നബി(സ്വ)യോട് സഹായം തേടാമോ?
ലജ്‌നത്തുദ്ദാഇമ (വിവര്‍ത്തനം: അബ്ദുല്‍ ജബ്ബാര്‍ മദീനി)
2017 ഏപ്രില്‍ 15 1438 റജബ് 18
ഇത്തരം വിളികള്‍ വലിയ ശിര്‍ക്കാകുന്നു. ഈ വിളിയുടെ അര്‍ഥം നബി(സ്വ)യോട് സഹായം തേടുക എന്നതാണ്. നബി(സ്വ)യുടെ സ്വഹാബികളും അഹ്‌ലുസ്സുന്നഃയുടെ പണ്ഡിതരായ സ്വഹാബികളുടെ പിന്‍തുടര്‍ച്ചക്കാരും അമ്പിയാക്കളില്‍നിന്നും മറ്റും മരണപ്പെട്ടവരോടും മലക്കുകളില്‍നിന്നും അല്ലെങ്കില്‍ ജിന്നുകളില്‍നിന്നും മറ്റും മറഞ്ഞവരോടും വിഗ്രഹങ്ങളോടും കല്ലുകളോടും മരങ്ങളോടും നക്ഷത്രങ്ങളോടും അതുപോലുള്ളവയോടും സഹായാര്‍ഥന നടത്തുന്നത് വലിയശിര്‍ക്കാണെന്നതില്‍ ഏകോപിച്ചിരിക്കുന്നു. കാരണം, അല്ലാഹു പറഞ്ഞു:
''പള്ളികള്‍ അല്ലാഹുവിന്നുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച് പ്രാര്‍ത്ഥിക്കരുത്'' (സൂറഃ അല്‍ജിന്ന്: 18).
''അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവന്നാകുന്നു ആധിപത്യം. അവനു പുറമെ ആരോട് നിങ്ങള്‍ പ്രാര്‍ഥിക്കുന്നുവോ അവര്‍ ഒരു ഈന്തപ്പഴക്കുരുവിന്റെ പാടപോലും ഉടമപ്പെടുത്തുന്നില്ല. നിങ്ങള്‍ അവരോട് പ്രാര്‍ഥിക്കുന്നപക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്. സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവെ)പ്പോലെ നിനക്ക് വിവരം തരുവാന്‍ ആരുമില്ല'' (അല്‍ഫാത്വിര്‍: 13,14).
''വല്ലവനും അല്ലാഹുവോടൊപ്പം മറ്റ് വല്ല ദൈവത്തെയും വിളിച്ചുപ്രാര്‍ഥിക്കുന്ന പക്ഷം- അതിന് അവന്റെ പക്കല്‍ യാതൊരു പ്രമാണവും ഇല്ല തന്നെ- അവന്റെ വിചാരണ അവന്റെ രക്ഷിതാവിന്റെ അടുക്കല്‍ വെച്ചുതന്നെയായിരിക്കും. സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല; തീര്‍ച്ച'' (അല്‍ മുഅ്മിനൂന്‍: 117).
ഈ അര്‍ഥത്തില്‍ സൂക്തങ്ങള്‍ ധാരാളമാണ്. ക്വുറൈശികളിലും മറ്റും ഉള്‍പ്പെട്ട ആദികാല ബഹുദൈവവിശ്വാസികളുടെ ആദര്‍ശമായിരുന്നു ഈ പ്രവൃത്തി. നിശ്ചയം അല്ലാഹു, ശിര്‍ക്കിനെ എതിര്‍ത്തുകൊണ്ടും അതിനെതിരില്‍ മുന്നറിയിപ്പ് നല്‍കിക്കൊണ്ടുമാണ് മുഴുവന്‍ ദൂതന്മാരെയും നിയോഗിച്ചയച്ചത്; സര്‍വവേദഗ്രന്ഥങ്ങളും അവതരിപ്പിച്ചതും. അല്ലാഹു പറഞ്ഞു:
''തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി)''(അന്നഹ്ല്‍: 36).
''ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല'' (അല്‍അമ്പിയാഅ്: 25).
