മുന്നറിയിപ്പുകള്‍ അവഗണിക്കരുത്

ശമീര്‍ മദീനി

2017 ഡിസംബർ 30 1439 റബിഉല്‍ ആഖിര്‍ 12
''അവിശ്വാസികള്‍ തങ്ങളിലേക്കുള്ള ദൈവദൂതന്‍മാരോട്   പറഞ്ഞു: ഞങ്ങളുടെ നാട്ടില്‍ നിന്ന്   നിങ്ങളെ ഞങ്ങള്‍ പുറത്താക്കുക തന്നെ ചെയ്യും. അല്ലാത്ത പക്ഷം നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്ക  ്   തിരിച്ചുവന്നേ തീരു. അപ്പോള്‍ അവര്‍ക്ക്    (ആ ദൂതന്‍മാര്‍ക്ക്   ) അവരുടെ രക്ഷിതാവ്   സന്ദേശം നല്‍കി. തീര്‍ച്ചയായും നാം ആ അക്രമികളെ നശിപ്പിക്കുക തന്നെ ചെയ്യും. അവര്‍ക്കു ശേഷം നിങ്ങളെ നാം നാട്ടില്‍ അധിവസിപ്പിക്കുകയും ചെയ്യുന്നതാണ്. എന്റെ സ്ഥാനത്തെ ഭയപ്പെടുകയും എന്റെ താക്കീതിനെ ഭയപ്പെടുകയും ചെയ്തവര്‍ക്കുള്ളതാണ്   ആ അനുഗ്രഹം'' (ക്വുര്‍ആന്‍ 14:13,14).

പലതരത്തിലുള്ള മുന്നറിയിപ്പുകളും താക്കീതുകളും നാം കാണാറുണ്ട്. അവ അവഗണിക്കുമ്പോഴുണ്ടാകുന്ന അപകടങ്ങളും സാധാരണമാണ്. ഡോക്ടറുടെ താക്കീതുകള്‍ അവഗണിച്ച രോഗികള്‍, ട്രാഫിക്ക് മുന്നറിയിപ്പുകളെ ശ്രദ്ധിക്കാതിരുന്ന ഡ്രൈവര്‍മാര്‍, കൊടുങ്കാറ്റിനെക്കുറിച്ചും സുനാമിയെക്കുറിച്ചും മുന്നറിയിപ്പുകള്‍ നല്‍കിയ കാലാവസ്ഥാനിരീക്ഷകരുടെ താക്കീതുകളെ മുഖവിലക്കെടുക്കാതെ കടലില്‍ പോയ മല്‍സ്യബന്ധനക്കാര്‍... ഇങ്ങനെ എത്ര എത്രയാളുകള്‍ക്കാണ് മുന്നറിയിപ്പുകളെ അവഗണിച്ചതിലൂടെ ദുരിതങ്ങളും ദുരന്തങ്ങളും ഏറ്റുവാങ്ങേണ്ടിവന്നിട്ടുള്ളത്!

സഞ്ചരിക്കുന്ന വഴിയില്‍ ഒരു പാമ്പുണ്ടെന്ന് കേട്ടാല്‍ ശ്രദ്ധയും ജാഗ്രതയും കൈക്കൊള്ളുന്നവരാണ് നാം പൊതുവില്‍. അമിതമായ ആത്മവിശ്വാസമോ ഒരു തരം ധിക്കാരമോ അഹങ്കാരമോ ഒക്കെയാണ് മുന്നറിയിപ്പുകളെ അവഗണിക്കുവാനും ജാഗ്രതാ നിര്‍ദേശങ്ങളെ ഗൗനിക്കാതിരിക്കുവാനുമൊക്കെ മനുഷ്യനെ പ്രേരിപ്പിക്കുന്നത്.

