ഉറക്കം: ദൃഷ്ടാന്തവും അനുഗ്രഹവും

ശമീർ മദീനി

2017 ഫെബ്രുവരി 04 1438 ജമാദുൽ അവ്വൽ 09
“രാത്രിയും പകലും നിങ്ങൾ ഉറങ്ങുന്നതും അവന്റെ അനുഗ്രഹത്തിൽ നിന്ന്‌ നിങ്ങൾ ഉപജീവനം തേടുന്നതും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ. തീർച്ചയായും അതിൽ കേട്ടുമനസ്സിലാക്കുന്ന ജനങ്ങൾക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌”- ക്വുർആൻ 30:23.

 

ഉറക്കം മനുഷ്യന്‌ വിശ്രമവും ആശ്വാസവുമാണ്‌. കോടികളുടെ ആസ്തിയുള്ള ധനികർക്കും രാജ്യം ഭരിക്കുന്ന രാജാക്കന്മാർക്കും രാഷ്ട്രത്തലവന്മാർക്കുമൊക്കെ സ്വസ്ഥമായി ഉറങ്ങാൻ കഴിയാതെ വരികയും ഉറങ്ങാനായി ഉറക്കഗുളികകളെ ആശ്രയിക്കേണ്ടിവരികയും ചെയ്യേണ്ട സ്ഥിതി വന്നാൽ...? വല്ലാത്തൊരു അവസ്ഥയായിരിക്കുമത്‌. സമ്പത്തും അധികാരവും പാറാവുകാരുമൊന്നും ആശ്വാസം നൽകാത്ത വല്ലാത്തൊരവസ്ഥ. ശീതീകരിച്ച മുറികളും മൃദുലമായ വിരിപ്പുകളുമൊക്കെയുണ്ടായിട്ടും അവയിൽ തിരിഞ്ഞുമറിഞ്ഞ്‌ സമയം തള്ളിനീക്കുന്ന ഒരാളുടെ മാനസികസംഘർഷം വിവരണാതീതമാണ്‌. ഭൗതികതയല്ല സമാധാനത്തിന്റെ ഹേതുവെന്ന്‌ അത്‌ നമ്മോട്‌ പറയുന്നുണ്ട്‌.

സ്വന്തമായി കിടപ്പാടമില്ലാത്തവർ, ആരുടെയോ ഷട്ടറിട്ട കടവരാന്തയിൽ ചാക്കും പേപ്പറും വിരിച്ച്‌ കിടന്ന്‌ മിനുട്ടുകൾക്കകം കൂർക്കംവലിച്ചുറങ്ങുന്ന മറ്റൊരു കൂട്ടർ! കൊതുകുകളുടെ കുത്തും ചുമരുകളുടെ അഭാവവും അവർക്ക്‌ തടസ്സമാകുന്നില്ല. ശീതീകരിച്ച മുറികളും പട്ടുമെത്തയുമൊന്നും അവർക്കാവശ്യമില്ല.

ഒരിക്കൽ ഖലീഫ ഉമർ​‍്യവിനെ അന്വേഷിച്ച്‌ റോമൻ ചക്രവർത്തി വരുമ്പോൾ വൃക്ഷച്ചുവട്ടിൽ സ്വസ്ഥനായി വിശ്രമിക്കുന്ന ഖലീഫയെയാണ്‌ അയാൾക്ക്‌ കാണാൻകഴിഞ്ഞത്‌. തന്റെ കണ്ണുകളെ അയാൾക്ക്‌ വിശ്വസിക്കാനായില്ല. അവസാനം അത്ഭുതത്തോടെ അയാൾ പറഞ്ഞു: “ഉമർ, താങ്കൾ നീതി പാലിച്ചു. അതിനാൽ നിങ്ങൾക്ക്‌ ഉറങ്ങാൻ സാധിക്കുന്നു.”??

