ഫാഷിസം ഭരണഘടനയെ അട്ടിമറിക്കുന്നു

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി  കെ.സി നജീബ്

2017 ഏപ്രില്‍ 29 1438 ശഅബാന്‍ 2
കുവൈത്ത് കേരള ഇസ്‌ലാഹീ സെന്റര്‍ സംഘടിപ്പിച്ച നാലാമത് ഇസ്‌ലാമിക് സെമിനാറിലെ മുഖ്യാതിഥിയായി കുവൈത്തിലെത്തിയ ഇന്ത്യന്‍ പാര്‍ലമെന്റംഗം ബഹു. ഇ.ടി. മുഹമ്മദ് ബഷീര്‍ സാഹിബുമായി നജീബ് കെ.സി നടത്തിയ അഭിമുഖം.

അടുത്തിടെ താങ്കളുടെ ശ്രദ്ധേയമായ ഇടപെടലുണ്ടായ വിഷയമാണല്ലോ എന്‍.ഐ.എ തടങ്കലിലാക്കിയ ഹനീഫ് മൗലവിയുടെ വിഷയത്തില്‍ നിയമസംവിധാനങ്ങളുപയോഗിച്ച് ജാമ്യം നേടിയെടുത്തത്. എന്നാല്‍ രാജ്യത്ത് ധാരാളം മുസ്‌ലിം ചെറുപ്പക്കാര്‍ ഇതുപോലെ കുറ്റാരോപിതരായി അന്യായത്തടവില്‍ കഴിയുന്നുണ്ടെന്നാണ് അറിവ്. അവരുടെ കാര്യത്തില്‍ എന്തു ചെയ്യാന്‍ സാധിക്കും? പ്രത്യേകിച്ചും ഇത്തരം അന്യായം ആവര്‍ത്തിക്കാതിരിക്കാനുള്ള നിയമപരമായ മുന്‍കരുതലുകള്‍ക്കുള്ള സാധ്യത എന്താണ്?

ഇത് ഞാന്‍ കുറച്ചു ദിവസങ്ങളായി സ്വയം ചോദിച്ചു കൊണ്ടിരിക്കുന്ന ഒരു ചോദ്യമാണ്. നിലവില്‍ തടവിലുള്ളവരുടെ വിഷയത്തില്‍ നിയമപരമായ ഒരു സാധ്യത കാണുന്നുണ്ട്. വിചാരണത്തടവുകാരുടെ കാര്യത്തില്‍ സുപ്രീം കോടതിയുടെ ഒരു ജഡ്ജ്‌മെന്റ് നിലവിലുണ്ട്. അതായത്, വിചാരണത്തടവുകാരില്‍ ചുമത്തപ്പെട്ട കുറ്റത്തിന് ലഭിക്കാവുന്ന പരമാവധി ശിക്ഷയുടെ പകുതി പിന്നിട്ടവരെയെല്ലാം മോചിപ്പിച്ച് കോടതിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ എന്തു നടപടിയാണ് എടുത്തിട്ടുള്ളതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഞാന്‍ കരുതുന്നു, ഇത് നിയമപരമായ ഒരു സാധ്യതയാണ്. വിശദാംശങ്ങള്‍ അഭിഭാഷകരുമായി കൂടിയാലോചിക്കേണ്ടതുണ്ട്. ഈ വിധി പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ ഒരു ക്ലാരിഫിക്കേഷന്‍ ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിച്ചാല്‍ കോടതി അതിലൊരു നടപടിയെടുക്കുമെന്ന് വിചാരിക്കുന്നു. സാധിക്കുമെങ്കില്‍, ഇത് നിയമപരമായ നീക്കത്തിനുള്ള ഒരു വഴിയാണ്. ധാരാളമാളുകള്‍ ഇത്തരത്തില്‍ തടവില്‍ കഴിയുന്നുണ്ട്. കേരളത്തില്‍ നിന്ന് കുറവാണ്. ഏറ്റവുമധികമുള്ളത് ഉത്തര്‍പ്രദേശില്‍ നിന്നാണ്.

