പെണ്‍മനസ്സിന്റെ ശാക്തീകരണം

അശ്‌റഫ് എകരൂല്‍

2017 ഡിസംബർ‍ 02 1439 റബിഉല്‍ അവ്വല്‍ 13

ഇസ്‌ലാമിക് പാരന്റിംഗ്: 38

പൗരാണികമെന്നോ ആധുനികമെന്നോ വ്യത്യാസമില്ലാതെ ദൈവിക മാര്‍ഗദര്‍ശനത്തിന്റെ കിരണങ്ങളേല്‍ക്കാത്ത ഏതൊരു സമൂഹത്തിലും ദുര്‍ബലത പേറുന്ന ഒരു വിഭാഗമാണ് പെണ്‍കുഞ്ഞുങ്ങള്‍. പൊതുവെ നീതിപൂര്‍വമായ സമീപനം ലഭ്യമാക്കുന്നതില്‍ കുടുംബവും സമൂഹവും വരുത്തന്ന വീഴ്ച, പെണ്‍കുട്ടികളുടെ മാനസിക വളര്‍ച്ചയില്‍ അസന്തുലനം വരുത്തിവെക്കുന്നു. തന്മൂലം 'ഞാന്‍ അത്രയേ ഉള്ളൂ' (Iam not OK) എന്ന അധമത്വ ബോധം അവളുടെ മനസ്സിനെ അടിമപ്പെടുത്തുന്നു. അതെല്ലങ്കില്‍ ചുറ്റുപാടുകളോടുള്ള പ്രതികാരബോധം എല്ലാ ധാര്‍മിക പരിധികളെയും ലംഘിക്കുവാനുള്ള നിഷേധാത്മക ത്വര (I don't care) അവളെ ഭരിക്കുന്നു. ഇവ രണ്ടും സ്വന്തത്തിനും കുടുംബത്തിനും സമൂഹത്തിനും അപകടമാണല്ലോ. അതുകൊണ്ടു തന്നെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഇവരുടെ മാനസിക വളര്‍ച്ച സമൂഹത്തിന്റെ കെട്ടുറപ്പിന് അത്യന്താപേക്ഷിതമാണ്.

എന്നാല്‍ 'പെണ്ണുടലി'ന്റെ (മാത്രം) വളര്‍ച്ചയ്ക്കും സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനും ശാക്തീകരണത്തിനും വേണ്ടി ഒച്ചയുണ്ടാക്കുന്ന ഭൗതികന്മാരുടെ ബഹളത്തിനുള്ളില്‍ സമൂഹം അവഗണിക്കുന്നതോ  മറന്നുപോകുന്നതോ ആയ ഒരു തലമാണ് പെണ്ണിന്റെ മാനസിക വളര്‍ച്ചയും ശാക്തീകരണവും. പെണ്‍ പ്രശ്‌നങ്ങളെ പ്രശ്‌നവത്കരിക്കുന്നവരുടെ കണ്ണിന്റെയും ക്യാമറയുടെയും ലെന്‍സുകള്‍ അധികവും പെണ്ണിന്റെ ഉടലിനപ്പുറത്തേക്ക് കടന്നു മനസ്സിലേക്ക് എത്തി നോക്കാന്‍ ഇഷ്ടപ്പെടാറില്ല. കാരണം അത് അവരുടെ കപട താല്‍പര്യങ്ങളുടെ മുഖമൂടി തകര്‍ക്കും എന്നത് തന്നെ. ഇവിടെയാണ് പെണ്‍കുഞ്ഞുങ്ങളുടെ മാനസിക വളര്‍ച്ചയെ മറ്റു വളര്‍ച്ചയെ പോലെ പരിഗണിക്കുന്ന ഇസ്‌ലാമിന്റെ അധ്യാപനങ്ങള്‍ വേറിട്ട് നില്‍ക്കുന്നതും അത് അവരുടെ സമ്പൂര്‍ണ വളര്‍ച്ചയെ സാധ്യമാക്കുന്നതും. 

പെണ്‍കുഞ്ഞുങ്ങളുടെ മാനസിക വളര്‍ച്ചയോടു നീതിപൂര്‍വം സമീപിക്കുവാന്‍ സമൂഹത്തെ പാകപ്പെടുത്തിയെടുക്കുകയെന്ന പ്രാഥമിക ദൗത്യമാണ് ഇസ്‌ലാം ഈ രംഗത്ത് ആദ്യമായി ചെയ്യുന്നത്. ഈ അര്‍ഥത്തില്‍ പെണ്‍വിഷയത്തിലെ 'പൊതുബോധ'ത്തെ ചികില്‍സിക്കുന്നതിനായി ഇസ്‌ലാം മുന്നോട്ട് വെക്കുന്ന മൂന്ന് അടിസ്ഥാന തത്ത്വങ്ങള്‍ നമുക്ക് പരിശോധിക്കാം. അതാവട്ടെ പെണ്ണിന്റെ മാനസിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നത് കൂടിയാണ്.


