മാനസിക വളര്‍ച്ചക്ക് ഇസ്‌ലാം നല്‍കുന്ന വെളിച്ചം

അശ്‌റഫ് എകരൂല്‍

2017 ഒക്ടോബര്‍ 28 1439 സഫര്‍ 08

ഇസ്‌ലാമിക് പാരന്റിംഗ്: 35

മനുഷ്യന്‍ ബുദ്ധിയും  ശരീരവും മാത്രമല്ല മനസ്സും കൂടി ചേര്‍ന്ന, അല്ലാഹുവിന്റെ ഒരു അത്ഭുത സൃഷ്ടിയാണല്ലോ. വിവിധങ്ങളായ വൈകാരികതകളുടെ സംഗമസ്ഥലമാണ് മനുഷ്യ മനസ്സ്. ഒരു പരീക്ഷണമെന്ന നിലയ്ക്ക് അല്ലാഹു മനുഷ്യനില്‍ നിക്ഷേപിച്ച ഈ വൈകാരികതകളില്‍ സൃഷ്ടിപരതയായുള്ളതും നശീകരണ ശക്തിയുള്ളതും ഒരു പോലെ ഉള്‍ക്കൊള്ളുന്നുണ്ട്. അതുകൊണ്ടു തന്നെ മാനസിക ആരോഗ്യമെന്നതിനെ ഈ വൈകാരികതയുടെ സന്തുലിനമായ വളര്‍ച്ചയെ അടിസ്ഥാനമാക്കിയാണ് അളക്കുവാന്‍ സാധിക്കുക. അതാകട്ടെ ശാരീരിക വളര്‍ച്ചയോ ബൗദ്ധിക വളര്‍ച്ചയോ മൂലം മാത്രം ഉണ്ടാകുന്നതല്ല. അതിന്നു തീര്‍ത്തും അതിന്റെതായ സ്വതന്ത്രമായ, എന്നാല്‍ ഉള്‍ച്ചേരലുകളുള്ള ഒരു അസ്തിത്വമുണ്ട്. 

മുതിര്‍ന്നവരോട് കയര്‍ത്ത് സംസാരിക്കുന്ന സമര്‍ഥനായ വിദ്യാര്‍ഥിയും കുഞ്ഞിനെ സ്വന്തം കൈകൊണ്ട് പുഴയില്‍ എറിഞ്ഞു കൊല്ലുന്ന മാതാ പിതാക്കളും ഇതിന്റെ തെളിവുകളാണ്. അത്‌കൊണ്ടു തന്നെ മാനസിക  വളര്‍ച്ചയെ അതിന്റെതായ പോഷകങ്ങള്‍ നല്‍കി വളര്‍ത്തിയും  പരിപാലിച്ചും പോരേണ്ടതുണ്ട്. നന്മയാര്‍ന്ന ഒരുപാട് വികാരങ്ങളെ അല്ലാഹു നമ്മില്‍ നിക്ഷേപിച്ചിട്ടുണ്ട്, അത് പോലെ തിന്മയാര്‍ന്ന വികാരങ്ങളും ഉണ്ട്. പ്രസന്നതയും വിരസതയും അതിന്റെ വ്യത്യസ്തങ്ങളായ മുഖങ്ങളാണ്. ആഹ്ലാദം, സ്‌നേഹം, വാത്സല്യം, ആദരവ്, അനുകമ്പ  തുടങ്ങിയവ പ്രസന്നതയില്‍ നിന്ന് പൊട്ടിവിരിയുമ്പോള്‍ അരിശം, വെറുപ്പ്, ഭയം അസൂയ, പ്രതികാര വാസന തുടങ്ങിയവ വിരസതയില്‍ നിന്ന് പുറപ്പെട്ടു വരുന്നു.

