നവാതിഥിയെ വരവേല്‍ക്കുമ്പോള്‍

അശ്‌റഫ് എകരൂല്‍

2017 ഫെബ്രുവരി 25 1438 ജമാദുൽ അവ്വൽ 28

ഇസ്‌ലാമിക് പാരന്റിംഗ്: 7

ഗര്‍ഭകാലത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നാം കഴിഞ്ഞ ലേഖനത്തില്‍ മനസ്സിലാക്കി. ഇനി കുഞ്ഞുകരച്ചിലിനു കാതോര്‍ക്കാം. പ്രസവത്തിന്റെ പ്രയാസങ്ങളും വേദനയും മുന്നില്‍ കണ്ട് അല്ലാഹുവിലേക്ക് വിനയപ്പെട്ടും പശ്ചാത്താപം പുതുക്കിയും കൊണ്ടാവണം പുതിയ അതിഥിയെ വരവേല്‍ക്കാന്‍ മാതാപിതാക്കള്‍ ഒരുങ്ങേണ്ടത്. മര്‍യമിന്റെ പ്രസവ സന്ദര്‍ഭം അല്ലാഹു നമുക്ക് വിശദീകരിച്ചു തരുന്നത് കാണുക: ''അങ്ങനെ അവനെ ഗര്‍ഭം ധരിക്കുകയും, എന്നിട്ട് അതുമായി അവള്‍ അകലെ ഒരു സ്ഥലത്ത് മാറിത്താമസിക്കുകയും ചെയ്തു. അങ്ങനെ പ്രസവവേദന അവളെ ഒരു ഈന്തപ്പന മരത്തിന്റെ അടുത്തേക്ക് കൊണ്ട് വന്നു. അവള്‍ പറഞ്ഞു: ഞാന്‍ ഇതിന് മുമ്പ് തന്നെ മരിക്കുകയും, പാടെ വിസ്മരിച്ച് തള്ളപ്പെട്ടവളാകുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ! ഉടനെ അവളുടെ താഴ്ഭാഗത്ത് നിന്ന് (ഒരാള്‍) വിളിച്ചുപറഞ്ഞു: നീ വ്യസനിക്കേണ്ട, നിന്റെ താഴ്ഭാഗത്ത് ഒരു അരുവി ഉണ്ടാക്കി തന്നിരിക്കുന്നു. നീ ഈന്തപ്പനമരം നിന്റെ അടുക്കലേക്ക് പിടിച്ചുകുലുക്കിക്കൊള്ളുക. അത് നിനക്ക് പാകമായ ഈന്തപ്പഴം വീഴ്ത്തിത്തരുന്നതാണ്. അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്ണുകുളിര്‍ത്തിരിക്കുകയും ചെയ്യുക...'' (19:22-26).

അല്ലാഹുവിന്റെ ഇഷ്ടദാസിയായ മര്‍യമിന് പോലും പ്രസവസമയം എത്രമാത്രം പ്രയാസകരമായിരുന്നുവെന്നും അതോടൊപ്പം അല്ലാഹുവിലുള്ള വിശ്വാസവും പ്രാര്‍ഥനയും പ്രതീക്ഷയുമെല്ലാം എപ്രകാരമാണ് അവരുടെ പ്രയാസങ്ങളെ ലഘൂകരിച്ചതെന്നും ഈ സൂക്തങ്ങള്‍ വ്യക്തമാക്കിത്തരുന്നു.

ഗര്‍ഭപാത്രത്തിനു പുറത്തുള്ള അപരിചിതലോകത്തിലേക്ക് കണ്ണുതുറക്കുന്ന കുഞ്ഞ് ഒരു വി.ഐപി തന്നെയാണ്. അതിനാല്‍ ആ വി.ഐ.പിയെ സ്വീകരിക്കുവാന്‍ ചില പ്രോട്ടോകോളുകള്‍ പ്രമാണങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. ഇതിലൂടെ ഇസ്‌ലാമിക പാരന്റിംഗിന് തുടക്കം കുറിക്കുകയാണ്. ചില സുപ്രധാന കാര്യങ്ങള്‍ മനസ്സിലാക്കാം:

1. സന്തോഷവാര്‍ത്തയറിയിക്കല്‍: ഗര്‍ഭപാത്രത്തില്‍നിന്ന് പുറത്തുവന്ന് കരഞ്ഞുകൊണ്ട് സാന്നിധ്യമറിയിക്കുന്ന കുഞ്ഞിന്റെ ജനനം ഒരു 'സന്തോഷവാര്‍ത്ത' തന്നെയാണല്ലോ. അല്ലാഹു പറയുന്നു:''ഹേ, സകരിയ്യാ, തീര്‍ച്ചയായും നിനക്ക് നാം ഒരു ആണ്‍കുട്ടിയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു...'' (19:7).

