നിയന്ത്രിക്കേണ്ട ദുഃസ്വഭാവം

ശമീര്‍ മദീനി

2017 ഒക്ടോബര്‍ 14 1438 മുഹര്‍റം 23
''നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അതുകൊണ്ട് നീ (തിന്മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു, ക്ഷമ കൈക്കൊണ്ടവര്‍ക്കല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവനല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല'' (41:34,35).

എല്ലാവരും നമ്മളോട് നല്ല രീതിയില്‍ പെരുമാറണം എന്നാണ് നാം ആഗ്രഹിക്കുന്നത്. ഭാര്യ, മക്കള്‍, സഹോദര-സഹോദരിമാര്‍, മതാപിതാക്കള്‍, സുഹൃത്തുക്കള്‍, അയല്‍വാസികള്‍.... തുടങ്ങി എല്ലാവരും. പക്ഷേ, ചിലപ്പോള്‍ നാം ആഗ്രഹിക്കാത്ത വാക്കുകളോ പെരുമാറ്റങ്ങളോ അവരില്‍ നിന്നൊക്കെ ഉണ്ടാകാം. അത് സ്വാഭാവികമാണ്. അത് നമുക്ക് വിഷമമുണ്ടാക്കുകയും നമ്മെ ദേഷ്യം പിടിപ്പിക്കുകയും ചെയ്‌തെന്നും വരാം. അവിടെ നമ്മെത്തന്നെ നാം നിയന്ത്രിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. സ്വര്‍ഗത്തിനവകാശികളായിത്തീരുന്ന, ദൈവഹിതത്തിനനുസരിച്ച് ജീവിതത്തെ ക്രമപ്പെടുത്തുന്ന സൂക്ഷ്മതാ ബോധമുള്ള ഭക്തന്മാരുടെ (മുത്തക്വീങ്ങള്‍) സ്വഭാവ ഗുണങ്ങള്‍ വിവരിച്ച കൂട്ടത്തില്‍ 'കോപത്തെ കടിച്ചൊതുക്കുന്നവരുമാണവര്‍' എന്ന് വിശുദ്ധ ക്വുര്‍ആന്‍ 3:134ല്‍ എടുത്തു പറഞ്ഞത് ശ്രദ്ധേയമാണ്. കോപം കടിച്ചൊതുക്കുമ്പോള്‍ അതൊരു ചാപല്യമായി കാണുകയോ കോപാകുലനായി രണ്ടുവാക്കുപറഞ്ഞില്ലെങ്കില്‍ എന്തിന് കൊള്ളും എന്ന് കരുതുകയോ വേണ്ടതില്ല. അഥവാ കോപം മഹത്ത്വമോ വിട്ടുവീഴ്ച ഒരു ചാപല്യമോ അല്ല. നബി ﷺ പറയുന്നു:

'''മല്‍പിടുത്തത്തില്‍ ജയിക്കുന്നതുകൊണ്ടല്ല ഒരാള്‍ ശക്തവാനാകുന്നത്. പ്രത്യുത ദേഷ്യം വരുമ്പോള്‍ സ്വന്തത്തെ നിയന്ത്രിക്കുന്നവനാണ് യഥാര്‍ഥ ശക്തന്‍'' (ബുഖാരി, മുസ്‌ലിം).

ചിലര്‍ മറ്റുള്ളവരോടുള്ള ദേഷ്യം 'അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്' എന്ന ചൊല്ല് അന്വര്‍ഥമാക്കുന്ന രൂപത്തില്‍'ഭാര്യയോടും മക്കളോടുമൊക്കെ തീര്‍ക്കുമ്പോള്‍ ശാന്തിയും സ്‌നേഹവും കളിയാടേണ്ടുന്ന കുടുംബാന്തരീക്ഷം കലങ്ങിമറിയാറുണ്ട്. ശാന്തിക്കും സമാധാനത്തിനും വിട്ടുവീഴ്ച വളരെ അ ത്യാവശ്യമാണ് എന്നതോടൊപ്പം രക്തസമ്മര്‍ദത്തെ നിയന്ത്രിക്കുന്നതിലും അതിലൂടെ മാനസികവും ശാരീരികവുമായ നിരവധി ഗുണങ്ങള്‍ നേടിത്തരുന്നതിലും വിട്ടുവീഴ്ചയ്ക്കു പങ്കുള്ളതായി ശാസ്ത്രീയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