1. പെണ്‍വര്‍ഗത്തോടുള്ള കാഴ്ചപ്പാടിനെ മാറ്റി മറിച്ചു 

അജ്ഞാതകാല സമൂഹങ്ങളില്‍ പെണ്‍ജനനത്തെ ദുശ്ശകുനമായും അവഹേളനമായും സമൂഹത്തിലെ സ്ഥാനക്കുറവായും കണ്ടിരുന്ന അവസ്ഥയെ മാറ്റി,  സന്തോഷവാര്‍ത്തയായി അതിനെ കാണുവാന്‍ അവരെ അല്ലാഹു പഠിപ്പിച്ചെടുത്തു. പെണ്‍ജനനം വെറുക്കപ്പെട്ടതായി തോന്നുന്ന കാഴ്ചപ്പാടിനെ വിമര്‍ശിച്ചു കൊണ്ട് അല്ലാഹുവിന്റെ വെളിപാട് വന്നെത്തി. സ്ത്രീജീവിതത്തിന്റെ ഇരുണ്ട ഭൂമികയില്‍ പുതിയ സൂരേ്യാദയത്തിന്റെ തുടക്കമായിരുന്നു അത്. അല്ലാഹു പറയുന്നു: ''അവരില്‍ ഒരാള്‍ക്ക് ഒരു പെണ്‍കുഞ്ഞുണ്ടായ സന്തോഷവാര്‍ത്ത നല്‍കപ്പെട്ടാല്‍ കോപാകുലനായിട്ട് അവന്റെ മുഖം കറുത്തിരുണ്ട് പോകുന്നു. അവന്ന് സന്തോഷവാര്‍ത്ത നല്‍കപ്പെട്ട ആ കാര്യത്തിലുള്ള അപമാനത്താല്‍ ആളുകളില്‍ നിന്ന് അവന്‍ ഒളിച്ച് കളയുന്നു. അപമാനത്തോടെ അതിനെ വെച്ചുകൊണ്ടിരിക്കണമോ; അതല്ല, അതിനെ മണ്ണില്‍ കുഴിച്ച് മൂടണമോ (എന്നതായിരിക്കും അവന്റെ ചിന്ത). ശ്രദ്ധിക്കുക: അവര്‍ എടുക്കുന്ന തീരുമാനം എത്ര മോശം! പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ക്കാകുന്നു ഹീനമായ അവസ്ഥ. അല്ലാഹുവിന്നാകുന്നു അത്യുന്നതമായ അവസ്ഥ. അവന്‍ പ്രതാപിയും യുക്തിമാനുമാകുന്നു''(ക്വുര്‍ആന്‍ 16:58-60). 

അവളുടെ അവകാശത്തെ ഉയര്‍ത്തിപ്പിടിക്കുകയും വിശ്വാസികളുടെ മനസ്സിനെ വിറെകാള്ളിക്കുകയും  ചെയ്യും വിധം വിചാരണ നാളിലെ രംഗം അല്ലാഹു ഓര്‍മപ്പെടുത്തിക്കൊണ്ട് പറഞ്ഞു: ''(ജീവനോടെ) കുഴിച്ചുമൂടപ്പെട്ട പെണ്‍കുട്ടിയോടു ചോദിക്കപ്പെടുമ്പോള്‍; താന്‍ എന്തൊരു കുറ്റത്തിനാണ് കൊല്ലപ്പെട്ടത് എന്ന്''(ക്വുര്‍ആന്‍ 81:89). പെണ്‍ജനനത്തോടുള്ള അവരുടെ അജ്ഞാന കാലത്തെ കാഴ്ചപ്പാടിനെ ഇസ്‌ലാമില്‍ എത്തിയ ശേഷവും തുടരുന്നതിനെ നബി ﷺ  ശക്തമായി താക്കീത് ചെയ്തു. അവിടുന്ന് പറഞ്ഞതായി ഇമാം മുസ്‌ലിം ഉദ്ധരിക്കുന്നു: ''മൂന്നു കാര്യങ്ങള്‍ നിഷിദ്ധമാണ് (ഒരു നിവേദനത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയെന്നും മറ്റൊരു നിവേദനത്തില്‍ അല്ലാഹുവിന്റെ ദൂതന്‍ നിഷിദ്ധമാക്കി എന്നുമുണ്ട്). മാതാക്കളെ ധിക്കരിക്കല്‍, പെണ്‍കുഞ്ഞിനെ കുഴിച്ചുമൂടല്‍, നല്‍കാനുള്ളത് കൊടുക്കാതിരിക്കലും അനര്‍ഹമായത് ചോദിക്കലും.''

