വിശ്വാസ വളര്‍ച്ച കുട്ടികളില്‍

അശ്‌റഫ് എകരൂല്‍

2017 ഏപ്രില്‍ 22 1438 റജബ് 25

ഇസ്‌ലാമിക് പാരന്റിംഗ്: 15

കുട്ടികളില്‍ വിശ്വാസപരമായ വളര്‍ച്ച ഉണ്ടാക്കിയെടുക്കേണ്ട രീതിശാസ്ത്രം മാതാപിതാക്കള്‍ ആര്‍ജിക്കേണ്ടതുണ്ട്. ഹൃദയത്തില്‍ ദൈവവിശ്വാസത്തിന്റെ ലക്ഷണമൊത്ത വിത്തുമായാണ് ഓരോ കുഞ്ഞുംഈ ഭൂമിയില്‍ ജനിച്ച് വീഴുന്നത്. അത് നനച്ചുവളര്‍ത്തുകയാണ് നമുക്ക് ചെയ്യാനുള്ളത്. അല്ലാഹു പറയുന്നു: ''നിന്റെ രക്ഷിതാവ് ആദം സന്തതികളില്‍ നിന്ന്, അവരുടെ മുതുകുകളില്‍ നിന്ന് അവരുടെ സന്താനങ്ങളെ പുറത്ത് കൊണ്ട് വരികയും, അവരുടെ കാര്യത്തില്‍ അവരെ തന്നെ അവന്‍ സാക്ഷി നിര്‍ത്തുകയും ചെയ്ത സന്ദര്‍ഭം (ഓര്‍ക്കുക.) (അവന്‍ ചോദിച്ചു:) ഞാന്‍ നിങ്ങളുടെ രക്ഷിതാവല്ലയോ? അവര്‍ പറഞ്ഞു: അതെ, ഞങ്ങള്‍ സാക്ഷ്യം വഹിച്ചിരിക്കുന്നു. തീര്‍ച്ചയായും ഞങ്ങള്‍ ഇതിനെപ്പറ്റി ശ്രദ്ധയില്ലാത്തവരായിരുന്നു. എന്ന് ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ നിങ്ങള്‍ പറഞ്ഞേക്കും എന്നതിനാലാണ് (അങ്ങനെ ചെയ്തത്)'' (7:172).

അല്ലാഹുവിന്റെ രക്ഷാധികാരം അംഗീകരിച്ച ഹൃദയവുമായി വന്ന ആദം സന്തതിയാണ് നമ്മുടെ കയ്യിലുള്ള കുഞ്ഞും. അതിനാല്‍ വിശ്വാസപരമായ അടിത്തറകളിലൂടെ വേണം അവനെ വളര്‍ത്തുന്നത്. എങ്കിലേ അവന്‍ ആദര്‍ശമുറച്ച മനുഷ്യനായി മാറുകയുള്ളൂ. 

മതം പഠിപ്പിക്കുന്ന മുഴുവന്‍ വിശ്വാസകാര്യങ്ങളും സന്ദേഹരഹിതമായി അവന്‍ അംഗീകരിക്കണം. അല്ലാഹു, മലക്കുകള്‍, വേദഗ്രന്ഥങ്ങള്‍, പ്രവാചകന്മാര്‍, മരണാന്തര ജീവിതം, സ്വര്‍ഗം, നരകം, വിധി... ഇതുപോലുള്ള എല്ലാ വിശ്വാസ കാര്യങ്ങളും യാഥാര്‍ഥ്യമാണെന്ന ബോധ്യം കുട്ടികളില്‍ വളര്‍ത്തിക്കൊണ്ടുവരിയകയാണ് വിശ്വാസപരമായ വളര്‍ച്ച എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇവിടെ രക്ഷിതാക്കള്‍ ആശങ്കപ്പെടുന്ന ചില കാര്യങ്ങള്‍ ഉണ്ട്. ഇതെല്ലാം അദൃശ്യ കാര്യങ്ങളാണ്, ഇതെങ്ങനെ കുട്ടികളെ ബോധിപ്പിക്കും? ഈ വിഷയങ്ങളോട് കുട്ടികളെങ്ങനെ പ്രതികരിക്കും? ഉയര്‍ന്ന ചിന്തയും ബുദ്ധിയും ആവശ്യമുള്ള ഈ വക കാര്യങ്ങള്‍ കുട്ടികള്‍ക്ക് ഉള്‍ക്കൊള്ളാനാകുമോ? ഇതെല്ലാം അവര്‍ ബുദ്ധി വളരുമ്പോള്‍ പഠിച്ചുകൊള്ളും എന്ന നിലക്ക് വിട്ടേക്കുന്നതല്ലേ നല്ലത്? 