കോപാന്ധതകൊണ്ട് പലതും കാട്ടിക്കൂട്ടി 'മിടുക്ക്''തെളിയിക്കാന്‍ ശ്രമിക്കുന്നത് പക്വതയല്ലെന്നും സഹജീവികളില്‍ നിന്നും വന്നുപോകുന്ന അബദ്ധങ്ങള്‍ ക്ഷമിക്കാനും പൊറുക്കാനും കഴിയുക എന്നതാണ് മഹത്ത്വത്തിന്റെയും പക്വതയുടെയും ലക്ഷണമെന്നും നാം തിരിച്ചറിയേണ്ടതുണ്ട്. നമ്മെ സൃഷ്ടിച്ച് പരിപാലിക്കുന്ന, എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങള്‍ നമുക്ക് നല്‍കിയ സ്രഷ്ടാവിനോട് നാം ചെയ്തുപോയ തെറ്റുകുറ്റങ്ങളില്‍ അവന്‍ നമുക്കു മാപ്പുനല്‍കണമെന്ന് നാം ആഗ്രഹിക്കുന്നുവെങ്കില്‍ ആ ഗുണം അല്‍പമൊക്കെ നമ്മിലും പ്രകടമാകണമെന്നു തന്നെയാണ് ദൈവിക വചനങ്ങള്‍ പഠിപ്പിക്കുന്നത്.

'''നിങ്ങളുടെ കൂട്ടത്തില്‍ ശ്രേഷ്ഠതയും കഴിവുമുള്ളവര്‍ കുടുംബബന്ധമുള്ളവര്‍ക്കും സാധുക്കള്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞു വന്നവര്‍ക്കും ഒന്നും കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്. അവര്‍ മാപ്പു നല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നി ങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ'' (24:22).

ഈ വസ്തുത മനുഷ്യര്‍ ഉള്‍ക്കൊണ്ടിരുന്നുവെങ്കില്‍ ബസ്സിലും ട്രെയിനിലുമൊക്കെ യാത്ര ചെയ്യുമ്പോള്‍ മറ്റുള്ളവരുടെ കയ്യോ കാലോ ശരീരത്തില്‍ അറിയാതെ തട്ടിപ്പോകുമ്പോഴേക്കും അടിപിടി കൂടുകയില്ലായിരുന്നു. റോഡിലൂടെ നടന്നുപോകുമ്പോള്‍ വാഹനത്തില്‍ നിന്നും ചെളി തെറിച്ചതിന്റെ പേരില്‍ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയതുപോലുള്ള വാര്‍ത്തകള്‍ നമുക്ക് കേള്‍ക്കേണ്ടിവരില്ലായിരുന്നു.

മാനവര്‍ക്ക് മാതൃകയായ മുഹമ്മദ് നബി ﷺ യുടെ ജീവിതത്തില്‍ ഈ സദ്‌സ്വഭാവം നിഴലിച്ചുകാണാവുന്ന നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. സ്വന്തം കാര്യത്തില്‍ അവിടുന്ന് ആരോടും ദേഷ്യപ്പെട്ടിട്ടില്ല. അറിവില്ലാതെ തെറ്റ് ചെയ്തുപോയവര്‍ക്ക് അവിടുന്ന് മാപ്പ് നല്‍കിയിട്ടുണ്ട്. ആ മാതൃക പിന്‍പറ്റേണ്ടവരാണല്ലോ വിശ്വാസികള്‍.