അനാഥര്‍ക്ക് തണലേകുക

അശ്‌റഫ് എകരൂല്‍ 

2017 ഏപ്രില്‍ 08 1438 റജബ് 11

നിര്‍ഭയത്വവും നിരീക്ഷണവും നിര്‍ലോഭം ലഭിക്കേണ്ട ബാല്യങ്ങള്‍ക്ക് അവയുടെ അസാന്നിധ്യം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും അവയെ മറികടക്കാനുള്ള ഇസ്‌ലാമിക പരിഹാരങ്ങളും വിശകലനം ചെയ്യുന്നിടത്ത് പരാര്‍ശിക്കപ്പെടെണ്ടതാണ് അനാഥത്വം. മക്കളുടെ വഴിതെറ്റിയുള്ള സഞ്ചാരത്തിന് അനാഥത്വം പലപ്പോഴും കാരണമാകാറുണ്ട്. ആവര്‍ത്തിക്കപ്പെടുന്ന യുദ്ധങ്ങളും ആധുനിക ജീവിത ശൈലി സമ്മാനിക്കുന്ന രോഗങ്ങളും പ്രകൃതി ദുരന്തങ്ങളും മൂലം വര്‍ധിക്കുന്ന മരണങ്ങള്‍ നിമിത്തം എണ്ണം പെരുകുന്ന അനാഥകളെ സ്‌നേഹത്തിന്റെയും സുരക്ഷയുടെയും ചിറകിനുള്ളിലേക്ക് ഒതൂക്കിപ്പിടിച്ചില്ലെങ്കില്‍ തീര്‍ച്ചയായും ഈ മനുഷ്യവിഭവങ്ങള്‍ മലിനപ്പെടുകയും മനുഷ്യകുലത്തിനു തന്നെ ഭീഷണിയായി മാറുകയും ചെയ്യുമെന്നത് ഒരു യാഥാര്‍ഥ്യമാണ്.

ജീവിതപുഷ്പത്തിന്റെ ഇതളുകള്‍ വിരിയുമ്പോഴേക്കും പിതാവിന്റെ മരണം സംഭവിക്കുന്ന കുട്ടികള്‍ക്ക് സ്‌നേഹവും സുരക്ഷയും നിര്‍ദേശങ്ങളും നല്‍കാനും അവരെ നന്മയിലേക്ക് കൈപിടിച്ചു നടത്താനും ആളില്ലാതാകുന്നു. പിതാവിന്റെ അഭാവം അവരെ ക്രമരഹിതജീവിതത്തിലേക്ക് തള്ളിവിടുകയും അവരിലേക്ക് കുറ്റവാസനകള്‍ കയറിക്കൂടുകയും ചെയ്യും. എന്നാല്‍ ഇസ്‌ലാം അവര്‍ക്ക് ചുറ്റും സംരക്ഷണഭിത്തി തീര്‍ക്കുന്നുണ്ട്.

മരണം അല്ലാഹുവിന്റെ നിശ്ചയത്തില്‍ മാത്രം നടക്കുന്ന ഒന്നായതിനാല്‍ അനാഥരാകുന്ന കുഞ്ഞുങ്ങള്‍ ജീവിച്ചിരിക്കുന്നവര്‍ക്കുള്ള ഒരു ദൈവിക പരീക്ഷണമാണ്. ആയതിനാല്‍ ഒരിക്കലും അനാഥത്വം മൂലം ഒരു കുഞ്ഞിന്റെയും ജീവിതാവസരങ്ങള്‍ നിഷേധിക്കപ്പെടാവതല്ല. അതിനാവശ്യമായ കരുത്തുറ്റ മാര്‍ഗനിര്‍ദേശങ്ങളാണ് അല്ലാഹു വിശ്വാസികള്‍ക്കു നല്‍കിയത്.

