സ്ത്രീ: ഇസ്‌ലാമിന്റെ സുരക്ഷയില്‍

ഡോ. അബ്ദുര്‍റസ്സാക്വ് അല്‍ബദര്‍

2017 സെപ്തംബര്‍ 23 1438 ⁠⁠മുഹറം 3

(സ്ത്രീ ഇസ്‌ലാമിന്റെ തണലില്‍: 6)

വിവ. അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല

ഇസ്‌ലാം സ്ത്രീകള്‍ക്ക് സൂക്ഷ്മമായ ചില നിയമ വ്യവസ്ഥകള്‍ നിശ്ചയിച്ചു. പ്രസ്തുത വ്യവസ്ഥകളിലൂടെയാണ് അവള്‍ക്ക് അവളുടെ അന്തസ്സും ലൈംഗികമായ സുരക്ഷയും അഭിമാനത്തിന്റെ സംരക്ഷണും നേടാനാവുക. ഇസ്‌ലാം അവളോട് ഹിജാബ് സ്വീകരിക്കുവാന്‍ കല്‍പിച്ചു. ആവശ്യങ്ങള്‍ക്കു മാത്രം വീടിന് പുറത്തിറങ്ങിയാല്‍ മതി എന്ന് നിഷ്‌കര്‍ഷിച്ചു. സൗന്ദര്യപ്രദര്‍ശനത്തില്‍ നിന്നും നഗ്നത പ്രകടിപ്പിക്കുന്നതില്‍ നിന്നും സുഗന്ധമണിഞ്ഞ് പുറത്തിറങ്ങുന്നതില്‍നിന്നും അവളെ വിലക്കി. പരപുരുഷന്മാരോട് കൂടിക്കലരുന്നതില്‍ നിന്ന് അവളെ വിരോധിച്ചു. ഗൗരവതരമായ നിയമങ്ങള്‍ വേറേയു മുണ്ട്. നാണക്കേടില്‍നിന്ന് കാവലും തിന്മകളില്‍നിന്നും നെറികേടില്‍നിന്നും സുരക്ഷയുമായിക്കൊണ്ട് മാത്രമാണ് ഈ നിയമങ്ങള്‍ പാലിക്കാന്‍ സ്ത്രീ കല്‍പിക്കപ്പെട്ടത്. അവള്‍ളെ പവിത്രതയുടെയും പരിശുദ്ധിയുടെയും ഉടയാടകള്‍ അണിയിക്കുന്നതിനു വേണ്ടിയുമാണ് ഇത്തരം വ്യവസ്ഥകള്‍. അവള്‍ ഇസ്‌ലാമിന്റെ തുലാസില്‍ അമൂല്യമായ മുത്തും വിലയേറിയ പവിഴവുമാണ്. അവള്‍ എല്ലാ ഉപദ്രവങ്ങളില്‍നിന്നും സംരക്ഷിക്കപ്പെടണം. അവള്‍ക്ക് എല്ലാ മ്ലേച്ഛതകളില്‍ നിന്നും സുരക്ഷ നല്‍കപ്പെടുകയും വേണം.

പ്രസ്തുത നിയമങ്ങളില്‍നിന്നും മര്യാദകളില്‍നിന്നും അതിപ്രധാനമായവയെ കുറിച്ചുള്ള സംക്ഷിപ്തമായ വിവരണം താഴെ കൊടുക്കുന്നു:

ഹിജാബ്

തന്റെ മുഴുവന്‍ ശരീരവും അലങ്കാരങ്ങളും പരപുരുഷന്മാരില്‍ നിന്ന് മറച്ചുകൊണ്ടാണ് സ്ത്രീ ഹിജാബ് അണിയേണ്ടത്. അല്ലാഹു പറഞ്ഞു:

''നബിയേ, നിന്റെ പത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെ മേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു'' (ക്വുര്‍ആന്‍ 33:59).

''നിങ്ങള്‍ അവരോട് (നബിയുടെ ഭാര്യമാരോട്) വല്ല സാധനവും ചോദിക്കുകയാണെങ്കില്‍ നിങ്ങളവരോട് മറയുടെ പിന്നില്‍ നിന്ന് ചോദിച്ചുകൊള്ളുക. അതാണ് നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവ രുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ സംശുദ്ധമായിട്ടുള്ളത്...'' (ക്വുര്‍ആന്‍ 33:53).

