അരുത്, അനുവാദമില്ലാതെ അകത്തു കടക്കരുത്!

അശ്‌റഫ് എകരൂല്‍

2017 ആഗസ്ത് 12 1438 ദുല്‍ക്വഅദ് 19

ഇസ്‌ലാമിക് പാരന്റിംഗ്: 28

ഇസ്‌ലാമിക ശരീഅത്തില്‍ മുതിര്‍ന്നവര്‍ക്കെന്ന പോലെ കുട്ടികള്‍ക്കും ബാധകമായ സാമൂഹ്യ അനിവാര്യതകളില്‍ ഒന്നാണ് അനുവാദമെടുക്കുക എന്നത്. സ്വന്തം വീടകം തന്നെയാണ് അതിന്റെ പരിശീലന കളരിയായി ഇസ്‌ലാം തിരഞ്ഞെടുത്തത്. വീട്ടിലെ ഓരോ ഇടവും ഓരോ ക്ലാസ് മുറിയാണെന്നതാണ് വാസ്തവം. തീന്‍മേശയിലെ അധ്യയനം കഴിഞ്ഞു; ഉറക്കമുറിയാണ് അടുത്ത അധ്യയനസ്ഥലം.

അനുവാദം ചോദിക്കുന്നതിന്റെ പ്രാധാന്യം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ബോധ്യപ്പെടേണ്ട ഒന്നാണെന്നതിന്റെ തെളിവാണ്, അതിന്റെ പ്രാധാന്യം ക്വുര്‍ആനിലൂടെ അല്ലാഹു വ്യക്തമാക്കുന്നു എന്നത്. അതുകൊണ്ട് തന്നെ സ്വഹാബികളുടെ സന്താനങ്ങള്‍ അതിന്റെ മര്യാദകള്‍ നബിയില്‍ നിന്ന് പഠിച്ചുവെക്കുകയും പ്രയോഗിക്കുകയും ചെയ്തിരുന്നു. സഹാബി പ്രമുഖനായ ഉമര്‍(റ)വിന്നു പോലും നബിചര്യയുടെ ഈ പാഠഭാഗത്തിന് സാക്ഷി നല്‍കിയത് കുട്ടിയായ അബു സഈദ് അല്‍ ഖുദ്‌രി(റ) ആയിരുന്നു. 

ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഒരു സംഭവം നോക്കുക. ഉബൈദ് ബിന്‍ ഉമൈരി(റ)ല്‍ നിന്ന് നിവേദനം: അബു മൂസ അല്‍ അശ്അരി ഉമര്‍ ബ്ന്‍ ഖത്വാബിന്റെ വീട്ടില്‍ എത്തി അനുവാദം ചോദിച്ചു. ഉമര്‍(റ) മറ്റെന്തോ ജോലിയിലായതിനാലോ മറ്റോ അത് കേട്ടില്ല. പ്രതികരണം കാണാത്തത് നിമിത്തം അബു മൂസ (റ) തിരിച്ചു പോയി. ജോലിയില്‍ നിന്ന് വിരമിച്ചപ്പോള്‍ ഉമര്‍(റ) ചോദിച്ചു: ''അബ്ദുല്ല ഇബ്‌നു ഖൈസിന്റെ ശബ്ദമല്ലായിരുന്നോ ഞാന്‍ കേട്ടത്? അദ്ദേഹത്തോട് വരാന്‍ പറയൂ.'' ആരോ പറഞ്ഞു: ''അദ്ദേഹം തിരിച്ചു പോയി.'' ഉമര്‍(റ) അദ്ദേഹത്തെ വിളിച്ചു വരുത്തി കാരണം തിരക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: ''നാം അപ്രകാരം (അനുവാദം കിട്ടിയില്ലെങ്കില്‍ തിരിച്ചു പോകണമെന്ന്) കല്‍പിക്കപ്പെട്ടിരിക്കുന്നു. (നബി അങ്ങിനെ നമ്മെ പഠിപ്പിച്ചിരിക്കുന്നു). ഈ വിവരം നബി(സ്വ)യുടെ സദസ്സില്‍ നിന്നോ നാവില്‍ നിന്നോ ഉമര്‍(റ) അറിഞ്ഞിട്ടുണ്ടായിരുന്നില്ല.) അദ്ദേഹം അബൂ മൂസയോട് തെളിവ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം അന്‍സാറുകളുടെ സദസ്സില്‍ പോയി (ആരെങ്കിലും എനിക്ക് സാക്ഷി പറയുമോ എന്ന്) അവരോട് ചോദിച്ചു. അവര്‍ പറഞ്ഞു: ''ഞങ്ങളുടെ കൂട്ടത്തിലെ എറ്റം ചെറിയവനായ അബൂ സഈദ് അല്‍ ഖുദ്‌രി നിനക്കു സാക്ഷി പറയും.'' അങ്ങിനെ ഞാന്‍ അബൂ സഈദിനെയുമായി ഉമറിന്റെ അടുത്ത് ചെന്നു. (അനുവാദം കിട്ടിയില്ലെങ്കില്‍ തിരിച്ചു പോകണമെന്ന് നബി(സ്വ) പറഞ്ഞ വിവരം അദ്ദേഹം ഉണര്‍ത്തി) ഉമര്‍(റ) പറഞ്ഞു: ''ഞാന്‍ കച്ചവടത്തിന് അങ്ങാടിയില്‍ പോയതിനാല്‍ ആ സമയത്തുള്ള നബി കല്‍പന എനിക്ക് കിട്ടിയില്ല.'' (അദബ് അല്‍ മുഫ്‌റദ്)  

