നല്ല കുടുംബാന്തരീക്ഷം നിലനിര്‍ത്തുക

അശ്‌റഫ് എകരൂല്‍

2017 മാര്‍ച്ച് 18 1438 ജമാദുല്‍ ആഖിര്‍ 19

ഇസ്‌ലാമിക് പാരന്റിംഗ്: 10

ശുദ്ധപ്രകൃതിയില്‍ ജനിച്ച്, അല്ലാഹു ഒരുക്കിയ അമൃത് നുണഞ്ഞ്, ചിരിയും കരച്ചിലും ഭാഷയാക്കി വളരാന്‍ തുടങ്ങുന്ന കുഞ്ഞിന്ന് ഇനി അനിവാര്യമായി വേണ്ടത് 'അണുമുക്ത'മായ ഒരു കുടുംബ പരിസരമാണ്. മനുഷ്യനെ സംബന്ധിച്ച് 'വളര്‍ച്ച' എന്ന പദത്തിന് പ്രവിശാലമായ അര്‍ഥതലങ്ങളുണ്ട് ഇസ്‌ലാമില്‍. വൈവിധ്യമാര്‍ന്ന ഈ വളര്‍ച്ചയുടെ സന്തുലിതത്വം സാധ്യമാക്കാനുള്ള അനിവാര്യമായ പോഷകങ്ങളുടെ നിശ്ചയവും നിര്‍ണയവുമാണ് ഇസ്‌ലാമിക പാരന്റിംഗിലെ കാതലായ പാഠഭാഗങ്ങള്‍. പോഷകങ്ങളുടെ ഗുണലബ്ധി സാധ്യമാവണമെങ്കില്‍ ആദ്യം വേണ്ടത് ആരോഗ്യകരമായ ഒരു പരിസരം യാഥാര്‍ഥ്യമാക്കുകയെന്നതാണ്. മനുഷ്യന്റെ പൂര്‍ണ വ്യക്തിത്വത്തിന്റെ വളര്‍ച്ചയെ സഹായിക്കുന്ന അണുമുക്തമായ ഒരു കുടുംബ പരിസരത്തില്‍ മാത്രമെ അവന്റെ ശുദ്ധപ്രകൃതിയെ പരിക്കേല്‍ക്കാതെ പരിപോഷിപ്പിക്കാന്‍ സമൂഹത്തിനു സാധിക്കുകയുള്ളൂ. അല്ലാത്ത പക്ഷം മനുഷ്യത്വത്തിന്റെ പച്ചപ്പിലേക്കുള്ള കുതിപ്പിന്ന് പകരം മനുഷ്യത്വ ഹീനതയുടെ ഇരുണ്ടതും വരണ്ടതുമായ ഭൂമികയിലേക്കുള്ള തിരിച്ചുനടത്തമായിരിക്കും ഉണ്ടാകുന്നത്. അതാകട്ടെ, ഒട്ടനവധി കഴിവുകളെ സന്നിവേശിപ്പിച്ച് ഈ ഭൂമിലോകത്തേക്ക് നാഥന്‍ അയച്ച ഒരു ഉത്തമ സൃഷ്ടിയെ മനുഷ്യകുലത്തിന്ന് നഷ്ടപ്പെടുത്തുകയും ചെയ്യും.

വളരുന്ന കുട്ടികളിലധികവും വഴികേടിലേക്ക് കൂപ്പ്കുത്തുന്ന ദുരന്ത കാഴ്ചയാണ് കുടുംബത്തിലും സമൂഹത്തിലും നാം കാണുന്നത്. നാം കാണുന്ന കുറ്റവാളികളെല്ലാം ദൈവിക സംവിധാനങ്ങളുടെ കൃത്യതയിലും വിശുദ്ധിയിലും ഭൂമിയിലേക്ക് അതിഥികളായി വന്നവരാണ്. ആരും കുറ്റവാളികളായി ജനിക്കുന്നില്ലന്ന് എല്ലാവരും സമ്മതിക്കുന്നു. എങ്കില്‍ ആരാണ്, എന്താണ് ഇവരെ വഴികേടിലേക്കും കുറ്റകൃത്യങ്ങളിലേക്കും വഴിനടത്തിയത്? അവിടെയാണ് അണുമുക്ത കുടുംബ, സാമൂഹ്യ പരിസരത്തിന്റെ പ്രസക്തി വ്യക്തമാവുന്നത്.

