പ്രവാചകനോടുള്ള കടമകള്‍

ശമീർ മദീനി

2017 സെപ്തംബര്‍ 30 1438 ⁠⁠മുഹറം 10
''പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവന്നാണോ അവന്റെ (ദൂതന്‍) അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുവിന്‍. അതെ, അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്ന അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനില്‍. അദ്ദേഹത്തെ നിങ്ങള്‍ പിന്‍പറ്റുവിന്‍ നിങ്ങള്‍ക്ക് നേര്‍മാര്‍ഗം പ്രാപിക്കാം'' (ക്വുര്‍ആന്‍ 7:158).

സ്രഷ്ടാവും പരമകാരുണികനുമായ അല്ലാഹു അവന്റെ കാരുണ്യത്തിന്റെ ഭാഗമായി നമ്മില്‍ നിന്നു തന്നെയുള്ള ഒരാളെ അവന്റെ ദൂതനായി തെരഞ്ഞെടുത്തു. മനുഷ്യാരംഭം മുതല്‍ക്കേ വ്യത്യസ്ത കാലങ്ങളിലായി നിരവധി പ്രവാചകന്മാര്‍ വന്നിട്ടുണ്ട്. അതില്‍ അവസാനത്തെ കണ്ണിയാണ് മുഹമ്മദ് നബി ﷺ . സര്‍വലോകരിലേക്കുമായി നിയോഗിക്കപ്പെട്ട അദ്ദേഹത്തിനു ശേഷം ഇനി ഒരു പ്രവാചകന്‍ വരാനില്ല. അല്ലാഹു പറയുന്നു: ''മുഹമ്മദ് നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷേ, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു''(ക്വുര്‍ആന്‍ 33:40).

സ്രഷ്ടാവിന്റെ സന്ദേശങ്ങളുമായി കടന്നുവന്ന ആ പ്രവാചകന്‍ സ്വാഭീഷ്ടപ്രകാരം യാതൊന്നും സംസാരിക്കുകയില്ല. അല്ലാഹു പറയുന്നു: ''അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു'' (ക്വുര്‍ആന്‍ 53:3,4).

അതിനാല്‍ നമ്മുടെ സ്രഷ്ടാവിന്റെ ദൂതനെന്ന നിലയില്‍ ആ പ്രവാചകന്റെ ഉപദേശനിര്‍ദേശങ്ങള്‍ അക്ഷരംപ്രതി സ്വീകരിക്കുവാനും അനുസരിക്കുവാനും നാം ബാധ്യസ്ഥരാണ്. ആ പ്രവാചകന്റെ അധ്യാപനങ്ങളില്‍ ഒന്നുപോലും നിഷേധിക്കുവാന്‍ പാടില്ല. കാരണം അദ്ദേഹത്തിനുള്ള അനുസരണം നമ്മെ സൃഷ്ടിച്ച് പരിപാലിക്കുന്ന അല്ലാഹുവിനുള്ള അനുസരണമാണ്. അല്ലാഹു പറയുന്നു: ''(അല്ലാഹുവിന്റെ) ദൂതനെ ആര്‍ അനുസരിക്കുന്നുവോ തീര്‍ച്ചയായും അവന്‍ അല്ലാഹുവെ അനുസരിച്ചു. ആര്‍ പിന്തിരിഞ്ഞുവോ അവരുടെ മേല്‍ കാവല്‍ക്കാരനായി നിന്നെ നാം നിയോഗിച്ചിട്ടില്ല'' (ക്വുര്‍ആന്‍ 4:80).

സകലനന്മകൡലേക്കുമാണ് അദ്ദേഹം മാര്‍ഗദര്‍ശനം നല്‍കിയത്. അതിനാല്‍ അവിടുത്തെ അധ്യാപനങ്ങള്‍ക്ക് പൂര്‍ണമനസ്സോടെ കീഴ്‌പ്പെടാത്തവര്‍ യഥാര്‍ഥ വിശ്വാസികളല്ലെന്നാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്. ''ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണ സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധി കല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതു വരെ അവര്‍ വിശ്വാസികളാവുകയില്ല.''(4:65).

മറ്റാരുടെ വാക്കുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും- അവര്‍ ആരു തന്നെയായാലും- അദ്ദേഹത്തിന്റെ വാക്കുകളേക്കാള്‍ പ്രാമുഖ്യം കല്‍പിക്കാവതല്ല. മറ്റാരെക്കാളും ആ മഹാനുഭാവനെ സ്‌നേഹിക്കേണ്ടതുമുണ്ട്. കാരണം മറ്റാരിലൂടെ ലഭിച്ച നേട്ടങ്ങളേക്കാളും മഹത്തരമാണ് പരമകാരുണികനായ അല്ലാഹുവിന്റെ സന്ദേശങ്ങള്‍ കൃത്യമായി വിവരിച്ചുതരിക വഴി മോക്ഷത്തിന്റെ യഥാര്‍ഥപാഠം നമുക്ക് പകര്‍ന്നുനല്‍കിയ പ്രവാചകനിലൂടെ നമുക്ക് കിട്ടിയത്.

അല്ലാഹു പറയുന്നു: (നബിയേ,) പറയുക: നിങ്ങളുടെ പിതാക്കളും, നിങ്ങളുടെ പുത്രന്‍മാരും, നിങ്ങളുടെ സഹോദരങ്ങളും, നിങ്ങളുടെ ഇണകളും, നിങ്ങളുടെ ബന്ധുക്കളും, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും, മാന്ദ്യം നേരിടുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന കച്ചവടവും, നിങ്ങള്‍ തൃപ്തിപ്പെടുന്ന പാര്‍പ്പിടങ്ങളും നിങ്ങള്‍ക്ക് അല്ലാഹുവെക്കാളും അവന്റെ ദൂതനെക്കാളും അവന്റെ മാര്‍ഗത്തിലുള്ള സമരത്തെക്കാളും പ്രിയപ്പെട്ടതായിരുന്നാല്‍ അല്ലാഹു അവന്റെ കല്‍പന കൊണ്ടുവരുന്നത് വരെ നിങ്ങള്‍ കാത്തിരിക്കുക. അല്ലാഹു ധിക്കാരികളായ ജനങ്ങളെ നേര്‍വഴിയിലാക്കുന്നതല്ല'' (ക്വുര്‍ആന്‍ 9:24).

അതിനാല്‍ ആ മഹാവ്യക്തിത്വത്തെ കൂടുതല്‍ അറിയുകയും പിന്‍പറ്റുകയും ചെയ്യുക. നാഥന്‍ അനുഗ്രഹിക്കട്ടെ!