രണ്ട് പാഠങ്ങളാണ് ഈ സംഭവത്തിന്‍ നിന്ന് നാം ഉള്‍ക്കൊള്ളേണ്ടത്. അനുവാദം ചോദിക്കുന്നത് മതപരമായി നബി(സ്വ) അവര്‍ക്ക്  പഠിപ്പിക്കുകയും അത് കുട്ടികള്‍ പോലും കേട്ട് ഓര്‍മ വെക്കുകയും ആവശ്യം വന്ന സമയത്ത് അവ തെളിവിനായി ഉദ്ധരിക്കുകയും ചെയ്തു എന്നതാണ് ഇതിലെ ഒന്നാമത്തെ പാഠം. നബി(സ്വ)യുടെ ഈ സുന്നത് ഉമര്‍(റ) അറിയാതെ വന്നപ്പോള്‍ നബിചര്യക്ക് സാക്ഷിയായത് കുട്ടിയായ അബൂ സഈദ്(റ) ആണ് എന്നതാണ് മറ്റൊരു പാഠം.  

അനുവാദം ചോദിക്കുന്നതിന്റെ മര്യാദകള്‍ വിശാസികളെ പൊതുവായി പഠിപ്പിക്കാന്‍ അല്ലാഹു ഒന്നിലധികം വചനങ്ങള്‍ ക്വുര്‍ആനില്‍ അവതരിപ്പിച്ചിട്ടുണ്ട്. സൂറത്തുന്നൂറില്‍ പ്രസ്തുത വിഷയം സൂചിപ്പിക്കുന്നിടത്ത് കുട്ടികള്‍ക്കുള്ള നിയമം പ്രത്യേകം പ്രതിപാദിക്കുന്നത് ശ്രദ്ധേയമാണ്. ഇളംപ്രായത്തില്‍ ശീലിച്ചു തുടങ്ങേണ്ടതും ജീവിതത്തില്‍ നിലനിര്‍ത്തേണ്ടതുമായ പ്രധാന മര്യാദകളിലൊന്നാണ് ഇത് എന്നതിനാല്‍ തന്നെ അവ പഠിപ്പിക്കേണ്ടതും പരിശീലിപ്പിക്കപ്പെടേണ്ടതുമാണ്. 