ഇരുപത്തിരണ്ടോളം സ്ഥലങ്ങളിലാണ് വിശുദ്ധ ക്വുര്‍ആനില്‍ അനാഥകളെ കുറിച്ചുള്ള പരാമര്‍ശങ്ങളുള്ളത്. അതിന്ന് പുറമെ നബി വചനകള്‍ നിരവധിയാണ്. ഇവ പരിശോധിച്ചാല്‍ മനസ്സിലാകുന്നത് ഇവ മൂന്ന് തലങ്ങളെ ഉള്‍കൊള്ളുന്നുവെന്നതാണ്.

ഒന്ന്: അനാഥകളോടു നന്മ ചെയ്യുന്നതിന്റെ പ്രാധാന്യവും പ്രതിഫലവും ഊന്നിപ്പറയുന്നത്.

രണ്ട്: അവരുടെ സാമൂഹ്യ അവകാശങ്ങളെ വിവരിക്കുന്നത്.

മൂന്ന്: അവരുടെ സാമ്പത്തിക അവകാശങ്ങളെ പരിഗണിക്കുന്നത്.

പിതാവിന്റെ ലാളനയും വാത്സല്യവും നഷ്ടപ്പട്ടവരാണല്ലോ അനാഥകള്‍. പക്ഷേ, ദൈവിക കാരുണ്യം അവര്‍ക്ക് നഷ്ടമാകുന്നില്ല. അവരുടെ നഷ്ടങ്ങളെ നികത്താന്‍ ഉതകും വിധം നിയമങ്ങള്‍ നിശ്ചയിച്ചു വെച്ച നാഥന്‍, ജീവിച്ചിരിക്കുന്ന ചുറ്റുമുള്ളവരോട് നിര്‍ദേശിച്ചത് അനാഥയെ കൈവിടാതെ തങ്ങളുടെ ജീവിതത്തോട് ചേര്‍ത്തു പിടിക്കാനാണ്. അല്ലാഹു പറഞ്ഞു: ''അനാഥകളെപ്പറ്റിയും അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: അവര്‍ക്ക് നന്മ വരുത്തുന്നതെന്തും നല്ലതാകുന്നു. അവരോടൊപ്പം നിങ്ങള്‍ കൂട്ടു ജീവിതം നയിക്കുകയാണെങ്കില്‍ (അതില്‍ തെറ്റില്ല). അവര്‍ നിങ്ങളുടെ സഹോദരങ്ങളാണല്ലോ. നാശമുണ്ടാക്കുന്നവനെയും നന്മവരുത്തുന്നവനെയും അല്ലാഹു വേര്‍തിരിച്ചറിയുന്നതാണ്. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്‍ നിങ്ങള്‍ക്ക് ക്ലേശമുണ്ടാക്കുമായിരുന്നു. തീര്‍ച്ചയായും അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു'' (2:220).

''ആഹാരത്തോട് പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരന്നും അവരത് നല്‍കുകയും ചെയ്യും'' (76;8). അനാഥകളുടെ വിഷയത്തിലുള്ള ജാഗ്രതയും പരിഗണനയും ദൈവികമതത്തിന്റെ അടിസ്ഥാന ആദര്‍ശങ്ങളിലൊന്നാണെന്നാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്. ഇസ്‌റാഈല്‍ സന്തങ്ങളോട് അല്ലാഹു വാങ്ങിയ കരാറില്‍ അനാഥകളുടെ കാര്യം ഉള്‍പ്പെടുത്തി. അല്ലാഹു പറഞ്ഞു: ''മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും നന്‍മ ചെയ്യണം... എന്നെല്ലാം നാം ഇസ്‌റാഈല്യരോട് കരാര്‍ വാങ്ങിയ സന്ദര്‍ഭം (ഓര്‍ക്കുക)'' (2:83).

മൂസാനബി(അ)യുടെ ചരിത്രത്തിലെ വിജ്ഞാനിയായ ഖിള്‌റിനോടാപ്പമുള്ള പഠനയാത്രയിലെ ഒരു സംഭവം പരാമര്‍ശിക്കുന്നിടത്ത്, വീഴാറായ ഒരു മതില്‍ കൂലി വാങ്ങാതെ കെട്ടി ശരിപ്പെടുത്തി കൊടുത്തതിന്റെ കാരണം വിശദമാക്കുന്നിടത്ത് അത് രണ്ട് അനാഥക്കുട്ടികളുടേതായിരുന്നെന്നും അതിനുള്ളില്‍ അവര്‍ക്കായുള്ള നിധി സൂക്ഷിപ്പ് ഉണ്ടായിരുന്നെന്നും പറയുന്നത് കാണാം (18:82).