ഇരുപത്തിമൂന്നു വര്‍ഷം തടവിലിട്ട ശേഷം കുറ്റമൊന്നുമില്ലാതെ വെറുതെ വിട്ട സംഭവങ്ങളൊക്കെയുണ്ടല്ലോ?

എത്രയോ സംഭവങ്ങളുണ്ട്. അധികവും ജഡ്ജ്‌മെന്റ് വരുമ്പോള്‍ നിരപരാധിയെന്ന് കണ്ട് വിട്ടയച്ചവയാണ്. ഹനീഫ് മൗലവിയുടെ പേരിലുള്ള കേസിനൊന്നും യാതൊരു അടിസ്ഥാനവുമില്ല. കേരളത്തില്‍നിന്ന് തിരോധാനം ചെയ്ത ചെറുപ്പക്കാരിലൊരാളുടെ പിതാവ് മജീദ് കൊടുത്ത ഒരു പെറ്റീഷനാണ് കേസിന്റെ അവലംബം. അയാള്‍ ചാനലുകളോട് പറഞ്ഞു, എന്നെയും വിളിച്ച് പറഞ്ഞിരുന്നു, ഹനീഫ് മൗലവിക്കെതിരെ അയാളൊന്നും പറഞ്ഞിട്ടില്ലെന്ന്. മകനെ മതം പഠിപ്പിച്ചത് ഹനീഫ് മൗലവിയാണെന്ന് പറഞ്ഞത് ശരിയാണ്; ബാക്കിയെല്ലാം എന്‍. ഐ.എ. എഴുതിക്കൊണ്ടുവന്ന് നിര്‍ബന്ധിച്ച് ഒപ്പിടുവിച്ചതാണ് എന്നാണ് പറഞ്ഞത്. 

അതുപോലെ നിരപരാധികളായി ഒരുപാടാളുകള്‍ ഇനിയുമുണ്ട്. പല ഘട്ടങ്ങളിലായി പാര്‍ലമെന്റില്‍ ഇക്കാര്യം ഞാന്‍ ഉന്നയിച്ചിട്ടുണ്ട്. പരപ്പനങ്ങാടിയിലെ സകരിയ്യയുടെ കാര്യം, മഅ്ദനിയുടെ കാര്യം ഒക്കെ ഉന്നയിച്ചിട്ടുണ്ട്. പാര്‍ലമെന്റിന്റെ ശ്രദ്ധയിലും ചര്‍ച്ചയിലും വിഷയം വന്നിട്ടുണ്ട്. നിയമപരമായി കുറേക്കൂടി കാര്യങ്ങള്‍ ചെയ്താല്‍ ഒരു പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയുണ്ട്. ഇന്‍ശാ അല്ലാഹ് അതിനു വേണ്ടി പരിശ്രമിക്കും.

രാജ്യത്ത് ഫാഷിസം നിയമങ്ങളെ അതിലംഘിച്ചുകൊണ്ട് സമുദായത്തിനെതിരെ വെല്ലുവിളി തുടരുകയും ദേശീയതയുടെ ആവരണമണിയിച്ച് കാര്യങ്ങളെ തെറ്റിധരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണല്ലോ. മുസ്‌ലിം സമുദായം എങ്ങനെയാണ് ഇതിനെ നേരിടേണ്ടത്?