സ്വകാര്യതകളെ കുറിച്ച് ഒരു ബോധവും വരാത്ത ഇളംപ്രായത്തില്‍ പോലും മൂന്ന് വ്യത്യസ്ത സമയങ്ങളില്‍ മുതിര്‍ന്നവരുടെ റൂമുകളിലേക്ക് പ്രവേശിക്കും മുമ്പ് അനുവാദം വാങ്ങി മാത്രമേ പ്രവേശിക്കാവൂ എന്ന് അവര്‍ക്ക് പരിശീലനം നല്‍കണമെന്നാണ് ക്വുര്‍ആന്‍ സത്യ വിശാസികളെ പഠിപ്പിക്കുന്നത്. അതാവട്ടെ, വിവസ്ത്രരാകാന്‍ സാധ്യത ഏറെയുള്ള മൂന്ന് സ്വകാര്യസമയങ്ങളിലാണ്. ഒന്ന് പ്രഭാതത്തിന് തൊട്ടു മുമ്പ്, മറ്റൊന്ന് ഉച്ചയൂണിന്ന് ശേഷമുള്ള വിശ്രമ നേരം. മൂന്നാമത്തേത് രാത്രി ഉറങ്ങാനായി വിരിപ്പിലേക്ക് മടങ്ങുന്ന സമയവുമാണത്. ഈ നേരങ്ങളില്‍ ചാരിയിട്ട കതകുകളില്‍ മുട്ടി സാന്നിധ്യമറിയിച്ചു കൊണ്ടല്ലാതെ കൊച്ചു മക്കളെ പോലും കയറാന്‍ അനുവദിക്കരുത്. അതായത് സൗന്ദര്യവും നഗ്‌നതയുമെല്ലാം അറിഞ്ഞു തുടങ്ങും വിധം വകതിരിവിന്റെ പ്രായത്തിലേക്കെത്തിയാല്‍ ഏതൊരാളെ പോലെയും കുട്ടികളും അനുവാദം ചോദിച്ചു കൊണ്ടേ അകത്തേക്ക് പ്രവേശിക്കാവൂ. അരുതാത്തത് കണ്ണില്‍ പെട്ട് പോവാതിരിക്കാന്‍ എല്ലാം അറിയുന്ന അല്ലാഹു നിശ്ചയിച്ച സംവിധാനമാണത്. പെടുന്നനെ കയറി വരുന്ന മക്കളെ ഒന്ന് രണ്ടു വട്ടം മടക്കി അയച്ച് വാതിലില്‍ മുട്ടി വരാന്‍ ശീലിപ്പിച്ചാല്‍ അടഞ്ഞു കിടക്കുന്ന ഏതൊരു വാതിലിന്റെ മുന്നിലും ഈ ശീലം അനുവര്‍ത്തിച്ചു കൊണ്ട് കടന്നുവരാന്‍ അവര്‍ക്കത് ശിക്ഷണമാവും. അല്ലാഹു പറയുന്നത് നോക്കുക.

''സത്യവിശ്വാസികളേ, നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരും(അടിമകള്‍), നിങ്ങളില്‍ പ്രായപൂര്‍ത്തി എത്തിയിട്ടില്ലാത്തവരും മൂന്ന് സന്ദര്‍ഭങ്ങളില്‍ നിങ്ങളോട് (പ്രവേശനത്തിന്) അനുവാദം തേടിക്കൊള്ളട്ടെ. പ്രഭാതനമസ്‌കാരത്തിനു മുമ്പും, ഉച്ചസമയത്ത് (ഉറങ്ങുവാന്‍) നിങ്ങളുടെ വസ്ത്രങ്ങള്‍ മാറ്റിവെക്കുന്ന സമയത്തും, ഇശാ നമസ്‌കാരത്തിന് ശേഷവും. നിങ്ങളുടെ മൂന്ന് സ്വകാര്യ സന്ദര്‍ഭങ്ങളത്രെ ഇത്. ഈ സന്ദര്‍ഭങ്ങള്‍ക്ക് ശേഷം നിങ്ങള്‍ക്കോ അവര്‍ക്കോ (കൂടിക്കലര്‍ന്ന് ജീവിക്കുന്നതിന്) യാതൊരു കുറ്റവുമില്ല. അവര്‍ നിങ്ങളുടെ അടുത്ത് ചുറ്റി നടക്കുന്നവരത്രെ. നിങ്ങള്‍ അന്യോന്യം ഇടകലര്‍ന്ന് വര്‍ത്തിക്കുന്നു. അപ്രകാരം അല്ലാഹു നിങ്ങള്‍ക്ക് തെളിവുകള്‍ വിവരിച്ചുതരുന്നു. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു. 

നിങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പ്രായപൂര്‍ത്തിയെത്തിയാല്‍ അവരും അവര്‍ക്ക് മുമ്പുള്ളവര്‍ സമ്മതം ചോദിച്ചത് പോലെത്തന്നെ സമ്മതം ചോദിക്കേണ്ടതാണ്. അപ്രകാരം അല്ലാഹു നിങ്ങള്‍ക്ക് അവന്റെ തെളിവുകള്‍ വിവരിച്ചുതരുന്നു. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു.''(24:58,59)

നോക്കൂ,  എവിടെയെങ്കിലും ചെന്ന് വാതില്‍ മുട്ടി അനുവാദം ചോദിക്കുകയാണെങ്കില്‍ എങ്ങിനെ, എവിടെ നില്‍ക്കണമെന്ന് പോലും നബി(സ്വ) നമുക്ക് പഠിപ്പിച്ചു തരുന്നുണ്ട്. അബ്ദുല്ല ഇബ്‌നു ബസര്‍ (റ) വില്‍ നിന്ന് നിവേദനം: നബി(സ്വ) ഏതെങ്കിലും ഒരു വാതിലിന്റെ മുമ്പില്‍ ചെന്ന് അനുവാദം ചോദിക്കാന്‍ ഉദ്ദേശിച്ചാല്‍ വാതിലിന് മുഖാമുഖം നില്‍ക്കില്ല, മറിച്ചു വലതു ഭാഗത്തോ ഇടതു ഭാഗത്തോ മാറി നില്‍ക്കും. അനുവാദം ലഭിച്ചാല്‍ പ്രവേശിക്കും. ഇല്ലങ്കില്‍ മടങ്ങിപ്പോവും. (ബുഖാരി, അദബ് അല്‍ മുഫ്‌റദ്)

മറ്റുള്ളവരുടെ വീടുകളിലേക്കു പ്രവേശിക്കുമ്പോള്‍ അനുവാദം ചോദിക്കാനും അതിന്നു മുമ്പ് സലാം പറയാനും അല്ലാഹു നമ്മെ ഉപദേശിക്കുന്നുണ്ട്. കുട്ടികള്‍ അതോര്‍ത്തുവെക്കും വിധം നാം അത് പതിവാക്കേണ്ടതുണ്ട്. ഇതര വീടുകളിലേക്കുള്ള പ്രവേശനത്തിന്റെ ഇസ്‌ലാമിക മര്യാദയാണത്. അല്ലാഹു പറയുന്നു:

''ഹേ; സത്യവിശ്വാസികളേ, നിങ്ങളുടെതല്ലാത്ത വീടുകളില്‍ നിങ്ങള്‍ കടക്കരുത്; നിങ്ങള്‍ അനുവാദം തേടുകയും ആ വീട്ടുകാര്‍ക്ക് സലാം പറയുകയും ചെയ്തിട്ടല്ലാതെ. അതാണ് നിങ്ങള്‍ക്ക് ഗുണകരം. നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കാന്‍ വേണ്ടിയത്രെ(ഇതു പറയുന്നത്). 

ഇനി നിങ്ങള്‍ അവിടെ ആരെയും കണ്ടെത്തിയില്ലെങ്കില്‍ നിങ്ങള്‍ക്ക് സമ്മതം കിട്ടുന്നത് വരെ നിങ്ങള്‍ അവിടെ കടക്കരുത്. നിങ്ങള്‍ തിരിച്ചുപോകൂ! എന്ന് നിങ്ങളോട് പറയപ്പെട്ടാല്‍ നിങ്ങള്‍ തിരിച്ചുപോകണം. അതാണ് നിങ്ങള്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിവുള്ളവനാകുന്നു.'' (24:27,28)

