ഉപഭോഗസംസ്കാരത്തിന്റെ ഊരാക്കുടുക്ക്‌

കുഞ്ഞിമുഹമ്മദ്‌ മദനി പറപ്പൂർ

2017 ജനുവരി 21 1438 റബിഉൽ ആഖിർ 22

വളരെ പരിഷ്കൃതമായ ഒരു കാലഘട്ടത്തിലാണ്‌ നാം ജീവിക്കുന്നത്‌. ഉപഭോഗ സംസ്കാരം എന്ന്‌ വിളിക്കപ്പെടുന്ന ഒരു പ്രത്യേക രീതിയുടെയും സംസ്കാരത്തിന്റെയും ഭാഗമായി നാമെല്ലാവരും മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ ഉപഭോഗ സംസ്കാരം നമ്മെ കൊണ്ടെത്തിച്ച ഒരുപാട്‌ ദുരന്തങ്ങളുണ്ട്‌.

സ്വയം കൃഷി ചെയ്തുണ്ടാക്കി ഭക്ഷിക്കുന്ന രീതി ഇന്ന്‌ നമുക്കില്ല. കൃഷിഭൂമി നാം നശിപ്പിച്ചു. എന്തും കാശുകൊടുത്താൽ കിട്ടും എന്നതാണ്‌ ഇന്നത്തെ അവസ്ഥ. പിന്നെ എന്തിന്‌ ബുദ്ധിമുട്ടണം! ഈ സംസ്കാരം നമ്മെ വലിയൊരു കെണിയിൽ ചാടിച്ചിരിക്കുന്നു. ആർഭാടവും ധൂർത്തും സമൂഹത്തിലേക്കിറങ്ങിവന്നു. പണക്കാരനും പാവപ്പെട്ടവനുമൊക്കെ അടിച്ചുപൊളിച്ച്‌ ജീവിക്കുവാൻ തുടങ്ങി. ഉപഭോഗ സംസ്കാരം അവരെ അതിന്‌ നിർബന്ധിതരാക്കി എന്ന്‌ പറയാം.

ആർഭാട ജീവിതത്തിന്‌ എത്ര കാശ്‌ ചെലവാക്കാനും ആളുകൾ തയ്യാർ. ഉള്ളതിൽ തൃപ്തിപ്പെട്ട്‌ ജീവിക്കാനുളള മനഃസ്ഥിതി ഇല്ലാതായി. വരുമാനമറിഞ്ഞ്‌ ചെലവഴിക്കാനുളള മനസ്സില്ല. വരുമാനം എത്രയായാലും നോട്ടം ഉന്നത ശ്രേണിയിലുള്ളവരിലേക്കാണ്‌. അവരെപ്പോലെ ജീവിക്കണം! വീടും വാഹനവും അവരുടെയത്ര മുന്തിയതായിരിക്കണം! അതിന്‌ ധാരാളം കാശു വേണം. എങ്ങനെ കാശുണ്ടാക്കും? എങ്ങനെയും! എളുപ്പമുള്ള മാർഗം ലോണെടുക്കലാണ്‌. അത്യാവശ്യമില്ലെങ്കിലും ലോണെടുക്കും. ബാങ്കുകാർ ലോൺ മേളകൾ തന്നെ നടത്തി കാത്തിരിക്കുകയാണ്‌.

എന്തിന്‌ ബുദ്ധിമുട്ടി ബസിൽ യാത്ര ചെയ്യണം? വരൂ, ഒരു കാർ സ്വന്തമാക്കൂ. കാശോ? കാശു വേണ്ട; ചോദിച്ചില്ല. ഐ. ഡി കാർഡ്‌ മതി. ഹാ! എത്ര ആകർഷണീയമായ വാഗ്ദാനം!

