മക്കൾ ഒരു ഇസ്ലാമിക വായന

അഷ്‌റഫ്‌ എകരൂൽ

2017 ഫെബ്രുവരി 04 1438 ജമാദുൽ അവ്വൽ 09

ഭാഗം: 4

ഇസ്ലാമിക്‌ പാരന്റിംഗ്‌ എന്ന ദൗത്യനിർവഹണമേറ്റടുക്കുന്നവർ ആരാണ്‌/ എന്താണ്‌ മക്കൾ എന്നതിന്റെ ശരിയായ ഉത്തരം കണ്ടെത്തേണ്ടതുണ്ട്‌. ഏതൊന്നിന്റെയും പ്രകൃതിയെ അതിന്റെ ഉൽഭവ സ്രോതസ്സിൽ നിന്നും അടുത്തറിയുമ്പോൾ മാത്രമാണ്‌ ക്രിയാത്മകമായി അതിനോട്‌ ഇടപഴകാൻ കഴിയുക. ആരാണോ മക്കളെ നമ്മുടെ കയ്യിൽ ഏൽപിച്ചവൻ അവനാണ്‌ ഈ ചോദ്യങ്ങൾക്ക്‌ ശരിയായ ഉത്തരം നൽകാൻ കഴിയുന്നവൻ.

മക്കളുമായുള്ള ബന്ധത്തിന്റെ ആഴവും പരപ്പും പരിധിയും പരിമിതിയും എന്താണ്‌? അവരുടെ വളർച്ച, തളർച്ച, ചിലപ്പോൾ ഇടക്ക്‌ വെച്ചുള്ള നഷ്ടം (മരണം) തുടങ്ങിയ ഘട്ടങ്ങളിൽ നാം നിലനിർത്തേണ്ട കാഴ്ചപ്പാടുകളും സ്വീകരിക്കേണ്ട നിലപാടുകളും എന്താണ്‌? വിശുദ്ധ ക്വുർആനിലും നബി ജീവിതത്തിലും സന്താനങ്ങളെ വ്യത്യസ്ത രീതികളിൽ നമുക്ക്‌ നിർവചിച്ച്‌ തരുന്നുണ്ട്‌.

മക്കളോടുള്ള സ്നേഹവും താൽപര്യവും ഇഷ്ടവും മക്കളുണ്ടാകാനുള്ള അടങ്ങാത്ത ദാഹവുമെല്ലാം ജൈവഗുണമായി അല്ലാഹു മനുഷ്യനിൽ നിക്ഷേപിച്ച കാര്യമാണ്‌. ഇതില്ലായിരുന്നെങ്കിൽ ഭൂമിയിൽ മനുഷ്യവംശം നിലനിൽക്കില്ലായിരുന്നു.

1. ഭൗതിക ജീവിതത്തിൽ അലങ്കാരമാണ്‌ മക്കൾ: മക്കളെ കാണുമ്പോൾ കണ്ണുകൾക്ക്‌ കുളിർമയും മനസ്സുകൾക്ക്‌ ആനന്ദവും ഹൃദയത്തിൽ സന്തോഷവും ജനിക്കുന്നു. അല്ലാഹു പറയുന്നു: “മക്കളും സമ്പത്തും ഭൗതിക ജീവിതത്തിന്റെ അലങ്കാരങ്ങളാകുന്നു..” (അൽകഹ്ഫ്‌:42).

“ഭാര്യമാർ, മക്കൾ, കൂമ്പാരമായിക്കൂട്ടിയ സ്വർണം, വെള്ളി, മേത്തരം കുതിരകൾ, നാൽകാലി വർഗങ്ങൾ, കൃഷിയിടം എന്നിങ്ങനെ ഇഷ്ടപ്പെട്ട വസ്തുക്കളോടുള്ള പ്രേമം മനുഷ്യർക്ക്‌ അലങ്കാരമായി തോന്നിക്കപ്പെട്ടിരിക്കുന്നു. അതൊക്കെ ഇഹലോകജീവിതത്തിലെ വിഭവങ്ങളാകുന്നു...” (ആലുഇംറാൻ 3:14).

2. മക്കൾ സ്രഷ്ടാവിന്റെ ദാനമാണ്‌: ഇസ്‌റാഈൽ സന്താനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട്‌ അല്ലാഹു പറയുന്നു: “സ്വത്തുക്കളും സന്താനങ്ങളും കൊണ്ട്‌ നിങ്ങളെ നാം പോഷിപ്പിക്കുകയും നിങ്ങളെ നാം കൂടുതൽ സംഘബലമുള്ളവരാക്കിത്തീർക്കുകയും ചെയ്തു...” (അൽഇസ്‌റാഅ​‍്‌: 6).

