പ്രതിസന്ധികളില്‍ പതറാതിരിക്കാന്‍  

ശമീര്‍ മദീനി  

2017 ഏപ്രില്‍ 01 1438 റജബ് 04
''വല്ലവനും സദ്‌വൃത്തനായിക്കൊണ്ട് തന്റെ മുഖത്തെ അല്ലാഹുവിന് സമര്‍പ്പിക്കുന്ന പക്ഷം ഏറ്റവും ഉറപ്പുള്ള പിടികയറില്‍ തന്നെയാണ് അവന്‍ പിടിച്ചിരിക്കുന്നത്. അല്ലാഹുവിങ്കലേക്കാകുന്നു കാര്യങ്ങളുടെ പരിണിതി''(ക്വുര്‍ആന്‍ 31:22)

ജീവിതത്തില്‍ കഷ്ടതകളനുഭവിക്കാത്തവരായി ആരുമുണ്ടാകില്ല. തങ്ങളാഗ്രഹിക്കുന്നതിന് വിരുദ്ധമായി പലതും സംഭവിച്ച് പരീക്ഷണങ്ങളുടെ കയ്പുനീര് കുടിക്കേണ്ടി വരുമ്പോള്‍ പലരും പരാജയപ്പെട്ടുപോകുന്നു. നിരാശയും നിഷ്‌ക്രിയത്വവും അവരുടെ ജീവിതത്തില്‍ പിടിമുറുക്കുന്നു. ചിലര്‍ മയക്കുമരുന്നിലും മദ്യത്തിലും അഭയം തേടുന്നു. മറ്റു ചിലരാകട്ടെ, ആത്മഹത്യയില്‍ ജീവിതമവസാനിപ്പിക്കുന്നു. സത്യത്തില്‍ അവയൊന്നും പ്രശ്‌നങ്ങള്‍ക്ക് ശരിയായ പരിഹാരമാകുന്നില്ല. പ്രത്യുത പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണങ്ങളാക്കുകയാണ് ചെയ്യുന്നത്.

എന്നാല്‍ മഹാന്മാരായ ദൈവദൂതന്മാരുടെയും സാത്വികരായ മഹത്തുക്കളുടെയും ജീവിതരീതികള്‍ പരിശോധിച്ചാല്‍ അവരും ഒട്ടേറെ പരീക്ഷണങ്ങളെയും പ്രതിസന്ധികളെയും അഭിമുഖീകരിച്ചതായി തന്നെയാണ് കാണാന്‍ കഴിയുന്നത്. പക്ഷേ, അവര്‍ അത്തരം സന്ദര്‍ഭങ്ങളില്‍ ഭീരുക്കളായി പരാജയം സമ്മതിച്ച് പിന്മാറി പോവുകയായിരുന്നില്ല. ആദര്‍ശപ്രബോധനവീഥിയില്‍ പ്രതിസന്ധികളെ അഭിമുഖീകരിച്ച പ്രവാചകന്മാരും അനുയായികളും പ്രതിസന്ധികള്‍ക്ക് മുമ്പില്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചില്ല.

ഏറെ നാളത്തെ ദാമ്പത്യജീവിതത്തിന് ശേഷവും സന്താനങ്ങളില്ലാതിരുന്നിട്ട് നിരാശരാകാതെ അല്ലാഹുവിനോട് പ്രാര്‍ഥിച്ച ഇബ്‌റാഹീം നബി(അ)യും സകരിയ്യാ നബി(അ)യും ഏറെ നാളത്തെ രോഗാവസ്ഥയില്‍ വിഷമതകളനുഭവിച്ച അയ്യൂബ് നബി(അ)യും ഏറെ സ്‌നേഹത്തോടെയും വാല്‍സല്യത്തോടെയും വളര്‍ത്തിക്കൊണ്ട് വന്ന പ്രിയപ്പെട്ട രണ്ട് മക്കളെ രണ്ട് സന്ദര്‍ഭങ്ങളിലായി 'നഷ്ടപ്പെട്ടു' പോയപ്പോഴും കരഞ്ഞു കലങ്ങിയ കണ്ണുകളുമായി റബ്ബിനോട് മാത്രം ആവലാതി ബോധിപ്പിച്ച് പതറാതെ പിടിച്ചു നിന്ന യഅ്ഖൂബ് നബിലയുമെല്ലാം പരീക്ഷണങ്ങളുടെ തീച്ചൂളകളിലൂടെ തന്നെ കടന്നുവന്നവരാണ്.

പരീക്ഷണങ്ങളിലും പ്രതിസന്ധികളിലും പതറാതെ പിടിച്ചു നില്‍ക്കാന്‍ അവര്‍ക്ക് സഹായകമായതും അത്തരം ഘട്ടങ്ങളില്‍ നമുക്ക് പ്രചോദകമായി വര്‍ത്തിക്കേണ്ടതുമായ ചില സുപ്രധാന കാര്യങ്ങളുണ്ട്.

