സമാധാനം ലഭിക്കുന്നതെപ്പോള്‍?

അബൂ അമീന്‍

2017 മെയ് 06 1438 ശഅബാന്‍ 9
''അതായത് വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുള്ള ഓര്‍മകൊണ്ട് മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്.'' (ക്വുര്‍ആന്‍ 13:28)

ഭൗതികമായി മനുഷ്യന്‍ പണ്ടത്തെക്കാളേറെ പുരോഗതി പ്രാപിച്ചിട്ടുണ്ട്. വിജ്ഞാനത്തിന്റെ മേഖലകളില്‍ പുതിയ പുതിയ കുതിച്ചു ചാട്ടങ്ങള്‍ തന്നെ നടന്നിട്ടുണ്ട്. എന്നിട്ടും ആഗ്രഹിക്കുന്ന നന്മയും സമാധാനവും വേണ്ടത്ര ആര്‍ജിക്കാന്‍ മനുഷ്യന് സാധിച്ചിട്ടില്ല. മറിച്ച് സമാധാനത്തിന്റെയും ധാര്‍മികതയുടെയും ഗ്രാഫ് കുത്തനെ താഴുന്ന കാഴ്ചയാണ് അനുദിനം നാം കണ്ടുകൊണ്ടിരിക്കുന്നത്. കുറ്റകൃത്യങ്ങളും അക്രമങ്ങളും വൈജ്ഞാനിക പുരോഗതികള്‍ക്കിടയിലും തഴച്ചു വളരുന്നുവെന്നര്‍ഥം.

സാങ്കേതികവിദ്യയുടെ രണ്ടും മൂന്നും തലമുറകള്‍ മനുഷ്യന്‍ താണ്ടുമ്പോഴും അവയ്ക്കു പിന്നിലെ വന്‍ തട്ടിപ്പുകളെയും അഴിമതികളെയും കുറിച്ചുള്ള വാര്‍ത്തകള്‍ നാം കേട്ടുകൊണ്ടിരിക്കുകയാണ്. ആരെയാണ് അത് അമ്പരിപ്പിക്കാത്തത്? 

ഇവിടെയാണ് ഇസ്‌ലാം പറഞ്ഞുതരുന്ന ദൈവബോധത്തില്‍ അധിഷ്ഠിതമായ അറിവിന്റെ വ്യതിരിക്തത വ്യക്തമാകുന്നത്. ലക്ഷ്യബോധത്തോടെയുള്ള തിരിച്ചറിവിനാണ് ഇസ്‌ലാം പ്രാധാന്യം നല്‍കുന്നത്. അല്ലാതെ, കേവലം കുറേ തത്ത്വങ്ങളും സിദ്ധാന്തങ്ങളും പേറി കനപ്പെട്ട ഗ്രന്ഥങ്ങള്‍ ചുമക്കുന്ന കഴുതകളെ പോലെയാകാന്‍ ഒരിക്കലും ഇസ്‌ലാം മനുഷ്യരെ അനുവദിക്കുന്നില്ല. മുഹമ്മദ് നബി(സ്വ)ക്ക് ആദ്യമായി അവതരിച്ചു കിട്ടിയ ദൈവികവചനങ്ങള്‍ തന്നെ അക്കാര്യം ബോധ്യപ്പെടുത്തുന്നുണ്ട്. ഭ്രൂണത്തില്‍ നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും, അവനറിയാത്ത പലതും അവനെ പഠിപ്പിക്കുകയും ചെയ്ത അവന്റെ രക്ഷിതാവിനെ കുറിച്ചുള്ള ബോധത്തിലേക്ക് വായനയും പഠനവും അവനെ എത്തിക്കണമെന്ന സൂചനകളാണ് ആ സൂക്തങ്ങളില്‍ (96:1-5) അടങ്ങിയിട്ടുള്ളത്.

