പൊട്ടിച്ചെറിയുക ഈ ചങ്ങലകള്‍

ശമീര്‍ മദീനി

2017 ആഗസ്ത് 19 1438 ദുല്‍ക്വഅദ് 26
''എന്നിട്ട് ആ മലമ്പാതയില്‍ അവര്‍ തള്ളിക്കടന്നില്ല. ആ മലമ്പാത എന്താണെന്ന് നിനക്കറിയാമോ? ഒരു അടിമയെ മോചിപ്പിക്കുക...'' (ക്വുര്‍ആന്‍ 7:157)  

പാരതന്ത്ര്യത്തെ ഇഷ്ടപ്പെടാത്തവനാണ് മനുഷ്യന്‍. സ്വാതന്ത്ര്യമില്ലാത്ത ജീവിതം അവന് അസഹ്യമാണ്. ശത്രുക്കളുടെ കൂര്‍ത്ത നഖങ്ങളില്‍ കിടന്ന് പിടയുന്നതിനെക്കാള്‍ മരണം അവന്‍ കൊതിച്ചുപോകുന്നു. സ്വാതന്ത്ര്യത്തിനായുള്ള ദാഹം അവന്റെ അടങ്ങാത്ത ഉള്‍വിളിയാണ്. അതിനാല്‍ സ്വാതന്ത്ര്യത്തിന്റെ വീഥിയില്‍ എത്രയോ മഹത്തുക്കള്‍ അവരുടെ വിലപ്പെട്ട പലതും സമര്‍പ്പിച്ചിട്ടുണ്ട്. സ്വാതന്ത്ര്യമനുഭവിക്കുന്ന പിന്‍തലമുറക്കാര്‍ പലപ്പോഴും അത്തരം പൂര്‍വികരെ സ്മരിക്കുന്നില്ല എന്നത് ഒരു യാഥാര്‍ഥ്യം.

നാം ഇന്ത്യക്കാര്‍... ഒരിക്കല്‍ നമ്മെ അടിമകളാക്കി വെച്ചിരുന്ന വൈദേശികരുടെ അടിമത്ത നുകത്തില്‍നിന്ന് നാം സ്വതന്ത്രരായി. എങ്കിലും സാമ്രാജ്യത്വത്തിന്റെയും സാംസ്‌കാരികാധിനിവേശത്തിന്റെയും പിടിയില്‍നിന്ന് പൂര്‍ണമായി നാം മോചിതരാണോ എന്ന് ആലോചിക്കുക. 

ലോകത്ത് അടിമത്തം ഒരു യാഥാര്‍ഥ്യമായിരുന്നു. അതില്‍നിന്ന് മനുഷ്യരെ ക്രമാനുഗതമായി മോചിപ്പിക്കുക എന്ന പ്രായോഗിക രീതിയാണ് ഇസ്‌ലാം സ്വീകരിച്ചത്. പല തെറ്റുകള്‍ക്കും പ്രായച്ഛിത്തമായി അടിമയെ മോചിപ്പിക്കല്‍ നിശ്ചയിച്ചു. അടിമയെ മോചിപ്പിക്കല്‍ വലിയ പുണ്യകര്‍മമാണെന്ന് പഠിപ്പിച്ചു. അതിലേക്ക് സൂചന നല്‍കുന്ന ഒരു സൂക്തമാണ് മുകളില്‍ ഉദ്ധരിച്ചത്.

അപ്രകാരം തന്നെ അതിനെക്കാള്‍ വികൃതവും നീചവുമായ മറ്റൊരു അടിമത്തത്തില്‍ കൂര്‍ക്കം വലിച്ചുറങ്ങുകയാണ് നമ്മില്‍ പലരും. ലഹരി ബാധിച്ച് മയങ്ങിക്കിടക്കുന്നവനെ പോലെ തന്റെ മേലുള്ള അടിമത്തത്തിന്റെ ചങ്ങലക്കെട്ടുകള്‍ അവര്‍ അറിയുന്നുപോലുമില്ല.

യഥാര്‍ഥമായ മോചനം നമുക്ക് സ്വായത്തമാക്കാനും അടിമത്തത്തിന്റെ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യത്തിന്റെ വിശാലത ആസ്വദിക്കാനും സാധിക്കണമെങ്കില്‍, സര്‍വ ചരാചരങ്ങളുടെയും സ്രഷ്ടാവും സര്‍വശക്തനുമായ അല്ലാഹുവിനെമാത്രം ആരാധിക്കുന്നവരും അഭൗതികമായ നിലയില്‍ അവനെമാത്രം ഭയപ്പെടുന്നവരുമാകണം. അഥവാ ഇസ്‌ലാം പഠിപ്പിക്കുന്ന തൗഹീദ് (ഏകദൈവവിശ്വാസം) ശരിയായ അര്‍ഥത്തില്‍ ഉള്‍ക്കൊണ്ടവരാകണം. 

അതിന്റെ അഭാവത്തില്‍, കരിമ്പൂച്ച വട്ടം ചാടിയാല്‍ അപകടം ഭയന്ന് യാത്ര അവസാനിപ്പിക്കേണ്ടിവരും. വീടും സമ്പത്തും കാക്കാന്‍ നോക്കുകുത്തികള്‍ സ്ഥാപിക്കേണ്ടി വരും. ചില പ്രത്യേക സംഖ്യകളെഭയന്ന് ജീവിക്കേണ്ടിവരും.  ആഗ്രഹ സഫലീകരണത്തിനും സംരക്ഷണത്തിനുമായി ആരെയൊക്കെയാണ് പ്രീതിപ്പെടുത്തേണ്ടതെന്നറിയാതെ പ്രയാസപ്പെടേണ്ടിവരും. 

ദുര്‍ബലരായ സൃഷ്ടിജാലങ്ങളെ ദൈവസ്ഥാനത്ത് അവരോധിച്ച് രക്ഷയ്ക്കായി പ്രാര്‍ഥിക്കുമ്പോള്‍ വാസ്തവത്തില്‍ ഒരു തരം അധമത്വവും അടിമത്തവും നാം സ്വയം തോളിലേറ്റുകയാണ് ചെയ്യുന്നത്. ഇസ്‌ലാം പഠിപ്പിക്കുന്ന ഏകദൈവവിശ്വാസം അങ്ങനെയുള്ള സര്‍വവിധ മാറാപ്പുകളും ചങ്ങലക്കെട്ടുകളും ഇറക്കിവെച്ച് മോചനത്തിന്റെ വിശാലതയനുഭവിക്കാനാണ് ക്ഷണിക്കുന്നത്. 

അന്തിമദൂതനായ മുഹമ്മദ് നബി(സ്വ)യെ പരാമര്‍ശിച്ചുകൊണ്ട് ക്വുര്‍ആന്‍ പറഞ്ഞ കാര്യം ശ്രദ്ധേയമാണ്:

''അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു...'' (7:157). 

''മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള്‍ അത് ശ്രദ്ധിച്ചു കേള്‍ക്കുക. തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. ഈച്ച അവരുടെ പക്കല്‍നിന്ന് വല്ലതും തട്ടിയെടുത്താല്‍ അതിന്റെ പക്കല്‍നിന്ന് അത് മോചിപ്പിച്ചെടുക്കാനും അവര്‍ക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും  ദുര്‍ബലര്‍ തന്നെ'' (22:73).