ഇ. അഹ്മദ് ഇളംതലമുറയോട് പറയുന്നത്

ഡോ. സി.എം സാബിര്‍ നവാസ്

2017 ഫെബ്രുവരി 11 1438 ജമാദുൽ അവ്വൽ 19

''ഞാന്‍ വിശ്രമ ജീവിതം ആഗ്രഹിക്കുന്നില്ല. ഒരാള്‍ക്ക് അല്ലാഹു തീരുമാനിച്ചിട്ടുള്ള വിശ്രമം ജീവിതത്തിനു ശേഷമാണ;് അതായത് മരണശേഷം. ദിവസവും എഴുന്നേറ്റ് ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നത് രണ്ട് പേര്‍ക്കെങ്കിലും സഹായം ചെയ്യാന്‍ അവസരം ഒരുക്കണേ എന്നാണ്.'' എട്ട് പതിറ്റാണ്ട് നിറഞ്ഞുനിന്ന ജീവിത യാത്രയിലൊരിക്കല്‍ ഇ. അഹ്മദ് എന്ന ചരിത്ര പുരുഷന്‍ മാധ്യമ പ്രവര്‍ത്തകരുമായി പങ്കുവെച്ച വാക്കുകളാണ് മുകളില്‍ ചേര്‍ത്തത്. മനുഷ്യസേവനം എന്ന മഹത്തായ സന്ദേശം ജീവിതം കൊണ്ട് വരച്ചുവെച്ചാണ് ഈ 79 കാരന്‍ വിട പറഞ്ഞത്.

ശബ്ദമില്ലാത്തവന്റെ ശബ്ദമായി, ആശ്രയമില്ലാത്തവന്റെ അത്താണിയായി ലോകം മുഴുവന്‍ ഓടി നടന്ന ഈ കണ്ണൂര്‍ക്കാരന്‍ ഇന്ത്യന്‍ ജനതയുടെ മനസ്സില്‍ മായാത്ത മുഖമായി നിലനില്‍ക്കുമെന്നതില്‍ സംശയമില്ല. കരിപ്പൂര്‍ ഹജ്ജ് ഹൗസിലും കോഴിക്കോട് കടപ്പുറത്തും ആ ചേതനയറ്റ ശരീരം കാണാന്‍ ചെന്നെത്തിയ പതിനായിരങ്ങളുടെ മുഖത്ത് ഇ. അഹ്മദ് സാഹിബിനോടുള്ള ആദരവും സ്‌നേഹവും പ്രതിഫലിക്കുന്നുണ്ടായിരുന്നു.

വിദ്യാര്‍ഥി ജീവിതത്തിലൂടെ പിച്ചവെച്ച് നിയമസഭയും പാര്‍ലമെന്റും കടന്ന് ഐക്യരാഷ്ട്രസഭയുടെ അകത്തളങ്ങളില്‍ നീതിക്ക് വേണ്ടി ഗര്‍ജിച്ച് ലോകത്തിന്റെ നെറുകയില്‍ നട്ടെല്ലുയര്‍ത്തി നിന്ന ഈ നേതാവിന്റെ ജീവിതത്തില്‍നിന്ന് പൊതുജീവിതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിക്കാന്‍ പുതിയ തലമുറ തയ്യാറാകണം. നിമിഷനേരം കൊണ്ട് കൈപ്പിടിയിലൊതുക്കാവുന്ന സൗഭാഗ്യങ്ങള്‍ സ്വപ്‌നം കണ്ട് മെയ്യനങ്ങാതെ, ശീതീകരിച്ച വീടും തണുപ്പ് തുപ്പുന്ന വാഹനവും ഇസ്തിരി ചുളിയാത്ത കുപ്പായവുമായി പാര്‍ലമെന്ററി ജ്വരം ബാധിച്ച് നടക്കുന്ന പുതിയ തലമുറക്ക് ചില സുപ്രധാന കാര്യങ്ങള്‍ ഈ കഠിനാധ്വാനിയായ മനുഷ്യ സ്‌നേഹിയില്‍ നിന്ന് പഠിക്കാനുണ്ട്. അന്ത്യശ്വാസം വരെ അവിശ്രമം അശരണര്‍ക്കു വേണ്ടി ഓടി നടക്കുകയായിരുന്നു അഹ്മദ് സാഹിബ്.