ആവശ്യത്തിനല്ലാതെ പുറപ്പെടരുത്

അല്ലാഹു പറഞ്ഞു: ''നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൗന്ദര്യപ്രകടനം പോലുള്ള സൗന്ദര്യ പ്രകടനം നിങ്ങള്‍ നടത്തരുത്'' (ക്വുര്‍ആന്‍ 33:33).

നബി ﷺ പറഞ്ഞതായി ഇമാം തുര്‍മുദി നിവേദനം ചെയ്യുന്നു: ''സ്ത്രീ ഔറത്താകുന്നു. അവള്‍ പുറപ്പെട്ടാല്‍ ശെയ്ത്വാന്‍ അവളെ പരപുരുഷന്മാര്‍ക്ക് അലംകൃതമാക്കി കൊടുക്കും.''

അനുനയസ്വരത്തില്‍ സംസാരിക്കരുത് 

വല്ലവരോടും ആവശ്യത്തിനു സംസാരിക്കുകയാണെങ്കില്‍ അനുനയത്തില്‍ സംസാരിക്കരുത്. അല്ലാഹു പറഞ്ഞു: ''...നിങ്ങള്‍ (അന്യരോട്) അനുനയ സ്വരത്തില്‍ സംസാരിക്കരുത്. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കും. ന്യായമായ വാക്ക് നിങ്ങള്‍ പറഞ്ഞു കൊള്ളുക'' (ക്വുര്‍ആന്‍ 33:32).

പരപുരുഷന്മാരോടൊപ്പം ഒഴിഞ്ഞിരിക്കരുത് 

തിരുനബി ﷺ പറഞ്ഞതായി ഇബ്‌നുഅബ്ബാസി(റ)ല്‍നിന്ന് ഇമാം ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്യുന്നു: ''ഒരു പുരുഷനും വിവാഹബന്ധം നിഷിദ്ധമാക്കപ്പെട്ട വ്യക്തിയോടൊപ്പമല്ലാതെ ഒരു സ്ത്രീയോടൊപ്പം ഒഴിഞ്ഞിരിക്കരുത്.''

പുരുഷന്മാരോട് കൂടിക്കലരരുത്

നബി ﷺ പറഞ്ഞതായി ഹദീഥില്‍ ഇപ്രകാരം സ്ഥിരപ്പെട്ടിട്ടുണ്ട്: ''സ്ത്രീകളുടെ സ്വഫ്ഫുകളില്‍ ഏറ്റവും ശ്രേഷ്ഠമായത് അവയില്‍ അവസാനത്തേതാണ്. ഏറ്റവും മോശമായത് അവയില്‍ ആദ്യത്തേതുമാണ്.'' ഇത് പള്ളിയിലാണ്. അപ്പോള്‍ പിന്നെ ഇതരസ്ഥലങ്ങളില്‍ എങ്ങനെയായിരിക്കും? 

അന്യരായ സ്ത്രീപുരുഷന്മാര്‍ കൂടിക്കലരുന്നതിലുള്ള അപകടങ്ങള്‍ അനവധിയാണ്. വിനകളാകട്ടെ അസംഖ്യവുമാണ്. അവയില്‍ ചിലതിലേക്ക് സൂചന നല്‍കിയല്ലോ. 

മഹ്‌റമിനോടൊപ്പമല്ലാതെ യാത്ര പാടില്ല

നബി ﷺ പറഞ്ഞതായി അബൂഹുറയ്‌റ(റ)യില്‍നിന്ന് ഇമാം മുസ്‌ലിം നിവേദനം ചെയ്യുന്നു: ''തനിക്ക് വിവാഹ ബന്ധം നിഷിദ്ധമാക്കപ്പെട്ട ഒരു വ്യക്തി ഒപ്പമില്ലാതെ ഒരു സ്ത്രീയും യാത്രപോകല്‍ അനുവദനീയമല്ല.''

പുറത്തിറങ്ങുമ്പോള്‍ സുഗന്ധമുപയോഗിക്കരുത്

നബി ﷺ പറഞ്ഞതായി ഇമാം മുസ്‌ലിം നിവേദനം ചെയ്യുന്നു: ''നിങ്ങളിലൊരുവള്‍ പള്ളിയില്‍ ഹാജരാകുവാനുദ്ദേശിച്ചാല്‍ അവള്‍ സുഗന്ധം തൊടരുത്.''

