ശീലമാവേണ്ട മര്യാദകള്‍

അശ്‌റഫ് എകരൂല്‍

2017 ജൂലായ് 29 1438 ദുല്‍ക്വഅദ് 05

ഇസ്‌ലാമിക് പാരന്റിംഗ്: 26

കുട്ടികളുടെ സ്വഭാവ വളര്‍ച്ചയില്‍ മുഖ്യമായ തലം അവര്‍ക്ക് വീട്ടിലും നാട്ടിലും അനുവര്‍ത്തിക്കല്‍ അനിവാര്യമായ മര്യാദകളെ ബോധ്യപ്പെടുത്തി ശീലിപ്പിക്കുക എന്നതാണല്ലോ. അതില്‍ മാതാപിതാക്കളും ഗുരുനാഥന്മാരുമായി ബന്ധപ്പെട്ട ചില വസ്തുതകളാണ് കഴിഞ്ഞ ലക്കത്തില്‍ നാം വായിച്ചത്. അനിവാര്യമായ മറ്റ് ചില മര്യാദകളെ കൂടി നമുക്ക് പഠിക്കാം,

രണ്ട്) മുതിര്‍ന്നവരോടുള്ള ബഹുമാനവും ആദരവും: തന്നെക്കാള്‍ മുതിര്‍ന്നവരോടുള്ള ബഹുമാനവും ആദരവും പ്രകടിപ്പിക്കുകയെന്നത് ഉയര്‍ന്ന വ്യക്തിത്വത്തിന്റെ പ്രകടമായ അടയാളമായി കുട്ടികള്‍ക്കു നാം മനസ്സിലാക്കി കൊടുക്കണം. പ്രായം തന്നെ പ്രധാനം. മറ്റെന്തിനെക്കാളും ഉപരി മനുഷ്യന്റെ പ്രായം അവര്‍ ബഹുമാനിക്കപ്പെടാന്‍ മതിയായ കാരണമായി നമ്മുടെ മക്കള്‍ കൊച്ചുപ്രായത്തിലെ മനസ്സിലാക്കേണ്ടതുണ്ട്. അതിന്നു വിരുദ്ധമായ പെരുമാറ്റമോ പ്രയോഗങ്ങളോ അവരില്‍ നിന്ന് നമ്മുടെ സാന്നിധ്യത്തിലുണ്ടായാല്‍ തത്സമയ തിരുത്തല്‍ നടക്കേണ്ടതുണ്ട്. 

ആദരവിനും ബഹുമാനത്തിനും ജാതിയും കുടുംബ മഹിമയും മാനദണ്ഡമാക്കുന്ന ചുറ്റുപാടില്‍ നിന്ന് വ്യത്യസ്തമാവണം നമ്മുടെ മക്കള്‍ നമ്മളില്‍ നിന്ന് കാണുന്നതും കേള്‍ക്കുന്നതും. ജാതി നോക്കി മുതിര്‍ന്ന പൗരന്മാരെ പോലും പേര് വിളിക്കുന്ന ശീലം, ബഹുമാനത്തിന്റെ പദചേരുവകളില്ലാതെയും അതോടൊപ്പം അനാദരവിന്റെ പദാവലികള്‍ ചേര്‍ത്തും വിളിക്കുന്ന സ്വഭാവം ഇപ്പോഴും അവശേഷിക്കുന്നുണ്ട് നമ്മുടെ നാട്ടില്‍. തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടെയും കഥകള്‍ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് നാം കാണുന്നുണ്ട്. 

നാം അങ്ങനെയുള്ളവരാകരുത്. മക്കളെ അതിന് അനുവദിക്കരുത്. നമ്മുടെ വീട്ടിലും നാട്ടിലും ചെറിയ ജോലികളില്‍ ഏര്‍പ്പെടുന്നവരും (വീട്ടുജോലിക്കു വരുന്നവര്‍, തേങ്ങയിടുന്നവര്‍, പാടത്തു  പണിയെടുക്കുന്നവര്‍....) ആരായിരുന്നാലും നാം അവരെ അവരുടെ പ്രായം പരിഗണിച്ചുകൊണ്ടേ അഭിസംബോധന ചെയ്യാവൂ. ഇവിടെ പോലും നാം സൂക്ഷ്മത പാലിച്ചാല്‍ സ്വന്തം വീട്ടിലും കുടുംബത്തിലും നാട്ടിലും ഉള്ള തന്നെക്കാള്‍ പ്രായം കൂടിയവരെ ബഹുമാനിക്കാതിരിക്കാന്‍ വളര്‍ന്നു വരുന്ന മക്കള്‍ക്ക് കഴിയില്ല.

ഇബ്‌നു ഉമറി(റ)ല്‍ നിന്ന് ഇമാം അഹ്മദ്(റഹി), ഇമാം തിര്‍മിദി(റഹി) തുടങ്ങിയവര്‍ ഉദ്ധരിക്കുന്ന ഹദീഥില്‍ നബി(സ്വ) ഇപ്രകാരം പറഞ്ഞതായി കാണാം: ''ചെറിയവരോട് കരുണ കാണിക്കാത്തവരും നമ്മുടെ മുതിര്‍ന്നവരുടെ മാന്യത അറിയാത്തവരും നമ്മില്‍ പെട്ടവരല്ല.'' 

അനസ് ബിന്‍ മാലിക്(റ) പറയുകയാണ്: ''ഒരിക്കല്‍ നബി(സ്വ)യുടെ അടുത്തേക്ക് ഒരു വൃദ്ധനായ മനുഷ്യന്‍ കടന്നുവരാന്‍ ശ്രമിച്ചു. ആളുകള്‍ അദ്ദേഹത്തിന് വേണ്ടവിധം വഴി ഒരുക്കുന്നതില്‍ അമാന്തം കാണിച്ചു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: 'നമ്മുടെ ചെറിയവരോട് കരുണ കാണിക്കാത്തവനും വലിയവരോട് ഗാംഭീര്യം തോന്നാത്തവനും നമ്മില്‍ പെട്ടവനല്ല''(തിര്‍മിദി). 

നമ്മുടെ നാട്ടിലെ മുസ്‌ലിംകള്‍ക്കിടയില്‍ ചില പ്രത്യേക കുടുംബങ്ങളില്‍ പെട്ടവരെ, അവര്‍ കുട്ടികളാണെങ്കില്‍ പോലും ബഹുമാന സൂചകങ്ങള്‍ ഉപയോഗിച്ച് മാത്രം വിളിക്കുന്ന പതിവുണ്ട്. ഉമ്മമാര്‍ പോലും അവരുടെ കൊച്ചു മക്കളെ 'നിങ്ങള്‍' എന്ന് ബഹുമാനത്തോടെയേ വിളിക്കാറുള്ളൂ. ഇങ്ങനെയൊരു അനാവശ്യമായി ആദരിക്കുന്ന കുടുംബ മഹിമ ഇസ്‌ലാമിലില്ല.

നരബാധിച്ച ആളുകളോട് കാണിക്കുന്ന ആദരവ് അല്ലാഹുവിനോടുള്ള ആദരവിന്റെ ഭാഗമാണെന്നു (അബൂദാവൂദ്) പഠിപ്പിച്ച മതമാണ് ഇസ്‌ലാം. കേവല അഭിസംബോധനയില്‍ മാത്രമല്ല നടത്തത്തിലും ഇരുത്തത്തിലും സംസാരിക്കാനുള്ള അവസരങ്ങളില്‍ പോലും തന്നെക്കാള്‍ പ്രായമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കണമെന്നതാണ് ഇസ്‌ലാമിക പാഠം. ഒന്നിലധികം ആളുകള്‍ ഒന്നിച്ചു നബി(സ്വ)യുടെ അടുക്കല്‍ വന്നു ഒരു കാര്യം സമര്‍പ്പിക്കുമ്പോള്‍ 'കൂട്ടത്തില്‍ പ്രായത്തില്‍ മുതിര്‍ന്നവര്‍ സംസാരിക്കട്ടെ' എന്ന് നബി(സ്വ) ആവശ്യപ്പെടുമായിരുന്നു (ബുഖാരി, മുസ്‌ലിം). 

ആയതിനാല്‍ മുതിര്‍ന്നവരോടുള്ള ആദരവും ബഹുമാനവും നാം ശീലമാക്കുകയും ആ രീതി നമ്മുടെ മക്കള്‍ കണ്ടു പകര്‍ത്തുകയും ചെയ്യുന്ന ജീവിത ശൈലിയാണ് നാം സ്വീകരിക്കേണ്ടത്. 

ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ് സ്വന്തം ജ്യേഷ്ഠ സഹോദരീ സഹോദരന്മാര്‍ക്ക് നല്‍കേണ്ട ബഹുമാനവും ആദരവും. പലപ്പോഴും കുട്ടികളുടെ പരിപാലനത്തില്‍ രക്ഷിതാക്കളുടെ കര്‍ത്തവ്യം നിര്‍വഹിക്കാന്‍ ബാധ്യതപ്പെട്ടവര്‍ കൂടിയാവും ജ്യേഷ്ഠ സഹോദരങ്ങള്‍. അവര്‍ക്കിടയിലെ ബഹുമാനവും ആദരവും നിലനില്‍ക്കേണ്ടത് കുടുംബ പരിപാലനത്തിന്റെ അനിവാര്യതകളില്‍ ഒന്നാണ്. ചെറുതോ വലുതോ എന്ന വ്യത്യാസമില്ലാതെ സഹോദരങ്ങള്‍ക്കിടയില്‍ സഹോദര്യവും സ്‌നേഹവും നിര്‍ഭയത്വവും നിലനില്‍ക്കണം എന്നതാണ് ഇസ്‌ലാമിന്റെ അധ്യാപനം. അതിന്നു വിഘാതമുണ്ടാക്കുന്ന ഒന്നും ഉണ്ടായിക്കൂടാത്തതാണ്. ഇമാം മുസ്‌ലിം അബൂഹുയ്‌റ(റ)യില്‍ നിന്ന് നിവേദനം ചെയ്യുന്നു: നബി(സ്വ) പറഞ്ഞു: ''ആരെങ്കിലും ഒരാള്‍ തന്റെ സഹോദരനു നേരെ വല്ല ആയുധവും ചൂണ്ടിയാല്‍ അത് ഒഴിവാക്കുന്നത് വരെ മലക്കുകള്‍ അവനെ ശപിച്ചുകൊണ്ടിരിക്കും. അത് സ്വന്തം മാതാവിന്റെയും പിതാവിന്റെയും വഴിയുള്ള സഹോദരനാണെങ്കിലും ശരി.''

