പ്രതിഫലവേദിയുടെ അനിവാര്യത

ശമീര്‍ മദീനി 

2017 ഏപ്രില്‍ 08 1438 റജബ് 11
''ഏതൊരു ദേഹവും മരണം ആസ്വദിക്കുക തന്നെ ചെയ്യും. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ മാത്രമെ നിങ്ങള്‍ക്കു പൂര്‍ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹികജീവിതം കബളിപ്പിക്കപ്പെടുന്ന ഒരു വിഭവമല്ലാെത മറ്റൊന്നുമല്ല'' (വിശുദ്ധ ക്വുര്‍ആന്‍ 3:185)

മനുഷ്യരുടെ കര്‍മങ്ങള്‍ വ്യത്യസ്തമാണ്. തലമുറകള്‍ നീണ്ടുനില്‍ക്കുന്ന നന്മകള്‍ക്ക് നേതൃത്വം വഹിച്ചവരുണ്ട് മനുഷ്യരുടെ കൂട്ടത്തില്‍. അവരുടെ മരണ ശേഷവും അവരിലൂടെ നാമ്പെടുത്ത നന്മ പടര്‍ന്നു പന്തലിച്ച് വിളനല്‍കുന്നതായി നാം കാണുന്നു. നിരവധിപേരുടെ ഇരുള്‍മുറ്റിയ ജീവിതത്തിന് പ്രതീക്ഷയുടെ പ്രകാശം നിറഞ്ഞ ചിറകുകള്‍ സമ്മാനിച്ച് സന്തോഷത്തോടെ ജീവിക്കാന്‍ പ്രാപ്തമാക്കിയവര്‍... നിത്യയാതനകളനുഭവിച്ചു കൊണ്ടിരുന്ന അനവധി മാറാരോഗികള്‍ക്ക് ആശ്വാസത്തിനായി പഠന ഗവേഷണങ്ങളിലൂടെ മരുന്നു കണ്ടെത്തിയവര്‍... അന്യരുടെ ജീവന്‍ രക്ഷിക്കുന്നതിനിടയില്‍ സ്വന്തം ജീവന്‍ ബലികഴിക്കേണ്ടിവന്നവര്‍... ഇങ്ങനെ എത്രയോ നന്മകളുടെ പ്രതീകങ്ങള്‍...! അവര്‍ക്കൊക്കെ അവരുടെ പ്രവര്‍ത്തനങ്ങളുടെ കൃത്യമായ പ്രതിഫലം നല്‍കാന്‍ നമുക്ക് സാധിക്കുന്നില്ല. അവയുടെ ആഴവും തോതും കണക്കാക്കുന്നിടത്ത് പോലും മനുഷ്യര്‍ അശക്തരാണ്.

ഇതിന്റെ മറുവശമോ? നിരവധി സ്ത്രീകളെ വിധവകളാക്കിയ, അനവധി കുഞ്ഞുങ്ങളെ അനാഥരാക്കിയ, അനേകം കുടുംബങ്ങളെ നിരാലംബരാക്കിയ എത്രയോ ക്രൂര കൃത്യങ്ങള്‍ ഈ ഭൂമിയില്‍ അരങ്ങേറി. പൈശാചികതയുടെ മൂര്‍ത്തരൂപങ്ങളായ അത്തരം അക്രമികളെ പിടികൂടി അര്‍ഹമായ ശിക്ഷ നല്‍കാന്‍ മനുഷ്യന് സാധിക്കുമോ?

എല്ലാവരെയും പിടികൂടുകയും കോടതിയില്‍ ഹാജരാക്കുകയും വിചാരണ ചെയ്ത് ശിക്ഷ വിധിക്കുകയും ചെയ്തു എന്നുതന്നെ സങ്കല്‍പിക്കുക. എന്നാലും നൂറു പേരെ കൊന്നയാള്‍ക്കും പത്തുപേരെ കൊന്നയാള്‍ക്കും ഒരാളെ കൊന്നയാള്‍ക്കും ഭൗതിക ലോകത്തെ ഏത് ന്യായാധിപനും ഒരിക്കല്‍ മാത്രമെ വധശിക്ഷ നല്‍കാന്‍ സാധിക്കൂ. അതോടൊപ്പം അവരുടെയൊക്കെ ആശ്രിതര്‍ക്ക് സംഭവിച്ച നഷ്ടങ്ങള്‍ ആരാണ് കണക്കാക്കുക?