തന്റെ അറിവും കഴിവും സഹജീവികള്‍ക്ക് ഉപകരിക്കുന്ന വിധത്തിലായെങ്കിലേ അതിന്റെ ദൗത്യം പൂര്‍ത്തീകരിക്കപ്പെടുകയുള്ളൂവെന്നും ക്വുര്‍ആന്‍ ഓര്‍മിപ്പിക്കുന്നുണ്ട്. (18:94-98 സൂക്തങ്ങള്‍ ഉദാഹരണം).

തന്റെ ജീവിതത്തിലെ ഓരോ കര്‍മവും നാളെ സൃഷ്ടികര്‍ത്താവായ അല്ലാഹുവിന്റെ മുമ്പില്‍ വിചാരണക്ക് വിധേയമാക്കപ്പെടുമെന്ന ബോധം അരക്കിട്ടുറപ്പിക്കുന്നതാണ് ക്വുര്‍ആനിന്റെ ബോധനരീതി.

പഠനഗവേഷണങ്ങളിലൂടെ ദൈവനിഷേധിയും അഹങ്കാരിയുമാകുകയല്ല, മറിച്ച് ജീവിതലക്ഷ്യം തിരിച്ചറിഞ്ഞ് അനുഗ്രഹദാതാവായ സൃഷ്ടികര്‍ത്താവിന് കീഴ്‌പ്പെടുന്ന നന്ദിയുള്ള ദാസനാകുകയാണ് മനുഷ്യന്‍ അത്തരം പഠനത്തിലൂടെയെന്ന് ക്വുര്‍ആന്‍ ഓര്‍മിപ്പിക്കുന്നു: ''തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്. നിന്നുകൊണ്ടും ഇരുന്നുകൊണ്ടും കിടന്നുകൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (അവര്‍ പറയും) ഞങ്ങളുടെ രക്ഷിതാവേ! നീ നിരര്‍ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധന്‍! അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ. ഞങ്ങളുടെ രക്ഷിതാവേ, നീ വല്ലവനെയും നരകത്തില്‍ പ്രവേശിപ്പിച്ചാല്‍ അവനെ നിന്ദ്യനാക്കിക്കഴിഞ്ഞു. അക്രമികള്‍ക്ക് സഹായികളായി ആരുമില്ല താനും''(3:190-192).

അങ്ങനെ വിശ്വാസത്തിന്റെ തെളിനീര്‍ ആവോളം കുടിച്ച് മനസ്സിന്റെ ദാഹം തീര്‍ത്ത് മുന്നേറുന്ന യഥാര്‍ഥ വിശ്വാസികള്‍ അനുഭവിക്കുന്ന സമാധാനം പറഞ്ഞറിയിക്കാവുന്നതിനപ്പുറമാണ്.

ജീവിതത്തിന്റെ കഷ്ടതകളിലും പ്രയാസങ്ങളിലും വരെ കാരുണ്യവാനായ സൃഷ്ടികര്‍ത്താവിനെ കുറിച്ചുള്ള ബോധത്തിലൂടെയും അവന്റെ മുമ്പില്‍ സര്‍വഭാരവും ഇറക്കിവെച്ചുകൊണ്ടുള്ള പ്രാര്‍ഥനയിലൂടെയും വിശ്വാസികള്‍ നേടിയെടുക്കുന്ന നിര്‍വൃതിയും അനുഭൂതിയും വിശ്വാസത്തിന്റെ മധു നുകരാതെ മാറി നില്‍ക്കുന്നവര്‍ക്ക് ഒരുപക്ഷേ അനുഭവിക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല.

ജീവിതലക്ഷ്യം തിരിച്ചറിഞ്ഞ് സൃഷ്ടികര്‍ത്താവായ അല്ലാഹുവിനെ അടുത്തറിയുന്നതിലൂടെ മാത്രമേ ഏതൊരു അറിവും സമാധാനദായകവും, ഉപകാരപ്രദവും ആവുകയുള്ളൂ. ഉപകാരപ്രദമല്ലാത്ത അറിവില്‍ നിന്ന് നിരന്തരം രക്ഷ നേടാനാണ് നബി(സ്വ) നമ്മെ പഠിപ്പിച്ചതും.