''അലിഫ്-ലാം-റാ. ഒരു പ്രമാണഗ്രന്ഥമത്രെ ഇത്. അതിലെ വചനങ്ങള്‍ ആശയ'ഭദ്രതയുള്ളതാക്കപ്പെട്ടിരിക്കുന്നു. പിന്നീടത് വിശദീകരിക്കപ്പെട്ടിരിക്കുന്നു. യുക്തിമാനും സൂക്ഷ്മജ്ഞാനി യുമായ അല്ലാഹുവിന്റെ അടുക്കല്‍ നിന്നുള്ളതത്രെ അത്. എന്തെന്നാല്‍ അല്ലാഹുവിനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത്. തീര്‍ച്ചയായും അവങ്കല്‍ നിന്ന് നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ട താക്കീതുകാരനും സന്തോഷവാര്‍ത്തക്കാരനുമത്രെ ഞാന്‍'' (ഹൂദ്: 1,2).
ഈ ഗ്രന്ഥത്തിന്റെ അവതരണം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കല്‍ നിന്നാകുന്നു. തീര്‍ച്ചയായും നിനക്ക് നാം ഈ ഗ്രന്ഥം അവതരിപ്പിച്ചു തന്നത് സത്യപ്രകാരമാകുന്നു. അതിനാല്‍ കീഴ്‌വണക്കം അല്ലാഹുവിന് നിഷ്‌കളങ്കമാക്കിക്കൊണ്ട് അവനെ നീ ആരാധിക്കുക. അറിയുക: അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്‌കളങ്കമായ കീഴ്‌വണക്കം. അവന്നു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടിമാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്. അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധികല്‍പിക്കുക തന്നെ ചെയ്യും. നുണയനും അവിശ്വാസിയുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച'' (അസ്സുമര്‍: 1,2,3).
അല്ലാഹു ദൂതന്മാരെ നിയോഗിച്ചയച്ചതും വേദഗ്രന്ഥങ്ങള്‍ സര്‍വതും അവതരിപ്പിച്ചതും ഏകനും യാതൊരു പങ്കുകാരുമില്ലാത്ത അവന്‍ ആരാധിക്കപ്പെടുന്നതിനുവേണ്ടിയാണ്. അഥവാ ദുആഅ് (പ്രാര്‍ഥന), ഇസ്തിഗാഥഃ (സഹായതേട്ടം), ഖൗഫ് (ഭയം), റജാഅ് (പ്രതീക്ഷ), നമസ്‌കാരം, നോമ്പ്, ബലി, തുടങ്ങിയ ആരാധനയുടെ ഇനങ്ങള്‍കൊണ്ട് അവന്‍ മാത്രം ആരാധിക്കപ്പെടുന്നതിനുവേണ്ടി. അല്ലാഹു ഉപരിസൂചിത ആയത്തുകളില്‍ അത് വ്യക്തമാക്കി. ക്വുറൈശികളിലും മറ്റുമുള്ള ബഹുദൈവ വിശ്വാസികള്‍ പ്രവാചകനോടും മറ്റു സത്യപ്രബോധകന്മാരോടും പറഞ്ഞിരുന്നത് ഔലിയാക്കളെ ഞങ്ങള്‍ ആരാധിക്കുന്നത് അവര്‍ മധ്യവര്‍ത്തികളായി ഞങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കുന്നതിനുവേണ്ടിയാണ് എന്നും അല്ലാഹു ഉണര്‍ത്തുന്നു. അഥവാ, മുശ്‌രിക്കുകള്‍ അവരെ ആരാധിച്ചിരുന്നത് അവര്‍ അല്ലാഹുവിലേക്ക് തങ്ങളെ അടുപ്പിക്കുന്നതിനുവേണ്ടിയും തങ്ങള്‍ക്കുവേണ്ടി അവര്‍ ശുപാര്‍ശ പറയുന്നതിനുവേണ്ടിയുമാണ്; അല്ലാതെ, അവരാണ് സൃഷ്ടിക്കുകയും ഉപജീവനം നല്‍കുകയും പ്രപഞ്ചത്തില്‍ കൈകാര്യകര്‍തൃത്വം നിര്‍വഹിക്കുകയും ചെയ്യുന്നത് എന്ന വിശ്വാസം അവര്‍ക്ക് ഉള്ളതിനാലല്ല. എന്നിട്ടും അല്ലാഹു അവരെ വ്യാജവാദികളെന്ന് പറയുകയും ആ വിശ്വാസം കാരണത്താല്‍ അവര്‍ അവിശ്വാസികളാണെന്ന് അറിയിക്കുകയുമാണ് ചെയ്തത്.
