കായിക ക്ഷമതയുടെ ഇസ്‌ലാമിക പാഠങ്ങള്‍ 

അശ്‌റഫ് എകരൂല്‍

2017 ഒക്ടോബര്‍ 21 1438 മുഹര്‍റം 30

(ഇസ്‌ലാമിക് പാരന്റിംഗ്: 34)

ശാരീരികവും മാനസികവുമായ വളര്‍ച്ച നേടുവാനും അവ പുഷ്ടിപ്പെടുവാനും ആവശ്യമായ കാര്യങ്ങളെ കുറിച്ചും പ്രവാചകന്‍ ﷺ  സൂചിപ്പിച്ചിട്ടുണ്ട്. വിശ്വാസികള്‍ മതശാസന എന്ന നിലയില്‍ തന്നെ അവ പഠിക്കേണ്ടതും പുലര്‍ത്തേണ്ടതുമാണ്. ആരോഗ്യവും ദൃഢതയുമുള്ള ഒരു ശരീരം ഏതൊരു മനുഷ്യന്റെയും ആഗ്രഹം മാത്രമല്ല അവകാശം കൂടിയാണ്. അത് നേടുവാനാവശ്യമായ നടപടിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ നടപ്പില്‍ വരുത്തേണ്ടത് കുട്ടിപ്രായത്തിലാണ്. അതാവട്ടെ രക്ഷിതാക്കളുടെ കൈകളില്‍ അര്‍പിതവുമാണ്. ജീവി വര്‍ഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ദൈര്‍ഘ്യമേറിയ കുട്ടിക്കാലം ഉള്ള ഏക ജീവി മനുഷ്യനാണ്. ശരീരത്തിന്റെ ആകാരവും പേശികളും മറ്റു അനുബന്ധ അവയവങ്ങളും പെട്ടെന്ന് വളരുന്നതും പാകപ്പെടുന്നതും ഈ പ്രായത്തിലാണ്. അതുകൊണ്ടു തന്നെ ഇസ്‌ലാമിക പാരന്റിംഗിന്റെ ശ്രദ്ധ പതിയേണ്ട ഇടമാണിത്.

കളിയും ചലനാത്മകതയും കുട്ടികളുടെ ജന്മവാസനയാണ്. പ്രകൃതിപരമായിത്തന്നെ ശാരീരിക വളര്‍ച്ച സാധ്യമാവും വിധം അല്ലാഹുവാണ് മനുഷ്യനില്‍ അത് നിക്ഷേപിച്ചത്. ആ ചോദനയെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയാണ് രക്ഷിതാക്കളും അധ്യാപകരും ഈ കാലയളവില്‍ ചെയ്യേണ്ടത്. കുട്ടികള്‍ക്ക് കളിക്കുവാനും ഇളകുവാനുമുള്ള അവസരങ്ങള്‍ നല്‍കുകയും അവരെ അതിന്നു പ്രോത്സാഹിപ്പിക്കുകയും ചെയ്യാത്ത പക്ഷം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ പിന്നീട് നേരിടേണ്ടി വരുമെന്നതില്‍ സംശയമില്ല. ഫാസ്റ്റ് ഫുഡ് തിന്നുകൊണ്ട് സോഫയില്‍ ചാരിയിരുന്ന് ദീര്‍ഘനേരം ടി.വിയില്‍ കാര്‍ട്ടൂണുകളും മറ്റും കണ്ടിരിക്കുന്ന കുട്ടികളിലാണ് ഇന്ന് ഇളക്കമില്ലായ്മ മൂലം 'പൊണ്ണത്തടി' എന്ന പ്രതിഭാസം കൂടുതലും കാണപ്പെടുന്നത് എന്നത് ഇതിനോട് ചേര്‍ത്ത് വായിക്കുക.  