നബി ﷺ പറഞ്ഞതായി ഇമാം അഹ്മദ് നിവേദനം ചെയ്യുന്നു: ''ഏതൊരു സ്ത്രീയാണോ സുഗന്ധം പൂശുകയും പുറപ്പെടുകയും ആളുകള്‍ അവളുടെ സുഗന്ധം അനുഭവിക്കുന്നതിനുവേണ്ടി അവരിലൂടെ നടക്കുകയും ചെയ്യുന്നത് അവള്‍ അഭിസാരികയാണ്...''

അന്യപുരുഷന്മാരുടെ ദൃഷ്ടി തന്നിലേക്കു തിരിക്കുവാന്‍ ശ്രമിക്കരുത്

അല്ലാഹു പറഞ്ഞു: ''തങ്ങള്‍ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്'' (ക്വുര്‍ആന്‍ 24:31).

പരപുരുഷന്മാരെ നോക്കുന്നതില്‍നിന്ന് ദൃഷ്ടി താഴ്ത്തുക അല്ലാഹു പറഞ്ഞു: ''സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തു സൂക്ഷിക്കുവാനും കല്‍പിക്കുക''(ക്വുര്‍ആന്‍ 24:31).

അല്ലാഹുവിന് വഴിപ്പെടുന്നതും ഇബാദത്തെടുക്കുന്നതും യഥാവിധം സൂക്ഷിക്കുക 

അല്ലാഹു പറഞ്ഞു: ''...നിങ്ങള്‍ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക...''(ക്വുര്‍ആന്‍ 33:33). 

മുസ്‌ലിം സ്ത്രീയുമായി ബന്ധപ്പെടുന്നതും വിശുദ്ധ ക്വുര്‍ആനിലും തിരുസുന്നത്തിലും വന്നതുമായ ഇവയും ഇവയല്ലാത്തതുമായ മുഴുവന്‍ നിയമങ്ങളും സ്ത്രീക്കുള്ള രക്ഷാകവചവും അവളുടെ അന്തസ്സിന്റെയും ആഭിജാത്യത്തിന്റെയും കാവലാളുമായി ഗണിക്കപ്പെടുന്നു.

അതിനാല്‍ തന്നെ മുസ്‌ലിം സ്ത്രീക്ക് അല്ലാഹുവില്‍ നിന്നുള്ള അനുഗ്രഹം അതിമഹനീയവും ഔദാര്യമാകട്ടെ വലുതും വമ്പിച്ചതുമാണ്. അവള്‍ക്കുള്ള സൗഭാഗ്യത്തിന്റെയും അവളുടെ മഹത്ത്വം സംരക്ഷിക്കുന്നതിന്റെയും പവിത്രത പരിരക്ഷിക്കുന്നതിന്റെയും അന്തസ്സ് നിലനിര്‍ത്തുന്നതിന്റെയും കുഴപ്പങ്ങളും കെടുതികളും അവളെത്തൊട്ട് ചെറുക്കുന്നതിന്റേയും മാര്‍ഗങ്ങളെ അവള്‍ക്ക് അവന്‍ ഒരുക്കിക്കൊടുത്തു കൊണ്ടാണത്. സംസ്‌കരണവും സ്വഭാവ ശുദ്ധിയും സുരക്ഷിതത്വവുമുള്ളവളായി, നിര്‍ലജ്ജയുടെയും നാണക്കേടിന്റെയും വഴികളില്‍നിന്ന് സംരക്ഷിക്കപ്പെട്ടവളായും വഴികേടിന്റെയും മാര്‍ഗഭ്രംശത്തിന്റെയും അശ്ലീലത്തിന്റെയും മാര്‍ഗങ്ങളില്‍നിന്ന് സുരക്ഷിതയായും അവള്‍ ശേഷിക്കുന്നതിനു വേണ്ടിയാണത്.