അല്ലാഹു പറഞ്ഞു:''അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധികല്‍പിക്കുക തന്നെ ചെയ്യും. നുണയനും അവിശ്വാസിയുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച'' (അസ്സുമര്‍: 3).
അല്ലാഹുവോടൊപ്പം ആരാധിക്കപ്പെടുന്ന ഔലിയാക്കള്‍ മധ്യവര്‍ത്തികളായി തങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കുമെന്ന അവരുടെ ജല്‍പനത്താല്‍ അവര്‍ വ്യാജന്മാരാണെന്ന് അല്ലാഹു ഇവിടെ വ്യക്തമാക്കി. അതിനാല്‍ അവര്‍ കാഫിറുകളാണെന്ന് അവരുടെമേല്‍ അല്ലാഹു വിധിക്കുകയും ചെയ്തു. അതുകൊണ്ടാണ് 'നുണയനും അവിശ്വാസിയുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച' എന്ന് അല്ലാഹു പറഞ്ഞത്.
അല്ലാഹുവോടൊപ്പം ആരാധിക്കപ്പെടുന്ന ബഹുദൈവ വിശ്വാസികളുടെ ആരാധ്യന്മാരെ കുറിച്ച് അവര്‍ ജല്‍പിക്കുന്നത്, അല്ലാഹുവിങ്കല്‍ ഈ ആരാധ്യന്മാര്‍ തങ്ങളുടെ ശുപാര്‍ശകരാണ് എന്നാണ്. ഇക്കാര്യംസൂറഃ യൂനുസില്‍ അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു പറഞ്ഞു:
''അല്ലാഹുവിന് പുറമെ, അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചുകൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശ ക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു...'' (യൂനുസ്: 18). എന്നാല്‍ അവരുടേത് കള്ളവാദമാണ് എന്ന് അല്ലാഹു തുടര്‍ന്ന് വ്യക്തമാക്കി:
''...(നബിയേ,) പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിനറിയാത്ത വല്ലകാര്യവും നിങ്ങളവന്ന് അറിയിച്ചു കൊടുക്കുകയാണോ? അല്ലാഹു അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായി രിക്കുന്നു'' (യൂനുസ്: 18).
അപ്പോള്‍, ജിന്നുകള്‍ക്കും ഇന്‍സുകള്‍ക്കും നിര്‍ബന്ധമായത്, അവര്‍ ആരാധനകള്‍ അല്ലാഹുവിനുമാത്രം നിഷ്‌ക്കളങ്കമാക്കുക എന്നതും അല്ലാഹുവെ കൂടാതെയുള്ള അമ്പിയാക്കളാകട്ടെ മറ്റുള്ളവരാകട്ടെ അവരെ, സഹായതേട്ടം കൊണ്ടോ ഇബാദത്തിന്റെ ഇനങ്ങളില്‍ മറ്റു വല്ലതുംകൊണ്ടോ ആരാധിക്കുന്നത് സൂക്ഷിക്കുക എന്നതുമാണ്. ഉപരിസൂചിത ആയത്തുകള്‍കൊണ്ടും അവയുടെ ആശയങ്ങളുള്ള ഇതര ആയത്തുകള്‍കൊണ്ടും അല്ലാഹുവിന്റെ തിരുദൂതരില്‍നിന്നും ഇതര പ്രവാചകരില്‍നിന്നും സ്ഥിരപ്പെട്ട ആദര്‍ശംകൊണ്ടും കര്‍മങ്ങളനുഷ്ഠിക്കുകയാണ് വേണ്ടത്. അമ്പിയാക്കളഖിലവും അല്ലാഹുവെ ഏകപ്പെടുത്തുന്നതിലേക്കും ആരാധനകള്‍ അവന് മാത്രമാക്കുന്നതിലേക്കും ആളുകളെ ക്ഷണിച്ചു. ആളുകള്‍ അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നതും അവനല്ലാത്ത വരെ ആരാധിക്കുന്നതും അവര്‍ വിരോധിച്ചു. ഏതൊരു അടിസ്ഥാനവുമായിട്ടാണോ അല്ലാഹു പ്രവാചകന്മാരെ നിയോഗിക്കുകയും വേദഗ്രന്ഥങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തത്, ഏതൊരു അടിസ്ഥാനം കാരണത്താലാണോ അല്ലാഹു ജിന്നുകളെയും ഇന്‍സുകളെയും സൃഷ്ടിച്ചത്, ആ ഇസ്‌ലാമി ക അടിസ്ഥാന ആദര്‍ശമത്രെ ഇത്. അതിനാല്‍, വല്ലവനും അമ്പിയാക്കളെക്കൊണ്ടും മറ്റും സഹായാര്‍ഥന നടത്തുകയോ, അവരില്‍നിന്ന് രക്ഷതേടുകയോ, ഇബാദാത്തുകളില്‍ വല്ലതും അവരിലേക്ക് സമര്‍പിക്കുകയോ ചെയ്താല്‍ നിശ്ചയം, അവന്‍ അല്ലാഹുവില്‍ ശിര്‍ക്ക് ചെയ്തിരിക്കുന്നു. അല്ലാഹുവോടൊപ്പം മറ്റുള്ളവരെ അവന്‍ ആരാധിച്ചിരിക്കുന്നു. ശിര്‍ക്കു ചെയ്താല്‍ ഉണ്ടാകുന്നതും വിശുദ്ധ ക്വുര്‍ആന്‍ ഉണര്‍ത്തിയതുമായ അപകടങ്ങളില്‍ അവന്‍ അകപ്പെടുകയും ചെയ്തിരിക്കുന്നു. ശിര്‍ക്കുചെയ്താല്‍ ഉണ്ടാകുന്ന അപകടത്തെകുറിച്ച് അല്ലാഹു പറഞ്ഞു:
''അവര്‍ (അല്ലാഹുവോട്) പങ്കുചേര്‍ത്തിരുന്നുവെങ്കില്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതെല്ലാം അവരെ സംബന്ധിച്ചിടത്തോളം നിഷ്ഫലമായിപ്പോകുമായിരുന്നു'' (അല്‍ അന്‍ആം: 88).
''തീര്‍ച്ചയായും നിനക്കും നിന്റെ മുമ്പുള്ളവര്‍ക്കും സന്ദേശം നല്‍കപ്പെട്ടിട്ടുള്ളത് ഇതത്രെ: (അല്ലാഹുവിന്) നീ പങ്കാളിയെ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്റെ കര്‍മം നിഷ്ഫലമായിപ്പോകുകയും തീര്‍ച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും'' (അസ്സുമര്‍: 65).
''തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്'' (അന്നിസാഅ്: 48).
''അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല'' (അല്‍മാഇദഃ: 72).
മുസ്‌ലിം നാടുകളില്‍നിന്ന് വിദൂരമായതിനാല്‍ പ്രബോധനവും വിശുദ്ധ ക്വുര്‍ആനും തിരുസുന്നത്തും എത്തിയിട്ടില്ലാത്ത വ്യക്തി മാത്രമാണ് ഈ തെളിവുകളില്‍നിന്ന് ഒഴിവാക്കപ്പെടുക. അയാളുടെ കാര്യം അല്ലാഹുവിലേക്കാകുന്നു. അങ്ങനെയുള്ള വ്യക്തിയുടെ വിഷയങ്ങളില്‍ പണ്ഡിതന്മാരുടെ വാക്കുകളില്‍ സ്വഹീഹായത് അവന്‍ അന്ത്യനാളില്‍ പരീക്ഷിക്കപ്പെടുമെന്നും കല്‍പന അനുസരിച്ചാല്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുമെന്നും ധിക്കരിച്ചാല്‍ നരകത്തില്‍ പ്രവേശിക്കുമെന്നുമാണ്. ഇപ്രകാരം പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് മരണപ്പെടുന്ന കുട്ടികളും ഈ തെളിവുകളില്‍നിന്ന് ഒഴിവാക്കപ്പെടും. അവരുടെ വിഷയത്തില്‍ രണ്ട് അഭിപ്രായങ്ങള്‍ ശരിയായി വന്നിട്ടുണ്ട്.