ഇത്തരം ഒരുകൂട്ടം ചോദ്യങ്ങള്‍ നമ്മെ അലോസരപ്പെടുത്തിയേക്കാം. എന്നാല്‍ കുട്ടികളെ സമൂഹത്തിന്റെയും മതത്തിന്റെയും വേര്‍പെടുത്താന്‍ പറ്റാത്ത ഒരു ഭാഗമായി കണ്ടുകൊണ്ടുള്ള  ഇസ്‌ലാമിക അധ്യാപനങ്ങളിലേക്ക് ഇറങ്ങിച്ചെന്നാല്‍ ഇതിന്റെ ലളിത മാര്‍ഗങ്ങളും മാതൃകകളും നമുക്ക് കാണാന്‍ കഴിയും.

കുട്ടികളുടെ വിശ്വാസ വളര്‍ച്ചയുടെ പ്രാധാന്യത്തെക്കുറിച്ച് ഇമാം ഗസ്സാലി പറയുന്നത് കാണുക: ''കുട്ടികള്‍ക്ക് അവരുടെ വളര്‍ച്ചയുടെ തുടക്കം മുതല്‍ തന്നെ വിശ്വാസ കാര്യങ്ങള്‍ സമര്‍പ്പിച്ച് തുടങ്ങണം. തുടക്കത്തില്‍ (വിശ്വാസ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വചനങ്ങള്‍) മനഃപാഠമാക്കുന്ന രീതി സ്വീകരിക്കുക. അവരുടെ ബോധമണ്ഡലവും ബുദ്ധിയും വളരുന്നതിനനുസരിച്ച് ആശയങ്ങള്‍ അവരുടെ മുമ്പില്‍ അല്‍പാല്‍പമായി തെളിഞ്ഞു വന്നുകൊണ്ടിരിക്കും. അതിനാല്‍ മനഃപാഠത്തില്‍ നിന്ന് തുടങ്ങുക. തുടര്‍ന്ന്  മനസ്സിലാക്കലും വിശാസവും ഉറപ്പും സത്യപ്പെടുത്തലും അതിന്റെ തുടര്‍ച്ചയായി സംഭവിച്ചു കൊള്ളും. കുഞ്ഞുങ്ങളുടെ ശുദ്ധ പ്രകൃതി തെളിവുകളെ തേടാതെ സ്വീകരിക്കുന്നതാകയാല്‍ അത് എളുപ്പവുമാണ്. കുട്ടികള്‍ക്ക് വിശ്വാസം ഉള്‍ക്കൊള്ളാനും അവ സ്വീകരിക്കാനും തര്‍ക്കങ്ങളും വാചകക്കസര്‍ത്തുകളും ആവശ്യമില്ല. മറിച്ച് ക്വുര്‍ആന്‍ സൂക്തങ്ങളുടെ നിരന്തര പാരായണവും മനനവും നബി വചനങ്ങളുടെ വായനയും അവരിലുണ്ടായിക്കൊണ്ടിരിക്കുകയും ആവര്‍ത്തിതമായി വരുന്ന ആരാധനകള്‍ ആ ചൈതന്യത്തെ പരിപോഷിപ്പിക്കുകയും ചെയ്യും''(ഇഹ്‌യാ ഉലൂമുദ്ദീന്‍).