''നമ്മുടെ ദൂതന്‍മാര്‍ ഇബ്‌റാഹീമിന്റെ അടുത്ത് സന്തോഷവാര്‍ത്തയും കൊണ്ട് വരികയുണ്ടായി...''(11:69). ''അദ്ദേഹത്തിന്റെ (ഇബ്‌റാഹീം നബിയുടെ) ഭാര്യ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ ചിരിച്ചു. അപ്പോള്‍ അവര്‍ക്ക് ഇസ്ഹാഖിനെപ്പറ്റിയും, ഇസ്ഹാഖിന്റെ പിന്നാലെ യഅ്ഖൂബിനെപ്പറ്റിയും സന്തോഷവാര്‍ത്ത അറിയിച്ചു''(11:72).

സന്തോഷത്തിലും സന്താപത്തിലും പരസ്പരം പങ്കുചേരേണ്ട സത്യവിശ്വാസികള്‍ ജനനത്തില്‍ സന്തോഷിക്കുകയും കുഞ്ഞിനും മാതാപിതാക്കള്‍ക്കും സന്തോഷം നല്‍കുംവിധം പ്രതികരിക്കുകയും പ്രാര്‍ഥിക്കുകയുമാണ് വേണ്ടത്. എന്നാല്‍ നവജാത ശിശുവിനു വേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥനകളോ ആശംസാവചനങ്ങളോ പ്രമാണങ്ങള്‍ പഠിപ്പിക്കുന്നില്ല.

2. തഹ്‌നീക്ക്: ജനിച്ചയുടനെ കാരക്കനീരോ തേനോ കുഞ്ഞിന്റെ നാവില്‍ പുരട്ടുന്നതിനെയാണ് തഹ്‌നീക്ക് എന്ന് പറയുന്നത്.

ഒന്നിലധികം തവണ നബി(സ) ഇപ്രകാരം ചെയ്തതും സ്വഹാബികള്‍ നബി(സ)യുടെ അരികിലേക്ക് കുഞ്ഞുങ്ങളെകൊണ്ട് വന്നതും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അബൂമൂസ(റ) പറയുന്നു: ''അദ്ദേഹത്തിന് കുഞ്ഞ് പിറന്നപ്പോള്‍ കുഞ്ഞിനെയുമായി നബി(സ)യുടെ സന്നിധിയില്‍ ചെന്നു. നബി(സ) അവന് ഇബ്‌റാഹീം എന്ന് പേര് നല്‍കുകയും കാരക്ക നീര് പുരട്ടിക്കൊടുക്കുകയും അനുഗ്രഹത്തിനായി പ്രാര്‍ഥിക്കുകയും ചെയ്തിട്ട് എനിക്കവനെ തിരിച്ച് തന്നു.''(ബുഖാരി/മുസ്‌ലിം)

