നാശത്തിലേക്ക് നയിക്കുന്ന മദ്യവും ചൂതാട്ടവും

ശമീര്‍ മദീനി

2017 നവംബര്‍ 04 1439 സഫര്‍ 15
''(നബിയേ) നിന്നോടവര്‍ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്. ജനങ്ങള്‍ക്ക് ചില പ്രയോജനങ്ങളുമുണ്ട്. എന്നാല്‍ അവയിലെ പാപത്തിന്റെ അംശമാണ് പ്രയോജനത്തിന്റെ അംശത്തേക്കാള്‍ വലുത്'' (ക്വുര്‍ആന്‍ 2:219)

ധാര്‍മികതയെക്കുറിച്ചുള്ള കൃത്യവും വ്യക്തവുമായ അവബോധത്തിന്റെ അഭാവത്തില്‍ മനുഷ്യന്‍ ഏത് തിന്മകളിലേക്കും അനായാസേന ഓടിയെത്തുമെന്നതാണ് യാഥാര്‍ഥ്യം. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗത്തെ കുറിച്ചാണെങ്കിലും ലോട്ടറിയുടെ അതിപ്രസരത്തെ കുറിച്ചാണെങ്കിലുമൊക്കെ ചിന്തിക്കുമ്പോള്‍ അതാണ് ബോധ്യപ്പെടുന്നത്. തന്നെ സൃഷ്ടിച്ച് പരിപാലിക്കുന്ന പരമകാരുണികനായ പടച്ചതമ്പുരാന്റെ ഉപദേശ നിര്‍ദേശങ്ങള്‍ തനിക്ക് ഏത് നിലക്കും നന്മ മാത്രമെ വരുത്തുകയുള്ളൂ എന്ന ബോധം നഷ്ടമാകുമ്പോള്‍ ദൈവികമായ മാര്‍ഗദര്‍ശനങ്ങളുടെ മഹത്ത്വമറിയാനോ അവ സ്വീകരിക്കാനോ മനുഷ്യന്‍ തയ്യാറാവാതെ വരുന്നു. ഫലമോ? ഈ ജീവിതത്തിലും നാളെ മരണാനന്തര ജീവിതത്തിലും അതുവഴി ഒട്ടേറെ കഷ്ടനഷ്ടങ്ങള്‍ അനുഭവിക്കേണ്ടിവരികയും ചെയ്യും. 

ഉല്‍ബുദ്ധരെന്നും വിവേകികളെന്നും അഭിമാനിക്കുന്ന മനുഷ്യന്റെ പൊതുവിലുള്ള അവസ്ഥ കണ്ടാല്‍ പല വിഷയങ്ങളിലും അവന്‍ തന്റെ ബുദ്ധിയും വിവേകവുമൊന്നും ഉപയോഗപ്പെടുത്തുന്നില്ല എന്ന് ബോധ്യപ്പെടും. മദ്യത്തിന്റെ ദൂഷ്യഫലങ്ങള്‍ അറിയാത്തവര്‍ ആരാണ് ആധുനികസമൂഹത്തിലുള്ളത്? സിറോസിസ് പോലെയുള്ള അപകടകരമായ രോഗങ്ങള്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം മൂലമാണ് പ്രധാനമായും ഉണ്ടാകുന്നത്. കരളിന്റെയും പാന്‍ക്രിയാസിന്റെയും പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്ന ലഹരിപദാര്‍ഥങ്ങള്‍ അപകടകാരിയാണെന്ന് മനസ്സിലാക്കിയിട്ടും അവ വിവിധരൂപങ്ങളില്‍ പ്രചരിക്കുന്നതില്‍ കാര്യമായ യാതൊരു എതിര്‍പ്പും തങ്ങള്‍ക്കില്ല എന്ന മട്ടിലാണ് രാജ്യത്തെയും പൗരന്മാരെയും 'സേവി'ക്കുന്ന അവരുടെ ക്ഷേമൈശ്വരങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്ന ഭരണനേതൃത്വം വരെയുള്ളവര്‍.

ഖജനാവിലേക്കുള്ള ധനാഗമന മാര്‍ഗത്തിന്റെ നല്ലൊരു സ്രോതസ്സായി മദ്യ വ്യവസായത്തെ കാണുന്നവര്‍ അതിന്റെ പിന്നിലൂടെ വരുന്ന ഒട്ടനവധി കഷ്ടനഷ്ടങ്ങള്‍ക്കു നേരെ സൗകര്യപൂര്‍വം കണ്ണടക്കുകയാണ് ചെയ്യുന്നത്. ലഹരി ഉപയോഗത്തിലൂടെ ആ വ്യക്തിയോടൊപ്പം അദേഹത്തിന്റെ കുടുംബവും സമൂഹവും ഒട്ടേറെ പ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ട്. മാനസിക പിരിമുറുക്കങ്ങള്‍, മനോവ്യഥകള്‍, അശാന്തിയുടെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്ന കുടുംബാന്തരീക്ഷങ്ങള്‍, അവരിലൂടെ ഉണ്ടാകുന്ന മറ്റു അപകടങ്ങള്‍... തുടങ്ങി ലഹരി ഉപയോഗത്തിന്റെ അനുബന്ധമായി വരുന്ന നഷ്ടങ്ങള്‍ എത്രയോ വലുതാണ്. 

ഏകദേശം ലഹരി ഉപയോഗം പോലെ തന്നെയാണ് ചൂതാട്ടങ്ങളുടെയും സ്ഥിതി. ലോട്ടറി കച്ചവടത്തിലൂടെ പാവങ്ങളെ സഹായിക്കുകയും നാടിനെ പുരോഗതിയിലേക്ക് നയിക്കുകയുമൊക്കെയാണ് ചെയ്യുന്നതെന്ന് പറയുന്നവരും അവയുടെ പിന്നിലെ ദുരന്തങ്ങളെയും യാതനകളെയും ശ്രദ്ധിക്കുന്നില്ല. ക്വുര്‍ആന്‍ മദ്യത്തെയും ചൂതാട്ടത്തെയും ഒരേ രൂപത്തിലാണ് എതിര്‍ത്തത്. അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നംവെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം. പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും അല്ലാഹുവെ ഓര്‍മിക്കുന്നതില്‍ നിന്നും നമസ്‌കാരത്തില്‍ നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ (അവയില്‍ നിന്ന്) വിരമിക്കുവാനൊരുക്കമുണ്ടോ?'' (5:90,91).

മനുഷ്യന്റെ ബുദ്ധിയെ ഭ്രമിപ്പിക്കുന്ന ലഹരിപദാര്‍ഥങ്ങളെയെല്ലാം മ്ലേഛമായിട്ടാണ് മുഹമ്മദ് നബി ﷺ പഠിപ്പിച്ചത്. ശമനമല്ല രോഗമാണ് അവയിലുള്ളതെന്ന് ഉണര്‍ത്തിയ പ്രവാചകന്‍ ﷺ അതിന്റെ ചെറിയ അളവിലെ ഉപയോഗം പോലും വിലക്കിയിട്ടുണ്ട്.