വൈകാരിക വിരസതയും മരവിപ്പും വ്യക്തിയില്‍ ഉണ്ടാകുന്നത് കുടുംബ ജീവിതത്തിനും സാമൂഹ്യ ജീവിതത്തിനും ഭീഷണിയാണ്. വാത്സല്യം, അനുകമ്പ, സ്‌നേഹം, ബഹുമാനം, കാരുണ്യം തുടങ്ങിയവ പ്രകടിപ്പിക്കേണ്ട വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ യാതൊരു മാനസിക പ്രതികരണവും പ്രതിഫലനവും ഇല്ലാത്തവനോ ഇല്ലാത്തവളോ ആയി നില്‍ക്കേണ്ടി വരുന്ന ദുരന്താവസ്ഥയെക്കുറിച്ച് ആലോചിച്ചു നോക്കുക. കുട്ടിക്കാലത്തെ പരിചരണത്തില്‍ ഇത്തരം വൈകാരികതകളുടെ വളര്‍ച്ചയില്‍ ആവശ്യമായ ചുവടുവെപ്പുകള്‍ മാതാപിതാക്കളുടെ ഭാഗത്തു നിന്ന് ലഭിക്കാതിരുന്നത് അതിന്റെ നിമിത്തങ്ങളില്‍ ഒന്നാണ്.

അനന്യമായ ഈ വൈകാരിക മൂല്യങ്ങളുടെ  വളര്‍ച്ചക്കാവശ്യമായ വിഭവങ്ങളുടെ സൂക്ഷിപ്പ് കേന്ദ്രമാണ് മാതാപിതാക്കള്‍. അവരിലൂടെയാണ് ഇത് കൈമാറ്റം ചെയ്യപ്പെടുന്നത്. അതിന്ന് അവരെ സഹായിക്കുന്ന ധാരാളം മാര്‍ഗങ്ങള്‍ നബി ﷺ  നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. നബി ﷺ യുടെ കുട്ടികളോടുള്ള ഇടപെടലുകളില്‍ അവരില്‍ വൈകാരികത തഴച്ചുവളരാന്‍ ഉതകുന്ന വേരുകള്‍ പടര്‍ത്തുന്നത് കാണാം. നമ്മുടെ ജീവിതത്തിലും അത് മാതൃകയാക്കി നാം മക്കളോട് ഇടപെട്ടാല്‍, അവരുടെ ചുറ്റുപാടുകളോട് വൈകാരിക സന്തുലിതാവസ്ഥയില്‍ അവര്‍ പ്രതികരിക്കുന്നത് നമുക്ക് കാണാം. അവയില്‍ ചിലത് നമുക്ക് പരിശോധിക്കാം:

ഒന്ന്: ചുംബനം, വാത്സല്യം, കാരുണ്യം തുടങ്ങിയവ കുട്ടികള്‍ക്ക് ആവശ്യമായ അളവില്‍ ലഭ്യമാവല്‍: മക്കള്‍ക്ക് നല്‍കുന്ന ചുംബനങ്ങള്‍ക്ക് അവരുടെ മനസ്സിനെ ഉദ്ദീപിക്കുന്നതിലും അവരില്‍ മാനസിക വികാരങ്ങള്‍ ഉദ്പാദിപ്പിക്കുന്നതിലും വലിയ പങ്കാണുള്ളത്. കൂടാതെ വലിയവരുടെയും ചെറിയവരുടെയും ഇടയിലുള്ള ബന്ധം കെട്ടിയുറപ്പിക്കുന്നതിലും അതിന്നു വലിയ പങ്കുണ്ട്. വളരുന്ന കുട്ടിയോടുള്ള കരുണ്യത്തിന്റെ തെളിവ് കൂടിയാണത്. കുട്ടിയുടെ മനസ്സിനെ അത് ജീവസ്സുറ്റതാക്കുകയും ചുറ്റുപാടിനോട് സജീവമായി പ്രതികരിക്കാന്‍ അവനത് ആവേശം നല്‍കുകയും ചെയ്യും. എല്ലാറ്റിനും പുറമെ അത് നബി ﷺ യുടെ ജീവിത ചര്യകളില്‍ പെട്ടതുമാണ്.