ഇളംതലമുറ വഴിതെറ്റിപ്പോകുന്നതിനുള്ള കാരണങ്ങളും അവയുടെ പ്രായോഗിക പരിഹാരങ്ങളും ഇസ്‌ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തില്‍ അന്വേഷിക്കുകയാണ് ഇനി നമുക്ക് ചെയ്യാനുള്ളത്. സുരക്ഷിതമായ ജീവിത വളര്‍ച്ച ഒരു കുഞ്ഞിന്റെ മൗലികാവകാശമായി കാണുന്ന ഇസ്‌ലാം, സന്താന പരിപാലനത്തിന്റെ ഉത്തരവാദിത്ത ലോകത്ത് മാതാപിതാക്കളെ മാത്രം കെട്ടിയിട്ട് വിചാരണ ചെയ്യുകയല്ല, മറിച്ച് അവരുടെ വീഴ്ചയിലോ അഭാവത്തിലോ ജീവിതാവകാശങ്ങള്‍ കുഞ്ഞിന്ന് തടയപ്പെടാതിരിക്കും വിധം പരിപാലനത്തിന്റെ കയറുകള്‍ ചിലപ്പോള്‍ കുടുംബക്കാരിലേക്കും സമൂഹത്തിലേക്കും സര്‍ക്കാരിലേക്കും കൂടി നീട്ടിക്കെട്ടുകയാണ് ചെയ്യുന്നത്.

എന്തൊക്കൊയാണ് കുട്ടികള്‍ വഴിതെറ്റിപ്പോകാനുള്ള കാരണങ്ങള്‍? ഇസ്‌ലാമില്‍ എന്താണ് അതിനുള്ള പരിഹാരങ്ങള്‍? നമുക്ക് അന്വേഷിക്കാം.

ദാരിദ്ര്യം: തനിക്കാവശ്യമുള്ള ഭക്ഷണവും വസ്ത്രവും വീട്ടില്‍ നിന്ന് ലഭ്യമാവാതിരിക്കുകയും ജീവിതാശ്യങ്ങള്‍ പൂര്‍ത്തീകരിച്ചു തരുന്നവരെ അവിടെ കണ്ടെത്താതിരിക്കുകയും ചെയ്യുമ്പോള്‍ സ്വന്തം വീടിന്റെ മതിലിനപ്പുറത്തേക്ക് ഏതൊരു കുട്ടിയുടെയും കണ്ണുകള്‍ പായും. തന്റെ ആവശ്യങ്ങള്‍ തേടി പുറം ലോകത്തേക്കിറങ്ങുന്ന കുട്ടികള്‍ പലപ്പോഴും എത്തിപ്പെടുന്നത് ചൂഷകരുടെയും കുറ്റവാളികളുടെയും കൈകളിലായിരിക്കും. അതോടു കൂടി പ്രതീക്ഷകള്‍ തളിര്‍ക്കുന്ന ജീവിതത്തിന്റെ കൃഷിഭൂമിയില്‍ നിന്ന് സ്വഭാവ ദൂഷ്യത്തിന്റെയും കുറ്റകൃത്യത്തിന്റെയും അവര്‍ ഇരുട്ടിലേക്ക് യാത്രയാരംഭിക്കുന്നു. ഈ കുട്ടികള്‍ പിന്നീട് ജനങ്ങളുടെ ജീവനും സ്വത്തിനും അഭിമാനത്തിനും കടുത്ത വെല്ലുവിളിയായി മാറുന്നു.

സമൂഹത്തിന്റെ എല്ലാ ഘടകങ്ങളും ദൗത്യനിര്‍വഹണത്തില്‍ പങ്കാളിയാവുകയെന്നതാണ് ഇതിനുള്ളമുഖ്യ പരിഹാരം. ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യാന്‍ സൃഷ്ടികര്‍ത്താവ് നീതിയില്‍ അധിഷ്ഠിതമായ മത നിയമങ്ങള്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈ രംഗത് മുസ്‌ലിം സമൂഹം കാണിക്കുന്ന അമാന്തം പല കുടുംബങ്ങളെയും ദാരിദ്ര്യത്തിന്റെ ഊഷര ഭൂമിയിലേക്കു തള്ളിവിടാന്‍ കരണമാകുന്നുമുണ്ട്. ദരിദ്രന് ഭക്ഷണം നല്‍കുന്നത് പുണ്യകരമാക്കിയതിലൂടെ, ദാന ധര്‍മത്തില്‍ കുടുംബങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് നിര്‍ദേശിച്ചതിലൂടെ, സമ്പന്നന്റെ സമ്പത്തില്‍ ദരിദ്രര്‍ക്ക് നിര്‍ബന്ധ ദാനത്തിന്റെ ഓഹരി നിര്‍ണയിച്ച് നല്‍കിയതിലൂടെ, ദാരിദ്ര്യത്തെ പുറത്തുകാണിക്കാതെ ജീവിക്കുന്നവരെ പ്രത്യേകം കണ്ടത്തി പരിഗണിക്കണമെന്ന് പഠിപ്പിച്ചതിലൂടെ ഇസ്‌ലാം പ്രായോഗികമായി ദാരിദ്ര്യം തുടച്ചു നീക്കുകയും തന്മൂലം ജീവിക്കാനുള്ള മൗലികാവകാശത്തെ ദരിദ്രനും ഉറപ്പ് വരുത്തുകയും ചെയ്തു. നല്ല തലമുറയുടെ വളര്‍ച്ചക്കും സമൂഹത്തില്‍ കുറ്റവാളികള്‍ ഇല്ലാതാകുവാനുമുള്ള മുന്‍കരുതലുകളുടെ ഭാഗമാണിതെല്ലാം.

