വീണ്ടും ചര്‍ച്ചയാകുന്ന ലൗ ജിഹാദ്

അബൂ അമീന്‍  

2017 ജൂലായ് 15 1438 ശവ്വാല്‍ 21
'മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടിപോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു'' - ക്വുര്‍ആന്‍ 2:256.

മതപരിവര്‍ത്തനത്തിന് പ്രേമമെന്ന പുതിയൊരുമാര്‍ഗം കൂടി പരീക്ഷിക്കപ്പെടുന്നതായി വര്‍ഗീയമായി മാത്രം ചിന്തിക്കുന്ന ചിലര്‍ ആരോപിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇപ്പോഴും അത് പേജിലും സ്‌റ്റേജിലുമായി അവര്‍ ആരോപിച്ചുകൊണ്ടേയിരിക്കുകയാണ്. അത് അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് ബോധ്യപ്പെട്ട കാര്യമവുമാണ്. ഇതിനിടയിലാണ് എരിതീയില്‍ എണ്ണയൊഴിക്കുംവിധം 'ലൗ ജിഹാദ്' നടക്കുന്നുണ്ടെന്ന് ഈയിടെ ജോലിയില്‍നിന്ന് വിരമിച്ച ഒരു ഉന്നത പോലീസുദ്യോഗസ്ഥന്‍ പറഞ്ഞിരിക്കുന്നത്. 

പ്രേമത്തിന് മതവും ജാതിയും ഭാഷയും ദേശവുമൊന്നും തടസ്സമാവാറില്ല എന്നതാണ് വാസ്തവം. ഹാദിയ സംഭവത്തിന് ശേഷം നമ്മുടെ നാട്ടില്‍ ഒന്നിലധികം മുസ്‌ലിം പെണ്‍കുട്ടികള്‍ അമുസ്‌ലിം യുവാക്കളുമായി പ്രണയിച്ച് വീട്ടുകാരെ അവഗണിച്ച് ഇറങ്ങിപ്പോയ സംഭവമുണ്ടായിട്ടുണ്ട്. അതൊക്കെ സ്വാഭാവികമായ പ്രണയത്തിന്റെ ലിസ്റ്റില്‍ വരവുവെക്കപ്പെടുമ്പോള്‍ ഒരു അമുസ്‌ലിം സ്ത്രീ മുസ്‌ലിമുമായി പ്രണയിച്ച് വിവാഹം കഴിച്ചാല്‍ 'ലൗ ജിഹാദ്' എന്ന് പലരും ആക്രോശിക്കുകയായി!

 മതപ്രബോധനത്തിനും മതംമാറ്റത്തിനും ഏത് മാര്‍ഗവും സ്വീകരിക്കുക എന്നത് ഇസ്‌ലാമികമല്ല. ലക്ഷ്യംപോലെ മാര്‍ഗവും നന്നാവണമെന്നതാണ് ഇസ്‌ലാമിന്റെ അധ്യാപനം. പ്രമാണങ്ങളിലൂടെ, തെളിവുകള്‍ നിരത്തിക്കൊണ്ടാണ് ഇസ്‌ലാം അതിന്റെ ആശയങ്ങള്‍  പ്രബോധിതസമൂഹത്തിനു മുമ്പില്‍ സമര്‍പ്പിക്കുന്നത്. വികാരങ്ങളെ ഇക്കിളിപ്പെടുത്തിക്കൊണ്ടോ വിശപ്പും രോഗാവസ്ഥയും ചൂഷണം ചെയ്ത് കൊണ്ടോ പ്രബോധിതരെ വിലയ്ക്കുവാങ്ങാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. മറിച്ച് ഉള്‍കാഴ്ചയോടെ പ്രമാണബദ്ധമായ പ്രബോധനവും ആശയ വിനിമയവുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

''(നബിയേ,) പറയുക: ഇതാണ് എന്റെ മാര്‍ഗം. ദൃഢബോധ്യത്തോട് കൂടി അല്ലാഹുവിലേക്ക് ഞാന്‍ ക്ഷണിക്കുന്നു. ഞാനും എന്നെ പിന്‍പറ്റിയവരും. അല്ലാഹു എത്ര പരിശുദ്ധന്‍! ഞാന്‍ (അവനോട്) പങ്കുചേര്‍ക്കുന്ന കൂട്ടത്തിലല്ല തന്നെ''(12:108).

ഇസ്‌ലാമിലെ ദൈവവിശ്വാസവും പരലോകവിശ്വാസവും തുടങ്ങി ചെറുതും വലുതുമായ കാര്യങ്ങളൊക്കെയും തെളിവുകള്‍ നിരത്തിക്കൊണ്ട് തന്നെയാണ് ക്വുര്‍ആനും സുന്നത്തും (പ്രവാചകാധ്യാപനങ്ങളും) വിശദീകരിച്ചിട്ടുള്ളത്. ശക്തമായ തെളിവുകളുടെ അടിത്തറയിലായിരിക്കണം ഒരാളുടെ ആദര്‍ശം പടുത്തുയര്‍ത്തേണ്ടത്. അല്ലെങ്കില്‍ അതിന് സ്ഥായീഭാവമുണ്ടാവുകയില്ല. അതിനാല്‍ തന്നെ വ്യവസ്ഥിതിയെക്കാള്‍ മനഃസ്ഥിതിയുടെ മാറ്റമാണ് ഇസ്‌ലാം ശ്രദ്ധിച്ചിട്ടുള്ളത്. അത് തെളിവുകളുടെ പിന്‍ബലത്തോടെയുള്ള ആദര്‍ശബോധവല്‍ക്കരണത്തിലൂടെയാണ് സാധിക്കുക. പട്ടിണിപ്പാവങ്ങള്‍ക്ക് ഭക്ഷണം വാങ്ങിക്കൊടുത്തുകൊണ്ടോ രോഗികള്‍ക്ക് മരുന്ന് വാങ്ങി നല്‍കിക്കൊണ്ടോ വിവാഹ പ്രായമെത്തിയ സ്ത്രീകളെ പ്രണയവലയില്‍ കുടുക്കിക്കൊണ്ടോ അല്ല ഇസ്‌ലാം ലോകത്ത് വളരുന്നത്. സത്യവും അസത്യവും വേര്‍തിരിച്ച് മനസ്സിലാക്കിക്കൊടുത്തുകൊണ്ട് സത്യത്തിലേക്ക് ജനങ്ങളെ ക്ഷണിക്കേണ്ട ബാധ്യത മാത്രമെ പ്രവാചകന്മാരെയും മത പ്രബോധകരെയും അല്ലാഹു ഏല്‍പിച്ചിട്ടുള്ളൂ. തെളിവുകള്‍ നിരത്തി ജനങ്ങളോട് സംവദിക്കുന്ന ദൈവികമതമായ ഇസ്‌ലാമിന് കോറം തികക്കാനായി ആളെ കൂട്ടേണ്ട ആവശ്യമില്ല.

അല്ലാഹു പറയുന്നു: ''...(നബിയേ,) നിന്നെ നാം അവരുടെ മേല്‍ കാവല്‍ക്കാരനായി അയച്ചിട്ടില്ല. നിന്റെ മേല്‍ പ്രബോധനബാധ്യത മാത്രമേയുള്ളു...'' (42:48).