അബൂത്വല്‍ഹക്കും ഉമ്മുസുലൈമിനും കുഞ്ഞ് പിറന്നപ്പോള്‍ നബി(സ) ഇപ്രകാരം ചെയ്തത് ഇമാം ബുഖാരി ഉദ്ധരിക്കുന്നുണ്ട്. കൂടാതെ അസ്മാഅ് ഗര്‍ഭിണിയായിരിക്കെ ഹിജ്‌റ പോവുകയും ഖുബായില്‍ എത്തിയപ്പോള്‍ അബ്ദുല്ലാഹ് ബ്‌നു സുബൈറിനെ പ്രസവിക്കുകയും ചെയ്തു. അവര്‍ പറയുന്നു: ''എന്നിട്ട് ഞാന്‍ നബി(സ)യുടെ സന്നിധിയില്‍ ചെന്ന് കുഞ്ഞിനെ അവിടുത്തെ മടിയില്‍വെച്ച് കൊടുത്തു. നബി(സ) കാരക്ക കൊണ്ട് വരാന്‍ കല്‍പിച്ചു. അത് ചവച്ചരച്ചിട്ട് അവന്റെ വായിലാക്കിക്കൊടുത്തു. അങ്ങനെ അവന്റെ ഉള്ളില്‍ ആദ്യം പ്രവേശിച്ചത് നബി(സ)യുടെ ഉമിനീരായി. പിന്നീട് അവന് വേണ്ടി അനുഗ്രഹത്തിനായി പ്രാര്‍ഥിച്ചു. അബ്ദുല്ലാഹ് ബ്‌നു സുബൈറാണ് മദീനയില്‍ എത്തിയ മുഹാജിറുകള്‍ക്ക് ആദ്യം പിറന്ന ആണ്‍കുഞ്ഞ്. അവന്റെ ജനനത്തില്‍ മുസ്‌ലിംകള്‍ എന്തെന്നില്ലാതെ സന്തോഷിച്ചു. കാരണം ജൂതന്മാര്‍ നിങ്ങള്‍ക്ക് സിഹ്‌റ് ചെയ്തതിനാല്‍ ആണ്‍കുട്ടികള്‍ ഉണ്ടാവുകയില്ലെന്ന ഒരു കിംവദന്തി ശത്രുക്കള്‍ പറഞ്ഞ് പരത്തിയിരുന്നു. (ആ ഇടക്കാണ് അബ്ദുല്ലയുടെ ജനനമുണ്ടായത്).'' (ബുഖാരി/മുസ്‌ലിം)

3. മുടിനീക്കലും ബലികര്‍മവും (അഖീഖ): പ്രസവിച്ച് 'ഏഴാംനാള്‍' കുട്ടിയുടെ ജീവിതത്തിലെ പ്രധാന ദിനമാണ്. സംറത്ത് (റ)ല്‍ നിന്ന് ഉദ്ധരിക്കുന്നു നബി(സ) പറഞ്ഞു: ''എല്ലാ കുട്ടിയും അവന്റെ അഖീഖയുടെ പണയത്തില്‍ ബന്ധനസ്ഥനാണ്. ഏഴാം നാളിലാണ് അവന് വേണ്ടി അറവ് നടത്തുന്നത്. അന്ന് തന്നെയാണ് മുടി നീക്കേണ്ടതും, പേരിടേണ്ടതും.'' (തിര്‍മിദി, നസാഇ, ഇബ്‌നുമാജ, അഹ്മദ്)

കുഞ്ഞിന്റെ ജനനത്തോടൊപ്പം ഉള്ള ആരംഭ മുടിനീക്കം ചെയ്യാനും അതിന്റെ തൂക്കത്തിനുള്ള അളവില്‍ വെള്ളി ദാനം ചെയ്യാനും നബി(സ) കല്‍പിച്ചതായി കാണാം. ഇബ്‌നു ഇസ്ഹാഖ് മുഹമ്മദ് ബ്‌നു അലിയില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ''ഹസന്‍(റ)വിനെ പ്രസവിച്ചപ്പോള്‍ പ്രവാചകന്‍(സ) മകള്‍ ഫാത്തിമയോട് പറഞ്ഞു: ''നീ അവന്റെ മുടി നീക്കം ചെയ്യുക. അങ്ങിനെ ഫാത്തിമ(റ) അത് തൂക്കി നോക്കി. അത് ഒരു ദിര്‍ഹമോ അല്ലെങ്കില്‍ അല്‍പം കുറവോ ആയിരുന്നു.''

ഇതോടൊപ്പം നടക്കുന്ന ഒരു കര്‍മമാണ് അഖീഖ. ഒരു മൃഗത്തെ അറുത്ത് മാംസവിതരണം നടത്തുക എന്നതാണ് ഉദ്ദേശം. ഉമ്മുല്‍ കറസ് അല്‍ കഅബിയ എന്ന സ്വഹാബി വനിത അഖീഖയെകുറിച്ച് നബി(സ)യോട് ചോദിക്കുകയുണ്ടായി, നബി(സ) പറഞ്ഞു: 'ആണ്‍കുട്ടിക്ക് രണ്ടാടും പെണ്‍കുട്ടിക്ക് ഒരാടും ആകുന്നു. അത് ആണാവുന്നതും പെണ്ണാവുന്നതും തടസ്സമില്ല.' (അഹ്മദ്)