ദമ്പതികള്‍ക്കിടയിലെ തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും: വളര്‍ന്നു വരുന്ന കുട്ടികളില്‍ പലരും തുടക്കത്തിലേ കണ്ടുവരുന്നത് വീട്ടിനുള്ളിലെ നിലയ്ക്കാത്ത തര്‍ക്കങ്ങളുടെ ഇടിമുഴക്കങ്ങളാണ്. ഈ കുട്ടികള്‍ ഈ ഭീകരാന്തരീക്ഷത്തില്‍ അല്‍പം ശാന്തത തേടി പുറത്തിറങ്ങുകയും സുരക്ഷിതമായ ഗൃഹാന്തരീക്ഷത്തിനുള്ളില്‍ നിന്ന് പരിശീലിക്കേണ്ട പല സദാചാര പാഠങ്ങളുടെയും പൊളിച്ചെഴുത്ത് പരിചയപ്പെടുകയും അതിന്റെ ഗുണഭോക്താക്കളായി മാറുകയും ചെയ്യുന്നു. വീടകം സംഘര്‍ഷ മുക്തമാക്കാന്‍ ആവശ്യമായ ഇസ്‌ലാമിക ഗൃഹപാഠങ്ങള്‍ വേണ്ടത്ര ലഭിക്കാത്തതോ, ലഭിച്ചതിനെ പ്രയോഗിക്കാത്തതോ ആണ് പല മുസ്‌ലിം ദമ്പതികളും ആഭ്യന്തര വഴക്കുകളിലും സംഘര്‍ഷങ്ങളിലും പൂണ്ട് കഴിയുന്നത്. ഒരു 'അതിഥി' കൂടി വീട്ടിലുണ്ടെന്ന ബോധം അവരെ കൂടുതല്‍ സൂക്ഷ്മതയും അവധാനതയും കാണിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നില്ല.

സ്‌നേഹവും വാത്സല്യവും പരസ്പരം കൈമാറാത്തതാണ് ഈ അവസ്ഥക്ക് ഒരു പരിധിവരെ കാരണം. ഈ ഭൂമിയില്‍ അല്ലാഹുവും റസൂലും കഴിഞ്ഞാല്‍ എനിക്ക് ഏറ്റവും കടപ്പെട്ടവനാണ് എന്റെ ഭര്‍ത്താവെന്ന് ഒരു സ്ത്രീ തിരിച്ചറിയുകയും, ആയതിനാല്‍ എന്റെ ആദരവും അനുസരണയും അര്‍ഹിക്കുന്നവന്റെ മുമ്പില്‍ തര്‍ക്കങ്ങള്‍ക്കുള്ള ഏറ്റവും നല്ല മറുപടി മൗനമാണെന്നു മനസ്സിലാക്കുകയും ചെയ്താല്‍ ഉണ്ടാകുന്ന ഫലം എത്രയാവും?! അത് പോലെ എനിക്കും കുടുംബത്തിനും എന്റെ ഭാര്യ നല്‍കുന്ന സേവനം പണം കൊടുത്തു നേടാന്‍ കഴിയാത്തത്ര ഉന്നതവും അതുല്യവുമാണെന്ന് ഭര്‍ത്താവും അംഗീകരിച്ചാല്‍ തന്നെ ഇടിമുഴക്കങ്ങള്‍ കുടുംബാന്തരീക്ഷത്തില്‍ നിന്ന് അപ്രത്യക്ഷമാവും.

ഈ തിരിച്ചറിവുകളുള്ള ദമ്പതികള്‍ വീട്ടിനുള്ളില്‍ ഉണ്ടാവണമെന്നതിനാലാണ് ഇസ്‌ലാം ദമ്പതികളുടെ തെരഞ്ഞടുപ്പിന്ന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും അതില്‍ മത ബോധത്തിന് പ്രഥമ സ്ഥാനം നല്‍കുകയും ചെയ്തത്. അവര്‍ക്ക് മാത്രമെ പരസ്പരം മനസ്സിലാക്കാനും വിട്ടുവീഴ്ച ചെയ്യാനും സാധിക്കുകയുള്ളൂ. ഇതില്‍ വരുന്ന വീഴ്ചകള്‍ ഗൃഹാന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുകയും കുട്ടിയുടെ വളര്‍ച്ചയെ മോശമാക്കുകയും ചെയ്യും.