വിശുദ്ധ ക്വുര്‍ആനിന്റെ അധ്യായങ്ങളില്‍ നിന്ന് ഏറ്റവും എളുപ്പം മനഃപാഠമാക്കാവുന്നതും ശൈശവം മുതല്‍ എല്ലാവരും മനഃപാഠമാക്കാന്‍ ശ്രദ്ധിക്കുന്നതുമായ അവസാന ഭാഗത്തുള്ള അധ്യായങ്ങളും സൂക്തങ്ങളും ഈ വസ്തുത അടയാളപ്പെടുത്തുന്നുണ്ട്. അവ അധികവും, അല്ല ഒരു പരിധി വരെ മുഴുവനായും അല്ലാഹുവിന്റെ അസ്തിത്വത്തെ ബോധ്യപ്പെടുത്തുന്നതും അരക്കിട്ടുറപ്പിക്കുന്നതുമാണ്. സൂറഃ അല്‍ ഇഖ്‌ലാസും കാഫിറൂനും ഏറ്റവും നല്ല രണ്ടു ഉദാഹരങ്ങളാണ്. ഒന്ന് ഏക ദൈവത്തിന്റെ കൃത്യത ബൗദ്ധികമായി ഉറപ്പിക്കുമ്പോള്‍ മറ്റേത് അതിന്റെ പ്രായോഗിക തലത്തെ ആരാധന ശീലത്തിലൂടെ പ്രഖ്യാപിക്കുന്നതും പ്രയോഗിക്കുന്നതുമാണ്. ഇവ രണ്ടും, മനനവും പാരായണവുമായി കുട്ടികളുടെ ജീവിതവുമായി ഇണചേര്‍ന്ന് നില്‍ക്കുന്നു. ഇത് പതിയെ പതിയെ അവരുടെ ഹൃദയങ്ങള്‍ക്ക് ബഹുദൈവത്വത്തിന്റെ മാലിന്യങ്ങള്‍ക്ക് പ്രവേശനം അസാധ്യമാകും വിധം ഏകദൈവ വിശ്വാസത്തിന്റെ ശക്തമായ ഭിത്തികള്‍ പണിയുന്നുവന്നു കാണാം.

വിശുദ്ധ ക്വുര്‍ആന്‍ നമുക്ക് നല്‍കുന്ന പ്രവാചകന്മാരുടെയും മഹത്തുക്കളുടെയും ചരിത്രങ്ങളില്‍ നാം കാണുന്നത് അവര്‍ കുട്ടികളുടെ  മതവിഷയത്തിലും വിശ്വാസ മേഖലയിലും  പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയിരുന്നുവെന്നാണ്. അല്ലാഹു പറയുന്നു: ''ഇബ്‌റാഹീമും യഅ്ക്വൂബും അവരുടെ സന്തതികളോട് ഇത് (കീഴ്‌വണക്കം) ഉപദേശിക്കുക കൂടി ചെയ്തു. എന്റെ മക്കളേ, അല്ലാഹു നിങ്ങള്‍ക്ക് ഈ മതത്തെ വിശിഷ്ടമായി തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ അല്ലാഹുവിന്ന് കീഴ്‌പെടുന്നവരായി (മുസ്‌ലിംകളായി)ക്കൊണ്ടല്ലാതെ നിങ്ങള്‍ മരിക്കാനിടയാകരുത്. (ഇങ്ങനെയാണ് അവര്‍ ഓരോരുത്തരും ഉപദേശിച്ചത്)'' (1:132).

രക്ഷിതാക്കള്‍ മക്കളില്‍ അല്ലാഹുവിനെ കുറിച്ചുള്ള ബോധം അങ്കുരിപ്പിക്കുന്ന തരത്തില്‍ അവരെ ഉപദേശിക്കുന്നതിന്റെ ഉദാത്തമായ ഉദാഹരണമാണ് ലുക്വ്മാന്‍ തന്റെ കുഞ്ഞു മകന് നല്‍കുന്ന ഉപദേശങ്ങള്‍. ലുക്മാന്‍ എന്ന അധ്യാത്തിലൂടെ അത് അല്ലാഹു നമ്മെ പഠിപ്പിക്കുന്നുണ്ട്: ''ലുക്വ്മാന്‍ തന്റെ മകന് സദുപദേശം നല്‍കിക്കൊണ്ടിരിക്കെ അവനോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്റെ കുഞ്ഞുമകനേ, നീ അല്ലാഹുവോട് പങ്കുചേര്‍ക്കരുത്. തീര്‍ച്ചയായും അങ്ങനെ പങ്കുചേര്‍ക്കുന്നത് വലിയ അക്രമം തന്നെയാകുന്നു'' (31:13).