ഇസ്‌ലാം ഈ രംഗത്ത് യുക്തവും ശാസ്ത്രീയവുമായ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഒരാള്‍ കുട്ടിക്കാലത്തെയും കൗമാരത്തെയും യാത്രയാക്കി കടന്നുകയറുന്നത് ഉത്തരവാദിത്തത്തിന്റെ ഭാരം തോളിലേറ്റേണ്ടുന്ന യുവത്വത്തിലേക്കാണ്. ഇസ്‌ലാമിക ബാധ്യതകളുടെ യഥാവിധ നിര്‍വഹണത്തിന് നല്ല ആരോഗ്യമുള്ള ശരീരം ആവശ്യമാണ്. പഠനം, നമസ്‌കാരം, നോമ്പ്, ഹജ്ജ്, ധര്‍മ സമരം, പ്രബോധന മാര്‍ഗത്തിലെ ത്യാഗം, കുടുബ പരിപാലനം ഇവയെല്ലാം ഒരു വിശ്വാസിയുടെ ഉത്തരവാദിത്തങ്ങളുടെ പട്ടികയില്‍ വരുന്നതാണ്. ഇവയെല്ലാം ശാരീരികാരോഗ്യം ആവശ്യപ്പെടുന്നുണ്ട്. അതിനാല്‍ തന്നെ കുട്ടിക്കാലത്ത് ഈ രംഗത്ത് കുട്ടികള്‍ക്കു നല്‍കേണ്ട പരിശീലനത്തെയും പരിപാലനത്തെയും കുറിച്ചുള്ള പ്രവാചകചര്യകള്‍ മറ്റെന്തിനെക്കാളും വിശാസികള്‍ക്ക് പ്രധാനപ്പെട്ടതാണ്. ഈ രംഗത്തുള്ള ചില ഇസ്‌ലാമിക പാഠങ്ങള്‍ നമുക്ക് പരിശോധിക്കാം: 

കാലികമായ കായിക കലകളില്‍ ചെറുപ്പത്തിലേ പരിശീലനം നല്‍കല്‍

നബി ﷺ  ചില പ്രത്യേക കായിക ശീലങ്ങളെ പേരെടുത്തു പറഞ്ഞ് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. നീന്തല്‍, കുതിര സവാരി, ഓട്ടമത്സരം, അമ്പെയ്ത്ത്, ഗുസ്തി തുടങ്ങിയ കലകളെ നബി ﷺ  പേരെടുത്തു പറഞ്ഞത് ഹദീഥുകളില്‍ കാണാവുന്നതാണ്. ഉമര്‍(റ) ശാമിലെ ജനങ്ങള്‍ക്ക് എഴുതാറുണ്ടായിരുന്നു: 'നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ നീന്തലും അമ്പെയ്ത്തും കുതിര സവാരിയും പഠിപ്പിക്കണം.' വിശ്വാസിക്ക് വൈയക്തികമായും വിശ്വാസി സമൂഹത്തിന് സാമൂഹികമായും അനിവാര്യമായ ആയോധനമുറകളുടെപ്രാധാന്യം നബി ﷺ യില്‍ നിന്ന് ബോധ്യപ്പെട്ടതിനാലാകുമല്ലോ ഉമര്‍(റ) ഈ നിര്‍ദേശങ്ങള്‍ നല്‍കിയത്. നബി ﷺ  നീന്തല്‍ പരിശീലിക്കുന്നതിന് പ്രോത്സാഹനം നല്‍കിയതായി നമുക്ക് കാണാം. ദൈവിക സ്മരണകള്‍ ഊര്‍ന്നുപോകാത്ത വിനോദങ്ങള്‍ നബി ﷺ  പറഞ്ഞതില്‍ ഒന്ന് നീന്തല്‍ പരിശീലിക്കുക എന്നതാണ്. (അല്‍ ജാമിഅ്, ശൈഖ് അല്‍ബാനി). നബി ﷺ  പ്രോത്സാഹിപ്പിച്ച മറ്റൊരു ആയോധന മുറയാണ് അമ്പെയ്ത്ത്. ഇതിനെക്കുറിച്ച് ഒന്നിലധികം ഹദീഥുകള്‍ കാണാവുന്നതാണ്. സല്‍മ ഇബ്‌നുല്‍ അക്‌വാ(റ) നിവേദനം ചെയ്യുന്നു: ''ഒരിക്കല്‍ നബി ﷺ  അമ്പെയ്തുകൊണ്ടിരുന്ന ഒരുപറ്റം ചെറുപ്പക്കാരുടെ അടുത്ത് കൂടെ നടന്നുപോയി. അപ്പോള്‍ നബി ﷺ  അവരോടായി പറഞ്ഞു: 'ഇസ്മാഈല്‍ കുടുംബമേ, നിങ്ങള്‍ നന്നായി അമ്പെയ്യുക. നിങ്ങളുടെ പൂര്‍വ പിതാക്കന്മാര്‍ നല്ല അമ്പെയ്ത്തുകാരായിരുന്നു'(ബുഖാരി). ഉക്ബത് ബിന്‍ ആമിര്‍(റ) പറയുന്നു: ''നബി ﷺ  മിമ്പറില്‍ വെച്ച് ഒരിക്കല്‍ പറയുന്നത് ഞാന്‍ കേട്ടു: 'നിങ്ങള്‍ ശക്തിയില്‍ നിന്ന് (ശത്രുക്കള്‍ക്കെതിരെ) സാധ്യമായത്ര ഒരുക്കങ്ങള്‍ നടത്തുക' എന്ന ക്വുര്‍ആന്‍ വചനം പാരായണം ചെയ്തുകൊണ്ട് നബി ﷺ  പറഞ്ഞു: 'തീര്‍ച്ചയായും ശക്തി അമ്പെയ്ത്താകുന്നു. തീര്‍ച്ചയായും ശക്തി അമ്പെയ്ത്താകുന്നു' (മുസ്‌ലിം). അമ്പെയ്ത്ത് പരിശീലിച്ചിട്ട് അത് മറന്നു കളയുന്നവന്‍ നമ്മില്‍ പെട്ടവനല്ല എന്ന മറ്റൊരു നബി വചനം ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതില്‍ നിന്നെല്ലാം മനസ്സിലാകുന്നത് വളരുന്ന തലമുറക്ക് മാനസിക സ്‌ഥൈര്യവും പ്രതിരോധ ബോധവും ശാരീരിക ഉറപ്പും പ്രദാനം ചെയ്യുന്ന കാലികവും പ്രാദേശികവും ആയ ആയോധന വിദ്യകളും കായിക വിദ്യാഭ്യാസവും ലഭിക്കേണ്ടതുണ്ടെന്നും അത്തരം കലകെളയും അഭ്യാസങ്ങെളയും അടുത്ത തലമുറക്ക് ഉപകാരപ്പെടാത്ത വിധം അവഗണിക്കുവാന്‍ പാടില്ല എന്നുമാണ്. 