ഒന്ന്: അവര്‍ അന്ത്യനാളില്‍ പരീക്ഷിക്കപ്പെടും. ഉത്തരമേകിയാല്‍ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും. ധിക്കരിച്ചാല്‍ അവര്‍ നരകത്തില്‍ പ്രവേശിക്കും. കാരണം പ്രായപൂര്‍ത്തിയാകുന്ന തിന് മുമ്പ് മരണപ്പെടുന്ന കുട്ടികളെകുറിച്ച് നബി(സ്വ) ചോദിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു:
''അവര്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് അല്ലാഹു ആകുന്നു കൂടുതല്‍ അറിയുന്നവന്‍'' (ബുഖാരി, മുസ്‌ലിം). അന്ത്യനാളില്‍ അവര്‍ പരീക്ഷിക്കപ്പെട്ടാല്‍ അവരെ കുറിച്ചുള്ള അല്ലാഹുവിന്റെ അറിവ് വെളിപ്പെട്ടു.
രണ്ട്: പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് മരണപ്പെടുന്ന കുട്ടികള്‍ സ്വര്‍ഗാവകാശികളാണ്. കാരണം, അവര്‍ വിധിവിലക്കുകള്‍ ബാധകമാകുന്നതിനുമുമ്പ് ഫിത്വ്‌റത്തില്‍ മരണപ്പെട്ടവരാണ്. അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞു:
''എല്ലാ കുട്ടികളും ഫിത്‌റത്തി(ഇസ്‌ലാമില്‍)ലാണ് ജനിക്കുന്നത്. അതില്‍പിന്നെ അവന്റെ മാതാപിതാക്കള്‍ അവനെ ജൂതനാക്കുന്നു, അല്ലെങ്കില്‍ അവര്‍ അവനെ ക്രിസ്ത്യാനിയാക്കുന്നു, അല്ലെങ്കില്‍ അവര്‍ അവനെ അഗ്‌നിയാരാധകനാക്കുന്നു'' (ബുഖാരി, മുസ്‌ലിം).
മുസ്‌ലിമിന്റെ റിപ്പോര്‍ട്ടില്‍ ഇപ്രകാരം കൂടിയുണ്ട്:
''അതില്‍പിന്നെ അവന്റെ മാതാപിതാക്കള്‍ അവനെ ജൂതനോ ക്രിസ്ത്യാനിയോ അല്ലാഹുവില്‍ പങ്ക്‌ചേര്‍ക്കുന്നവനോ ആക്കുന്നു''. അദ്ദേഹത്തിന്റെ തന്നെ മറ്റൊരു റിപ്പോര്‍ട്ടില്‍ ''ഈ (ഇസ്‌ലാമിക) മില്ലത്തിലല്ലാതെ (ഒരു കുഞ്ഞും ജനിക്കുന്നില്ല)'' എന്നാണുള്ളത്.
