പ്രവാചക വിമര്‍ശനങ്ങളിലെ ബാലിശതകള്‍

ശമീര്‍ മദീനി

2017 സെപ്തംബര്‍ 09 1438 ⁠⁠ദുൽഹിജ്ജ 18
''(നബിയേ,) അവര്‍ പറയുന്നത് നിനക്ക് വ്യസനമുണ്ടാക്കുന്നുണ്ട് എന്ന് തീര്‍ച്ചയായും നമുക്ക് അറിയാം. എന്നാല്‍ (യഥാര്‍ഥത്തില്‍) നിന്നെയല്ല അവര്‍ നിഷേധിച്ചുതള്ളുന്നത്, പ്രത്യുത,അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെയാണ് ആ അക്രമികള്‍ നിഷേധിക്കുന്നത്. നിനക്ക് മുമ്പും ദൂതന്‍മാര്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ട് തങ്ങള്‍ നിഷേധിക്കപ്പെടുകയും മര്‍ദിക്കപ്പെടുകയും ചെയ്തത് നമ്മുടെ സഹായം അവര്‍ക്ക് വന്നെത്തുന്നത് വരെ അവര്‍ സഹിച്ചു. അല്ലാഹുവിന്റെ വചനങ്ങള്‍ക്ക് (കല്‍പനകള്‍ക്ക്) മാറ്റം വരുത്താന്‍ ആരും തന്നെയില്ല. ദൈവദൂതന്‍മാരുടെ വൃത്താന്തങ്ങളില്‍ ചിലത് നിനക്ക് വന്നുകിട്ടിയിട്ടുണ്ടല്ലോ'' (ക്വുര്‍ആന്‍ 6:33,34) 

സ്രഷ്ടാവ് തന്നിലേയ്ക്കടുപ്പിക്കുവാനും നന്മകളിലേക്ക് മാര്‍ഗദര്‍ശനം ചെയ്യുവാനും മനുഷ്യരിലേക്കയച്ച മനുഷ്യസ്‌നേഹികളും കരുണയുള്ള മനസ്സിന്റെ ഉടമകളുമായിരുന്നു പ്രവാചകന്മാര്‍. അവരെ അംഗീകരിക്കുകയും ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യേണ്ടതിന് പകരം ഭൂരിഭാഗം പ്രബോധിതരും പ്രതികൂലമായ പ്രതികരണങ്ങളുമായാണ് അവരെ എതിരേറ്റത്. പരിഹാസം, മര്‍ദനം, നാടുകടത്തല്‍ തുടങ്ങി കൊലപാതകങ്ങള്‍വരെ ഉണ്ടായിട്ടുണ്ട്.

പ്രവാചകശൃംഖലയിലെ അവസാനത്തെ കണ്ണിയായ മുഹമ്മദ് നബി(സ്വ)യുടെ ചരിത്രവും ഒട്ടും വ്യത്യസ്തമല്ല. മക്കക്കാരുടെ 'കണ്ണിലുണ്ണി'യായിരുന്ന മുഹമ്മദിനെ സ്‌നേഹാദരവുകളോടെ അവരെല്ലാം വിളിച്ചത് 'അല്‍-അമീന്‍' (വിശ്വസ്തന്‍) എന്നായിരുന്നു.

തന്റെ നാല്‍പതാമത്തെ വയസ്സില്‍ പ്രവാചകത്വം കിട്ടിയ ശേഷം ജനങ്ങളോട് പടച്ചവന്റെ സന്ദേശങ്ങള്‍ വിളംബരം ചെയ്തതോടുകൂടി വിമര്‍ശകരും എതിരാളികളും ഉണ്ടായിത്തുടങ്ങി. സ്വന്തം കൂട്ടുകുടുംബങ്ങളില്‍ നിന്നുതന്നെ തുടങ്ങി ആദ്യ എതിര്‍പ്പുകള്‍.

ദൈവികസന്ദേശങ്ങളെ കുറിച്ചും പാരത്രികജീവിതത്തെ കുറിച്ചുമുള്ള മുന്നറിയിപ്പുകള്‍ നല്‍കാനായി മക്കാനിവാസികളായ ബന്ധുമിത്രാദികളെയും ഗോത്രനായകന്മാരെയും വിളിച്ചുകൂട്ടിയ പ്രവാചകന് നേരെ ആക്രോശവും പരിഹാസവുമായി ആദ്യം വന്നത് സ്വന്തം കുടുംബക്കാരന്‍ കൂടിയായ അബൂലഹബ് എന്ന വ്യക്തിയായിരുന്നു.

