ഗർഭകാല ചിന്തകൾ

അഷ്‌റഫ് എകരൂല്‍

2017 ഫെബ്രുവരി 18 1438 ജമാദുൽ അവ്വൽ 23

ഇസ്‌ലാമിക് പാരന്റിംഗ്: 6

പ്രാർഥനയും പ്രതീക്ഷയും നിറഞ്ഞ നല്ല തുടക്കത്തിന്റെ പ്രസക്തിയാണ്‌ മുമ്പ്‌ പ്രതിപാദിച്ചത്‌. സഹധർമിണിയുടെ ഗർഭധാരണത്തിന്റെ ശുഭവാർത്തയോട്‌ കൂടി ആ പ്രാർഥന സഫലമാവുകയായി. പ്രതീക്ഷകൾ നാമ്പെടുത്തു തുടങ്ങി. ഒരു കുഞ്ഞിനെ കാത്തിരിക്കുന്ന ദമ്പതികൾ അനിവാര്യമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്‌.

ഗർഭധാരണം, ഗർഭസ്ഥ ശിശു തുടങ്ങിയവയെക്കുറിച്ച്‌ ക്വുർആനിലും നബിവചനങ്ങളിലും പരാമർശങ്ങൾ കാണാം. അതിൽ ഏറ്റവും പ്രധാനപ്പെട്ടത്‌ കുഞ്ഞിന്റെ സൃഷ്ടിപ്പുമായി ബന്ധപ്പെട്ടുള്ള സ്രഷ്ടാവിന്റെ പരാമർശങ്ങളാണ്‌. കുഞ്ഞിന്റെ സൃഷ്ടിപ്പിന്റെ സമയവും ലിംഗ നിർണയവും രൂപ സാദൃശ്യങ്ങളുമെല്ലാം അല്ലാഹുവിന്റെ മാത്രം അധികാര പരിധിയിൽ ഉള്ളതാണ്‌. അല്ലാഹു മനുഷ്യന്‌ നൽകിയ ഭൗതിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നതിലവസാനിക്കുന്നു മനുഷ്യന്റെ ഭാഗധേയം. കാലം, ലിംഗം, നിറം, രൂപം, ആകാരം, ആരോഗ്യം തുടങ്ങി കുഞ്ഞുമായി ബന്ധപ്പെട്ടതെല്ലാം ഗർഭാശയത്തിൽ നടക്കുന്നത്‌ അല്ലാഹുവിന്റെ വിവേചനാധികാരത്തിലും തീരുമാനത്തിലുമാണ്‌. അവ ചിലപ്പോൾ മനുഷ്യന്റെ പരിചയങ്ങൾക്കും പ്രതീക്ഷകൾക്കും അപ്പുറമോ ഇപ്പുറമോ ആയേക്കാം. അല്ലാഹുവിന്റെ തീരുമാനം എന്തായാലും അതിൽ ആകുലപ്പെടാതെ സസന്തോഷം സ്വീകരിക്കുന്നവനാണ്‌ സത്യവിശ്വാസി. അല്ലാഹു പറയുന്നു: “നിന്റ രക്ഷിതാവ്‌ താൻ ഉദ്ദേശിക്കുന്നത്‌ സൃഷ്ടിക്കുകയും (ഇഷ്ടമുള്ളത്‌ )തെരഞ്ഞെടുക്കുകയും ചെയ്യുന്നു. അവർക്ക്‌ തെരഞ്ഞെടുക്കുവാൻ അർഹതയില്ല...” (28:68).

മറ്‌യമിന്റെ ഗർഭധാരണത്തെ പരാമർശിക്കുന്നിടത്ത്‌ അല്ലാഹു പറഞ്ഞു: “അവൾ(മറ്‌യം) പറഞ്ഞു: എനിക്ക്‌ എങ്ങനെയാണ്‌ കുട്ടിയുണ്ടാകുക? എന്നെ ഒരു മനുഷ്യനും സ്പർശിച്ചിട്ടില്ല! അല്ലാഹു പറഞ്ഞു: അങ്ങനെ തന്നെയാകുന്നു കാര്യം. താൻ ഉദ്ദേശിക്കുന്നത്‌ അവൻ സൃഷ്ടിക്കുന്നു. അവൻ ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാൽ അതിനോട്‌ ഉണ്ടാകൂ എന്ന്‌ പറയുക മാത്രം ചെയ്യുന്നു. അപ്പോൾ അത്‌ ഉണ്ടാകുന്നു” (3:47).

“അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവൻ ഉദ്ദേശിക്കുന്നത്‌ അവൻ സൃഷ്ടിക്കുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക്‌ അവന്‌ പെൺമക്കളെ പ്രദാനം ചെയ്യുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക്‌ ആൺമക്കളെയും പ്രദാനം ചെയ്യുന്നു. അല്ലെങ്കിൽ അവർക്ക്‌ അവൻ ആൺമക്കളെയും പെൺമക്കളെയും ഇടകലർത്തിക്കൊടുക്കുന്നു. അവൻ ഉദ്ദേശിക്കുന്നവരെ അവൻ വന്ധ്യരാക്കുകയും ചെയ്യുന്നു. തീർച്ചയായും അവന്‌ സർവജ്ഞനും സർവശക്തനുമാകുന്നു” (42:49,50).

കുട്ടികളുടെ ലിംഗം, നിറം, രൂപസാദൃശ്യം തുടങ്ങിയവയിലൊന്നും ആരും ആരെയും പഴി പറഞ്ഞിട്ട്‌ കാര്യമില്ലെന്നർഥം. ഉണ്ടാവരുതെന്നു നിനച്ച നേരത്ത്‌ ലഭിക്കുന്ന കുട്ടിയോട്‌ നീരസം കാണിക്കുന്നത്‌ ഇസ്ലാമിക വിരുദ്ധവും അതിനാൽ തന്നെ മാനവിക വിരുദ്ധവുമാണെന്ന്‌ ദമ്പതികൾ മനസ്സിലാക്കണം.

അല്ലാഹു പറഞ്ഞു: “ഗർഭാശയങ്ങളിൽ താൻ ഉദ്ദേശിക്കുന്ന വിധത്തിൽ നിങ്ങളെ രൂപപ്പെടുത്തുന്നത്‌ അവനത്രെ. അവനല്ലാതെ ഒരു ദൈവവുമില്ല. അവൻ പ്രതാപിയും യുക്തിമാനുമത്രെ” (3:6).

“ഓരോ സ്ത്രീയും ഗർഭം ധരിക്കുന്നതെന്തെന്ന്‌ അല്ലാഹു അറിയുന്നു. ഗർഭാശയങ്ങൾ കമ്മിവരുത്തുന്നതും വർധനവുണ്ടാക്കുന്നതും അവനറിയുന്നു. ഏതൊരുകാര്യവും അവന്റെ അടുക്കൽ ഒരു നിശ്ചിത തോതനുസരിച്ചാകുന്നു” (13:8).

ഗർഭധാരണം തുടങ്ങുന്നതോടെ ദമ്പതികൾക്കിടയിൽ വരാനിരിക്കുന്ന കുഞ്ഞിനെ ചുറ്റിപ്പറ്റിയുള്ള കണക്കു കൂട്ടലുകളും വർത്തമാനങ്ങളും ആരംഭിക്കുന്നത്‌ സ്വാഭാവികമാണ്‌. ഈ കണക്ക്‌ കൂട്ടലുകളുടെ പ്രതിഫലനം ചിലപ്പോഴെങ്കിലും ഏതെങ്കിലും ഒരാളിലെങ്കിലും നെഗറ്റിവായ സമീപനത്തിന്‌ വഴിവെക്കാറുണ്ട്‌. ആൺകുഞ്ഞിന്റെ ജനന വാർത്ത കേട്ടാൽ ഉണ്ടാകുമ്പോഴുള്ള ആവേശവും സന്തോഷവും പെൺകുഞ്ഞിന്റെ ജനന വാർത്ത കേട്ടാൽ ഉണ്ടാവാത്ത അവസ്ഥ ഇപ്പോഴും ചില കുടുംബങ്ങളിലെങ്കിലും ഉണ്ടെന്നത്‌ വസ്തുതയാണ്‌.

കുഞ്ഞിന്റെ സൃഷ്ടിപ്പിന്‌ പിന്നിലുള്ള സ്രഷ്ടാവിന്റെ അതുല്യമായ സംവിധാനങ്ങൾ ഏറെ ചിന്തനീയമാണ്‌. നിസ്സാരമെന്ന്‌ ഗണിക്കുന്ന ബീജത്തിൽ നിന്ന്‌ `മനുഷ്യൻ` രൂപപ്പെട്ടു വരുന്നതിനെ ക്വുർആൻ വിശദീകരിക്കുന്നുണ്ട്‌. ലഭിക്കുന്ന സന്താനത്തിന്റെ മൂല്യമറിയാനും കുഞ്ഞിനെ പരിപാലിക്കുന്നതിന്റെ ഉത്തരവാദിത്തത്തിൽ അലംഭാവമില്ലാതിരിക്കാനും ഇതിനെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ ദമ്പതികളെ സഹായിക്കും; സന്താനത്തിന്റെ `ക്വാളിറ്റി`യുടെ ഏറ്റവ്യത്യാസം മാതാപിതാക്കളിൽ അന്യായമായ അഹങ്കാരമോ ന്യായീകരണമില്ലാത്ത അപമാനചിന്തയോ വളർത്തുന്നതിനെ തടയുകയും ചെയ്തേക്കും. ഇവ്വിഷയകമായി വന്ന ചില സൂക്തങ്ങൾ കാണുക:

