പ്രവാചകനെ സ്‌നേഹിച്ച കുട്ടികള്‍

അശ്‌റഫ് എകരൂല്‍

2017 മെയ് 13 1438 ശഅബാന്‍ 16

ഇസ്‌ലാമിക് പാരന്റിംഗ്: 18

കുട്ടികളിലെ വിശ്വാസ വളര്‍ച്ചയില്‍ പ്രവാചക സ്‌നേഹം ഉണ്ടാക്കുന്ന സ്വാധീവും അതിന്റെ പ്രാധാന്യവുമാണ്  കഴിഞ്ഞ ലക്കത്തില്‍ നാം പരാമര്‍ശിച്ചത്. പ്രവാചകന്‍(സ്വ) അവര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തിയായി മാറുമ്പോള്‍ ആ പ്രവാചകന്റെ തിരുവചനങ്ങളിലൂടെ പഠിപ്പിക്കപ്പെട്ട വിശ്വാസവും ആദര്‍ശവും അവര്‍ക്ക് ഏറ്റവും സ്വീകാര്യമായി മാറുകയും തല്‍ഫലമായി നബിജീവിതത്തെ സ്വജീവിത നിലപാടുകളില്‍ അവലംബിക്കാന്‍ അവര്‍ക്ക് കഴിയുകയും ചെയ്യും.

വിശ്വാസവും പ്രവാചക സ്‌നേഹവും രൂഢമൂലമാവുകയും തന്മൂലം സമര്‍പ്പണവും ത്യാഗസന്നദ്ധതയും ദൈവഭക്തിയും പ്രകടമാവുകയും ചെയ്യുകയെന്നത് മുതിര്‍ന്നവരില്‍ മാത്രമുണ്ടാകുന്നതല്ല എന്നാണ് നബിജീവിതത്തിന്റെ പരിസരങ്ങളില്‍ വളര്‍ന്ന കൊച്ചനുചരന്മാരുടെ ജീവിതം നമ്മോടു പറയുന്നത്. കുട്ടികളിലും മുതിര്‍ന്നവരിലുള്ളതുപോലെ പോലെ ഇവ മാറ്റത്തിന്റെ ആന്തോളനങ്ങള്‍ സൃഷ്ടിക്കും. നബി(സ്വ)ക്ക് ചുറ്റും വളര്‍ന്ന ചില കുട്ടികളുടെ പ്രതികരണങ്ങള്‍ നമുക്ക് പരിശോധിക്കാം.

കേവലം എട്ട് വയസ്സ് കഴിഞ്ഞ അലി(റ) നബി(സ്വ)യുടെ സന്മാര്‍ഗത്തിലേക്കുള്ള വിളിക്ക് ഉത്തരം നല്‍കുന്നു. ചുറ്റുപാടുകളെ ഭയക്കാതെ വിശ്വാസവും ആദര്‍ശവും നബിയില്‍ നിന്ന് സ്വീകരിക്കുന്നു. തുടര്‍ന്ന് ഭയലേശമന്യെ മക്കയുടെ പ്രാന്ത പ്രദേശത്തു വെച്ച് നബി(സ്വ)ക്കും ഖദീജ(റ)ക്കും ഒപ്പം രഹസ്യമായി  നമസ്‌കരിക്കുന്നു. ഒരിക്കല്‍ പിതാവ്  അബൂത്വാലിബ് അത് കാണുന്നു. ഒരു ആശങ്കയും മറച്ചുവെക്കലും ഇല്ലാതെ അലി എന്ന കുട്ടി നമസ്‌കാരം തുടരുന്നു!