പിന്നീടങ്ങോട് ഒരു വശത്ത് വിമര്‍ശകരും ശത്രുക്കളും അധികരിച്ചുകൊണ്ടിരുന്നു; മറുവശത്ത് സ്വന്തം ജീവനെക്കാള്‍ പ്രവാചകനെ സ്‌നേഹിച്ച അനുചരന്മാരുടെ എണ്ണവും. അന്ധമായ വിരോധത്തിന്റെ ഉള്‍പ്രേരണയാല്‍ കലിതുള്ളിയ എതിരാളികള്‍ തോന്നിയതൊക്കെ വിമര്‍ശനങ്ങളാക്കി മാറ്റുകയാണുണ്ടായത്. മുഹമ്മദ് നബി(സ്വ) ഒരു ഭ്രാന്തനും മാരണക്കാരനുമാണ് എന്നാണ് ചിലപ്പോള്‍ അവര്‍ പറഞ്ഞതെങ്കില്‍, (ക്വുര്‍ആന്‍ 51:52) മറ്റുചിലപ്പോള്‍ കവിയെന്നും ജ്യോത്സ്യനെന്നും പറഞ്ഞു പരിഹസിച്ചു. (ക്വുര്‍ആന്‍ 52:29,30).

സത്യസന്ധമായി ചിന്തിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന ആര്‍ക്കും ഇത്തരം വിമര്‍ശനങ്ങളിലെ നിരര്‍ഥകതകള്‍ കണ്ടെത്താന്‍ കഴിയുന്നതാണ്. ഒരു ഭ്രാന്തനും ജോത്സ്യനും മാരണക്കാരനും എങ്ങനെ ഇത്രക്ക് യുക്തിഭദ്രവും അത്ഭുതകരവുമായ ഒരു ഗ്രന്ഥവും കുറ്റമറ്റ ആദര്‍ശവും ലോകത്തിന് സമര്‍പ്പിക്കാന്‍ കഴിയും? ലോകത്ത് എത്രയോ ഭ്രാന്തന്മാരും ജ്യോത്സ്യന്മാരും ജാലവിദ്യക്കാരും കവികളും കഴിഞ്ഞുപോയിട്ടുണ്ട്. അവര്‍ക്കാര്‍ക്കും കഴിയാതിരുന്നത് എന്തേ മുഹമ്മദ് നബി(സ്വ)ക്ക് മാത്രം സാധിച്ചു?

അല്ലാഹു പറയുന്നു: ''ഇതൊരു കവിയുടെ വാക്കല്ല. വളരെക്കുറച്ചേ നിങ്ങള്‍ വിശ്വസിക്കുന്നുള്ളൂ. ഒരു ജ്യോത്സ്യന്റെ വാക്കുമല്ല. വളരെക്കുറച്ചേ നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുന്നുള്ളൂ. ഇത് ലോകരക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതാകുന്നു'' (ക്വുര്‍ആന്‍ 69:41-43).

മറ്റു മതഗ്രന്ഥങ്ങള്‍ കോപ്പിയടിച്ചും അവയിലേത് കട്ടുകേട്ടുമാണ് മുഹമ്മദ്(സ്വ)തന്റെ ആദര്‍ശം രൂപപ്പെടുത്തിയതെന്ന ആരോപണമുന്നയിക്കുന്നവരും ഒരു നിമിഷം ചിന്തിച്ചിരുന്നെങ്കില്‍! അങ്ങനെയായിരുന്നെങ്കില്‍ എന്തുകൊണ്ട് അത്തരം ഗ്രന്ഥങ്ങളിലെ അബദ്ധങ്ങളും ആ മതസമൂഹങ്ങളിലെ വൈരുധ്യങ്ങളുമൊന്നും മുഹമ്മദ് നബി(സ്വ)യുടെ നാവിലൂടെ ലോകം ശ്രവിച്ചില്ല? മാത്രമല്ല അവയിലെ പല തെറ്റുകളും കൈകടത്തലുകളും ചൂണ്ടിക്കാണിക്കുകയും ശക്തമായി എതിര്‍ക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷം എന്തുകൊണ്ടുണ്ടായി?