അനാഥനായി ജനിച്ചു വളര്‍ന്ന മുഹമ്മദ് നബി(സ്വ)ക്ക് അല്ലാഹു നല്‍കിയ മഹത്തായ അനുഗ്രഹങ്ങളെ വിശുദ്ധ ക്വുര്‍ആന്‍ എടുത്ത് പറയുന്നത് കാണുക: ''നിന്നെ അവന്‍ ഒരു അനാഥയായി കണ്ടെത്തുകയും എന്നിട്ട് (നിനക്ക്) ആശ്രയം നല്‍കുകയും ചെയ്തില്ലേ? നിന്നെ അവന്‍ വഴി അറിയാത്തവനായി കണ്ടെത്തുകയും എന്നിട്ട് (നിനക്ക്) മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു. നിന്നെ അവന്‍ ദരിദ്രനായി കണ്ടെത്തുകയും എന്നിട്ട് അവന്‍ ഐശ്വര്യം നല്‍കുകയും ചെയ്തിരിക്കുന്നു'' (93:6-8).

അനാഥകള്‍ ഉത്തമ മനുഷ്യരായി വളരാനുള്ള മൂന്ന് അവശ്യ ഘടകങ്ങളിലേക്ക് വെളിച്ചം വീശുന്നുണ്ട് ഈ വചനങ്ങള്‍. അവ തീര്‍ച്ചയായും അനാഥ സംരക്ഷകരും പരിപാലകരും ഉള്‍ക്കൊള്ളേണ്ടതും അവര്‍ക്ക് ലഭ്യമാക്കേണ്ടതുമായ അവകാശങ്ങളാണ്. ഈ വചനത്തിന്റെ വെളിച്ചത്തില്‍ മൂന്നു കാര്യങ്ങള്‍ അനാഥകള്‍ക്ക് അനിവാര്യമാണെന്ന് മനസ്സിലാക്കാം:

ഒന്ന്: അഭയമാകുന്ന ഒരു ഗേഹം.

രണ്ടു: നല്ല ധാര്‍മിക ശിക്ഷണവും വിദ്യഭ്യാസവും.

മൂന്നു: ജീവിതാവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ വേണ്ട സാമ്പത്തിക ശേഷി.

മാനസികമായ ഔന്നത്യമാണ് അനിവാര്യമായ മറ്റൊന്ന്. അല്ലാഹു പറഞ്ഞു: ''എന്നിരിക്കെ അനാഥയെ നീ അടിച്ചമര്‍ത്തരുത്''(93:9).

അഭിമാനത്തിനും ജീവിത സുരക്ഷക്കും പരിക്കേല്‍ക്കും വിധം അനാഥയോടു അവഗണന കാണിക്കുന്നവരെ മതനിഷേധികളായിട്ടാണ് ക്വുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. അല്ലാഹു പറയുന്നു: ''മതത്തെ വ്യാജമാക്കുന്നവന്‍ ആരെന്ന് നീ കണ്ടുവോ? അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്'' (107:12). ''അല്ല, പക്ഷേ, നിങ്ങള്‍ അനാഥയെ ആദരിക്കുന്നില്ല'' (89:17).