നിയമങ്ങള്‍ ലംഘിക്കുന്നു എന്നതിലുപരി ഇന്ത്യയില്‍ ഫാഷിസ്റ്റുകള്‍ ഭരണഘടനയെത്തന്നെ ലംഘിക്കുകയാണ് ചെയ്യുന്നത്. ഭരണഘടനക്ക് ചില അടിസ്ഥാന പ്രമാണങ്ങളുണ്ട്. സെക്യുലര്‍ ഡെമോക്രസി അഥവാ മതേതര ജനാധിപത്യം എന്ന ആശയത്തിലധിഷ്ഠിതമാണ് നമ്മുടെ ഭരണഘടന. അതില്‍ വളരെ ശ്രദ്ധേയമായ ചില ആര്‍ട്ടിക്ക്ള്‍സ് ഉണ്ട്. ആര്‍ട്ടിക്ക്ള്‍ 25: ഫ്രീഡം ഓഫ് ഫെയ്ത്ത് (വിശ്വാസ സ്വാതന്ത്ര്യം), ആര്‍ട്ടിക്ക്ള്‍ 14: ഇക്വാലിറ്റി (തുല്യത), ആര്‍ട്ടിക്ക്ള്‍ 15: വിദ്യാഭ്യാസം തുടങ്ങിയ അവസരങ്ങളിലെ സംവരണം, ആര്‍ട്ടിക്ക്ള്‍ 30: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനുള്ള സ്വാതന്ത്ര്യം എന്നിങ്ങനെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ടും നീതിനിഷേധം തടയാനുദ്ദേശിച്ചും തുല്യ അവസരം ഉറപ്പുവരുത്തുന്നതുമായി ധാരാളം വകുപ്പുകള്‍ ഭരണഘടനയിലുണ്ട്. അതിനെയെല്ലാം ഇവര്‍ നിര്‍ദാക്ഷിണ്യം ലംഘിക്കുകയാണ്.

ഉദാഹരണത്തിന്, ഇന്ത്യയില്‍ വിഷം വമിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തുന്ന ധാരാളം ചാനലുകളുണ്ട്. പക്ഷേ, ഈയിടെ ഇന്ത്യയില്‍ പീസ് ടി.വി നിരോധിച്ചു. സോഷ്യല്‍ മീഡിയയുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ ഗവണ്‍മെന്റിന് അധികാരം നല്‍കിക്കൊണ്ട് ഐ.ടി. നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതി സുപ്രീം കോടതി ദുര്‍ബലപ്പെടുത്തിയത് രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം നിലനില്‍ക്കുന്ന കാലത്ത് ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പെടുത്താനാവില്ലെന്ന് പറഞ്ഞുകൊണ്ടാണ്. അങ്ങനെയുള്ള നാട്ടില്‍ പീസ് ടി.വി മാത്രമല്ല, സാകിര്‍ നായികിന്റെ വെബ്‌സൈറ്റ് വരെ നിരോധിച്ചിരിക്കുകയാണ്. നിയമപരവും ഭരണഘടനാപരവുമായ എല്ലാ അനുകൂല സാഹചര്യങ്ങളും തകിടം മറിക്കുകയാണ് ഇന്ത്യയിലിന്ന് ഫാഷിസ്റ്റുകള്‍ ചെയ്യുന്നത്.

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വേട്ടയാടപ്പെടുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ അവകാശം നല്‍കുന്ന ആര്‍ട്ടിക്ള്‍ 30ല്‍ പറയുന്നത് വേല the right to establish and administer educational institutions of their choice എന്നാണ്; അവരുടെ ഇഷ്ടപ്രകാരമുള്ള സ്ഥാപനം, അത് മതപരമോ ഭൗതികമോ ആകാം. അത്തരം സ്ഥാപനങ്ങള്‍ വേട്ടയാടപ്പെടുന്നത് ഭരണഘടനാലംഘനമാണ്.

രാജ്യസഭയില്‍ ഫാഷിസ്റ്റ് ചിന്താഗതിക്കാര്‍ക്ക് ഭൂരിപക്ഷമില്ലാത്തതാണ് അല്‍പം ആശ്വാസം. അല്ലെങ്കില്‍ അവര്‍ ഇതിലും വലിയ അപകടം ചെയ്യുമായിരുന്നു. പ്രതിരോധിക്കാന്‍ ജനാധിപത്യ മാര്‍ഗങ്ങള്‍ അവലംബിക്കുക മാത്രമെ വഴിയുള്ളൂ. നിയമപരമായ നടപടികള്‍ പലതും നടക്കുന്നുണ്ട്. അലിഗര്‍ യൂനിവേഴ്‌സിറ്റി, ജാമിഅ മില്ലിയ്യ എന്നിവയുടെ ന്യൂനപക്ഷ പദവി നീക്കം ചെയ്യുന്നതിനെതിരെ സുപ്രീം കോടതിയില്‍ കേസുകളുണ്ട്. മനുഷ്യാവകാശ കമ്മീഷന്‍ മുമ്പാകെ ചില കേസുകളുണ്ട്. ഇതിനൊക്കെപ്പുറമെ ജനങ്ങളുടെ ഭാഗത്തുനിന്ന് വ്യാപകമായ പ്രതിഷേധം വളര്‍ന്നു വരേണ്ടതുണ്ട്.

