അല്ലാഹു നല്‍കുന്ന സ്ഥൈര്യം

സി.മുഹമ്മദ് റാഫി ചെമ്പ്ര

2017 മാര്‍ച്ച് 18 1438 ജമാദുല്‍ ആഖിര്‍ 19
يُثَبِّتُ اللَّهُ الَّذِينَ آمَنُوا بِالْقَوْلِ الثَّابِتِ فِي الْحَيَاةِ الدُّنْيَا وَفِي الْآخِرَةِ ۖ وَيُضِلُّ اللَّهُ الظَّالِمِينَ ۚ وَيَفْعَلُ اللَّهُ مَا يَشَاءُ
''ഐഹിക ജീവിതത്തിലും പരലോകത്തും സുസ്ഥിരമായ വാക്കുകൊണ്ട് സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ചുനിര്‍ത്തുന്നതാണ്. അക്രമികളെ അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കുകയും ചെയ്യും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നതെന്തോ അത് പ്രവര്‍ത്തിക്കുന്നു.'' (ക്വുര്‍ആന്‍ 14:27)

മനുഷ്യന്‍ അക്ഷമനായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. പ്രശ്‌നങ്ങള്‍ക്കു മുമ്പിലും പ്രതിസന്ധികള്‍ക്കു നടുവിലും ക്ഷമകേട് കാണിക്കുക അവന്റെ പ്രത്യക്ഷ സ്വഭാവമത്രെ. സങ്കീര്‍ണമായ ജീവിത യാഥാര്‍ഥ്യങ്ങളുടെയും ആശയക്കുഴപ്പങ്ങളുടെയും മുന്നില്‍ പതറാത്ത പാദവും ചിതറാത്ത ചിത്തവുമായി നമുക്ക് ഉറച്ചുനില്‍ക്കേണ്ടതുണ്ട്. അതിന് നമ്മുടെ മനസ്സിനും ശരീരത്തിനും ബലം വേണം. ശരീരത്തിന്റെ ബലം മനസ്സിന്റെ കരുത്തിലാണ് നിലനില്‍ക്കുന്നത്. മനസ്സിന് ആരാണ് കരുത്തുപകരേണ്ടത്? എന്തില്‍ നിന്നാണ് കരുത്തുകിട്ടുക? ഏതാണാ കരുത്തു നല്‍കുന്ന വാചകങ്ങള്‍?

ജീവിതത്തില്‍ തീരുമാനമെടുക്കാനാകാതെ പകച്ചുപോകുന്ന എത്രയോ സന്ദര്‍ഭങ്ങള്‍ നമുക്കുണ്ടാകാറുണ്ട്. ആശുപത്രി വരാന്തകളില്‍ ഉറ്റവരുടെ കാഠിന്യമേറിയ രോഗത്തിന്റെയോ അപകടത്തിന്റെയോ നേര്‍വാര്‍ത്തകള്‍ക്കു മുന്നില്‍, ഇപ്പോഴൊന്നും വിട്ടുപോകരുതേ എന്ന് ആഗ്രഹിക്കുന്ന സ്‌നേഹ ജനങ്ങളുടെ വേര്‍പാടില്‍, ഭൗതിക താല്‍പര്യങ്ങളും മത ധര്‍മനിഷ്ഠയും നേര്‍ക്കുനേര്‍ എറ്റുമുട്ടുന്ന സന്ദര്‍ഭങ്ങളില്‍, സൗഹൃദവും സ്‌നേഹബന്ധങ്ങളും തിന്മകള്‍ക്ക് നിര്‍ബന്ധിക്കുമ്പോള്‍, ആദര്‍ശ രംഗത്തെ അഭിപ്രായ വ്യത്യാസങ്ങളില്‍ സത്യത്തിന്റെയും അസത്യത്തിന്റെയും നേര്‍ത്ത വരമ്പുകളില്‍ കൂടി സഞ്ചരിക്കേണ്ടിവരുമ്പോള്‍... ഇങ്ങനെ എത്രയെത്ര സന്ദര്‍ഭങ്ങളിലാണ് സ്ഥൈര്യം നല്‍കാനും ഉറച്ച തീരുമാനമെടുക്കാനുംആത്മവിശ്വാസം നല്‍കാനും ഒരാളുണ്ടായിരുന്നെങ്കില്‍ എന്ന് നാം ആഗ്രഹിച്ചു പോകാറുള്ളത്!

അതെ, അല്ലാഹുവുണ്ട് ഈ സന്ദര്‍ഭങ്ങൡലെല്ലാം നമ്മെ ഉറപ്പച്ചുനിര്‍ത്താന്‍, നമുക്ക് താങ്ങും തണലുമാകാന്‍, ഇരുട്ടില്‍ വെളിച്ചമാകാന്‍, തകരുമ്പോള്‍ ശക്തി നല്‍കാന്‍, വേദനയില്‍ ആശ്വാസം പകരാന്‍,ഉറച്ച കാല്‍വെപ്പുകളുമായി മുന്നോട്ടു പോകാന്‍... 'സുസ്ഥിരമായ വാക്കു'കൊണ്ട് അല്ലാഹു സത്യവിശ്വാസിക്ക് ഈ ലോകത്ത് സ്ഥൈര്യം നല്‍കുന്നു.