അനാഥകള്‍ എപ്പോഴും ദരിദ്രരാവണം എന്നില്ല. പക്ഷേ, നാഥനില്ലാത്ത സമ്പത്ത് ചൂഷണം ചെയ്യാന്‍ എളുപ്പമാണന്ന് മലിനഹൃദയമുള്ളവര്‍ക്കറിയാം. ക്രിയാത്മകമായി വളര്‍ത്തുകയും നിലനിര്‍ത്തുകയും ചെയ്യേണ്ട അനാഥകളുടെ സമ്പത്ത് പലപ്പോഴും അതിന്റെ കൈകാര്യ കര്‍ത്താക്കള്‍ സൂഷ്മതയില്ലാതെ കൈകാര്യം ചെയ്യുന്നതും നമുക്ക് കാണാം. 'കാട്ടിലെ മരം, തേവരുടെ ആന, വലിയെടാ വലി' എന്ന അര്‍ഥത്തില്‍ അനാഥകളുടെ മുതല്‍ സൂക്ഷ്മതയില്ലാതെ കൈകാര്യം ചെയ്യുന്നവര്‍ക്കു കടുത്ത താക്കീതാണ് അല്ലാഹു നല്‍കുന്നത്. അല്ലാഹു പറഞ്ഞു: ''അനാഥകള്‍ക്ക് അവരുടെ സ്വത്തുക്കള്‍ നിങ്ങള്‍ വിട്ടുകൊടുക്കുക. നല്ലതിനുപകരം ദുഷിച്ചത് നിങ്ങള്‍ മാറ്റിയെടുക്കരുത്. നിങ്ങളുടെ ധനത്തോട് കൂട്ടിചേര്‍ത്ത് അവരുടെ ധനം നിങ്ങള്‍ തിന്നുകളയുകയുമരുത്. തീര്‍ച്ചയായും അത് ഒരു കൊടും പാതകമാകുന്നു''(4:2).

''തീര്‍ച്ചയായും അനാഥകളുടെ സ്വത്തുകള്‍ അന്യായമായി തിന്നുന്നവര്‍ അവരുടെ വയറുകളില്‍ തിന്നു(നിറക്കു)ന്നത് തീ മാത്രമാകുന്നു. പിന്നീട് അവര്‍ നരകത്തില്‍ കത്തിയെരിയുന്നതുമാണ്'' (4:10).

''ഏറ്റവും ഉത്തമമായ മാര്‍ഗത്തിലൂടെയല്ലാതെ നിങ്ങള്‍ അനാഥയുടെ സ്വത്തിനെ സമീപിച്ചു പോകരുത്. അവന്ന് കാര്യപ്രാപ്തി എത്തുന്നത് വരെ (നിങ്ങള്‍ അവന്റെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കണം'' (6:152).

എന്നാല്‍ പിതാവിന്റെ മരണത്തോടു കൂടി ജീവിത മാര്‍ഗം തടയപ്പെടുന്ന അനാഥകളാണെങ്കില്‍ അവരുടെ സാമ്പത്തിക സുരക്ഷിതത്വം ഇസ്‌ലാമിക വഴികളിലൂടെ തന്നെ വിശ്വാസി സമൂഹം ഉറപ്പ് വരുത്തേണ്ടതുണ്ട്. അവരെ ദാരിദ്ര്യത്തിലേക്കും അത് മുഖേന കുറ്റവാസനകളിലേക്കും തള്ളിവിടരുത്.

''(നബിയേ,) അവര്‍ നിന്നോട് ചോദിക്കുന്നു; അവരെന്താണ് ചെലവഴിക്കേണ്ടതെന്ന്. നീ പറയുക: നിങ്ങള്‍ നല്ലതെന്ത് ചെലവഴിക്കുകയാണെങ്കിലും മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും വഴിപോക്കന്മാര്‍ക്കും വേണ്ടിയാണത് ചെയ്യേണ്ടത്. നല്ലതെന്ത് നിങ്ങള്‍ ചെയ്യുകയാണെങ്കിലും തീര്‍ച്ചയായും അല്ലാഹു അതറിയുന്നവനാകുന്നു''(2:215).