ഇത്തരം പ്രശ്‌നങ്ങളില്‍ ദേശീയ തലത്തില്‍ മതേതര പ്രതിരോധത്തിന്റെ സാധ്യത എന്താണ്?

സാധ്യത ഇതുവരെ തെളിഞ്ഞുവന്നിട്ടില്ല. ഞാന്‍ നിങ്ങളോട് സംസാരിക്കുന്ന ഈ ദിവസം യു.പി ഇലക്ഷന്റെ അവസാനഘട്ടമാണ്. ഈയാഴ്ച ഏറ്റവും ഡിമാന്റുള്ള ഒന്ന് മുസ്‌ലിംകളായിരുന്നു. തെരഞ്ഞെടുപ്പിന്റെ ഈയാഴ്ച കഴിഞ്ഞാല്‍ ആ ഡിമാന്റ് അവസാനിക്കുകയായി. എല്ലാ പാര്‍ട്ടികളുടെ പ്രചാരണ വാഹനത്തിലും ഓരോ മൗലാന ഉണ്ടാകും. വോട്ട് തീരുമാനിക്കുന്നത് അവരാണ്. അത് പലരും ഭാഗിച്ചു കൊണ്ടുപോകുന്നു. അവരുടെ ആവശ്യം കഴിയുന്നതോടെ 'യൂസ് ആന്റ് ത്രോ' എന്ന രീതിയില്‍ സമുദായം ഉപേക്ഷിക്കപ്പെടുന്നു. ഇനി അടുത്ത തെരഞ്ഞെടുപ്പ് വരുമ്പോള്‍ പൊങ്ങിവരും. 

പീഡിപ്പിക്കപ്പെടുന്നതില്‍ മുസ്‌ലിംകള്‍ മാത്രമല്ല ദലിത് പിന്നോക്ക വിഭാഗങ്ങളുമുണ്ട്. അവരെയും കൂടെ കൂട്ടാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. യഥാര്‍ഥത്തില്‍ ബി.ജെ.പി ഉയര്‍ത്തിപ്പിടിക്കുന്ന നയം തന്നെ ദലിത് വിരുദ്ധമാണ്. പ്രാന്തവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ യോജിപ്പ് നിലവില്‍ വരുന്നതിനെ ഇവര്‍ ഭയക്കുന്നുണ്ട്. ഊനോ സംഭവത്തെത്തുടര്‍ന്നുണ്ടായ ദലിത് പ്രക്ഷോഭം അവരെ ശരിക്കും വിറപ്പിച്ചു. വിശാലമായ ന്യൂനപക്ഷ പിന്നോക്ക ദലിത് യോജിപ്പ് നിലവില്‍ വന്നാല്‍ അത് രാജ്യത്തിന്റെ രാഷ്ട്രീയചിത്രം തന്നെ മാറ്റിയേക്കും.

ഉത്തരേന്ത്യന്‍ മുസ്‌ലിംകളിലെ രാഷ്ട്രീയ അവബോധമില്ലായ്മയാണല്ലോ അവര്‍ വോട്ടുബേങ്ക് രാഷ്ട്രീയത്തിലെ വീതംവെപ്പിന് ഇരകളായിത്തീരാന്‍ കാരണം. അവരുടെ സാമൂഹിക ദുരവസ്ഥയും അവര്‍ക്കിടയില്‍ ജീവകാരുണ്യ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതിന്റെ പ്രസക്തിയും താങ്കളുടെ പ്രഭാഷണത്തില്‍ പരാമര്‍ശിച്ചല്ലോ. രാഷ്ട്രീയമായ ബോധവല്‍ക്കരണം നടത്തി അവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ദേശീയ തലത്തില്‍ തന്നെ ഇടപെടലുകള്‍ നടത്താനുള്ള സാധ്യതകള്‍ എന്താണ്? മുസ്‌ലിം ലീഗിന്റെ ദേശീയ നേതാവ് എന്ന നിലയില്‍ ഇതിനെ എങ്ങനെ നോക്കിക്കാണുന്നു?