കായിക മത്സരങ്ങള്‍ സംഘടിപ്പിക്കല്‍

ഇത് കായിക വിദ്യാഭ്യാസത്തിലേക്ക് കുട്ടികളുടെ മനസ്സിനെ തിരിച്ചുവിടുകയും ശാരീരിക ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. നബി ﷺ  തന്റെ പിതൃവ്യന്‍ അബ്ബാസ്(റ)ന്റെ മക്കളുടെ ഇടയില്‍ ഓട്ട മത്സരം സംഘടിപ്പിക്കാറുണ്ടായിരുന്നു. എന്നിട്ട് ആദ്യം എത്തി വിജയികളാകുന്നവരെ സ്വീകരിക്കുകയും പിന്നീടെത്തുന്നവരെ പരിഗണിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു.അബ്ദുല്ലാഹിബ്‌നു ഹാരിസ്(റ) നിവേദനം: 'നബി ﷺ  അബ്ദുല്ലക്കും ഉബൈദുല്ലക്കും അബ്ബാസ് കുടുംബത്തിലെ മറ്റു മക്കള്‍ക്കും വരി നിര്‍ണയിച്ചു കൊടുത്ത് ഓട്ട മത്സരം നടത്തും. എന്നിട്ട് ആദ്യമെത്തുന്നവര്‍ക്ക് ഇന്നതും ഇന്നതും തരുമെന്ന് പറയും. അവര്‍ മത്സരിച്ചോടി വന്ന് നബി ﷺ യുടെ നെഞ്ചിലും മുതുകിലും ചെന്ന് പതിക്കും. നബി ﷺ  അവരെയെല്ലാം ആലിംഗനം ചെയ്യുകയും ഉമ്മ വെക്കുകയും ചെയ്യും' (ഇമാം അഹ്മദ്). വിജയികളെ അനുമോദിക്കുക മാത്രമല്ല പിന്നിലുള്ളവരെ പരിഗണിക്കുക കൂടി ചെയ്യണമെന്ന് ഇതിലൂടെ നബി ﷺ  നമ്മെ പഠിപ്പിക്കുന്നുണ്ട്. 

കുട്ടികളോെടാപ്പം വലിയവരും കളിക്കുക

ഇന്നത്തെ അണുകുടുംബ സംവിധാനത്തില്‍ ഇത് വളരെ പ്രധാനപ്പെട്ടതാണ്. മുമ്പ് ഗ്രാമങ്ങളിലും പട്ടണങ്ങളിലും കൂട്ടുകുടുംബങ്ങളില്‍ പെട്ടവരും അയല്‍പക്കക്കാരുമായ ധാരാളം കുട്ടികളുമായി കൂട്ട് കൂടുവാന്‍ സാഹചര്യമുണ്ടായിരുന്നു. ഇന്ന് അവസ്ഥ മാറി. ഫഌാറ്റുകൡലും മതിലുകെട്ടി അടച്ച വില്ലകളിലും ഒന്നോ രണ്ടോ കുട്ടികള്‍ മാത്രമുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് കൂടെ കളിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തില്‍ കൂട്ടായി മുതിര്‍ന്നവരുണ്ടാകുന്നത് അനിവാര്യമാണ്. നബി  ﷺ  പേരക്കുട്ടികളായ ഹസനും ഹുസൈനുമായി എന്തെല്ലാം കളികളായിരുന്നു കളിച്ചിരുന്നത്! നബി ﷺ  കുതിരയായി കുനിഞ്ഞു കൊടുക്കുകയും അവരെ പുറത്തു കയറ്റി നടക്കുകയും ചെയ്തിട്ട് എത്ര നല്ല കുതിരയെന്നും കുതിരക്കാരനും പറഞ്ഞു പ്രോത്സാഹിപ്പിക്കുമായിരുന്നു. നബി ﷺ  അവരോെടാപ്പം കളിക്കുന്നത് കാണുന്ന സ്വഹാബികള്‍ ചോദിക്കും: 'താങ്കള്‍ (അത്രയും) അവരെ ഇഷ്ടപ്പെടുന്നുണ്ടോ?' അപ്പോള്‍ നബി ﷺ  പറയും: 'ഇല്ലാതേ, അവര്‍ രണ്ടു പേരും എന്റെ രണ്ടു സുഗന്ധച്ചെടികളാണ്' (ത്വബ്‌റാനി). 

കുട്ടികളെ കുട്ടികളോടൊപ്പം കളിക്കുവാന്‍ വിടുക

നബി ﷺ യുടെ കാലത്ത് കുട്ടികള്‍ കളിക്കുവാന്‍ പോകുകയും അവരുടെ കളിസ്ഥലങ്ങളിലേക്ക് നബി ﷺ  ചെന്നുകൊണ്ട് അവര്‍ക്ക് കൈകൊടുത്ത് സലാം പറയുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു. നബി ﷺ യുടെ പേരക്കുട്ടികള്‍ മറ്റു കുട്ടികളോെടാപ്പം കളിക്കുവാന്‍ പോകുന്നതിനെ അവിടുന്ന് വിരോധിച്ചില്ല. മറിച്ച്, അവരെ വേണ്ടിവരുമ്പോള്‍ നബി ﷺ  കളിസ്ഥലത്തേക്ക് തിരഞ്ഞുചെന്ന് അവരെ പിടിച്ചു കൊണ്ട് വരുമായിരുന്നു. 

കളിക്കുവാനുള്ള സ്വഭാവിക സന്ദര്‍ഭങ്ങള്‍ ഇല്ലാത്തിടങ്ങളില്‍ അത്തരം സന്ദര്‍ഭങ്ങളെ ഉണ്ടാക്കിക്കൊടുത്ത് കുട്ടികളെകായിക വിനോദങ്ങളില്‍ പങ്കാളികളാക്കുന്നത് അവരുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചക്ക് സഹായകമാണ്. മാത്രവുമല്ല അത് അവരുടെ അവകാശം കൂടിയാണ്.