ഒന്നാമതായി ഈ ജീവിതത്തിന്റെ ലക്ഷ്യം ഗ്രഹിക്കുക എന്നത് തന്നെ. ഈ ലോകജീവിതമാണ് യഥാര്‍ഥജീവിതമെന്നും ഇവിടുത്തെ താല്‍ക്കാലികമായ ജയ-പരാജയങ്ങളാണ് ശരിയായ ജയ-പരാജയങ്ങളെന്നും ധരിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇവിടുത്തെ നഷ്ടങ്ങള്‍ വല്ലാത്ത ആഘാതങ്ങള്‍ ഏല്‍പ്പിക്കുക സ്വാഭാവികമാണ്. ഇവിടുത്തെ താല്‍ക്കാലിക നേട്ടങ്ങളില്‍ അത്തരക്കാര്‍ മതിമറന്നാഹ്ലാദിക്കുകയും ചെയ്യും. എന്നാല്‍ അല്ലാഹുവിലും പരലോകജീവിതത്തിലും വിശ്വസിക്കുന്നവര്‍ അങ്ങനെയായിരിക്കുകയില്ല. ഈ ജീവിതത്തിലെ കഷ്ടനഷ്ടങ്ങള്‍ കൂടി പാരത്രികജീവിതത്തിലേക്കുള്ള സമ്പാദ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നവരായിരിക്കുമവര്‍. അതുകൊണ്ടാകണം നിരാശ ബാധിക്കുന്നവര്‍ ആരെന്ന ക്വുര്‍ആനിന്റെ വിവരണത്തില്‍ ഇപ്രകാരം കാണുന്നത്: ''അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിരാശപ്പെടുകയില്ല, തീര്‍ച്ച.'' (12:87).

അതുപോലെ പ്രതിസന്ധികളുടെയും പരീക്ഷണങ്ങളുടെയും ഘട്ടങ്ങളില്‍ നമ്മെക്കാള്‍ പ്രയാസമനുഭവിക്കുന്നവരെക്കുറിച്ചോര്‍ക്കാന്‍ കഴിഞ്ഞാല്‍ നമ്മുടെ വിഷമങ്ങളുടെയും വേദനകളുടെയും കാഠിന്യം കുറക്കാന്‍ സാധിക്കുന്നതാണ്. നബില പറയുന്നു: ''നിങ്ങളെക്കാള്‍ താഴെയുള്ളവരിലേക്ക് നിങ്ങള്‍ നോക്കുക. നിങ്ങള്‍ക്ക് മുകളിലുള്ളവരിലേക്ക് നിങ്ങള്‍ നോക്കരുത്. അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ അനുഗ്രഹങ്ങളെ നിസ്സാരവല്‍ക്കരിച്ച് തള്ളാതിരിക്കാന്‍ അതാണ് കരണീയമായിട്ടുള്ളത്'' (മുസ്‌ലിം).

നമ്മുടെ തീരുമാനങ്ങള്‍ക്കുപരിയായി അല്ലാഹുവിന്റെ തീരുമാനമനുസരിച്ചാണ് കാര്യങ്ങള്‍ നടക്കുകയെന്ന യാഥാര്‍ഥ്യം മനസ്സിനെ ബോധ്യപ്പെടുത്തുക. ഇസ്‌ലാം പഠിപ്പിക്കുന്ന വിധിവിശ്വാസത്തിന്റെ ഒരു പ്രധാനവശം കൂടിയാണത്. അല്ലാഹുവിന്റെ വിധി ആത്യന്തികമായി നമുക്ക് ഗുണകരമായിരിക്കുമെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ദൈവികവിധിയുടെ ഭാഗമായ ഏത് അനുഭവങ്ങളിലും ആശ്വാസം കണ്ടെത്താന്‍ ഒരു വിശ്വാസിക്ക് പ്രയാസമുണ്ടാവുകയില്ല.

എല്ലാറ്റിനുപരിയായി, പ്രവാചകന്മാരുടെ ജീവിതത്തില്‍ തെളിഞ്ഞു കാണാവുന്നതുപോലെ സര്‍വശക്തനായ അല്ലാഹുവിനോട് മോചനത്തിനും സഹായത്തിനുമായി നിരന്തരം തേടിക്കൊണ്ടിരിക്കുക. ആ പ്രാര്‍ഥനകള്‍ ശാന്തിദായകവും പ്രതിഫലാര്‍ഹവും പ്രതിസന്ധികളെ അവഗണിച്ച് മുന്നേറാന്‍ തക്ക ധൈര്യം നല്‍കുന്നതുമാണ്. സര്‍വശക്തനും പരമകാരുണികനുമായ അല്ലാഹുവിനെ തന്റെ ആശ്രയവും അവലംബവുമായി കണ്ടെത്തുന്ന ഒരു വിശ്വാസി അനുഭവിക്കുന്ന ആനന്ദവും മനഃസമാധാനവും പറഞ്ഞറിയിക്കാനാവുന്നതിലുമപ്പുറമാണ്. ''...ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടിപ്പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.'' (2:256).