ഇമാം ബുഖാരിയും മുസ്‌ലിമും ആഇശ(റ)യില്‍ നിന്ന് നിവേദനം: അവര്‍ പറയുകയാണ്: ''ഗ്രാമീണരായ ചില അറബികള്‍ നബി ﷺ യുടെ അടുത്ത് വന്നു. എന്നിട്ട് അവര്‍ നബി ﷺ യോട് ചോദിച്ചു: 'താങ്കള്‍ താങ്കളുടെ മക്കളെ ചുംബിക്കാറുണ്ടോ?' നബി ﷺ  പറഞ്ഞു: 'അതെ.' അവര്‍ പറഞ്ഞു: 'അല്ലാഹുവാണെ സത്യം! ഞങ്ങള്‍ ചുംബിക്കാറില്ല.' അപ്പോള്‍ നബി ﷺ  അവരോട് തിരിച്ചു ചോദിച്ചു: 'അല്ലാഹു നിങ്ങളുടെ ഹൃദയത്തില്‍ നിന്നും കാരുണ്യം എടുത്തു കളഞ്ഞാല്‍ എനിക്ക് എന്ത് ചെയ്യാന്‍ കഴിയും?'

അബൂഹുറയ്‌റ(റ) പറയുകയാണ്: ''നബി ﷺ  ഹസന്‍ ഇബ്‌നു അലി(റ)വിനെ ചുംബിച്ചു. അപ്പോള്‍ അല്‍ അക്വ്‌റഉബിന്‍ ഹാബിസ്(റ)പറഞ്ഞു: 'എനിക്ക് പത്ത് മക്കളുണ്ട്. അവരില്‍ നിന്ന് ഒരാളെ പോലും ഞാന്‍ ചുംബിച്ചിട്ടില്ല.' അന്നേരം നബി ﷺ  പറഞ്ഞു: 'കാരുണ്യം കാണിക്കാത്തവരോട് കാരുണ്യം കാണിക്കപ്പെടുകയില്ല' (ബുഖാരി, മുസ്‌ലിം).

ഇബ്‌നു അസാകിര്‍ അനസ്(റ)വില്‍ നിന്ന് നിവേദനം: ''നബി ﷺ  കുടുംബങ്ങളോടും കുട്ടികളോടും എറ്റവും കാരുണ്യമുള്ളവനായിരുന്നു'' (സ്വഹീഹ് അല്‍ ജാമിഅ്).

കുട്ടികളോട് കാരുണ്യം കാണിക്കുകയും അവരുടെ വിഷയത്തില്‍ അവരോട് കടുത്ത താല്‍പര്യം  നില നിര്‍ത്തുകയും ചെയ്യുകയെന്നത് നബിചര്യയുടെ പ്രകടനവും സ്വര്‍ഗ പ്രവേശനത്തിന്റെ നിമിത്തവും ആണ്. ഒരിക്കല്‍ രണ്ടു മക്കളെയുമായി ഒരു സ്ത്രീ ആഇശ(റ)യുടെ അടുത്ത് സഹായം ചോദിച്ചു വന്നു. അവര്‍ മൂന്നു കാരക്ക അവര്‍ക്ക് നല്‍കി. അതില്‍ രണ്ടണ്ണം അവര്‍ കുട്ടികള്‍ക്ക് വീതിച്ചു നല്‍കി. എന്നിട്ട് ഒന്ന് അവര്‍ (അവര്‍ക്ക് തിന്നാനായി) സൂക്ഷിച്ചു വെച്ചു. കുട്ടികള്‍ അവര്‍ക്ക് നല്‍കിയത് തിന്നു കഴിഞ്ഞ് ഉമ്മയുടെ മുഖത്തേക്ക് നോക്കി. അപ്പോള്‍ അവര്‍ കൈയിലുണ്ടായിരുന്ന മൂന്നാമത്തെ കാരക്ക രണ്ടായി പകുത്തു മക്കള്‍ക്ക് നല്‍കി. (അവര്‍ ഒന്നും തിന്നില്ല). ഈ സംഭവം ആഇശ(റ) നബി ﷺ  വന്നപ്പോള്‍ അദ്ദേഹത്തിന് വിശദീകരിച്ചു കൊടുത്തു. ആപ്പോള്‍ നബി ﷺ  പറഞ്ഞു: 'നീ എന്താണ് ഇതില്‍ ഇത്ര അത്ഭുതപ്പെടുന്നത്? ആ സ്ത്രീ അവരുടെ കുട്ടിയോട് കാണിച്ച ഈ കാരുണ്യം നിമിത്തം അല്ലാഹു അവരോടു കാരുണ്യം ചെയ്തിരിക്കുന്നു'' (ബുഖാരി). 