എന്നാല്‍ മനുഷ്യരുടെ മനസ്സറിയുന്ന, അവരുടെ പ്രവര്‍ത്തനങ്ങളുടെ ആഴവും വ്യാപ്തിയും കൃത്യമായറിയുന്ന നീതിമാനും കരുണാവാരിധിയുമായ അല്ലാഹു കര്‍മങ്ങള്‍ക്ക് കൃത്യമായി പ്രതിഫലം നല്‍കുന്ന ഒരു വേദി സംവിധാനിച്ചിട്ടുണ്ട്. വി ശുദ്ധ ക്വുര്‍ആന്‍ ''നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാൡ മാത്രമെ നിങ്ങള്‍ക്ക് പൂര്‍ണമായി നല്‍കപ്പെടുകയുള്ളൂ'' (3:185) എന്നു പറഞ്ഞത് അതിനെ സംബന്ധിച്ചാണ്. അവിടെ ഭൗതിക ലോകത്തേതുപോലുള്ള അനര്‍ഹമായ യാ തൊരു ഇടപെടലുകളും ഉണ്ടാവില്ല.

''ഒരാള്‍ക്കും മറ്റൊരാള്‍ക്കുവേണ്ടി ഒരുപകാരവും ചെയ്യാന്‍ പറ്റാത്ത, ഒരാളില്‍ നിന്നും ഒരു പ്രായശ്ചിത്തവും സ്വീകരിക്കപ്പെടാത്ത, ഒരാള്‍ക്കും ഒരു ശുപാര്‍ശയും പ്രയോജനപ്പെടാത്ത, ആര്‍ക്കും ഒരു സഹായവും ലഭിക്കാത്ത ഒരു ദിവസത്തെ (പരലോകത്തെ)നിങ്ങള്‍ സൂക്ഷിക്കുക'' (2:123,48).

'അങ്ങനെ ഒന്നുണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു' എന്ന് നിരീശ്വര നിര്‍മതവാദികളുടെവരെ മനസ്സുപോലും കൊതിക്കുന്നുണ്ടെന്നതിന് അവരുടെ തന്നെ വാക്കുകള്‍ സാക്ഷിയാണ്. 'പക്ഷേ, ഇല്ലല്ലൊ' എന്ന നിരാശയിലാണ് അവര്‍ എത്തിച്ചേരുന്നത്. ഇല്ല എന്നു പറയാന്‍ എന്തു ന്യായമാണുള്ളത്? മനുഷ്യന് വേണ്ട എല്ലാം അവന്‍ ആവശ്യപ്പെടാതെ തന്നെ ഇവിടെ ഒരുക്കിയ സൃഷ്ടിനാഥന്‍ മനുഷ്യജീവിതത്തിന് ലക്ഷ്യവും അര്‍ഥവും നല്‍കുന്ന നീതിയുടെ വേദി സംവിധാനിക്കാതെ വൃഥാവിലാക്കി എന്നു പറയാന്‍ നീതിബോധമുള്ളവര്‍ക്ക് സാധിക്കുകയില്ല.

''അപ്പോള്‍ നാം നിങ്ങളെ വൃഥാ സൃഷ്ടിച്ചതാണെന്നും നമ്മുടെ അടുക്കലേക്ക് നിങ്ങള്‍ മടക്കപ്പെടുകയില്ലെന്നും നിങ്ങള്‍ കണകാക്കിയിരിക്കയാണോ?''(23:115).

അതിന്റെ സംഭവ്യതയില്‍ സംശയിക്കുന്നതും ശുദ്ധ അസംബന്ധമാണ്. മണ്ണും അസ്ഥിശകലങ്ങളുമായതിന് ശേഷം എങ്ങനെയാണ് ഒരു പുനരുത്ഥാനം എന്നാണ് അവര്‍ ചോദിക്കുന്നത്. ക്വുര്‍ആന്‍ അതിനു നല്‍കുന്ന മറുപടി കാണുക: ''പറയുക: ആദ്യതവണ അവയെ ഉണ്ടാക്കിയവനാരോ അവന്‍തന്നെ അവയ്ക്ക് ജീവന്‍ നല്‍കുന്നതാണ്. അവന്‍ എല്ലാതരം സൃഷ്ടിപ്പിനെപ്പറ്റിയും അറിവുള്ളവനത്രെ'' (36:79).