ഇമാം ത്വബ്‌റാനി(റ) ഉദ്ധരിക്കുന്ന മറ്റൊരു ഹദീസില്‍ ഇപ്രകാരമാണ്: അഖീഖ ഏഴാം നാളിലാണ് അറുക്കപ്പെടുക. അതല്ലെങ്കില്‍ 14ാം നാളില്‍, അല്ലെങ്കില്‍ ഇരുപത്തിയൊന്നാം നാളില്‍ ആണ്. കുഞ്ഞിന്റെ കുടുംബത്തിന്റെ സ്ഥിതി അനുസരിച്ച് ബലികര്‍മത്തിന്റെ നിബന്ധനയോട് കൂടിയ ഏത് മൃഗമാവാമെന്നും ആടാണ് നബിയുടെ കാലത്ത് അറുത്തിരുന്നതെന്നും, ദിവസങ്ങളില്‍ ഏറ്റവും പുണ്യകരം ഏഴാം നാളിലാണെന്നും അതിന് സാധിക്കാത്തവര്‍ക്ക് സാധ്യമാവുന്ന ഏത് സന്ദര്‍ഭത്തില്‍ നടത്തിയാലും സ്വീകരിക്കപ്പെടുമെന്നുമാണ് പണ്ഡിതാഭിപ്രായം. ഉളുഹിയ്യത്തിന്റെ രീതിശാസ്ത്രം തന്നെയാണ് മാംസവിതരണത്തിനുമുള്ളതെങ്കിലും വീട്ടില്‍ ഭക്ഷണമുണ്ടാക്കി വിരുന്നൂട്ടിയാലും മതിയാകുന്നതാണ്. ദരിദ്രരുടെ പങ്കാളിത്തം ഉറപ്പ് വരുത്തണമെന്ന് മാത്രം.

4. പരിഛേദന കര്‍മം: ലിംഗാഗ്രത്തിലെ തൊലി നീക്കം ചെയ്യുന്ന, പ്രവാചക മാതൃകയാണിത്. പുരുഷന്മാര്‍ക്ക് മാലിന്യമുക്തി നേടാനും ആരോഗ്യ സംരക്ഷണത്തിനും സഹായകമായ ഒരു ദൈവിക നിര്‍ദേശമാണിത്. ആധുനിക വൈദ്യശാസ്ത്ര സൗകര്യങ്ങളുടെ സാധ്യതകള്‍ കൂടുതലുള്ള ഇക്കാലത്ത് പ്രസവാനന്തര നാളുകളില്‍ നടത്തുന്നതാണ് കൂടുതല്‍ നല്ലത്. മനുഷ്യപ്രകൃതിയുടെ ഭാഗമായാണ് പ്രവാചകന്‍(സ) ലിംഗപരിഛേദനത്തെ എണ്ണിയിട്ടുള്ളത്. (ബുഖാരി/മുസ്‌ലിം)

ഏഴാം നാളില്‍ ഹസന്‍, ഹുസൈന്‍(റ) എന്നിവര്‍ക്ക് വേണ്ടി അഖീഖ അറുക്കുകയും അവരുടെ പരിഛേദന കര്‍മം നിര്‍വഹിക്കുകയും ചെയ്തുവെന്ന് ഇമാം ബൈഹഖി ജാബിര്‍(റ)വില്‍ നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ വന്നിട്ടുണ്ട്. ഈ സമ്പ്രദായം ആരംഭം കുറിച്ചത് പ്രവാചകന്‍ ഇബ്‌റാഹീം നബിൗയില്‍ നിന്നാണെന്നും പിന്നീട് അത് പ്രവാചകന്‍മാരുടെ ഉത്തമമാതൃകയായിത്തീര്‍ന്നെന്നും, ഒരാള്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നാല്‍ എത്ര പ്രായമുള്ളവനാണെങ്കിലും പരിഛേദനകര്‍മം നിര്‍വഹിക്കേണ്ടതുണ്ടെന്നും സ്വഹീഹായ ഹദീസുകളില്‍ പരാമര്‍ശിക്കപ്പെട്ടതെല്ലാം ഈ കര്‍മത്തിന്റെ അനിവാര്യതയും പ്രകൃതിപരതയും വിളിച്ചോതുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് മുടികളയല്‍, അഖീഖ, പരിഛേദന കര്‍മം തുടങ്ങിയ കാര്യങ്ങളെ കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ സവിസ്തരം ചര്‍ച്ചക്കെടുത്തത്. പ്രസ്തുത കര്‍മങ്ങളുടെ ഗൗരവമുള്‍ക്കൊണ്ട് ചെയ്യുമ്പോഴേ അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലത്തിന് അര്‍ഹത ലഭിക്കൂ.