സ്വന്തക്കാരുടെ കുട്ടികള്‍ മാത്രമല്ല, മറ്റു കുട്ടികളും നബി ﷺ യുടെ കാരുണ്യത്തിന്റെ നനവും തണുപ്പും അനുഭവിച്ചവരാണ്. അനസ്(റ) ഉദ്ധരിക്കുന്നു: നബി ﷺ  പറഞ്ഞു: ''ഞാന്‍ നമസ്‌കാരത്തില്‍ പ്രവേശിക്കും. ദീര്‍ഘമായി ക്വുര്‍ആന്‍ പാരായണം ചെയ്യാന്‍ ആഗ്രഹിച്ചുകൊണ്ടായിരിക്കും അത്. അപ്പോള്‍ ഞാന്‍ (സ്ത്രീകളുടെ ഭാഗത്തു നിന്ന്) കുഞ്ഞുങ്ങളുടെ കരച്ചില്‍ കേള്‍ക്കും. അപ്പോള്‍ ഞാന്‍ നമസ്‌കാരം ചുരുക്കും. അവരുടെ കരച്ചില്‍ അവരുടെ മാതാക്കളുടെ മനസ്സിലുടക്കുന്ന അവസ്ഥ പരിഗണിച്ചു കൊണ്ടാണത്'' (ബുഖാരി). 

അബൂ ക്വതാദ(റ) പറയുകയാണ്: ''നബി ﷺ യുടെ മകളായ സൈനബി(റ)ന്റെ മകള്‍ ഉമാമയെ നബി  ﷺ  ചുമലില്‍ ഏറ്റിക്കൊണ്ട് ജനങ്ങള്‍ക്ക് ഇമാമായി നമസ്‌കരിക്കും. എന്നിട്ട് സുജൂദില്‍ പോകുമ്പോള്‍ അവളെ നിലത്തു വെക്കും, എഴുന്നേല്‍ക്കുമ്പോള്‍  എടുത്ത് ചുമലില്‍ വെക്കും'' (ഇബ്‌നു ഖുസയ്മ).

ഈ രീതിയില്‍ വാത്സല്യം നിറഞ്ഞ ഹൃദയവുമായി മക്കളോട് ഇടപെടുന്ന രക്ഷിതാക്കള്‍ക്ക് മാത്രമെ മക്കള്‍ക്ക് മൂല്യബോധം പകര്‍ന്നുകൊടുക്കുവാന്‍ കഴിയുകയുള്ളൂ. മാതാപിതാക്കള്‍ കാണിക്കുന്ന വാത്സല്യവും പാരുഷ്യതയും മക്കളുടെ മാനസിക ആരോഗ്യത്തെയും വൈകാരിക വളര്‍ച്ചയെയും ശക്തമായി സ്വാധീനിക്കുമെന്ന് ഉറപ്പാണ്. ഇത് പോലെ കുട്ടികളില്‍ മാനസിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന മറ്റനേകം ഇടപെടലുകളിലേക്ക് ഇസ്‌ലാം വെളിച്ചം വീശുന്നുണ്ട്. (തുടരും)