സ്വപ്‌നത്തില്‍ നബി(സ്വ) ദര്‍ശിച്ച കാര്യങ്ങള്‍ പറഞ്ഞത് സമുറഃ ഇബ്‌നു ജുന്‍ദുബ്(റ) റിപ്പോര്‍ട്ട് ചെയ്തതില്‍ ഇപ്രകാരം കാണാം:
''എന്നാല്‍, (സ്വര്‍ഗ)ത്തോപ്പില്‍ ഉള്ളതായ ഉയരമുള്ള വ്യക്തി, അത് ഇബ്‌റാഹീംൗ ആകുന്നു. അദ്ദേഹത്തിന് ചുറ്റുമുള്ള കുട്ടികള്‍ ഫിത്വ്‌റത്തില്‍ മരണപ്പെട്ട എല്ലാ കുട്ടികളുമാണ്. അപ്പോള്‍ മുസ്‌ലിംകളില്‍ ചിലര്‍ ചോദിച്ചു: അല്ലാഹുവിന്റെ തിരുദൂതരേ, ബഹുദൈവവിശ്വാസികളുടെ കുട്ടികളുമുണ്ടോ? അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞു: ബഹുദൈവ വിശ്വാസികളുടെ കുട്ടികളും ഉണ്ട്'' (ബുഖാരി).
ഉപരിസൂചിത തെളിവുകളുടെ വെളിച്ചത്തില്‍, പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് മരണപ്പെടുന്ന ബഹുദൈവവിശ്വാസികളുടെ കുട്ടികളുടെ വിഷയത്തില്‍ പറയപ്പെട്ട അഭിപ്രായങ്ങളില്‍ കൂടുതല്‍ സ്വഹീഹായത് ഈ രണ്ടാമത്തെ അഭിപ്രായമാകുന്നു. അല്ലാഹു പറഞ്ഞു:
''ഒരു ദൂതനെ അയക്കുന്നത് വരെ നാം (ആരെയും) ശിക്ഷിക്കുന്നതുമല്ല'' (അല്‍ ഇസ്‌റാഅ്: 15).
സ്വഹീഹുല്‍ ബുഖാരിയില്‍ കിതാബുല്‍ ജനാഇസില്‍ 'പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് മരണപ്പെടുന്ന കുട്ടികളുടെ വിഷയത്തില്‍ പറയപ്പെട്ടത്' എന്ന അധ്യായത്തിന്റെ വിശദീകരണത്തില്‍ ഇതാണ് പ്രാമാണികര്‍ എത്തിപ്പെട്ടതായ, തെരഞ്ഞെടുക്കപ്പെട്ടതും സ്വഹീഹായതുമായ അഭിപ്രായമെന്ന് ഇമാം ഇബ്‌നുഹജര്‍ജ രേഖപ്പെടുത്തിയിട്ടുണ്ട്.
ജീവിച്ചിരിപ്പുള്ള, ഹാജറുള്ള, വ്യക്തിയോട് അയാളുടെ കഴിവില്‍പെട്ടത് തേടുന്നത് ഇതില്‍നിന്ന് ഒഴിവാക്കപ്പെടും. അത് ശിര്‍ക്കല്ല. മൂസാനബിൗയുടെ കോപ്റ്റിക് വംശജനോടൊത്തുള്ള സംഭവത്തില്‍ അല്ലാഹു പറയുന്നു:
''അപ്പോള്‍ തന്റെ കക്ഷിയില്‍ പെട്ടവന്‍ തന്റെ ശത്രുവിഭാഗത്തില്‍ പെട്ടവന്നെതിരില്‍ അദ്ദേഹത്തോട് സഹായം തേടി'' (അല്‍ക്വസ്വസ്വ്: 15).
ഓരോ മനുഷ്യനും തന്റെ സഹോദരങ്ങള്‍ക്ക് ആവശ്യമായ വിഷയങ്ങളില്‍ തന്റെ കഴിവില്‍പെട്ടതുകൊണ്ട് അവരെ സഹായിക്കല്‍ ആവശ്യമായിവരും. അത് ശിര്‍ക്കില്‍പെട്ടതല്ല. പ്രത്യുത, അനുവദനീയമായ കാര്യങ്ങളില്‍പെട്ടതാണ്. തെളിവുകളുടെ തേട്ടമനുസരിച്ച് ചിലപ്പോള്‍ അത്തരം സഹകരണം സുന്നത്തായിരിക്കും; മറ്റുചിലപ്പോള്‍ നിര്‍ബന്ധവുമായിരിക്കും.
അല്ലാഹുവാകുന്നു തൗഫീക്വ് ഉടമപ്പെടുത്തിയവന്‍. അവന്‍ എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ.