പവിത്രതകള്‍ പരിഗണിക്കുക

ശമീര്‍ മദീനി

2017 ഡിസംബർ 23 1439 റബിഉല്‍ ആഖിര്‍ 05
''അത് (നിങ്ങള്‍ ഗ്രഹിക്കുക) വല്ലവനും അല്ലാഹുവിന്റെ മതചിഹ്‌നങ്ങളെ ആദരിക്കുന്ന പക്ഷം തീര്‍ച്ചയായും അത് ഹൃദയങ്ങളിലെ ധര്‍മനിഷ്ഠയില്‍ നിന്നുണ്ടാകുന്നതത്രെ'' (ക്വുര്‍ആന്‍ 22:32).

ചില സ്ഥലങ്ങള്‍ക്കും സമയങ്ങള്‍ക്കും വസ്തുക്കള്‍ക്കും മറ്റ് സ്ഥലങ്ങള്‍ക്കും സമയങ്ങള്‍ക്കും വസ്തുക്കള്‍ക്കുമില്ലാത്ത പ്രത്യേകതകളും മഹത്ത്വങ്ങളും അല്ലാഹു നല്‍കിയിട്ടുണ്ട്. മസ്ജിദുല്‍ ഹറാമും മസ്ജിദുന്നബവിയും അടങ്ങുന്ന ഇരുഹറമുകളും ഹിജ്‌റ മാസങ്ങളുടെ കൂട്ടത്തില്‍ ദുല്‍ക്വഅ്ദ്, ദുല്‍ഹിജ്ജ, മുഹര്‍റം, റജബ് എന്നീ മാസങ്ങളും ലൈലത്തുല്‍ ക്വദ്ര്‍ അടങ്ങുന്ന റമദാന്‍ മാസവും പ്രത്യേകതകളും പവിത്രതകളുമുള്ളവയാണ്.

പ്രദക്ഷിണം (ത്വവാഫ്) ചെയ്യാന്‍ ഇസ്‌ലാമില്‍ നിര്‍ദേശിക്കപ്പെട്ട ഏക മന്ദിരമായ കഅ്ബയും അതിന്റെ ഒരു മൂലയിലുള്ള ഹജറുല്‍ അസ്‌വദും അല്ലാഹു പവിത്രത നല്‍കിയവയാണ്. അവയെ അംഗീകരിക്കലും ആദരിക്കലും വിശ്വാസികളുടെ കടമയും ഈമാനിന്റെ താല്‍പര്യവുമാണ്.

ഹജ്ജിന്റെയും ഉംറയുടെയും പ്രധാന കേന്ദ്രമായി അല്ലാഹു നിശ്ചയിച്ച ഹറമിന്റെ പവിത്രത ക്വുര്‍ആന്‍ എടുത്തു പറഞ്ഞിട്ടുണ്ട്. (ക്വുര്‍ആന്‍ 3:96,97 കാണുക). മുഹമ്മദ് നബി ﷺ ക്ക് മുമ്പ് തന്നെ മക്കക്കാര്‍ സ്വന്തം പിതാവിന്റെ ഘാതകനെ നേര്‍ക്കുനേര്‍ കണ്ടാല്‍ പോലും കഅ്ബയുടെ പരിസരത്ത് വെച്ച് യാതൊരു പ്രതിക്രിയയും ചെയ്തിരുന്നില്ല.

മനുഷ്യന്റെ ഇഛയും ബുദ്ധിയുമല്ല ഇത്തരം പവിത്രതകള്‍ നിശ്ചയിക്കുന്നതിനുള്ള ആധാരം. മറിച്ച് അല്ലാഹു നിശ്ചയിച്ചതും തെരഞ്ഞെടുത്തതുമാണ്. അവ ചോദ്യം ചെയ്യാതെ അംഗീകരിക്കാന്‍ വിശ്വാസികള്‍ ബാധ്യസ്ഥരാണ്.