വിശുദ്ധ ക്വുര്‍ആനിലെ സൂറതുശ്ശൂറയിലെ 49,50 വചനങ്ങളില്‍ അല്ലാഹു മനുഷ്യര്‍ക്കു മക്കളെ നല്‍കുന്നതിനെക്കുറിച്ചാണ് പറയുന്നത്. ഏറെ ചിന്തനീയമായ ആ വാക്യങ്ങള്‍ കാണുക: ''അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആണ്‍മക്കളെയും പ്രദാനം ചെയ്യുന്നു. അല്ലെങ്കില്‍ അവര്‍ക്ക് അവന്‍ ആണ്‍മക്കളെയും പെണ്‍മക്കളെയും ഇടകലര്‍ത്തിക്കൊടുക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വന്ധ്യരാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ സര്‍വജ്ഞനും സര്‍വശക്തനുമാകുന്നു.'' 

ഈ വചനങ്ങള്‍ വിവരിച്ചുകൊണ്ട് ഇമാം ഇബ്ന്‍ ഖയ്യിം(റഹി) പറയുന്നു: ''അല്ലാഹു അവന്‍ ഉദ്ദേശിക്കും വിധം മക്കളെ നല്‍കുന്നുവെന്ന് പറഞ്ഞപ്പോള്‍ പെണ്ണിനെയാണ് മുന്തിച്ചത്. പിന്നെയാണ് ആണിനെ പരാമര്‍ശിക്കുന്നത്. അത് പെണ്ണിന്റെ ജനനം മോശമായിക്കണ്ട ഒരു സമൂഹത്തെ അതിന്റെ മഹത്ത്വം ബോധിപ്പിക്കുവാനാണ്. നാം പൊതുവെ ആണും പെണ്ണും എന്നാണ് പറയാറുള്ളത്!''


2. പെണ്‍കുട്ടികളെ പരിപാലിക്കുന്നതിന്റെ മഹത്വവും പ്രതിഫലവും എടുത്തു പറഞ്ഞു 

സമൂഹത്തിന്റെ ചിന്താാഗതിയുടെ മാറ്റത്തില്‍ ഒതുക്കിയില്ല പെണ്ണിന്റെ വളര്‍ച്ചയ്ക്കുള്ള ഇസ്‌ലാമിക അധ്യാപനങ്ങള്‍; മറിച്ച് അവരെ വളര്‍ത്തുന്നതിനുള്ള ഉന്നത പ്രതിഫലവും മഹത്വവും പ്രവാചകന്‍ ﷺ  ഇസ്‌ലാമിക സമൂഹത്തെ പഠിപ്പിച്ചു. ഗൃഹ സംസ്‌കരണത്തിന്റെ ഏറ്റവും നല്ല മാര്‍ഗം സ്ത്രീകള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുകയെന്നതാണ്. അവരെ അറിവും സംസ്‌കാരവും ദൈവഭക്തിയും ഔന്നത്യബോധവും ഉള്ളവരാക്കി വളര്‍ത്തിയാല്‍ അതിന്റെ ഗുണഫലം അവരിലൂടെ സമൂഹത്തിനു ലഭിക്കും. അതിന് അനിവാര്യമായത് അവരെ സ്‌നേഹവും ലാളനയും സുരക്ഷിത ബോധവും നല്‍കി വളര്‍ത്തുകയെന്നതാണ്. മനസിക വളര്‍ച്ചയാണ് അവരെ ലക്ഷ്യപ്രാപ്തിയിലേക്ക് കൈപിടിക്കുന്നത്. ആണ്‍കുട്ടികളെക്കാള്‍ കൂടുതല്‍ ശ്രദ്ധയും പരിഗണയും അവര്‍ക്ക് ലഭിക്കേണ്ടതുണ്ട്. അതിനാല്‍ പെണ്‍കുട്ടികളുടെ പരിപാലനം ശ്രമകരം തന്നെയാണ്. അത്‌കൊണ്ട് തന്നെയാണ് അവരുടെ പരിപാലനത്തിന് പ്രത്യേകം പ്രതിഫലവും മഹത്ത്വവും എടുത്തു പറയുന്നത്.