ഏതെങ്കിലും ഇടങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രം ആവശ്യമുള്ളതല്ല അനുവാദം ചോദിക്കല്‍ എന്നത്. മറിച്ചു അനുവാദം ആവശ്യമുള്ളിടത്തെല്ലാം അത് ചോദിച്ചിരിക്കണമെന്ന നയമാണ് നാം മക്കളെ ബോധ്യപ്പെടുത്തേണ്ടത്. മറ്റുള്ളവരുടെ ഉടമസ്ഥതയില്‍ ഉള്ളതോ അവര്‍ക്ക് അവകാശപ്പെട്ടതോ എടുക്കുകയോ കൈമാറ്റം ചെയ്യുകയോ ആണങ്കില്‍ അനുവാദം ചോദിക്കുകയെന്ന മര്യാദ പാലിക്കേണ്ടതുണ്ട്. ഇത് കുട്ടികളുടെ കാര്യത്തില്‍ മാത്രം പരിമിതപ്പെടുത്തേണ്ട ഒന്നല്ല. മറിച്ച് ഈ രംഗത്ത് നാമാണ് അവര്‍ക്ക് മാതൃകയാവേണ്ടത്. കുട്ടികള്‍ക്ക് അവകാശപ്പെട്ട കാര്യങ്ങളില്‍ നാം അവരോട് അനുവാദം ചോദിക്കണം. അപ്പോള്‍ മാത്രമേ ഈ രംഗത്ത് ആരും പുറത്തല്ല എന്ന ബോധം മക്കളില്‍ ഉണ്ടാവുകയുള്ളൂ. നബി(സ്വ)യുടെ മാതൃക അതാണ്. നബി(സ്വ) കുട്ടികളോട് അനുവാദം ചോദിക്കുന്ന രംഗം നമ്മെ ചിന്തിപ്പിക്കേണ്ടതുണ്ട്. കേവലം ചടങ്ങിന് ചോദിക്കുകയല്ല, അനുവാദം ലഭിക്കാതിരുന്നപ്പോള്‍ വൈമനസ്യമന്യെ ആ തിരസ്‌കാരം അംഗീകരിക്കാനുള്ള വിനയവും മാനവികതയുടെ മാര്‍ഗദര്‍ശി പ്രകടിപ്പിച്ചുവെന്നത് എത്ര വലിയ പാഠമാണ് സമൂഹത്തിനു നല്‍കുന്നത്. 

ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്ന ഹദീഥില്‍ നമുക്ക് കാണാം: ''സഹല്‍ ബ്‌നു സഅദ് നിവേദനം ചെയ്യുന്നു. നബി(സ്വ)ക്ക് ഒരു പാനീയം കൊണ്ടുവരപ്പെട്ടു. നബി അതില്‍ നിന്ന് കുടിച്ചു, (ബാക്കി സദസ്സിലുള്ളവര്‍ക്ക് നല്‍കാന്‍ ആഗ്രഹിച്ചു കൊണ്ട് ചുറ്റിലേക്ക് നോക്കിയപ്പോള്‍) വലതു ഭാഗത്ത് ഒരു കുട്ടിയെയും ഇടത് ഭാഗത്ത് ഉന്നതരായ സഹാബികളെയുമാണ് കാണുന്നത്. വലതു ഭാഗം കൊണ്ട് തുടങ്ങുകയെന്ന സുന്നത്ത് പാലിക്കേണ്ടതുള്ളതിനാല്‍ കുട്ടിക്കാണ് ആദ്യം കൊടുക്കേണ്ടത്. അത് അവന്റെ അവകാശമാണെന്ന് മനസ്സിലാക്കിയ പ്രവാചകന്‍ അവനോടു ചോദിച്ചു: ''അവര്‍ക്ക്(മുതിര്‍ന്നവര്‍ക്ക്) കൊടുക്കാന്‍ (അവരുടെ ഭാഗത്തു നിന്ന് തുടങ്ങട്ടെ) എന്നെ അനുവദിക്കുമോ? കുട്ടി പറഞ്ഞു: ''ഇല്ല; അല്ലാഹുവാണ സത്യം അല്ലാഹുവിന്റെ ദൂതരെ! തങ്ങളില്‍ നിന്ന് എനിക്കുള്ള (നബി(സ്വ)യുടെ ചുണ്ടു തട്ടിയ ഭാഗത്തില്‍ നിന്ന്) ഓഹരി ഞാന്‍  മറ്റാര്‍ക്കും വിട്ടു കൊടുക്കില്ല.'' അപ്പോള്‍ നബി പാനീയം അവന്റെ കയ്യില്‍ വെച്ച് കൊടുത്തു.'' 

(തുടരും)