3. സൂക്ഷ്മാലുക്കളുടെ മാർഗത്തിലായിരിക്കുവോളം മക്കൾ കൺകുളിർമയാണ്‌: അല്ലാഹുവിന്റെ ഏറ്റവും ഇഷ്ട ദാസൻമാരുടെ ഗുണവിശേഷണങ്ങൾ വിവരിക്കുന്നിടത്ത്‌ അല്ലാഹു പറയുന്നു:

“ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരിൽ നിന്നും സന്തതികളിൽ നിന്നും ഞങ്ങൾക്ക്‌ നീ കൺകുളിർമ നൽകുകയും ധർമനിഷ്ഠ പാലിക്കുന്നവർക്ക്‌ ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ എന്ന്‌ പറയുന്നവരുമാകുന്നു അവർ” (അൽഫുർക്വാൻ: 74).

മക്കളോട്‌ കാണിക്കുന്ന കാരുണ്യം അല്ലാഹു ഹൃദയത്തിൽ ഉണ്ടാക്കുന്നതാണെന്നും അതില്ലാത്തവൻ ദൈവാനുഗ്രഹം തടയപ്പെട്ടവനാണെന്നും റസൂൽ(സ്വ) പഠിപ്പിച്ചിട്ടുണ്ട്‌. ആഇശ(റ) നിവേദനം ചെയ്യുന്ന ഒരു ഹദീഥിൽ ഇപ്രകാരം കാണാം: ഒരു ഗ്രാമീണൻ നബി(സ്വ)യുടെ അടുക്കൽ വന്ന്‌ ചോദിച്ചു: `താങ്കൾ കുട്ടികളെ ചുംബിക്കാറുണ്ടോ? ഞങ്ങൾ അങ്ങനെ ചെയ്യാറില്ല.` അപ്പോൾ നബി(സ്വ) അദ്ദേഹത്തോട്‌ ചോദിച്ചത്‌ `അല്ലാഹു കാരുണ്യം നിന്റെ മനസ്സിൽ നിന്ന്‌ ഊരിക്കളഞ്ഞതിന്‌ ഞാനെന്ത്‌ ചെയ്യും` എന്നാണ്‌. (അദബുൽ മുഫ്‌റദ്‌, ബുഖാരി).

ബുഖാരിയും മുസ്ലിമും ഉസാമ(റ)വിൽ നിന്ന്‌ നിവേദനം ചെയ്യുന്ന ഹദീഥിൽ കാണാം: പേരക്കുട്ടിയുടെ മരണവാർത്ത കേട്ട്‌ എത്തിയ പ്രവാചകൻ(സ്വ) അനുചരന്മാർക്കിടയിൽ വെച്ച്‌ കുഞ്ഞിന്റെ മയ്യിത്തെടുത്ത്‌ മടിയിൽ വെച്ചപ്പോൾ ചാഞ്ചല്യപ്പെടുകയും കണ്ണുനീർ പൊഴിക്കുകയും ചെയ്തു. അപ്പോൾ സഅ​‍്ദ്‌(റ) ചോദിച്ചു: `അല്ലാഹുവിന്റെ ദൂതരേ, എന്താണിത്‌?` (താങ്കൾ കരയുകയോ?!) അപ്പോൾ നബി (സ) പ്രതിവചിച്ചു: `ഇത്‌ കാരുണ്യമാണ്‌. അത്‌ അല്ലാഹു തന്റെ ദാസൻമാരുടെ ഹൃദയത്തിൽ നിക്ഷേപിച്ചതാണ്‌.`

4. സന്താനങ്ങളുടെ ആൺ, പെൺ (ലിംഗ) തെരെഞ്ഞെടുപ്പ്‌ അല്ലാഹുവിന്റെതാണ്‌: മക്കൾ കൂടുതൽ ഉണ്ടാവണമെന്നും അവരിൽ കൂടുതൽ ആൺകുട്ടികളാവണമെന്നും മറ്റ്‌ ചിലപ്പോൾ പെൺകുട്ടികളാവണമെന്നുമെല്ലാം രക്ഷിതാക്കൾ ആഗ്രഹിക്കാറുണ്ട്‌. അല്ലാഹു നമ്മെ പഠിപ്പിക്കുന്നത്‌ ലിംഗ വ്യത്യാസം അല്ലാഹുവിന്റെ വിവേചനാധികാരത്തിൽ പെട്ടതാണെന്നും, ലിംഗമേതായാലും സന്താനങ്ങളെ അല്ലാഹുഏൽപിച്ച അമാനത്തായി സ്വീകരിക്കുകയാണ്‌ വേണ്ടതെന്നുമാണ്‌.

“അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവൻ ഉദ്ദേശിക്കുന്നത്‌ അവൻ സൃഷ്ടിക്കുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക്‌ അവൻ പെൺമക്കളെ പ്രദാനം ചെയ്യുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക്‌ ആൺമക്കളെയും പ്രദാനം ചെയ്യുന്നു. അല്ലെങ്കിൽ അവർക്ക്‌ അവൻ ആൺമക്കളെയും പെൺമക്കളെയും ഇടകലർത്തികൊടുക്കുന്നു. അവൻ ഉദ്ദേശിക്കുന്നവരെ അവൻ വന്ധ്യരാക്കുകയും ചെയ്യുന്നു. തീർച്ചയായും അവൻ സർവജ്ഞനും സർവശക്തനുമാകുന്നു” (അശ്ശൂറ: 49,50).

മനുഷ്യർക്കിടയിൽ കാണുന്ന പെൺ വിവേചന പ്രവണത അന്ധകാര കാലത്തിന്റെ കാൽപാടുകളാണെന്നും, പെൺകുട്ടികൾ ഉണ്ടാകുന്നത്‌ അപമാനമോ ആക്ഷേപകരമോ അല്ലെന്നും മറിച്ച്‌ അത്‌ ഗുണകരവും രക്ഷയും അനുഗ്രഹവുമാണെന്നുമാണ്‌ ഇസ്ലാം പഠിപ്പിക്കുന്നത്‌. പെൺകുഞ്ഞുങ്ങളുടെ ജനനം അപമാനമായും കുറച്ചിലായും കാണുന്ന സാമൂഹ്യബോധം അജ്ഞാന യുഗത്തിലെ ഇരുട്ടിന്റെ ഭാഗമാണ്‌; അത്‌ എത്ര ആധുനികതയുടെ പുറം ചട്ടക്കുള്ളിലാണെങ്കിലും! മക്കയിലെ അപരിഷ്കൃതരും അവിവേകളുമായ പിതാക്കളുടെ നിലപാടിനെ വിമർശിച്ച്‌ കൊണ്ട്‌ അല്ലാഹു പറയുന്നു:

“അവരിൽ ഒരാൾക്ക്‌ ഒരു പെൺകുഞ്ഞുണ്ടായ സന്തോഷവാർത്ത നൽകപ്പെട്ടാൽ കോപാകുലനായിട്ട്‌ അവന്റെ മുഖം കറുത്തിരുണ്ട്‌ പോകുന്നു. അവന്ന്‌ സന്തോഷവാർത്ത നൽകപ്പെട്ട ആ കാര്യത്തിലുള്ള അപമാനത്താൽ ആളുകളിൽ നിന്ന്‌ അവൻ ഒളിച്ച്‌ കളയുന്നു. അപമാനത്തോടെ അതിനെ വെച്ചുകൊണ്ടിരിക്കണമോ, അതല്ല, അതിനെ മണ്ണിൽ കുഴിച്ച്‌ മൂടണമോ (എന്നതായിരിക്കും അവന്റെ ചിന്ത). ശ്രദ്ധിക്കുക: അവർ എടുക്കുന്ന തീരുമാനം എത്ര മോശം!” (അന്നഹ്ല് 58,59).

എന്നാൽ ഈ മ്ളേഛബോധത്തിന്റെ ചില കറുത്ത പാടുകൾ ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്‌. പെൺകുട്ടികളുണ്ടാകുന്നതിന്റെ ഗുണത്തെ കുറിച്ചും അവരെ നന്നായി വളർത്തിയാൽ ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ചും നബി(സ്വ) പറഞ്ഞത്‌ ഏറെ ശ്രദ്ധേയമാണ്‌.

അനസ്‌ ബ്നു മാലിക്‌ (റ) നിവേദനം, നബി(സ്വ) പറഞ്ഞു: “ഒരാൾ തന്റെ രണ്ട്‌ പെൺകുട്ടികളെ പ്രായ പൂർത്തിയാകുന്നത്‌ വരെ വളർത്തിയാൽ ഞാനും അവനും ഉയർത്തെഴുന്നേൽപിന്റെ നാളിൽ (വിരലുകൾ വളരെ ചേർത്ത്‌ പിടിച്ച്‌ കൊണ്ട്‌ നബി(സ്വ) പറഞ്ഞു) ഇപ്രകാരം (അടുത്തായിരിക്കും)” (മുസ്ലിം).

ഉഖ്ബത്ത്‌ ബിൻ ആമിർ(റ) നിവേദനം. നബി(സ്വ) പറഞ്ഞു: “ഒരാൾക്ക്‌ മൂന്ന്‌ പെൺമക്കളുണ്ടാവുകയും അവരുടെ കാര്യത്തിൽ ക്ഷമിക്കുകയും തന്റെ ധനത്തിൽ നിന്ന്‌ വെള്ളവും വസ്ത്രവും നൽകുകയും ചെയ്താൽ അവർ അവന്ന്‌ നരകത്തിൽ നിന്നുള്ള കവചമായി തീരും. (അഹ്മദ്‌)