അതെ, ഇസ്‌ലാം സ്ത്രീയെ ഏറ്റവും നല്ലനിലക്കാണ് ആശിര്‍വദിച്ചിരിക്കുന്നത്. അവള്‍ക്ക് ഏറ്റവും വലിയ സുരക്ഷയാണ് നല്‍കിയിരിക്കുന്നത്. അന്തസ്സുറ്റ ജീവിതമാണ് അവള്‍ക്ക് ഏറ്റിരിക്കുന്നത്. മറയും പവിത്രതയുമാണ് അതിന്റെ ശിആര്‍ (അടിവസ്ത്രം). സംശുദ്ധിയും സംസ്‌കാരവുമാണ് അതിന്റെ ദിഥാര്‍(മേല്‍വസ്ത്രം). മര്യാദയുടെ പ്രചാരണവും സ്വഭാവങ്ങളുടെ സ്ഥിരീകരണവുമാണ് അതിന്റെ കൊടിക്കൂറ. അന്തസ്സ് സംരക്ഷിക്കലും ആഭിജാത്യം കാത്തുരക്ഷിക്കലുമാണ് അതിന്റെ ഉന്നം. മുസ്‌ലിം സ്ത്രീ പ്രതാപമുള്ളവളും ഔന്നത്യമുള്ളവളും സല്‍സ്വഭാവിയുമായി ശേഷിക്കും; സകലമാന വിശാലമനസ്‌കതയോടെയും വിശ്വാസ്യതയോടെയും മനഃസമധാനത്തോടെയും അവള്‍ അവളുടെ ആദര്‍ശ ത്തെ മുറുകെ പിടിക്കുകയും അവളുടെ നാഥന്റെ ശാസനകള്‍ കാത്തുസൂക്ഷിക്കുകയും അവളുടെ പ്രവാചകനെ ﷺ അനുസരിക്കുകയും അല്ലാഹുവിന്നായി അവളുടെ മുഖം സമര്‍പ്പിക്കുകയും അല്ലാഹുവിന്റെ മതനിയമങ്ങള്‍ക്കും മതവിധികള്‍ക്കും അവള്‍ കീഴൊതുങ്ങുകയും ചെയ്യുന്ന കാലമത്രയുമാണത്. അതിലൂടെ അവള്‍ ഇഹലോകത്ത് ആശ്വാസവും സൗഭാഗ്യവും പരലോകത്ത് മഹത്തായ പ്രതിഫലവും വമ്പിച്ച കൂലിയും നേടുകയും ചെയ്യുന്നു.

നബി ﷺ പറഞ്ഞതായി ഹദീഥില്‍ ഇപ്രകാരമുണ്ട്: ''ഒരു സ്ത്രീ അവളുടെമേല്‍ (നിര്‍ബന്ധമായ) അഞ്ചുനമസ്‌കാരങ്ങള്‍ നമസ്‌കരിക്കുകയും (റമദാന്‍) മാസത്തില്‍ നോമ്പെടുക്കുകയും അവളുടെ ഗുഹ്യാവയവം പവിത്രമായി സൂക്ഷിക്കുകയും തന്റെ ഭര്‍ത്താവിനെ അനുസരിക്കുകയും ചെയ്താല്‍ സ്വര്‍ഗീയ കവാടങ്ങളില്‍ താനുദ്ദേശിക്കുന്നതിലൂടെ അവള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും.'' 

 ഈ ഹദീഥ് അബൂഹുറയ്‌റ(റ)യില്‍ നിന്ന് ഇമാം ഇബ്‌നു ഹിബ്ബാന്‍ തന്റെ സ്വഹീഹില്‍ നിവേദനം ചെയ്തതാണ്.  

അബ്ദുര്‍റഹ്മാന്‍ ഇബ്‌നു ഔഫി(റ)ല്‍ നിന്ന് ഇമാം അഹ്മദ് നിവേദനം ചെയ്യുന്നു:

''ഒരു സ്ത്രീ അവളുടെമേല്‍ (നിര്‍ബന്ധമായ) അഞ്ചുനമസ്‌കാരങ്ങള്‍ നമസ്‌കരിക്കുകയും, അവളുടെ (റമദ്വാന്‍) മാസത്തില്‍ നോമ്പെടുക്കുകയും, അവളുടെ ഗുഹ്യാവയവം സൂക്ഷിക്കുകയും തന്റെ ഭര്‍ത്താവിനെ അനുസരിക്കുകയും ചെയ്താല്‍. അവളോടു പറയപ്പെടും: സ്വര്‍ഗീയ കവാടങ്ങളില്‍ നീ ഉദ്ദേശിക്കുന്നതിലൂടെ സ്വര്‍ഗത്തില്‍ പ്രവേശിക്കുക.'' 