പുതിയ വീടുണ്ടാക്കാൻ, ഉള്ളത്‌ പുതുക്കിപ്പണിയാൻ, ടൈൽസ്‌ പൊളിച്ചുമാറ്റി മാർബിൾ പതിക്കാൻ ... എല്ലാറ്റിനും ലോണുണ്ട്‌. അതെ, വാങ്ങിക്കൂട്ടുകയാണ്‌ നമ്മൾ; വേണ്ടതും വേണ്ടാത്തതുമെല്ലാം. അങ്ങനെ നാം ഉപഭോഗ സംസ്കാരത്തിന്റെ വലയിൽ കുരുങ്ങുന്നു. പലിശ... പലിശയുടെ പലിശ... വീട്ടാൻ പറ്റാത്ത കുരുക്ക്‌. കടത്തോടു കടം!

മരണപ്പെട്ട ഒരു വ്യക്തിക്ക്‌ കടബാധ്യതയുണ്ടാവുകയും മറ്റാരെങ്കിലും അത്‌ കൊടുത്തുവീട്ടുവാൻ സന്നദ്ധമാവാതിരിക്കുകയും ചെയ്താൽ പ്രവാചകൻല ആ മയ്യിത്തിനുവേണ്ടി നമസ്കരിക്കാൻ വിമുഖത കാണിച്ചിരുന്നു. കടബാധിതനായി മരിക്കുന്നത്‌ എത്രത്തോളം കുറ്റകരമാണെന്ന്‌ ഇത്‌ മനസ്സിലാക്കിത്തരുന്നു.

നബിലക്ക്‌ കടം വീട്ടാൻ കഴിയില്ല. പാപം പൊറുക്കപ്പെടണമെങ്കിൽ കടം വീട്ടണം. അല്ലാതെ പൊറുക്കൽ ചോദിക്കാൻ നബി(സ്വ)ക്ക്‌ അല്ലാഹു അനുവാദം കൊടുത്തിട്ടുണ്ടാകില്ല. ഞാൻ കൊടുത്തു വീട്ടാമെന്ന്‌ ആരെങ്കിലും ഏറ്റാൽ നബി(സ്വ) നമസ്കരിക്കും.

എന്നാൽ നിവൃത്തികേടുകൊണ്ട്‌ കടം വാങ്ങിയവരുണ്ടാകും. അല്ലാഹുവിനറിയാമല്ലോ അവന്റെ കാര്യം. അവർക്ക്‌ അല്ലാഹു പൊറുത്തുകൊടുത്തേക്കാം. കടം ഒരു ദുരന്തം തന്നെയാണ്‌. ഒരു സ്വഹാബി നബി(സ്വ)യുടെ അടുക്കൽ വന്ന്‌ ചോദിച്ചു: `ഞാൻ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധംചെയ്ത്‌ കൊല്ലപ്പെട്ടാൽ അല്ലാഹു എന്റെ പാപങ്ങൾ പൊറുത്തുതരുമല്ലോ?` നബി(സ്വ) പറഞ്ഞു:`ക്ഷമയോടുകൂടിയും പ്രതിഫലം ആഗ്രഹിച്ചും പിന്നോട്ട്‌ മാറാതെ മുന്നോട്ട്‌ പോയി അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധംചെയ്ത്‌ കൊല്ലപ്പെട്ടാൽ അല്ലാഹു നിന്റെ പാപങ്ങൾ പൊറുത്തുതരും. കടം ഒഴികെ. ജിബ്‌രീൽ എന്നോട്‌ ഇപ്രകാരം പറഞ്ഞിട്ടുണ്ട്‌.`

അത്യാവശ്യ സമയത്ത്‌ കടം വാങ്ങേണ്ടിവരും. അത്‌ എഴുതി വെക്കണം. അതിന്‌ സാക്ഷികൾ വേണം എന്നെല്ലാം ക്വുർആൻ പറയുന്നുണ്ട്‌. ക്വുർആനിലെ ഏറ്റവും വലിയ സൂക്തം കടമിടപാടുമായി ബന്ധപ്പെട്ടതാണ്‌. ആവശ്യത്തിന്‌ മാത്രം വാങ്ങുക. കഷ്ടപ്പെട്ടാലും കടം ഒഴിവാക്കാനുള്ള മനഃസ്ഥിതി വേണം. ആർഭാടത്തിനും ധൂർത്തിനും അരുത്‌.