അനസ്(റ) പത്ത് വയസ്സുള്ളപ്പോള്‍ മുതല്‍ നബിയുടെ സേവകനായി കൂടെ നടക്കുന്നു. കളിപ്രായത്തില്‍ കളികള്‍ക്കിടയില്‍ പോലും പ്രവാചകന്റെ ആവശ്യങ്ങള്‍ക്ക് മടിയില്ലാതെ ഓടിച്ചെല്ലുന്ന സ്‌നേഹവും സമര്‍പ്പണവും സൂക്ഷ്മതയും ആരെയും അത്ഭുതപ്പെടുത്തും. ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട്  ചെയ്യുന്ന ഹദീഥില്‍ അനസ്(റ) ഇങ്ങനെ പറയുന്നത് കാണാം: ''ഞാന്‍ കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കെ നബി(സ്വ) എന്റെ അടുത്ത് വന്നു; എന്നിട്ട് ഞങ്ങള്‍ക്ക് സലാം പറഞ്ഞു. ശേഷം  എന്നെ വിളിച്ച് അദ്ദേഹത്തിന്റെ ഒരു കാര്യത്തിന് വേണ്ടി പറഞ്ഞയച്ചു. അത് മൂലം ഞാന്‍ ഉമ്മയുടെ അടുത്തെത്താന്‍ വൈകി. ഞാന്‍ ചെന്നപ്പോള്‍ ഉമ്മ ചോദിച്ചു: 'എന്താണ് നിന്നെ പിടിച്ചുവെച്ചത് (നീ വൈകിയത്)?' ഞാന്‍ പറഞ്ഞു: 'നബി(സ്വ) എന്നെ ഒരു കാര്യത്തിന് പറഞ്ഞയച്ചതായിരുന്നു.' ഉമ്മ ചോദിച്ചു: 'എന്തായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം?' ഞാന്‍ പറഞ്ഞു: 'അത് രഹസ്യമാണ്.' അപ്പോള്‍ അവര്‍ പ്രതികരിച്ചു: '(അതെ) ദൈവദൂതരുടെ രഹസ്യം നീ ആരോടും പറയുകയേ അരുത്.''

നബി(സ്വ)യുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി കളികള്‍ക്കിടയില്‍ പോലും ഓടിച്ചെല്ലുന്ന അനുസരണം! മാത്രമല്ല, രഹസ്യം സൂക്ഷിക്കുകയെന്ന, ഉയര്‍ന്ന തലത്തിലേക്ക് വരെ ഈ കുട്ടി പരിവര്‍ത്തിക്കപ്പെട്ടിരിക്കുന്നു!

 പ്രവാചകന് അനുസരണ പ്രതിജ്ഞ ചെയ്യുന്ന എട്ടു വയസ്സുകാരന്റെ നബിസ്‌നേഹത്തെ പറ്റി നമുക്കെന്തു തോന്നുന്നു? അതും പിതാവിന്റെ പ്രേരണ കൂടി കിട്ടിയ കുട്ടി! അതാണ് അബ്ദുല്ലാഹിബ്‌നു സുബൈര്‍ (റ). ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്യുന്നു: ഉര്‍വത് ബിന്‍ സുബൈറും ഫാത്വിമ ബിന്‍ത് മുന്‍ദിര്‍ ഇബ്‌നു സുബൈറും(റ) നിവേദനം. അവര്‍ പറഞ്ഞു: ''അബൂബക്കര്‍(റ)വിന്റെ മകള്‍ അസ്മാഅ് ഗര്‍ഭിണിയായ നിലയില്‍ ഹിജ്‌റക്കായി പുറപ്പെട്ടു. ക്വുബായില്‍ എത്തിയപ്പോള്‍ അവര്‍ അബ്ദുല്ലാഹിബ്‌നു സുബൈറിനെ പ്രസവിച്ചു. എന്നിട്ട് കുഞ്ഞിനെ നബി(സ്വ)യുടെ അടുത്ത് മധുരം തോട്ടുകൊടുക്കാന്‍ കൊണ്ടുവന്നു. നബി(സ്വ) അവളില്‍ നിന്ന് അവനെ വാങ്ങി മടിയില്‍ വെച്ചു. എന്നിട്ട് അല്‍പം കാരക്ക കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. (നിവേദകന്‍ പറഞ്ഞു:) ആഇശ(റ) പറയുകയാണ് 'ഏകദേശം ഒരു മണിക്കൂര്‍ ഞങ്ങള്‍ കാരക്ക കണ്ടത്താന്‍ സമയമെടുത്തു.' നബി(സ്വ) അത് തന്റെ വായിലിട്ടു ചവച്ചു കുട്ടിയുടെ വായില്‍ കൊടുത്തു. ആദ്യമായ്  അവന്റെ വയറ്റില്‍ പോയത് നബി(സ്വ)യുടെ ഉമിനീരായിരുന്നു. എന്നിട്ട് നബി(സ്വ) അവനെ തടവി. അവന്നു അനുഗ്രഹത്തിനായി പ്രാര്‍ഥിച്ചു. എന്നിട്ട് അബ്ദുല്ല എന്ന് പേര് നല്‍കി. അങ്ങനെ (ഒരു ദിവസം) ഏഴ്/എട്ടു വയസ്സായപ്പോള്‍ അവഎ നബി(സ്വ)ക്ക് അഭിമുഖമായി അനുസരണ പ്രതിജ്ഞ ചെയ്യാന്‍ മുന്നിട്ട് വന്നു. (അവന്റെ പിതാവ് അങ്ങനെ ചെയ്യാന്‍ അവനോടു പറഞ്ഞു). അവന്‍ നബി(സ്വ)ക്ക് നേരെ വരുന്നത് കണ്ടപ്പോള്‍ നബി(സ്വ) പുഞ്ചിരിച്ചു. അങ്ങനെ അവന്‍ നബി(സ്വ)ക്ക് അനുസരണ പ്രതിജ്ഞ നല്‍കുകയും ചെയ്തു.'' ഇവ്വിധമാണ് സ്വഹാബികളുടെ മക്കള്‍ നബിസ്‌നേഹത്തില്‍ വളര്‍ന്നത്. അവരുടെ മാതാപിതാക്കള്‍ ശൈശവം മുതലേ അവര്‍ക്ക് നബിസ്‌നേഹം പകര്‍ന്ന് നല്‍കിയിരുന്നുവെന്നും അത് അവരുടെ ജീവിതത്തില്‍ പ്രകടമായിരുന്നുവെന്നും വ്യക്തം.