യുദ്ധാനന്തര സ്വത്തിലും (അന്‍ഫാല്‍ 41, അല്‍ ഹശ്ര്‍ 7) അനന്തര സ്വത്ത് വീതം വെക്കുന്നിടത്ത് അനാഥരുടെ സാന്നിധ്യമുണ്ടങ്കില്‍ അതിലും ഇസ്‌ലാം ഒരു ഓഹരി അനാഥക്ക് ഉണ്ടാവണമെന്ന് നിര്‍ദേശിക്കുന്നു (4:8). അനാഥ സംരക്ഷണവും പരിപാലനവും ഏെറ്റടുത്ത് നടത്തുന്ന സാമ്പത്തിക ശേഷിയുള്ളവരോട് അനാഥക്ക് സ്വന്തം സ്വത്തില്‍നിന്നും നല്‍കി മാന്യത പുലര്‍ത്താനും ദരിദ്രരോട് മര്യാദ പൂര്‍വം അനാഥയുടെ സ്വത്തില്‍ നിന്ന് ഉപയോഗിച്ചുകൊള്ളാനും ക്വുര്‍ആന്‍ അനുവാദം നല്‍കുന്നു (4:6).

ഈ ദൈവിക നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ മടി കാണിക്കുന്നവര്‍ക്ക് മുമ്പില്‍ സ്വന്തം മരണവും അപ്പോള്‍ അനാഥമാവുന്ന മക്കളുടെ അവസ്ഥയും ഓര്‍മിപ്പിക്കുന്നുണ്ട് അല്ലാഹു: ''തങ്ങളുടെ പിന്നില്‍ ദുര്‍ബലരായ സന്താനങ്ങളെ വിട്ടേച്ചുപോയാല്‍ (അവരുടെ ഗതിയെന്താകുമെന്ന്) ഭയപ്പെടുന്നവര്‍ (അതേവിധം മറ്റുള്ളവരുടെ മക്കളുടെ കാര്യത്തില്‍) ഭയപ്പെടട്ടെ. അങ്ങനെ അവര്‍ അല്ലാഹുവെ സൂക്ഷിക്കുകയും, ശരിയായ വാക്ക് പറയുകയും ചെയ്യട്ടെ'' (4:9).

അനാഥകളെ ഇസ്‌ലാമിക പരിപാലനത്തിലൂടെ സംരക്ഷിച്ചിട്ടില്ലെങ്കില്‍ ആ കുട്ടികള്‍ എല്ലാ അര്‍ഥത്തിലും വഴിപിഴച്ചുപോകും എന്നതിനാലാണ് ഇസ്‌ലാം അനാഥകളുടെ കാര്യത്തില്‍ ഇത്രയും കരുതല്‍ പുലര്‍ത്തുന്നത്.

കുട്ടികള്‍ വഴിതെറ്റുന്നതിനുള്ള പ്രധാന കാരണങ്ങളും ഇസ്‌ലാമിക പരിഹാരങ്ങളും നാം മനസ്സിലാക്കി. രക്ഷിതാക്കളുടെയും അധ്യാപകരുടെയും ചുമലിലേല്‍പിക്കപ്പെട്ട ഉത്തരവാദിത്തം ഭാരിച്ചതാണെന്ന് ഇത് നമ്മെ ബോധ്യപ്പെടുത്തുന്നു. വളരെ ജാഗ്രതയും അവബോധവും ആവശ്യമുള്ള മേഖലയാണ് പാരന്റിങ്.

എല്ലാ വഴികേടിന്റെയും പാതയില്‍ നിന്ന് അകന്ന് കുട്ടികളുടെ വൈവിധ്യങ്ങളാര്‍ന്ന വളര്‍ച്ചക്കാവശ്യമായ ഇസ്‌ലാമിക പോഷണങ്ങളെ നിശ്ചിത അളവിലും സമയങ്ങളിലും നല്‍കുക മാത്രമാണ് കുഞ്ഞിന്റെ സമഗ്ര വളര്‍ച്ചക്കുള്ള മാര്‍ഗം. അതാണ് സത്യത്തില്‍ ഇസ്‌ലാമിക് പാരന്റിങ്. എന്താണ് കുട്ടികളുടെ വൈവിധ്യമാര്‍ന്ന വളര്‍ച്ച? ഓരോ തരം വളര്‍ച്ചക്കും അനിവാര്യമായ ഇസ്‌ലാമിക പോഷണങ്ങള്‍ എന്തെല്ലാമാണ്? വരും ലക്കങ്ങളില്‍ വിവരിക്കാം.