'എന്റെ കുഞ്ഞുമകനേ, തീര്‍ച്ചയായും അത് (കാര്യം) ഒരു കടുക് മണിയുടെ തൂക്കമുള്ളതായിരുന്നാലും, എന്നിട്ടത് ഒരു പാറക്കല്ലിനുള്ളിലോ ആകാശങ്ങളിലോ ഭൂമിയിലോ എവിടെ തന്നെ ആയാലും അല്ലാഹു അത് കൊണ്ടുവരുന്നതാണ്. തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു''(31:16).

മുഹമ്മദ് നബി(സ്വ) കുട്ടികളുടെ മതവിശ്വാസത്തിന്റെ കാര്യത്തില്‍ പ്രത്യേകം പരിഗണന നല്‍കിയതായും അവരെ പ്രോത്സാഹിപ്പിച്ചതായും കാണാവുന്നതാണ്. അതിന്റെ ഒരു തെളിവാണ് കേവലം പത്തു വയസ്സുള്ള അലി എന്ന 'കുട്ടി' ഇസ്‌ലാം സ്വീകരിച്ച ആദ്യ നാലുപേരുടെ ലിസ്റ്റില്‍  ഒരാളായി ഇടം പിടിച്ചത്. 'കുട്ടിയല്ലേ' എന്ന ലളിത നയം ഇവിടെ അപ്രസക്തമാണെന്നര്‍ഥം. ജൂതനും തന്റെ പരിചാരകനുമായ കുട്ടിക്ക് അസുഖമായ സമയത്ത് അവനെ വീട്ടില്‍ പോയി സന്ദര്‍ശിക്കുകയും അവന്റെ രക്ഷിതാക്കളുടെ സാനിധ്യത്തില്‍ വെച്ച് അവനെ ഏക ദൈവാരാധനയിലേക്കു ക്ഷണിക്കുകയും ചെയ്തത് സ്മരണീയമാണ്. വിശ്വാസത്തിലും (ഈമാന്‍) സമര്‍പ്പണത്തിലും (ഇസ്‌ലാം) മാറ്റിനിര്‍ത്തപ്പെടേണ്ടവരല്ല കുട്ടികള്‍ എന്നര്‍ഥം. വിശാസത്തില്‍ നിന്ന് പോഷണം നല്‍കപ്പെടേണ്ടവര്‍ തന്നെയാണവര്‍. അവരാണ് ഈ സമുദായത്തിന്റെ ഭാവി നായകരും പണ്ഡിതരുമാകേണ്ടവര്‍. അതിനാല്‍ ചുറ്റുപാടുകളില്‍ നിന്നുള്ള ബഹുദൈവ വിശ്വാസത്തിന്റെയും ദൈവനിരാസത്തിന്റെയും മറ്റു അനിസ്‌ലാമിക സംകാരത്തിന്റെയും പൊടിക്കാറ്റുകള്‍ അവരുടെ ഹൃദയങ്ങളെ മലിനമാക്കും മുമ്പ് അതിനെ സത്യവിശ്വാസത്തിന്റെ ആവരണമണിയിക്കാന്‍ രക്ഷിതാക്കള്‍ അലസത കാണിക്കരുത്.

മക്കളില്‍ വിശ്വാസ വളര്‍ച്ച ഉണ്ടാക്കിയെടുക്കുന്നതില്‍ രക്ഷിതാക്കളുടെ ഉത്തരവാദിത്തം ഇസ്‌ലാമിക ദൃഷ്ട്യാ എത്ര വലുതാണെന്ന് നാം മനസ്സിലാക്കി. ഈ മേഖലയില്‍ അനുകൂലമല്ലാത്തതെന്നു നമുക്കു തോന്നുന്ന ആധുനിക പരിസരത്തു നിന്നുകൊണ്ട് തന്നെ, ഇത് സാധ്യമാക്കാനുള്ള ലളിതവും പ്രായോഗികവുമായ ഇസ്‌ലാമിക മാര്‍ഗങ്ങള്‍ ഉണ്ടോ എന്ന് നമുക്ക് അന്വേഷിക്കാം.