താല്‍ക്കാലികമായ പ്രയാസങ്ങള്‍ ഉണ്ടായേക്കാമെങ്കിലും മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുന്നതും സൂക്ഷിക്കുന്നതും നമുക്ക് സുരക്ഷിതത്വവും ആശ്വാസവുമാണ് നല്‍കുക. ആത്യന്തികമായി മനുഷ്യന് കാരുണ്യവും ഇഹപര ജീവിത വിജയത്തിനും നന്മക്കുമായി കുറെ താക്കീതുകളും മുന്നറിയിപ്പുകളും നമ്മുടെ സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹു നമുക്ക് നല്‍കിയിട്ടുണ്ട്. എല്ലാ സമൂഹങ്ങളിലേക്കും ഇത്തരം താക്കീതുമായി ദൈവദൂതന്മാര്‍ കടന്നുചെന്നിട്ടുണ്ട്: ''അവര്‍ നിന്നെ നിഷേധിച്ചു തള്ളുന്നുവെങ്കില്‍ അവര്‍ക്ക്  മുമ്പുള്ളവരും നിഷേധിച്ചു തള്ളിയിട്ടുണ്ട്. അവരിലേക്കുള്ള ദൂതന്‍മാര്‍ പ്രത്യക്ഷ ലക്ഷ്യങ്ങളും ന്യായപ്രമാണങ്ങളും വെളിച്ചം നല്‍കുന്ന ഗ്രന്ഥവും കൊണ്ട് അവരുടെ അടുത്ത് ചെല്ലുകയുണ്ടായി'' (ക്വുര്‍ആന്‍ 35:24).

അത്തരം താക്കീതുകളോട് നിഷേധാത്മക നിലപാട് സ്വീകരിച്ചവരും അവയെ മുഖവിലക്കെടുത്ത് ജീവിച്ചവരും മനുഷ്യരിലുണ്ടായിട്ടുണ്ട്: (ക്വുര്‍ആന്‍ 50:12-14).

അല്ലാഹുവിന്റെ വാഗ്ദാനങ്ങളില്‍ പ്രതീക്ഷയും താക്കീതുകളില്‍ ഭയപ്പാടുമാണ് വിശ്വാസികള്‍ക്ക് ഉണ്ടാകേണ്ടത്: ''(നബിയേ,) ഞാന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ് എന്ന് എന്റെ ദാസന്‍മാരെ വിവരമറിയിക്കുക. എന്റെ ശിക്ഷ തന്നെയാണ് വേദനയേറിയ ശിക്ഷ എന്നും (വിവരമറിയിക്കുക)'' (ക്വുര്‍ആന്‍ 15:49,50).

സാമ്പത്തിക മേഖലയിലും കുടുംബ രംഗത്തും എന്നല്ല നിത്യജീവിതത്തിലെ നിഖില മേഖലകളിലും പടച്ചവന്റെ താക്കീതുകളെ സൂക്ഷിക്കുമ്പോള്‍ അതിന്റെ ഗുണം നമുക്ക് തന്നെയാണ് കിട്ടുക. അല്ലാഹു പറയുന്നു: ''അല്ലാഹുവെയും റസൂലിനെയും അനുസരിക്കുകയും അല്ലാഹുവെ ഭയപ്പെടുകയും അവനോട് സൂക്ഷ്മത പുലര്‍ത്തുകയും ചെയ്യുന്നവരാരോ അവര്‍ തന്നെയാണ് വിജയം നേടിയവര്‍''(ക്വുര്‍ആന്‍ 24:52).

പക്ഷേ, ഭൗതികതയുടെ പളപളപ്പിലും ദേഹേഛയുടെ തള്ളിച്ചയിലും അധികപേരും ആ മുന്നറിയിപ്പുകള്‍ മറന്ന് അപകടത്തിലേക്ക് ചാടുകയാണ് ചെയ്യുന്നത്. നബി ﷺ  പറഞ്ഞു: ''എന്റെയും നിങ്ങളുടെയും ഉപമ തീ കത്തിച്ച ഒരാളുടെ ഉപമ പോലെയാണ്. ആ കത്തിച്ചു വെച്ച തീയില്‍ പ്രാണികളും പറവകളും ചെന്നു വീഴാന്‍ തുടങ്ങി. അയാളാകട്ടെ അവയെ അതില്‍ നിന്ന് ആട്ടിയകറ്റിക്കൊണ്ടിരിക്കുന്നു. നരകത്തില്‍ ആപതിക്കാതിരിക്കുവാന്‍ ഞാന്‍ നിങ്ങളുടെ അരക്കെട്ടില്‍ പിടിച്ചിരിക്കുകയാണ്. എന്നാല്‍ നിങ്ങളാകട്ടെ എന്റെ കയ്യില്‍ നിന്നും കുതറിയോടുകയാണ്'' (മുസ്‌ലിം).