'ഒരിക്കല്‍ ഏതാനും സ്വഹാബികള്‍ നബി ﷺ യുടെ കൂടെ ക്ഷണിക്കപ്പെട്ട ഒരു സദ്യയിലേക്ക് പുറപ്പെട്ടു. അന്നേരം ഹുസൈന്‍(റ) വഴിയില്‍ കുട്ടികളോെടാപ്പം കളിക്കുന്നത് കണ്ടു. നബി ﷺ  ആളുകള്‍ക്കു മുമ്പില്‍ അവനെ പിടിക്കാന്‍ കൈ നീട്ടി ചെന്നു. അപ്പോള്‍ ഹുസൈന്‍(റ) നബി ﷺ ക്ക് പിടികൊടുക്കാതെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കൊണ്ടിരുന്നു. ഒടുവില്‍ അവനെ പിടികൂടി. ഒരു കൈകൊണ്ട് താടിയിലും മറുകൈകൊണ്ട് പിരടിയിലും പിടിച്ചുകൊണ്ട് അവനെ ഉമ്മവെച്ചു...' (ഇബ്‌നുമാജ). 

എന്നാല്‍ ഇസ്‌ലാമിക ശരീഅത്തിന്റെ ധാര്‍മിക വശങ്ങളെയും നിയമങ്ങളെയും നിരാകരിക്കുന്ന വിധം കളികളില്‍ ഏര്‍പെടുന്നതിനെ രക്ഷിതാക്കള്‍ വിലക്കേണ്ടതുണ്ട്. ഇസ്‌ലാമിക വസ്ത്രധാരണ നിയമങ്ങള്‍ പാലിക്കാത്ത വസ്ത്രം അണിയുക, അന്യരായ ആണ്‍ പെണ്‍ കൂടിക്കലരല്‍ ഉണ്ടാവുക, നമസ്‌കാരം, നോമ്പ് പോലുള്ള നിര്‍ബന്ധ ആരാധനാകര്‍മങ്ങള്‍ക്ക് വിഘാതം വരുന്നവിധം കളികളില്‍ ഏര്‍പെടുക, മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുക, നിയമ വിരുദ്ധമായും മോശം ഉദ്ദേശത്തിലും പരിശീലനം നേടുക... ഇവയെല്ലാം ഇസ്‌ലാം അനുവദിക്കാത്ത കാര്യങ്ങളാണ്. സഈദ്ബിന്‍ ജുബൈര്‍(റ) പറയുകയാണ്: ''ഞാന്‍ അബ്ദുല്ലാഹിബ്‌നു ഉമര്‍(റ), അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) തുടങ്ങിയവരുടെ കൂടെ മദീനയിലേക്ക് പോകുന്ന വഴിയില്‍ ഒരു പറ്റം കുട്ടികള്‍ ഒരു കോഴിയുടെ നേരെ അമ്പെയ്തു കളിക്കുന്നത് കണ്ടു. അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) അവരോട് ദേഷ്യപ്പെട്ടുകൊണ്ട് ഇതെന്താണെന്നു ചോദിച്ചു. അപ്പോള്‍ അവര്‍ ചിതറിയോടി. അപ്പോള്‍ അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പറഞ്ഞു: 'മൃഗങ്ങളെ കൊന്നു വികൃതമാക്കുന്നവരെ പ്രവാചകന്‍ ﷺ  ശപിച്ചിട്ടുണ്ട്'' (ഇമാം അഹ്മദ്). 

വിനോദത്തിനു വേണ്ടി മൃഗങ്ങളെ കൊല്ലുക, മറ്റുള്ളവര്‍ക്ക് അപകടം ഉണ്ടാവാന്‍ സാധ്യതയുള്ള വിധം കല്ലുകള്‍ കൊണ്ടോ മറ്റോ എറിഞ്ഞു കളിക്കുക എന്നിവയെല്ലാം നബി ﷺ  നിരോധിച്ചിട്ടുണ്ട്. 

(തുടരും)