ഖായിദെ മില്ലത്ത്, ബാഫഖി തങ്ങള്‍, പൂക്കോയ തങ്ങള്‍ എന്നിവരില്‍ നിന്ന് ലഭിച്ച ലാളനയും സീതി സാഹിബും സി.എച്ച് മുഹമ്മദ് കോയ സാഹിബും നല്‍കിയ ശിക്ഷണവുമാണ് ചെറുപ്രായത്തിലേ ചിട്ടയായ രാഷ്ട്രീയ ജീവിതം അഭ്യസിക്കാന്‍ അഹ്മദ് സാഹിബിന് തുണയായത്. പൊതുപ്രവര്‍ത്തനം മതപ്രവര്‍ത്തനമായും സേവനം പുണ്യമായും കണ്ട് രാഷ്ട്രീയ ഗുരുക്കന്‍മാരുടെ ഗോദയില്‍ വിദ്യ അഭ്യസിച്ചവന് ചുവടു പിഴച്ചില്ല എന്ന് അഭിമാനത്തോടെ പറയാം.

തൊട്ടതെല്ലാം തങ്കത്തിളക്കമുള്ളതാക്കിയ നേട്ടങ്ങളുടെ പട്ടിക പിന്‍തലമുറക്ക് വേണ്ടി സമര്‍പ്പിച്ചു കൊണ്ടാണ് ഇ.അഹ്മദ് എന്ന രാഷ്ട്രീയ വടവൃക്ഷം നിലംപതിച്ചത്. എം.എല്‍.എ, മന്ത്രി എന്നീ നിലകളില്‍ കേരളത്തിനകത്തും എം.പി, കേന്ദ്ര സഹമന്ത്രി എന്നീ നിലകൡല്‍ ദേശീയ രാഷ്ട്രീയത്തിലും നിറഞ്ഞു നില്‍ക്കാന്‍ കഴിഞ്ഞത് ജാട കൊണ്ടും തലക്കനം കൊണ്ടുമായിരുന്നില്ല; കറകളഞ്ഞ മനുഷ്യ സേവനം കൊണ്ട് മാത്രമായിരുന്നു.

ഇന്ത്യയിലെ വ്യത്യസ്ത പ്രദേശങ്ങളിലെ പല പ്രവാസീ വീടുകളിലും അഹ്മദ് സാഹിബിനെ ഓര്‍ക്കാതെ പലര്‍ക്കും ഒരു നേരം ആഹാരം കഴിക്കാനോ രാത്രി പായയിലേക്ക് തല ചായ്ക്കാനോ കഴിയില്ല. വധശിക്ഷയുടെ വക്കില്‍നിന്ന് അഹ്മദിന്റെ പഴുതടച്ച നയതന്ത്ര നീക്കം കൊണ്ട് ജീവിതത്തിന്റെ തീരത്തേക്ക് തിരിച്ചു നീന്തിയ നൂറു നൂറ് ജീവിതങ്ങള്‍ക്ക് എങ്ങനെ അദ്ദേഹത്തെ മറക്കാന്‍ കഴിയും?

അന്യായമായി, നീണ്ട വര്‍ഷങ്ങള്‍ അറബ് നാടുകളിലെ ജയിറകളില്‍ കഴിയേണ്ടിവന്ന അനേകരെ ഈ പൊതു പ്രവര്‍ത്തകന്‍ നേരിട്ട് ഇടപെട്ട് രക്ഷപ്പെടുത്തിയിട്ടുണ്ട്. അവരുടെയും കുടുംബങ്ങളുടെയും അകതാരില്‍ നിന്ന് അഹ്മദ് സാഹിബിന്റെ പരലോക മോക്ഷത്തിന് വേണ്ടി പ്രാര്‍ഥനകളുയരുമെന്നതില്‍ രണ്ട് പക്ഷമില്ല. ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ സേവനങ്ങള്‍ കാരണം പുണ്യയാത്ര നടത്താന്‍ കഴിഞ്ഞ ഇന്ത്യക്കാര്‍ക്ക് ഇനി ഒരു അഹ്മദ് സാഹിബില്ല എന്ന വേദന ഉള്ളില്‍ നീറിക്കിടക്കുകയാണ്.

ഇന്ത്യന്‍ ജനതക്കു വേണ്ടി ഒരു പുരുഷായുസ്സ് മുഴുവന്‍ പ്രവര്‍ത്തിച്ച ആ നല്ല മനുഷ്യന് അന്ത്യനിമിഷങ്ങളില്‍ അര്‍ഹിക്കുന്ന നീതിയും പരിഗണനയും ഭരണകൂടത്തില്‍നിന്ന് ലഭിച്ചിട്ടില്ല എന്നത് നന്ദി കേടാണെന്നതില്‍ സംശയമില്ല.