ഒരു തിരിച്ചറിവുണ്ടായാല്‍ രക്ഷപ്പെടും. പാര്‍ലമെന്ററി ജനാധിപത്യം നിലനില്‍ക്കുന്ന ഒരു രാജ്യത്ത് പൗരന്റെ കൈയിലുള്ള ഏറ്റവും ശക്തമായ ആയുധം ബാലറ്റാണ്. അതിനെ വിവേകപൂര്‍വം ഉപയോഗപ്പെടുത്തുന്ന ഒരു സ്ഥിതിയിലേക്ക് വന്നാലേ ഇപ്പോഴത്തെ അവസ്ഥക്ക് ശരിയായ പരിഹാരമുണ്ടാവൂ. ഇപ്പോള്‍ സ്വന്തം വോട്ടുകള്‍ പലര്‍ക്കും വീതിച്ചുകൊടുത്ത് തങ്ങളുടെ കടമ നിര്‍വഹിച്ചു എന്ന മട്ടിലാണ് ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍. അവരുടെ വോട്ടുകൊണ്ട് വിലപേശുന്നില്ല.

ന്യൂനപക്ഷത്തിന്റെ സംരക്ഷകരെന്നു പറഞ്ഞു രംഗത്തുവന്ന നേതാക്കള്‍ പലരും അവസരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നത്. ഒരു കാലത്ത് ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി സംസാരിക്കുന്ന ചാമ്പ്യനെന്ന് ചെറുപ്പക്കാര്‍ ഹരം കൊണ്ടിരുന്ന പാസ്വാന്‍ ഇന്ന് എന്‍.ഡി.എ മന്ത്രിസഭയിലെ അംഗമാണ്.

ദേശീയ തലത്തില്‍ മുസ്‌ലിം ദലിത് ഐക്യത്തിനുള്ള നീക്കങ്ങള്‍ തന്നെയാണ് വേണ്ടത്. അതില്‍ മുസ്‌ലിം ലീഗിന് വിപുലമായ ശ്രമങ്ങളൊന്നും നടത്താനായിട്ടില്ലെന്നത് യാഥാര്‍ഥ്യമാണ്. അതിന് ലീഗിന് ചില പരിമിതികളുണ്ട്. വടക്കേ ഇന്ത്യയിലെ മുസ്‌ലിംകളുടെ മനസ്സില്‍ ഇപ്പോഴും മുസ്‌ലിം ലീഗെന്ന് കേള്‍ക്കുമ്പോള്‍ പാക്കിസ്ഥാനുണ്ടാക്കിയ ലീഗ് എന്ന സ്റ്റിഗ്മയാണ്. അതുകൊണ്ട് മുസ്‌ലിം ലീഗ് വടക്കേ ഇന്ത്യയില്‍ വേണ്ടത്ര വിജയിച്ചിട്ടില്ല. ഞങ്ങളിപ്പോള്‍ ചില സ്ഥലങ്ങളില്‍ സജീവമായി ഇടപെട്ട് ചില നല്ല മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ ലീഗിന്റെ സ്വീകാര്യതക്കു പിന്നിലുള്ളത് മനുഷ്യജീവിതത്തിന്റെയും വികസനത്തിന്റെയും എല്ലാ തലങ്ങളിലും അതിന്റെ സാന്നിധ്യവും പങ്കാളിത്തവുമുണ്ട് എന്നതാണ്. ആ ഒരു സ്വഭാവത്തിലേക്ക് അവിടെ വളര്‍ന്നുവരാന്‍ സമയമെടുക്കും. യു.പി, ബീഹാര്‍, ബംഗാള്‍ സംസ്ഥാനങ്ങളിലെ ചില മുസ്‌ലിം ഭൂരിപക്ഷ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തി ഒരു രാഷ്ട്രീയ അസ്തിത്വം രൂപപ്പെടുത്താനുള്ള പദ്ധതികളുണ്ട്.