മനുഷ്യാവകാശ ധ്വംസനങ്ങള്‍

ശമീര്‍ മദീനി 

2017 ഡിസംബർ 09 1439 റബിഉല്‍ അവ്വല്‍ 20
''ആരെങ്കിലും ഒരു സത്യവിശ്വാസിയെ മനഃപൂര്‍വം കൊലപ്പെടുത്തുന്ന പക്ഷം അവന്നുള്ള പ്രതിഫലം നരകമാകുന്നു. അവനതില്‍ നിത്യവാസിയായിരിക്കും. അവന്റെ നേരെ അല്ലാഹു കോപിക്കുകയും അവനെ ശപിക്കുകയും ചെയ്തിരിക്കുന്നു. കനത്ത ശിക്ഷയാണ്  അവന്നു വേണ്ടി അല്ലാഹു ഒരുക്കിവെച്ചിട്ടുള്ളത് '' (ക്വുര്‍ആന്‍ 4:93).

മനുഷ്യന്‍ അല്ലാഹുവിന്റെ ഉല്‍കൃഷ്ട സൃഷ്ടികളിലൊന്നാണ്. ധാരാളം സവിശേഷതകള്‍ മറ്റു സൃഷ്ടികളില്‍ നിന്ന് വ്യത്യസ്തമായി അല്ലാഹു മനുഷ്യന് നല്‍കിയിട്ടുണ്ട്. (ക്വുര്‍ആന്‍ (7:70).

മനുഷ്യന്റെ ജീവനും സ്വത്തും അഭിമാനവും പവിത്രതയുള്ളതാണെന്നും അനാവശ്യമായി അവ ഹനിച്ചു കൂടെന്നും നബി ﷺ പഠിപ്പിച്ചിട്ടുണ്ട്. മനുഷ്യവധവും ആത്മഹത്യയും കൊള്ളയുമൊക്കെ പാപങ്ങളാണ് എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. മനുഷ്യ ജീവന്‍ രക്ഷിക്കുന്നത് വലിയ പുണ്യമാണെന്നും ഇസ്‌ലാം വ്യക്തമാക്കുന്നു.

''അക്കാരണത്താല്‍ ഇസ്‌റാഈല്‍ സന്തതികള്‍ക്ക് നാം ഇപ്രകാരം വിധി നല്‍കുകയുണ്ടായി: മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു...'' (ക്വുര്‍ആന്‍ 5:32).

മുസ്‌ലിമിന്റെ ജീവന്‍ മാത്രമല്ല ഏതൊരു മനുഷ്യന്റെയും, മനുഷ്യജീവന്‍ മാത്രമല്ല ജന്തുക്കളുടെയും ജീവന്‍ ന്യായമായ കാരണമില്ലാതെ ഹനിക്കരുതെന്നും പ്രത്യുത അത് സംരക്ഷിക്കുകയാണ് വേണ്ടതെന്നും  ഇസ്‌ലാം പഠിപ്പിക്കുമ്പോള്‍ നിരപരാധികളായ മനുഷ്യരെ അന്യായമായി വധിക്കുകയും സ്വത്തും സ്ഥാപനങ്ങളും നാടും നഗരവും നശിപ്പിക്കുകയും ചെയ്യുന്ന കൊടും ക്രൂരതകള്‍ ചെയ്യുന്നവരും അതിന് സൗകര്യങ്ങള്‍ ഒരുക്കുന്നവരും എങ്ങനെയാണ് ഇസ്‌ലാമിന്റെ വക്താക്കളാവുന്നത്?

നബി ﷺ പറയുന്നു: ''നാമുമായി ഉടമ്പടിയില്‍ കഴിയുന്ന അമുസ്‌ലിമിനെ (മുആഹിദ്) ആരെങ്കിലും കൊന്നാല്‍ അയാള്‍ക്ക് സ്വര്‍ഗത്തിന്റെ പരിമളം പോലും ആസ്വദിക്കാന്‍ കഴിയുകയില്ല. തീര്‍ച്ചയായും അതിന്റെ പരിമളം നാല്‍പതു വര്‍ഷത്തിന്റെ വഴിദൂരത്തേക്ക് വരെ ലഭിക്കുന്നതാണ്'' (ബുഖാരി, അഹ്മദ്).

ഒരു യഥാര്‍ഥ മുസ്‌ലിമിന് നിര്‍മാണാത്മക പ്രവര്‍ത്തനങ്ങളിലല്ലാതെ ഒരിക്കലും നശീകരണ പ്രവര്‍ത്തനങ്ങളിലേര്‍പെടുവാന്‍ സാധിക്കുകയില്ല. യുദ്ധരംഗത്തു പോലും നശീകരണ പ്രവര്‍ത്തനത്തിലേര്‍പെടുന്ന അന്ധമായ ആക്രമണ രീതിയെ വിലക്കിക്കൊണ്ടുള്ള പ്രവാചകോപദേശങ്ങള്‍ ഹദീഥ് ഗ്രന്ഥങ്ങളില്‍ കാണാം.

ഇസ്‌ലാമിനെ ജനമധ്യത്തില്‍ വികൃതമാക്കി കാണിക്കുവാനായി ശത്രുക്കള്‍ ബോധപൂര്‍വം സൃഷ്ടിച്ചെടുക്കുന്നതാണ് ഇസ്‌ലാമിന്റെ പേര് വെച്ചുള്ള ഭീകരാക്രമണങ്ങളും അത്തരം തീവ്രവാദ സംഘങ്ങളും. അതുകൊണ്ടു തന്നെ അത്തരം പ്രതിലോമ പരമായ പ്രവര്‍ത്തനങ്ങള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അവയെ തള്ളിപ്പറയുവാനും തെറ്റ് തെറ്റാണെന്ന് വിളിച്ചുപറയുവാനുമുള്ള ആര്‍ജവം നമുക്കുണ്ടാവണം.

അത്തരം സന്ദര്‍ഭങ്ങളിലെ വാര്‍ത്തകളിലെയും പ്രതികരണങ്ങളിലെയും ഒരു തരം പാര്‍ശ്വവല്‍ക്കരണം മിതവാദികളെ കൂടി ചിലപ്പോഴെങ്കിലും തീവ്രചിന്തയിലേക്ക് തള്ളിവിടാന്‍ സാധ്യതയുണ്ട്. ലോക സമാധാനത്തിന്റെ വക്താക്കളും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരും തങ്ങളുടെ പ്രതികരണങ്ങള്‍ക്ക് ചില പ്രത്യേക അതിര്‍വരമ്പുകള്‍ അടയാളപ്പെടുത്തുന്നത് തികച്ചും അന്യായവും അക്രമവുമാണ്. നന്മയെ സ്‌നേഹിക്കുന്നവര്‍ തിന്മകള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയും നിലപാടും എടുക്കാന്‍ ബാധ്യസ്ഥരാണ്. റബ്ബ് അനുഗ്രഹിക്കട്ടെ! ആമീന്‍