''നിന്റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുകയും, (ഇഷ്ടമുള്ളത്) തെരഞ്ഞെടുക്കുകയും ചെയ്യുന്നു. അവര്‍ക്ക് തെരഞ്ഞെടുക്കുവാന്‍ അര്‍ഹതയില്ല. അല്ലാഹു എത്രയോ പരിശുദ്ധനും അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അതീതനുമായിരിക്കുന്നു'' (28:68)

അല്ലാഹു നിശ്ചയിച്ച പവിത്രതകള്‍ അംഗീകരിക്കാതിരിക്കലും അവയെ അവഹേളിക്കലും സത്യനിഷേധവും ധിക്കാരവും നന്ദികേടുമാണ്. അപ്രകാരം തന്നെ അല്ലാഹുവോ റസൂലോ പവിത്രത കല്‍പിക്കാത്തവയ്ക്ക് പവിത്രതകളും പ്രത്യേകതകളും കല്‍പിക്കുന്നതും കുറ്റകരമാണ്. മതത്തില്‍ പുതിയത് കുട്ടിച്ചേര്‍ക്കലാണത്.

''അതല്ല, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവര്‍ക്ക് നിശ്ചയിച്ചു കൊടുത്ത വല്ല പങ്കാളികളും അവര്‍ക്കുണ്ടോ? നിര്‍ണായക വിധിയെ പറ്റിയുള്ള കല്‍പന നിലവിലില്ലായിരുന്നെങ്കില്‍ അവര്‍ക്കിടയില്‍ ഉടനെ വിധികല്‍പിക്കപ്പെടുമായിരുന്നു. അക്രമികളാരോ അവര്‍ക്ക് തീര്‍ച്ചയായും വേദനയേറിയ ശിക്ഷയുണ്ട്.'' (42:21)

മൂന്ന് കേന്ദ്രങ്ങളിലേക്കല്ലാതെ പുണ്യമാഗ്രഹിച്ചു കൊണ്ടുള്ള യാത്ര പുറപ്പെടല്‍ (തീര്‍ഥാടനം) നബി ﷺ വിലക്കിയിട്ടുണ്ട്. മസ്ജിദുല്‍ ഹറാം, മസ്ജിദുന്നബവി, മസ്ജിദുല്‍ അക്വ്‌സ എന്നിവയാണവ. (ബുഖാരി, മുസ്‌ലിം).

അപ്പോള്‍ അജ്മീര്‍, നാഗൂര്‍, മുത്തുപ്പേട്ട, ഏര്‍വാടി പോലുള്ള കേന്ദ്രങ്ങള്‍ ഇസ്‌ലാമിക കേന്ദ്രങ്ങളല്ലായെന്നത് നാം തിരിച്ചറിയുക.

പവിത്രമാസങ്ങളുടെയും സമയങ്ങളുടെയും വസ്തുതകളുടെയും പവിത്രതകള്‍ നാം ഉള്‍ക്കൊള്ളേണ്ടതും ആചരിക്കേണ്ടതും പുതിയ ചടങ്ങുകളും ആചാരങ്ങളും ഉണ്ടാക്കിക്കൊണ്ടല്ല. പ്രത്യുത പ്രവാചകന്‍ ﷺ പഠിപ്പിച്ചതും അവിടുത്തെ അനുചരന്മാര്‍ പ്രയോഗവല്‍ക്കരിച്ചതുമായ മാര്‍ഗത്തിലൂടെ തന്നെയായിരിക്കണം.

എന്നാല്‍ സങ്കടകരമെന്നു പറയട്ടെ, സച്ചരിതരായ മുന്‍ഗാമികള്‍ക്കു പരിചയമില്ലാത്ത പലതും മതത്തില്‍ കടത്തിക്കൂട്ടിയതിനു പുറമെ അല്ലാഹുവും റസൂലും പവിത്രമാക്കി കല്‍പിച്ച മാസങ്ങളില്‍ പോലും ദുശ്ശകുനത്തിന്റെ ദിവസങ്ങള്‍ അടയാളപ്പെടുത്തുന്നത് എത്രമാത്രം അക്രമവും വിരോധാഭാസവുമാണ്! അല്ലാഹുവില്‍ ശരണം.