അല്ലാഹുവിന്റെ തിരുദൂതര്‍ പറയുകയുണ്ടായി: ''ആരെങ്കിലും രണ്ടു പെണ്‍മക്കളെ പ്രായപൂര്‍ത്തിയാകുന്നത് വരെ നല്ല ശിക്ഷണവും വിദ്യാഭ്യാസവും നല്‍കി (ക്ഷമാപൂര്‍വം) വളര്‍ത്തിയാല്‍, ഞാനും അവനും ഉയര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ ഇതുപോലെയായിരിക്കും -എന്ന് പറഞ്ഞിട്ട് അദ്ദേഹം തന്റെ വിരലുകള്‍ അടുപ്പിച്ചു പിടിച്ചു കാണിച്ചു'' (മുസ്‌ലിം). 

ഇമാം ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്ത ഹദീഥില്‍ ആഇശ(റ), തന്റെ വീട്ടില്‍നിന്ന് വല്ലതും കിട്ടുവാന്‍ വേണ്ടി രണ്ടു പെണ്‍മക്കളെയുമായി വന്ന സ്ത്രീ, തനിക്ക് കിട്ടിയ കാരക്കച്ചുളകള്‍ രണ്ടു മക്കള്‍ക്ക് വീതിച്ചു കൊടുത്തതിനെ അശ്ച്യത്തോടെ നബിയോട് വിശദീകരിച്ചപ്പോള്‍ നബി ﷺ  അവരോടു പ്രതികരിച്ചത് ഇപ്രകാരമാണ്: 'ഇത്തരം പെണ്‍കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ആരെങ്കിലും പരീക്ഷിക്കപ്പെടുകയും എന്നാല്‍ ആ പെണ്‍കുഞ്ഞുങ്ങളെ നന്നായി നോക്കുകയും ചെയ്താല്‍ അവര്‍ അവള്‍ക്ക് (മാതാവിന്) നരകത്തില്‍ നിന്നുള്ള മറയാവും.'

മുസ്‌ലിമിന്റെ നിവേദനത്തില്‍ 'അവര്‍ നിമിത്തം അവള്‍ക്ക് സ്വര്‍ഗം നിര്‍ബന്ധമാകും അല്ലെങ്കില്‍ നരക മോചനം നല്‍കും' എന്നാണുള്ളത്. പെണ്‍മക്കളോ സഹോദരികളോ ആരാണങ്കിലും ഈ ശ്രദ്ധയും പരിഗണയും നല്‍കി വളര്‍ത്തിയാല്‍ അത്മൂലം അവര്‍ക്ക് സ്വര്‍ഗം ലഭിക്കുമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അബൂസഇദുല്‍ ഖുദ്‌രി(റ) നിവേദനം ചെയ്യുന്നു: ''ആര്‍ക്കെങ്കിലും മൂന്നു പെണ്‍മക്കളോ അല്ലെങ്കില്‍ മൂന്നു സഹോദരികളോ അല്ലെങ്കില്‍ രണ്ട് പെണ്‍മക്കളോ, രണ്ടു സഹോദരികളോ ഉണ്ടാവുകയും എന്നിട്ട് അവര്‍ക്ക് നല്ല ശിക്ഷണം നല്‍കി വളര്‍ത്തുകയും അവരുടെ കാര്യത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്താല്‍ അവന്നു തീര്‍ച്ചയായും സ്വര്‍ഗമുണ്ട്'' (അബൂദാവൂദ്, തിര്‍മിദി).

നോക്കുക; ഇസ്‌ലാം എത്രമാത്രം സ്ത്രീകളെ പരിഗണിക്കുന്നു! ഇന്നും ഭൂരിപക്ഷം മനസ്സുകളെയും ഭരിക്കുന്നത് പെണ്‍കുഞ്ഞുങ്ങള്‍ ഭാരമാണെന്ന ചിന്തയാണ്. പ്രസവ വാര്‍ത്ത കേട്ടാല്‍ 'അതും പെണ്ണാണ്' എന്ന പ്രതികരണത്തില്‍ ഈ ചിന്ത ഒളിഞ്ഞിരിപ്പുണ്ട്. എന്നാല്‍ യഥാര്‍ഥ സത്യവിശാസികള്‍ക്ക് പെണ്‍കുഞ്ഞുങ്ങള്‍ എല്ലാ അര്‍ഥത്തിലും അല്ലാഹു പറഞ്ഞത് പോലെ സന്തോഷ വാര്‍ത്ത തന്നെയാണ്. കൂടുതല്‍ വാത്സല്യവും കാരുണ്യവും നല്‍കി രക്ഷിതാക്കള്‍ അവരെ സംരക്ഷിക്കണമെന്ന് മാത്രം. 

