മതത്തെ പരിഹസിക്കല്‍

ശമീര്‍ മദീനി

2017 നവംബര്‍ 25 1439 റബിഉല്‍ അവ്വല്‍ 06
''നീ അവരോട്   (അതിനെപ്പറ്റി) ചോദിച്ചാല്‍ അവര്‍ പറയും: ഞങ്ങള്‍ തമാശ പറഞ്ഞു കളിക്കുക മാത്രമായിരുന്നു. പറയുക: അല്ലാഹുവെയും അവന്റെ ദൃഷ്ടാന്തങ്ങളെയും അവന്റെ ദൂതനെയുമാണോ നിങ്ങള്‍ പരിഹസിച്ചു കൊണ്ടിരിക്കുന്നത്? നിങ്ങള്‍ ഒഴികഴിവുകളൊന്നും പറയേണ്ട. വിശ്വസിച്ചതിന്  ശേഷം നിങ്ങള്‍ അവിശ്വസിച്ചു കഴിഞ്ഞിരിക്കുന്നു. നിങ്ങളില്‍ ഒരു വിഭാഗത്തിന്   നാം മാപ്പു നല്‍കുകയാണെങ്കില്‍ തന്നെ മറ്റൊരു വിഭാഗത്തിന്   അവര്‍ കുറ്റവാളികളായിരുന്നതിനാല്‍ നാം ശിക്ഷ നല്‍കുന്നതാണ്'' (ക്വുര്‍ആന്‍ 9:65,66).

സ്രഷ്ടാവായ അല്ലാഹു നമുക്ക് കനിഞ്ഞരുളിയ മഹത്തായ അനുഗ്രഹമാണ് സംസാരശേഷി. നമ്മുടെ ആശകളും ആശയങ്ങളും നമുക്കതിലൂടെ മറ്റുള്ളവരെ അറിയിക്കാനാകുന്നു. നമ്മുടെ നാവിനെ ശ്രദ്ധിച്ചും നിയന്ത്രിച്ചും വേണം നാം ഉപയോഗിക്കുവാ ന്‍. അല്ലെങ്കില്‍ അതുകൊണ്ടുള്ള ഭവിഷ്യത്ത് നമുക്ക് ഊഹിക്കുവാന്‍ കഴിയുന്നതിലുമപ്പുറമായിരിക്കും.

കളിതമാശകള്‍ മനുഷ്യസഹജമാണ്. നബി ﷺ യും അനുചരന്മാരും തമാശപറഞ്ഞ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ, അവിടെയും മതത്തിന്റെ അതിര്‍വരമ്പുകള്‍ പാലിക്കുവാന്‍ വിശ്വാസി ബാധ്യസ്ഥനാണ്. ശ്രോതാവിനെ ചിരിപ്പിക്കുവാന്‍ വേണ്ടി കളവു പറയലും മറ്റുള്ളവരെ പരിഹസിക്കലുമൊക്കെ വലിയ കുറ്റമായിട്ടാണ് നബി ﷺ പഠിപ്പിച്ചിട്ടുള്ളത്. അവിടുന്ന് പറഞ്ഞു:

''ജനങ്ങളെ ചിരിപ്പിക്കുവാന്‍ വേണ്ടി സംസാരിക്കുകയും അങ്ങനെ കളവ് പറയുകയും ചെയ്യുന്നവന് നാശം! അവന് നാശം! അവന് നാശം!'' (അഹ്മദ്, അബൂദാവൂദ്).

നാം അങ്ങേയറ്റം സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യേണ്ട അല്ലാഹുവിനെയും അവന്റെ ദൂതനെയും മതത്തിന്റെ അധ്യാപനങ്ങളെയുമാണ് പരിഹസിക്കുന്നതെങ്കിലോ? അതെത്ര മാത്രം ഗുരുതരമായിരിക്കും! മതത്തിന്റെ ചിഹ്നങ്ങളെയും അധ്യാപനങ്ങളെയും ആദരിക്കേണ്ടവനാണ് സത്യവിശ്വാസി. (ക്വുര്‍ആന്‍ 22:32). അവയെ പുഛിക്കലും പരിഹസിക്കലും മതത്തില്‍ നിന്ന് പുറത്തുപോകാന്‍ വരെ കാരണമാകുന്ന ഗുരുതര പാതകമാണ്.

നബി ﷺ പഠിപ്പിച്ച വസ്ത്രധാരണാ രീതികളെയും ഇസ്‌ലാമിന്റെ മറ്റ് ആചാരാനുഷ്ഠാനങ്ങളെയുമൊക്കെ പരിഹസിച്ച് ചിരിക്കുന്നവരുണ്ട്. അങ്ങനെ ചെയ്യരുതെന്ന് മാത്രമല്ല അത്തരത്തിലുള്ള സംസാര സദസ്സുകളില്‍ നിന്നു വിട്ടുനില്‍ക്കണമെന്നുമാണ് ക്വുര്‍ആനിന്റെ അധ്യാപനം:

''നമ്മുടെ ദൃഷ്ടാന്തങ്ങളെ അപഹസിക്കുന്നതില്‍ മുഴുകിയവരെ നീ കണ്ടാല്‍ അവര്‍ മറ്റു വല്ല വര്‍ത്തമാനത്തിലും പ്രവേശിക്കുന്നത് വരെ നീ അവരില്‍ നിന്ന് തിരിഞ്ഞുകളയുക. ഇനി വല്ലപ്പോഴും നിന്നെ പിശാച് മറപ്പിച്ച് കളയുന്ന പക്ഷം ഓര്‍മ വന്നതിന് ശേഷം അക്രമികളായ ആ ആളുകളുടെ കൂടെ നീ ഇരിക്കരുത്'' (ക്വുര്‍ആന്‍ 6:68).

''അല്ലാഹുവിന്റെ വചനങ്ങള്‍ നിഷേധിക്കപ്പെടുന്നതും പരിഹസിക്കപ്പെടുന്നതും നിങ്ങള്‍ കേട്ടാല്‍ അത്തരക്കാര്‍ മറ്റുവല്ല വര്‍ത്തമാനത്തിലും പ്രവേശിക്കുന്നത് വരെ നിങ്ങള്‍ അവരോടൊപ്പം ഇരിക്കരുതെന്നും അങ്ങനെ ഇരിക്കുന്ന പക്ഷം നിങ്ങളും അവരെപ്പോലെത്തന്നെ ആയിരിക്കുമെന്നും ഈ ഗ്രന്ഥത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് അവതരിപ്പിച്ചു തന്നിട്ടുണ്ടല്ലോ...'' (ക്വുര്‍ആന്‍ 4:140).

തബൂക്ക് യുദ്ധവേളയില്‍ നബി ﷺ യും അനുചരന്മാരുമടങ്ങുന്ന ഇസ്‌ലാമിക പക്ഷത്തെ ഉദ്ദേശിച്ച് കളി തമാശ പറഞ്ഞ കപടവിശ്വാസികള്‍ക്കെതിരില്‍ അവതരിച്ച സൂക്തങ്ങളാണ് തുടക്കത്തില്‍ ഉദ്ധരിച്ച (9:65,66) വചനങ്ങള്‍. 

മതത്തെയും മതചിഹ്നങ്ങളെയും പൂര്‍ണമനസ്സോടെ സ്വീകരിക്കുവാനും ആദരിക്കുവാനുമുള്ള ഹൃദയ വിശാലതയും വിശ്വാസദാര്‍ഢ്യവും നമുക്ക് അല്ലാഹു പ്രദാനം ചെയ്യുമാറാവട്ടെ! ആമീന്‍.