കുട്ടികളുടെ പ്രകൃതത്തില്‍ പെട്ടതാണ്, അവര്‍ ആരെയെങ്കിലും ആഴത്തില്‍ സ്‌നേഹിച്ചാല്‍ അവരെ ആരും വെറുപ്പിക്കുന്നതോ ഉപദ്രവിക്കുന്നതോ അവര്‍ ഒരിക്കലും സഹിക്കുകയില്ലെന്നത്. മാത്രമല്ല അവരുടെ എല്ലാ സാധ്യതയും ഉപയോഗിച്ച അവര്‍ അതിനെ പ്രതിരോധിക്കുകയും ചെയ്യും. നബിക്ക് ചുറ്റും വളര്‍ന്ന കുട്ടികള്‍ക്കു മറ്റാരെക്കാളും ഇഷ്ടം നബിയോടായിരുന്നു. അദ്ദേഹത്തിനെ ഉപദ്രവിക്കുന്നവരെ ഒരിക്കലും വെറുതെ വിടാന്‍ അവര്‍ ഒരുക്കമല്ലായിരുന്നു.

അല്ലാഹുവിന്റെ തിരുദൂതരെ ഏറ്റവും കൂടുതല്‍ ഉപദ്രവിച്ച ശത്രുവിനെ യുദ്ധത്തില്‍ വകവരുത്താനുള്ള അവസരം ലഭിക്കാന്‍ മത്സരിച്ച രണ്ടു കുട്ടികളുടെ കഥ ചരിത്രത്തില്‍ രേഖപ്പെട്ടുകിടക്കുന്നുണ്ട്; നബിയെ ജീവനെക്കാള്‍ സ്‌നേഹിച്ച രണ്ടു കുട്ടികളായിരുന്നു അവര്‍.

നമ്മുടെ മക്കള്‍ മാതൃകയാക്കുന്നത് ആരെയാണ്? കൂടുതല്‍ സ്‌നേഹിക്കുന്നത് ആരെയാണ്? രക്ഷിതാക്കള്‍ സ്വയം ചോദിക്കുക. കാല്‍പന്ത് ലോകത്തെ ഒരു ഇതിഹാസത്തിന്  മുമ്പ് ഒരു മത്സരത്തില്‍ ചുവടു പിഴച്ചതില്‍ മനംനൊന്ത് കേഴുകയും ഈര്‍ഷ്യ പ്രകടപ്പിച്ച് പൊട്ടിക്കരയുകയും ചെയ്യുന്ന ഒരു മലയാളി ബാലന്റെ വിഡിയോ മുമ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ കണ്ടത് ഓര്‍മ വരികയാണ്. എല്ലാ 'സ്റ്റാറു'കളുടെയും വിശദവിവരങ്ങള്‍ അവര്‍ക്കറിയാം. അവര്‍ അവമതിക്കപ്പെടുന്നത് കുട്ടികള്‍ക്ക് അസഹ്യമായിരിക്കും. എന്നാല്‍ പ്രവാചകനെക്കുറിച്ച് അവര്‍ക്കറിഞ്ഞുകൂടാ. അദ്ദേഹം അവമതിക്കപ്പെടുന്നത് അവരുടെ മനസ്സിനെ വേദനിപ്പിക്കുകയില്ല. പിഴച്ചത് രക്ഷിതാക്കളായ നമുക്കോ, അതോ കുട്ടികള്‍ക്കോ?  

