് അത്ര പന്തിയല്ല. പരാതിയുമായി വന്നവരെ പരിഗണിക്കുക പോലും ചെയ്യാതെ പടിക്കു പുറത്ത് നിര്‍ത്തി എന്ന് മാത്രമല്ല, പൊലീസുകാരിട്ട് പെരുമാറുക കൂടി ചെയ്ത സംഭവം മലയാളികള്‍ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്.

സംഭവം അറിഞ്ഞ ഉടന്‍ പ്രതികരിക്കാന്‍ തയ്യാറായ വി.എസ് അച്യുതാനന്ദനും, എം.എ ബേബിയും ഭരണപക്ഷത്തിന്റെ ജനകീയമുഖം സംരക്ഷിക്കാന്‍ പാടുപെടുന്നു എന്നുള്ളതില്‍ നേരിയ പ്രതീക്ഷയുണ്ട്.

ഉദ്യോഗസ്ഥന്മാര്‍ ഭരണകൂടത്തേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്ന അവസ്ഥ ഒരിക്കലും ജനാധിപത്യ സംവിധാനത്തില്‍ ഗുണകരമാവുകയില്ല.

ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷനായ നജീബിന്റെ ഉമ്മയെ കുറിച്ച് വിലപിച്ചവരും കുടുംബാംഗങ്ങളുടെ കൂടെ നിന്ന് കരയാനും കൊടിപിടിക്കാനും മുന്നില്‍ നിന്നവരൊക്കെ ഇവിടെ കേരളത്തിലെത്തി പാമ്പാടി നെഹ്‌റു കോളജ് സംഭവത്തില്‍ നിശബ്ദത പാലിക്കുന്നത് കാണുമ്പോള്‍ വാളയാര്‍ അതിര്‍ത്തി കടന്നാല്‍ പുറത്തെടുക്കാന്‍ മാത്രമുള്ളതാണോ പ്രതികരണബോധമമെന്ന് തോന്നിപ്പോവുകയാണ്.

മുമ്പൊരിക്കല്‍ ഡി.ജി.പി ഓഫീസിന്റെ മുന്നില്‍ സമരം ചെയ്യാന്‍ വന്നവര്‍ക്ക് ഷെഡ് കെട്ടി കൊടുത്ത് തണലൊരുക്കിയും കസേര ഓര്‍ഡര്‍ ചെയ്ത് ഇരിപ്പിടം തയ്യാര്‍ ചെയ്തും സമയാസമയം ദാഹജലം വിതരണം ചെയ്തും മാതൃക കാണിച്ച വെങ്കിടാചലമടക്കമുള്ള ഉദ്യോഗസ്ഥന്‍മാര്‍ ഇരുന്നിടത്താണ് നിലവിലുള്ള ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ സ്വേഛാധിപത്യ രീതി സ്വീകരിക്കുന്നത് എന്നാണ് സി.പി.ഐ നേതാവ് കാനം രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടിയത്. പൊലീസ് സ്റ്റേഷന് മുമ്പില്‍ ആവാമെങ്കില്‍ എന്തുകൊണ്ട് പൊലീസ് ആസ്ഥാനത്ത് സമരം നടത്തിക്കൂടാ എന്ന് ചോദിച്ചു കൊണ്ടാണ് സി.പി.ഐ(എം) പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി രംഗത്ത് വന്നത്. ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളെന്ന് പറയപ്പെടുന്നവര്‍ നിയമപരിളാനയോടെ സുഖമായി വിലസുമ്പോള്‍ മൂന്നു മാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതിലുള്ള വേദനയും വേവലാതിയും പങ്കുവെക്കാന്‍ വന്ന അമ്മയോട് ചെയ്ത നടപടി ഇടതു സര്‍ക്കാറിന് ചേരാത്ത പണിയായിപ്പോയി എന്ന് പ്രതികരിച്ച് കൊണ്ടാണ് വളരെ നേരത്തെ മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ പ്രതികരിച്ചത്.