“എന്നാൽ മനുഷ്യൻ ചിന്തിച്ചു നോക്കട്ടെ, താൻ എന്തിൽ നിന്നാണ്‌ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌ എന്ന്‌. തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തിൽ നിന്നത്രെ അവൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌. മുതുകെല്ലിനും വാരിയെല്ലുകൾക്കുമിടയിൽ നിന്ന്‌ അത്‌ പുറത്തു വരുന്നു”(86:57).

“കൂടിച്ചേർന്നുണ്ടായ ഒരു ബീജത്തിൽ നിന്ന്‌ തീർച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുവാനായിട്ട്‌. അങ്ങനെ അവനെ നാം കേൾവിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു”(76:2).

“നിങ്ങളുടെ മാതാക്കളുടെ വയറുകളിൽ നിങ്ങളെ അവൻ സൃഷ്ടിക്കുന്നു. മൂന്ന്‌ തരം അന്ധകാരങ്ങൾക്കുള്ളിൽ. സൃഷ്ടിയുടെ ഒരു ഘട്ടത്തിന്‌ ശേഷം മറ്റൊരു ഘട്ടമായിക്കൊണ്ട്‌. അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു“ (39:6).

”തീർച്ചയായും നാമാണ്‌ നിങ്ങളെ മണ്ണിൽ നിന്നും പിന്നീട്‌ ബീജത്തിൽ നിന്നും പിന്നീട്‌ ഭ്രൂണത്തിൽ നിന്നും അനന്തരം രൂപം നൽകപ്പെട്ടതും രൂപം നൽകപ്പെടാത്തതുമായ മാംസപിണ്ഡത്തിൽ നിന്നും സൃഷ്ടിച്ചത്‌. നാം നിങ്ങൾക്ക്‌ കാര്യങ്ങൾ വിശദമാക്കിത്തരാൻ വേണ്ടി (പറയുകയാകുന്നു). നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗർഭാശയങ്ങളിൽ താമസിപ്പിക്കുന്നു. പിന്നീട്‌ നിങ്ങളെ നാം ശിശുക്കളായി പുറത്ത്‌ കൊണ്ടു വരുന്നു...“(22:5).

”പിന്നീട്‌ ഒരു ബീജമായിക്കൊണ്ട്‌ അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത്‌ വെച്ചു. പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടർന്ന്‌ നം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട്‌ നാം അസ്ഥികൂടത്തെ മാംസം കൊണ്ട്‌ പൊതിഞ്ഞു. പിന്നീട്‌ മറ്റൊരു സൃഷ്ടിയായി നാം അവനെ വളർത്തിയെടുത്തു...“ (23:13,14).

അതിസൂക്ഷ്മവും സങ്കീർണവുമായ ഈ മഹാ പ്രതിഭാസങ്ങളെല്ലാം നടക്കുന്നത്‌ തന്റെ സഹധർമിണിയുടെ അടിവയറ്റിലാണല്ലോ? അതിനാൽ തന്നെ `ഗർഭിണി` എന്ന്‌ പരിഗണനക്കും പരിചരണത്തിനും അവൾ അർഹയാണ്‌. ഗർഭധാരണവും പ്രസവവും പ്രയാസമേറിയ ദൗത്യമാണെന്ന്‌ അല്ലാഹു നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്‌: “ക്ഷീണത്തിനുമേൽ ക്ഷീണവുമായിട്ടാണ്‌ മാതാവ്‌ അവനെ ഗർഭം ചുമന്ന്‌ നടന്നത്‌. അവന്റെ മുലകുടി നിർത്തുന്നതാകട്ടെ രണ്ടുവർഷം കൊണ്ടുമാണ്‌”(31:14).

“അവന്റെ മാതാവ്‌ പ്രയാസപ്പെട്ടുകൊണ്ട്‌ അവനെ ഗർഭം ധരിക്കുകയും പ്രയാസപ്പെട്ടുകൊണ്ട്‌ അവനെ പ്രസവിക്കുകയും ചെയ്തു...”(46:15).