പ്രവാചകനെ സ്‌നേഹിച്ച സ്വഹാബികളായ കുട്ടികള്‍ നബിയെ ഉപദ്രവിച്ചവരോട് പ്രതികാരം ചെയ്യാന്‍ അശക്തരായിരുന്നെങ്കിലും നബിക്കെതിരെയും സ്വഹാബികള്‍ക്കെതിരെയുമുള്ള ശത്രുക്കളുടെ നീക്കങ്ങളും അവരെക്കുറിച്ചുള്ള ആക്ഷേപങ്ങളും അവരുടെ ശ്രദ്ധയില്‍ പെട്ടാല്‍ തത്സമയം നബിക്ക് എത്തിക്കുന്നതില്‍ അവരുടെ കഴിവുകള്‍ ഉപയോഗപ്പെടുത്തി ദീനീ സേവനത്തില്‍ പങ്കാളികളായിരുന്നത് നമ്മെ ചിന്തിപ്പിക്കുക തന്നെ ചെയ്യും. ക്വുര്‍ആനിലെ അല്‍മുനാഫിക്വൂന്‍ (കപടവിശാസികള്‍) എന്ന അധ്യായത്തിലെ ഒന്ന് മുതല്‍ എട്ട് വരെയുള്ള  വചനങ്ങളുടെ അവതരണ കാരണമായ സംഭവം ക്വുര്‍ആന്‍ വിവരണ ഗ്രന്ഥങ്ങളില്‍ ഉദ്ധരിക്കുന്നതും ബുഖാരിയടക്കമുള്ള ഹദീഥ് ഗ്രന്ഥങ്ങള്‍ നിവേദനം ചെയ്യുന്നതും ഇവിടെ സ്മരിക്കുന്നത് ഉചിതമാണ്.

ബനൂമുസ്തലഖ് യുദ്ധത്തില്‍ നിന്ന് വിരമിച്ച് മദീനയിലേക്ക് മടങ്ങും  മുമ്പ് ഒരു അന്‍സ്വാരിയുടെയും മുഹാജിറിന്റെയും ഇടയില്‍ ഉണ്ടായ ഒരു കശിപിശ മുതലെടുത്ത കപട വിശ്വാസികളുടെ മുന്‍നിര നേതാവായ അബ്ദുല്ലാഹിബ്‌നു ഉബയ്യ് ബിന്‍ സലൂല്‍ മക്കക്കാരായ മുഹാജിറുകള്‍ക്കതിരെ മദീനക്കാരായ സ്വഹാബികള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്താന്‍ ശ്രമിച്ചു. നബി(സ്വ)യെയും മുഹാജിറുകളെയും കുറിച്ച് മോശമായി പറഞ്ഞു. നബിക്കും മക്കക്കാരായ സഹാബികള്‍ക്കും വേണ്ടി ഒന്നും ചെലവ് ചെയ്യരുതെന്നും അതുമൂലം അവര്‍ മദീന വിട്ട് പോകേണ്ടി വെരുമെന്നും, മാത്രവുമല്ല 'നാം മദീനയിലേക്ക് തിരിച്ചു ചെന്നാല്‍ അവരെ നാം പുറം തള്ളു'മെന്നും തന്റെ സഹപ്രവര്‍ത്തകരോട് പറഞ്ഞു. ഇത് അവിടെ ഉണ്ടായിരുന്ന കുട്ടിയായിരുന്ന സായിദ് ബിന്‍ അര്‍ഖം (റ) കേട്ടു. ഇതിന്റെ ഗൗരവവും അപകടവും ഉള്‍ക്കൊണ്ട ഈ കുട്ടി തന്റെ പിതൃവ്യനോട് അല്ലെങ്കില്‍ ഉമറിനോട് ഇത് സൂചിപ്പിച്ചെന്നും അല്ല സൈദ് തന്നെ നബിയോട് പറഞ്ഞെന്നും ഇമാം ബുഖാരിയുടെ വ്യത്യസ്ത റിപ്പോര്‍ട്ടുകളില്‍ ഉണ്ട്. സൈദ് (റ) പറയുകയാണ്: ''അങ്ങനെ നബി(സ്വ) ഉബയ്യിബിന്‍ സലൂലിനെ വിളിച്ച വരുത്തി ചോദിച്ചപ്പോള്‍ അവന്‍ അല്ലാഹുവില്‍ സത്യമിട്ട് നിഷേധിക്കുകയും നബി(സ്വ) അതി സ്വീകരിക്കുകയും അവനെ സത്യപ്പെടുത്തുകയും ചെയ്തു. അതെന്റെ മനസ്സില്‍ വേദന ഉണ്ടാക്കി. ഞാന്‍ വീട്ടില്‍ തന്നെ ചടഞ്ഞിരിക്കാനും തുടങ്ങി. പിന്നീട് വിശുദ്ധ ക്വുര്‍ആനിലെ 63-ാം അധ്യായം  ഒന്ന് മുതല്‍ എട്ടു വരെയുള്ള വചനങ്ങള്‍ അവതരിക്കുകയും അതില്‍ ഞാന്‍ സൂചിപ്പിച്ച അവരുടെ സംസാരത്തിലേക്ക് അല്ലാഹു സൂചന നല്‍കുകയും ചെയ്തു.  അല്ലാഹു പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതന്റെ അടുക്കലുള്ളവര്‍ക്ക് വേണ്ടി, അവര്‍ (അവിടെ നിന്ന്) പിരിഞ്ഞു പോകുന്നത് വരെ നിങ്ങള്‍ ഒന്നും ചെലവ് ചെയ്യരുത് എന്ന് പറയുന്നവരാകുന്നു അവര്‍. അല്ലാഹുവിന്റെതാകുന്നു ആകാശങ്ങളിലെയും ഭൂമിയിലെയും ഖജനാവുകള്‍. പക്ഷേ, കപടന്‍മാര്‍ കാര്യം ഗ്രഹിക്കുന്നില്ല. അവര്‍ പറയുന്നു; ഞങ്ങള്‍ മദീനയിലേക്ക് മടങ്ങിച്ചെന്നാല്‍ കൂടുതല്‍ പ്രതാപമുള്ളവര്‍ നിന്ദ്യരായുള്ളവരെ പുറത്താക്കുക തന്നെ ചെയ്യുമെന്ന്. അല്ലാഹുവിനും അവന്റെ ദൂതനും സത്യവിശ്വാസികള്‍ക്കുമാകുന്നു പ്രതാപം. പക്ഷേ, കപടവിശ്വാസികള്‍ (കാര്യം) മനസ്സിലാക്കുന്നില്ല'(63:78). ഈ വചനം വരെയുള്ളത് അവതരിച്ചപ്പോള്‍ പ്രവാചകന്‍ ആളെ അയച്ചു എന്നെ വിളിച്ചു വരുത്തി പ്രസ്തുത വചനങ്ങള്‍ ഓതിത്തരികയും എന്റെ ചെവി പിടിച്ചു 'അല്ലാഹു നിന്നെ (നീ പറഞ്ഞത്) സത്യപ്പെടുത്തിയിരിക്കുന്നു' എന്ന് പറയുകയും ചെയ്തു'' (ബുഖാരി).

ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പ്രവാചകനെയും പ്രതികൂലമായി ബാധിച്ചേക്കാവുന്ന സംസാരങ്ങള്‍ പോലും അതിന്റെ ഗൗരവത്തില്‍ ഉള്‍കൊള്ളാനും അവ എത്തിക്കേണ്ടിടത്ത് എത്തിക്കാനും മാത്രം കുട്ടികള്‍ പ്രാപ്തരും ബോധവാന്മാരുമായിരുന്നു എന്നര്‍ഥം.

പ്രവാചക സ്‌നേഹം ഹൃദയത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ചില കുട്ടികളെയും അവരുടെ ജീവതത്തില്‍ അവയുടെ പ്രതിഫലനത്തെയുമാണ് നാം മുകളില്‍ വായിച്ചത്. കുട്ടികള്‍ക്കും മനസ്സില്‍ ഈമാന്‍ അടിയുറക്കുമെന്നും അതിന്റെ ഫലം നിത്യജീവിതത്തില്‍ സ്വാധീനമുണ്ടാക്കുമെന്നും ആയതിനാല്‍ ഇത്തരം വിഷയങ്ങളില്‍ കുട്ടികളെ അവഗണിച്ചു കൂടാത്തതാണെന്നും ഇത് നമുക്ക്  മനസ്സിലാക്കിത്തരുന്നു. 'ആ കുട്ടികളെല്ലാം നബി(സ്വ)യെ കണ്ടുകൊണ്ട് വളര്‍ന്നത് നിമിത്തമാണ് ഇത്തരം ഒരു നിലവാരത്തിലെത്തിയത്, നമ്മുടെ കുട്ടികളുടെ മനസ്സില്‍ ഇവ്വിധം നബി(സ്വ)യുടെ ജീവിതം പതിയുമോ?' എന്ന സംശയം നമ്മുടെ ഉള്ളില്‍ ഉയര്‍ന്നേക്കാം. മറുപടി അര്‍ഹിക്കുന്ന ചേദ്യം തന്നെയാണ്. (തുടരും)