കേരളീയസമൂഹം ഏറെ പ്രതീക്ഷയോടെ വന്‍ ഭൂരിപക്ഷം നല്‍കി അധികാരമേറ്റിയ ഒരു ഭരണകൂടം, പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ എല്ലാം ശരിയാകും എന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. അത്തരം കാര്യങ്ങളില്‍ ആരംഭ ഘട്ടങ്ങളില്‍ ശക്തമായ നിലപാട് പ്രകടിപ്പിച്ച് മുഖ്യമന്ത്രി പ്രതീക്ഷക്കൊത്ത് ഉയരുകയും ചെയ്തിരുന്നതാണ്. അതിനിടയിലാണ് ചില ഭരണപരമായ പാളിച്ചകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വിശിഷ്യാ, ആഭ്യന്തര വകുപ്പും പോലീസുദ്യോഗസ്ഥരും സ്വീകരിച്ച പല വിഷയങ്ങളും വിവാദമായിരിക്കുകയാണ്. ഭീകരതയുടെ മറവിലുള്ള മുസ്‌ലിംവേട്ടയും ന്യൂനപക്ഷങ്ങളോട് കാണിക്കുന്ന ഇരട്ടത്താപ്പും കൊടിഞ്ഞി വധക്കേസില്‍ കാണിച്ച നിലപാടിലെ സത്യസന്ധതയില്ലായ്മയും പൊലീസ് ഉദ്യോഗസ്ഥരെ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുകയാണ്.

ജിഷ്ണുവിന്റെ അമ്മയുടെ കണ്ണില്‍ നിന്ന് ഉറവ പൊട്ടിയ ഉപ്പുജലം പ്രതിഷേധത്തിന്റെ പുഴയായി, വലിയ സാഗരമായി കേരളത്തില്‍ അലയടിച്ചു കൊണ്ടിരിക്കുകയാണ്.

വൃദ്ധ സചിവന്റെ തേന്‍കെണി കേസില്‍ ബന്ധപ്പെട്ട മുഴുവന്‍ മാധ്യമ പ്രവര്‍ത്തകരെയും അകത്തിടാന്‍ കാണിച്ച വീര്യത്തിന്റെ ഒരു ശതമാനം ശുഷ്‌കാന്തി ജിഷ്ണുക്കേസില്‍ ഉണ്ടായിരുന്നെങ്കില്‍, കേവലമൊരമ്മയുടെ കണ്ണുനീരിനു മാത്രമല്ല കേരളത്തെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന സ്വാശ്രയ ഗുണ്ടാ താല്‍പര്യങ്ങളെ അറുതി വരുത്താന്‍ വരെ സാധിക്കുമായിരുന്നു എന്നാണ് പറയാനുള്ളത്.

അങ്ങ് ദൂരെ ദില്ലിയിലെ നെഹ്‌റു സര്‍വകലാശാലയിലെ നജീബിന്റെ ഉമ്മയുടെ കണ്ണുനീരിലും ഇങ്ങ് സ്വന്തം മൂക്കിന് താഴെ നെഹ്‌റു കോളജിലെ ജിഷ്ണുവിന്റെ അമ്മയുടെ അശ്രുകണത്തിലും കലങ്ങിയിട്ടുള്ള ഉപ്പിന്റെയും അനുബന്ധ പദാര്‍ഥങ്ങളുടെയും അളവിലുള്ള വ്യത്യാസം ഏത് ലാബില്‍ വെച്ചാണ് പരിശോധിച്ച് രണ്ടും രണ്ടായി തോന്നിത്തുടങ്ങിയത്. ആ പരീക്ഷണശാല അടിയന്തര സ്വഭാവത്തില്‍ ഒരു മുന്നറിയിപ്പും കൂടാതെ അടച്ചുപൂട്ടിയിട്ടില്ലെങ്കില്‍ നാം ജീവിക്കുന്ന നാടും നന്‍മയുടെ നിലാവും അധികം വൈകാതെ നഷ്ടപ്പെട്ടു പോകുമെന്നുള്ളതില്‍ ഒരു സംശയവും വേണ്ട.