ഈ രണ്ടു വചനത്തിലൂടെയും ഗർഭ കാലഘട്ടത്തിലെ ക്ഷീണത്തെയും പ്രസവത്തിന്റെ പ്രയാസത്തെയും പടച്ചവൻ തന്നെ പരിചയപ്പെടുത്തുന്നു. അതിനാൽ ക്ഷീണവും പ്രയാസവും മുൻകൂട്ടി കണ്ടുകൊണ്ടും അല്ലാഹു ഏൽപിച്ച ദൗത്യത്തിന്റെ മഹത്ത്വം ഉൾക്കൊണ്ട്‌ കൊണ്ടും നന്മ നിറഞ്ഞ മനസ്സോടു കൂടിയാവണം ഗർഭധാരണത്തെയും ആ ഘട്ടത്തിലെ പ്രയാസങ്ങളെയും മുസ്ലിം ദമ്പതികൾ നോക്കിക്കാണേണ്ടത്‌. `ഇഷ്ടപ്പെടാത്ത നേരത്ത്‌` സംഭവിച്ച ഗർഭധാരണത്തോട്‌, അല്ലാഹുവിന്നു അതൃപ്തി ഉണ്ടാവും വിധം പ്രതികരിക്കുന്നവരുടെ കൂട്ടത്തിൽ നമ്മളുണ്ടാവരുത്‌. പലപ്പോഴും ഈ `ഇഷ്ടപ്പെടാത്ത നേരം` യാതൊരുവിധ ന്യായീകരണവുമില്ലാത്തതായിരിക്കും. എഴുതിത്തീർക്കാൻ കാത്തിരിക്കുന്ന പരീക്ഷകൾ, കുടുംബത്തിൽ നടക്കാനിരിക്കുന്ന വിവാഹം, ചാർട്ട്‌ ചെയ്തുപോയ വിദേശ യാത്രകൾ, വിനോദ യാത്രകൾ... ഇതൊക്കെയായിരിക്കും പലപ്പോഴും ഈ നീരസത്തിന്ന്‌ നിദാനം. അവർ അല്ലാഹുവിന്റെ ദാനത്തിന്റെ വിലയും നിലയും അറിയാത്ത അവിവേകികളാണ്‌.

ഗർഭിണിയുടെ പ്രയാസത്തെ കുറിച്ചുള്ള ദൈവിക സൂചനകളിൽ നമുക്ക്‌ മറ്റൊരു പാഠവും കൂടിയുണ്ട്‌. തന്റെ ഇണ അനുഭവിക്കുന്ന ക്ഷീണത്തെയും പ്രയാസത്തെയും കണ്ടറിയാൻ ഭർത്താവിന്‌ കഴിയണം, സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും തണൽ അവൾക്ക്‌ അത്യാവശ്യമാണ്‌ എന്ന പാഠം. ഗർഭധാരണത്തിന്റെ നാളുകൾ മുന്നോട്ട്‌ നീങ്ങും തോറും കുഞ്ഞിന്റെ ഭാരം പേറുന്ന മാതാവും അവളെ പരിചരിക്കുന്നതിന്റെ ഭാരം പേറുന്ന ഭർത്താവും സ്വാലിഹായ സന്താനത്തിന്ന്‌ വേണ്ടിയുള്ള പ്രാർഥന ശക്തിപ്പെടുത്തുക കൂടി വേണം. അല്ലാഹു പറയുന്നു: “ഒരൊറ്റ സത്തയിൽ നിന്ന്‌ തന്നെ നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയവനാണവൻ. അതിൽ നിന്ന്‌ തന്നെ അതിന്റെ ഇണയെയും അവനുണ്ടാക്കി; അവളോടൊത്ത്‌ അവൻ സമാധാനമടയുവാൻ വേണ്ടി. അങ്ങനെ അവൻ അവളെ പ്രാപിച്ചപ്പോൾ അവൾ ലഘുവായ ഒരു (ഗർഭ)ഭാരം വഹിച്ചു. എന്നിട്ട്‌ അവളതുമായി നടന്നു. തുടർന്ന്‌ അവൾക്ക്‌ ഭാരം കൂടിയപ്പോൾ അവർ ഇരുവരും അവരുടെ രക്ഷിതാവായ അല്ലാഹുവോട്‌ പ്രാർഥിച്ചു: ഞങ്ങൾക്കു നീ ഒരു നല്ല സന്താനത്തെ തരികയാണെങ്കിൽ തീർച്ചയായും ഞങ്ങൾ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കും.“

ചുരുക്കത്തിൽ, ദൈവിക മാർഗദർശനത്തിലുള്ള ഉറച്ച ബോധ്യവും നിശ്ചയ ദാർഢ്യത്തോട്‌ കൂടിയുള്ള പ്രാർഥനയും അനുയോജ്യമായ പരിപാലനവു മായി നീങ്ങുന്ന ദമ്പതികൾക്ക്‌ പ്രസവം അടങ്ങാത്ത ആശങ്കയായിരിക്കില്ല; ഒടുങ്ങാത്ത ആശയായിരിക്കും, തീർച്ച!