ഉറക്കമെന്നത്‌ വല്ലാത്തൊരനുഗ്രഹമാണ്‌. പക്ഷേ, അതിന്റെ അഭാവത്തിലേ അതിന്റെ വിലയറിയാനാകൂ. പടച്ചവന്റെ മഹത്തായ അനുഗ്രഹങ്ങളെ സൂചിപ്പിച്ച പല സന്ദർഭങ്ങളിലും ഉറക്കമെന്ന അനുഗ്രഹത്തെ ക്വുർആൻ പ്രത്യേകം പരാമർശിച്ചത്‌ ശ്രദ്ധേയമാണ്‌. (ഉദാഹരണത്തിന്‌ 25:47, 78:9).

രോഗകാഠിന്യം കൊണ്ടും ശക്തമായ വേദനകൾ കൊണ്ടും പട്ടിണി കൊണ്ടുമൊക്കെ ഉറക്കം കിട്ടാതെ രാത്രികൾ തള്ളിനീക്കുന്ന പലരും നമുക്ക്‌ ചുറ്റുമുണ്ടെന്നത്‌ നാം മറക്കാതിരിക്കുക. ശത്രുക്കളുടെ തടവറയിൽ ഭയന്ന്‌ കഴിയുന്ന നിദ്രാവിഹീനന്റെ മുഖഭാവമൊന്നോർത്തുനോക്കൂ. ഇങ്ങനെ എത്രയെത്രയാളുകൾ... ഉറക്കിന്റെ ഇളംതെന്നലിനായി കൊതിക്കുന്നവർ.

ആരാണ്‌ ഉറക്കം എന്ന ഈ അത്ഭുതാവഹമായ പ്രതിഭാസം നമുക്ക്‌ സംവിധാനിച്ച്‌ വിശ്രമവും ആശ്വാസവും കനിഞ്ഞേകിയത്‌? നാം ചിന്തിച്ചിട്ടുണ്ടോ? ആധുനികശാസ്ത്രത്തിന്‌ പോലും കൃത്യമായി ഒരു വിശദീകരണം നൽകാൻ കഴിയാത്ത ഒരു സമസ്യയായി ഉറക്കം ഇന്നും തുടരുകയാണ്‌. അല്ലാഹു പറയുന്നു: “അവനത്രെ നിങ്ങൾക്ക്‌ വേണ്ടി രാത്രിയെ ഒരു വസ്ത്രവും ഉറക്കത്തെ ഒരു വിശ്രമവും ആക്കിത്തന്നവൻ. പകലിനെ അവൻ എഴുന്നേല്പ്‌ സമയമാക്കുകയും ചെയ്തിരിക്കുന്നു”(25:47).

ഈ അനുഗ്രഹത്തിന്‌ മനസ്സറിഞ്ഞ്‌ നാം നന്ദികാണിക്കാറുണ്ടോ? ഉറക്കവുമായി ബന്ധപ്പെട്ട്‌ അല്ലാഹുവും പ്രവാചകനും പഠിപ്പിച്ച മര്യാദകൾ പാലിക്കാൻ ഇത്തരം ചിന്തകൾ വിശ്വാസികളെ പ്രചോദിതമാക്കും.

അപ്രകാരം തന്നെ ആ ഉറക്കം ഒരുപക്ഷേ, നമ്മുടെ അന്ത്യവുമായേക്കാം. അത്തരത്തിലുള്ള ഒരുപാട്‌ വാർത്തകൾ നാം കേൾക്കുകയും ചെയ്തിട്ടുണ്ട്‌. അതിലേക്ക്‌ സൂചിപ്പിച്ചു കൊണ്ട്‌ അല്ലാഹു പറയുന്നു:

“ആത്മാവുകളെ അവയുടെ മരണവേളയിൽ അല്ലാഹു പൂർണമായി ഏറ്റെടുക്കുന്നു; മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും. എന്നിട്ട്‌ ഏതൊക്കെ ആത്മാവിന്‌ അവൻ മരണം വിധിച്ചിരിക്കുന്നുവോ അവയെ അവൻ പിടിച്ചുവെക്കുന്നു. മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധിവരെ അവൻ വിട്ടയക്കുകയും ചെയ്യുന്നു. തീർച്ചയായും അതിൽ ചിന്തിക്കുന്ന ജനങ്ങൾക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌”(39:42).