3. ആണ്‍, പെണ്‍ മക്കള്‍ക്കിടയില്‍ തുല്യത കാണിക്കുക 

പെണ്‍മക്കളുടെ മാനസിക ഉയര്‍ച്ചയും വളച്ചയും സാധ്യമാക്കാന്‍ ഇസ്‌ലാം നല്‍കുന്ന മറ്റൊരു മനഃശാസ്ത്രപരമായ നിര്‍ദേശമാണ് അവര്‍ക്കിടയില്‍ തുല്യത കാണിക്കുകയും ആണ്‍മക്കളെ പെണ്‍മക്കളെ ക്കാള്‍ ഉയര്‍ത്തി വെക്കാതിരിക്കുകയും ചെയ്യുകയെന്നത്. സ്‌നേഹത്തിലും വാത്സല്യത്തിലും സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതിലും സമ്മാനങ്ങളും മറ്റും നല്‍കുന്നതിലും അവര്‍ക്കിടയില്‍ വിവേചനമരുതെന്നാണ് ഇസ്‌ലാമിക സംസ്‌കാരം പഠിപ്പിക്കുന്നത്. സാധാരണ നമ്മുടെ വീടകങ്ങളില്‍ കേള്‍ക്കുന്ന ഒരു പ്രതികരണമാണ് 'നീ പെണ്ണല്ലേ', 'അവനൊരു ആണല്ലേ', നിനക്ക് താണുകൊടുത്തുകൂടേ' തുടങ്ങിയവ. ഇതെല്ലാം പെണ്ണിന്റെ മാനസിക വളര്‍ച്ചയില്‍ മരവിപ്പ് ഉണ്ടാക്കുന്നതാണ്. ഇതിനെ ഇസ്‌ലാം നിരാകരിക്കുന്നു. നബി ﷺ  പറയുന്നു: ''ആര്‍ക്കെങ്കിലും ഒരു പെണ്‍കുഞ്ഞ് ഉണ്ടാവുകയും അവളെ കുഴിച്ചു മൂടാതെയും നിന്ദിക്കാതെയും ആണ്‍കുഞ്ഞിനെ അവളെക്കാള്‍ മുന്തിക്കാതെയും വളര്‍ത്തിയാല്‍ അല്ലാഹു അവനെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്നതാണ്'' (അബൂദാവൂദ്).

ഏതൊരു മനഃശാസ്ത്ര വിദഗ്ധനെയും അമ്പരപ്പിക്കുന്ന സൂക്ഷ്മമായ അധ്യാപനങ്ങളും നിര്‍ദേശങ്ങളുമാണ് അല്ലാഹുവിന്റെ പ്രവാചകന്‍ ﷺ  മനുഷ്യരുടെ മുന്നില്‍ വെക്കുന്നത്. ശാസ്ത്രീയവും പ്രായോഗികവുമായ ഈ നിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ട് മക്കളെ വളര്‍ത്തുന്ന ഏതൊരു രക്ഷിതാവും സമൂഹത്തിനു സമ്മാനിക്കുന്നത്, സ്‌നേഹ നിധിയായ ഭാര്യയെയും വാത്സല്യത്തിന്റെ നിറകുടമാവാന്‍ പ്രാപ്തമായ മാതാവിനെയും പ്രതിസന്ധികളില്‍ പതറാതെ മുന്നോട്ട് നീങ്ങാന്‍ ധൈര്യം പകരുന്ന അധ്യാപികയെയും ഒക്കെയാണ്. ഇസ്‌ലാമിക ചരിത്രത്തില്‍ വെട്ടിത്തിളങ്ങുന്ന താരകങ്ങളായി ശോഭിച്ച പല മഹാന്‍മാരെയും പ്രസവിച്ചത് ദൃഢമായ സത്യവിശ്വാസവും ഔന്നത്യബോധവും മനസ്സിലുറച്ച ഇത്തരം സ്ത്രീകളാണ്. നമ്മുടെ പെണ്‍മക്കളിലും ഈ നിലവാരത്തിലുള്ള മാനസിക ശാക്തീകരണം ഉണ്ടാക്കുന്നതാവണം  ഇസ്‌ലാമിക് പാരന്റിംഗ്.