മൂന്ന്). അയല്‍വാസികളോടുള്ള  മര്യാദകള്‍: 

അയല്‍വാസികള്‍ക്ക് ഇസ്‌ലാമിക ശരീഅത്തില്‍ വലിയ അവകാശങ്ങള്‍ നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. അതാവട്ടെ സാമൂഹ്യ ബന്ധങ്ങളുടെ കെട്ടുറപ്പിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ്. അതിനാല്‍ നമ്മുടെ മക്കളും അയല്‍പക്ക മര്യാദകള്‍ അറിഞ്ഞ് ആചരിക്കാന്‍ ശീലിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് തന്റെ അയല്‍പക്കത്തുള്ള കുട്ടികളോടുള്ള പെരുമാറ്റ മര്യാദകള്‍. അയല്‍വാസികള്‍ക്ക് പ്രയാസകരമായതൊന്നും നമ്മില്‍ നിന്ന് ഉണ്ടാവാതിരിക്കാന്‍ നാം ശ്രദ്ധിക്കണം. കുട്ടികളെ നാം അത് ബോധ്യപ്പെടുത്തണം. 

അയല്‍ക്കാരന്റെ കുട്ടികള്‍ക്കു പ്രാപ്യമല്ലാത്ത, അവര്‍ക്ക് മോഹമുണ്ടാക്കുന്ന വല്ലതും നമ്മുടെ കുട്ടികള്‍ക്ക് അനുഭവിക്കാനുണ്ടെങ്കില്‍ അത് അവരുടെ കണ്‍മുമ്പില്‍ വെച്ച് ആവാതിരിക്കുക എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നല്ല പഴങ്ങളോ മേറ്റാ, വില കൂടിയ കളിക്കോപ്പുകളോ അവര്‍ക്ക് കൂടി കൊടുക്കാനോ അവരെ പങ്ക് കൊള്ളിക്കാനോ പറ്റാത്തതാണെങ്കില്‍ സ്വന്തം വീട്ടിനുള്ളില്‍ വെച്ച് മാത്രമാവുക; തിന്നുന്നതും ഉപയോഗിക്കുന്നതും. പറ്റുമെങ്കില്‍ അവരുമായി പങ്കുവെക്കുക. ഇതാണ് ഇസ്‌ലാമിക മര്യാദ. 

ഇമാം ഇബ്‌നു ഹജറുല്‍ അസ്‌ക്വലാനി അദ്ദേഹത്തിന്റെ ഫത്ഹുല്‍ ബാരിയില്‍ ഉദ്ധരിക്കുന്ന, അയല്‍വാസികളോടുള്ള മര്യാദകള്‍ വിവരിക്കുന്ന ഒരു ഹദീഥില്‍ നബി(സ്വ) ഇപ്രകാരം പറഞ്ഞതായി കാണാം: '...നീ ഒരു പഴം വാങ്ങിയാല്‍ നിന്റെ അയല്‍വാസിക്കും അതില്‍ നിന്ന് ഹദ്‌യ നല്‍കുക. അത് നിനക്ക് സാധ്യമല്ലെങ്കില്‍ നീ നിന്റെ വീട്ടിനുള്ളില്‍ (നിന്ന് കഴിക്കുക) സ്വകാര്യമാക്കുക. നിന്റെ മകന്‍ അവന്റെ മകനെ പ്രകോപിപ്പിക്കും വിധം അതുമായി പുറത്തു പോകരുത്.''  

എത്ര ഉദാത്തമായ അധ്യാപനങ്ങളാണ് അല്ലാഹുവിന്റെ തിരുദൂതര്‍ നമുക്കു നല്‍കുന്നത്! നമ്മുടെ മക്കള്‍ ഇപ്രകാരം ഇസ്‌ലാമികാധ്യാപനങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിച്ചാല്‍, മറ്റുള്ളവര്‍ ഇസ്‌ലാമിനെ ആദരിക്കാന്‍ കൂടി അത് കാരണമാകും.

(തുടരും)