നീചവൃത്തികളുടെയും ഫിത്‌നകളുടെയും പ്രബോധകന്മാരായ ചപ്പടാച്ചികള്‍ക്ക് മുഖം കൊടുക്കാതെ, ഇത്തരം ആദരണീയമായ നിര്‍ദേശങ്ങളെ പ്രയോഗവല്‍കരിച്ചു ജീവിച്ചാല്‍ ഈ അനുഗൃഹീത വാഗ്ദാനവും മഹനീയ പ്രതിഫലവും നേടുന്ന മുസ്‌ലിം സ്ത്രീക്കാകുന്നു മാംഗളാശംസകള്‍. 

''അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നു. എന്നാല്‍ തന്നിഷ്ടങ്ങളെ പിന്‍പറ്റി ജീവിക്കുന്നവര്‍ ഉദ്ദേശിക്കുന്നത് നിങ്ങള്‍ (നേര്‍വഴിയില്‍ നിന്ന്) വന്‍തോതില്‍ തെറ്റിപ്പോകണമെന്നാണ്''(ക്വുര്‍ആന്‍ 4:27).

സ്ത്രീയുടെ പവിത്രതയെ വലയിലാക്കുന്ന, അഭിമാനം പിച്ചിച്ചീന്തുന്ന, ആഭിജാത്യം തകര്‍ക്കുന്ന, അന്തസ്സ് കുഴിച്ചുമൂടുന്ന, ദീനീനിഷ്ഠയെയും ആദര്‍ശത്തെയും ചഞ്ചലിതമാക്കുന്ന, വേശ്യകളുടെയും അധര്‍മകാരികളുടെയും നിരയില്‍ അവളെ കൊണ്ടെത്തിക്കുന്ന രൂക്ഷമായ സംഘട്ടനങ്ങള്‍ക്കും ഉള്‍പകയുള്ള ഗൂഢാലോചനകള്‍ക്കും ഹീനമായ ഗൂഢപദ്ധതികള്‍ക്കും ഈ കാലഘട്ടങ്ങളില്‍ മുസ്‌ലിം സ്ത്രീ വിധേയയാകുന്നു എന്നത് വാസ്തവത്തില്‍ വേദനാജനകമായ കാര്യമാണ്. സംഹാരാത്മകമായ ചാനലുകളിലൂടെയും തറ സംസ്‌കാരമുള്ള അശ്ലീല പത്രമാസികകളിലൂടെയും 'നഗ്നതയുടുപ്പിക്കുന്ന' വിവിധ ഉടയാടകളില്‍ അവളെ തളച്ചും തെറ്റിനെ തിരുത്തുന്ന വിശ്വാസമോ, തിന്മയെ തടയുന്ന സല്‍സ്വഭാവമോ കുറ്റത്തിന് മറയിടുന്ന മര്യാദയോ ഒട്ടുമില്ലാതെ ഭൂമിക്കുപരിയില്‍ ഉലാത്തുന്ന അവിശ്വാസികളായസ്ത്രീകളോട് സാദൃശ്യപ്പെടുവാനുള്ള ഭ്രമം അവളുടെ ഹൃദയത്തില്‍ ഇളക്കിവിട്ടുമാണ് മുസ്‌ലിം സ്ത്രീയെ ഇതിനെല്ലാം വിധേയയാക്കുന്നത്. ഇസ്‌ലാമിക ശരീഅത്ത് അവള്‍ ദൂരെയെറിയുവാനും നിന്ദ്യതയുടെ ഉടയാടകള്‍ അവള്‍ വലിച്ചു നടക്കുവാനും പരിശുദ്ധിയും ശ്രേഷ്ഠതയും പ്രവഹിക്കുന്ന വേദികളില്‍നിന്ന് അവള്‍ ദൂരപ്പെടുവാനുമാണ് ഇവയിലൂടെ അവര്‍ അവളെ വലിച്ചിഴക്കുന്നത്. അവരുടെ ഉദ്ദേശ്യപൂര്‍ത്തീകരണത്തിന് അല്ലാഹു അവസരം നിഷേധിക്കുമാറാകട്ടെ. 

(അവസാനിച്ചു)