ഏതാണാ സുസ്ഥിരമായ വാക്ക്? ഇബ്‌നു അബ്ബാസ്്യ പറയുന്നു: ''ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന വാക്കാണത്. തൗഹീദില്‍ അടിയുറച്ച വിശ്വാസി സമൂഹത്തെ സ്ഥൈര്യപ്പെടുത്താന്‍ അല്ലാഹു തയ്യാറാണ് എന്ന് വ്യക്തം.

അല്ലാഹുവിന്റെ സ്‌ഥൈര്യം നമുക്ക് ലഭിക്കേണ്ട രണ്ടാമത്തെ ഘട്ടം ഈ സൂക്തത്തില്‍ പരാമര്‍ശിക്കുന്നത് ക്വബ്‌റിലാണ്. ഏതൊരു വ്യക്തിയും മരണശേഷം ക്വബ്‌റില്‍ ചോദ്യങ്ങള്‍ക്ക് വിധേയനാക്കപ്പെടും. പരലോകത്തെ മഹാശിക്ഷക്ക് മുമ്പ് അനുഭവിക്കാനുള്ള ഏറ്റവും വലിയ പരീക്ഷണമാണിതെന്ന് പ്രമാണങ്ങള്‍ പഠിപ്പിക്കുന്നു. ഈ പരീക്ഷണഘട്ടത്തില്‍ മലക്കുകള്‍ ക്വബ്‌റില്‍ വരുമെന്നും മതത്തിന്റെ അടിസ്ഥാന ശിലകളെ കുറിച്ച് ചോദിക്കുമെന്നും ഹദീഥുകള്‍ വ്യക്തമാക്കുന്നു. നിന്റെ റബ്ബ് ആരാണ്, നിന്റെ മതം ഏതാണ്, നബി ആര്, ക്വുര്‍ആനിനെക്കുറിച്ച് നിനക്കെന്തറിയാം എന്നീ ചോദ്യങ്ങള്‍ ഏറ്റവും വലിയ പരീക്ഷണമാണെന്നാണ് നബി(സ്വ) നമുക്ക് പറഞ്ഞുതന്നത്.

ജീവിതം കൊണ്ടും വിശ്വാസം കൊണ്ടും കര്‍മനിരതമായാല്‍ മാത്രമെ ഈ പരീക്ഷണത്തില്‍ പതറാതെ മുന്നോട്ടുപോകാനാകൂ. അതിനുപുറമെ അല്ലാഹുവിന്റെ സഹായം ലഭിക്കേണ്ടതുണ്ട് താനും. ഈ സഹായം അവന്‍ നമുക്ക് വാഗ്ദാനം ചെയ്യുന്നു. നാം യഥാര്‍ഥ വിശ്വാസികളാണെങ്കില്‍, ഏകദൈവാദര്‍ശത്തിന്റെ മാര്‍ഗത്തില്‍ ത്യാഗപരിശ്രമങ്ങള്‍ ചെയ്യാന്‍ തയ്യാറുണ്ടെങ്കില്‍ ക്വബ്‌റിലെ ഇരുട്ടുമൂടിയ ഒറ്റപ്പെടലില്‍ അവന്റെ തുണ നമുക്കുണ്ടാകും. ആ തുണയാണ് ഏത് കൂരിരുട്ടിലും ഏത് ഒറ്റപ്പെടലിലും നമുക്ക് തുണയായി വേണ്ടതും.

പരലോകത്തെ അനിര്‍വചനീയമായ പ്രതിസന്ധികളില്‍ നമുക്ക് അല്ലാഹുവിന്റെ സ്ഥൈര്യപ്പെടുത്തല്‍ ആവശ്യമാണ്. അതും വിശ്വാസികള്‍ക്ക് അവന്‍ വാഗ്ദാനം ചെയ്യുന്നു.

ഇമാം സഅദി ഈ വചനത്തെ വിശദീകരിച്ചുകൊണ്ട് പറയുന്നത് ഇങ്ങനെയാണ്: ''ഈ വചനത്തിലൂടെ അല്ലാഹു അറിയിച്ചു തരുന്നത്: അല്ലാഹുവില്‍ പൂര്‍ണ മനസ്സാന്നിധ്യത്തോടെ വിശ്വസിക്കുകയും അതനുസരിച്ച് കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ ഐഹിക ജീവിതത്തിലെ എല്ലാ ആശയക്കുഴപ്പങ്ങളില്‍ നിന്നും അവന്‍ നേരായ വഴിയില്‍ ഉറപ്പിച്ചു നിര്‍ത്തും. ദേഹേഛകളുടെ മാര്‍ഗത്തില്‍ നിന്നും അല്ലാഹു ഇഷ്ടപ്പെടുന്ന മാര്‍ഗത്തിലേക്കവനെ മാറ്റും. മരണ സമയത്ത് അവന് സ്ഥൈര്യം നല്‍കുകയും ദീനില്‍ ഉറപ്പിച്ച് നിര്‍ത്തുകയും ചെയ്യും. ക്വബ്‌റിലെ ചോദ്യങ്ങളുടെ ഘട്ടത്തിലും അല്ലാഹുവിന്റെ ആത്മധൈര്യപ്പെടുത്തല്‍ അവന് ലഭിക്കും''(തഫ്‌സീര്‍ അസ്സഅദി).