മുസ്‌ലിം തീവ്രവാദികൾ ഇസ്‌ലാമിനെ കളങ്കപ്പെടുത്തുന്നവർ

എം.ജി.എസ്‌ നാരായണൻ / റസ്റ്റം ഉസ്മാൻ

2017 ജനുവരി 14 1438 റബിഉൽ ആഖിർ 15
മലയാളത്തിന്റെ പ്രിയപ്പെട്ട ചരിത്രകാരൻ എം.ജി.എസ്‌ നാരായണനുമായി റസ്റ്റം ഉസ്മാൻ നടത്തിയ അഭിമുഖത്തിൽ നിന്ന്‌... ഇസ്ലാം വരുത്തിയ മാറ്റങ്ങൾ, കേരള മുസ്ലിം നവോത്ഥാനം, തീവ്രവാദം... തുടങ്ങിയവയെക്കുറിച്ച്‌ അദ്ദേഹം നടത്തിയ ഹൃസ്വമായ വിലയിരുത്തലുകൾ.


കേരള മുസ്ലിംകൾക്കിടയിൽ നവോത്ഥാന സംരംഭങ്ങൾ തുടങ്ങുന്നതിനു മുമ്പ്‌ ഇംഗ്ളീഷ്‌ പഠനത്തിനെതിരെ മതനേതൃത്വം രംഗത്തുവന്നിരുന്നതിനെ എങ്ങനെ വീക്ഷിക്കുന്നു?

സൈനുദ്ദീൻ മഖ്ദൂമിനെ പോലുളള പതിനാറാം നൂറ്റാണ്ടിലെ ചിന്തകന്മാർ മതങ്ങൾ തമ്മിൽ പരസ്പര വെരുധ്യം കണ്ടിരുന്നില്ല. തുഹ്ഫതുൽ മുജാഹിദീനിൽ വിദേശികളായ, അക്രമികളായ പറങ്കികൾക്കെതിരായി സാമൂതിരിപ്പാടിന്റെയും ഹിന്ദുക്കളുടെയും നേതൃത്വത്തിൽ മുസ്ലിംകൾ ജിഹാദ്‌ നടത്താനുള്ള ആഹ്വാനം കാണാം. പത്തൊമ്പതാം നൂറ്റാണ്ടിൽ പ്രാദേശിക ഭാഷകൾ ഹറാമാണെന്ന ചിന്ത ഉടലെടുത്തു. മുമ്പ്‌ അതില്ല. ഉണ്ടെങ്കിൽ അറബിമലയാളം എന്ന ഭാഷ ഉണ്ടാകുമായിരുന്നില്ല. മോയിൻകുട്ടി വൈദ്യരെ പോലുള്ള കവികൾ പാട്ടെഴുതാൻ ഉപയോഗിച്ച ഭാഷയാണിത്‌. മലയാളഭാഷ ഉണ്ടാകുന്ന കാലം മുതൽക്കുതന്നെ സംസ്കൃതവും തമിഴും കലർന്ന മണിപ്രവാളം ഉണ്ടായതുപോലെ അറബിമലയാള പാരമ്പര്യം ഉണ്ടായിട്ടുണ്ട്‌. പക്ഷേ, പത്തൊമ്പതാം നൂറ്റാണ്ട്‌ ആകുമ്പോഴേക്കും യാഥാസ്ഥിതികരായ മതപുരോഹിതന്മാർ പിടിമുറുക്കി. വെളിയങ്കോട്ട്‌ ഉമർഖാദി അന്ന്‌ ഇംഗ്ളീഷും മലയാളവും പഠിക്കാൻ ആഹ്വാനം ചെയ്ത്‌ രംഗത്തുവന്നു. വക്കം മൗലവി നവോത്ഥാന പ്രവർത്തനങ്ങുമായി രംഗത്തു വന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഫറോഖ്‌ കോളേജ്‌ തുടങ്ങി. മുസ്ലിം സ്ത്രീകൾ വിദ്യ അഭ്യസിക്കാൻ പാടില്ല എന്ന ധാരണയായിരുന്നു അന്ന്‌ മുസ്ലിംകൾക്കിടയിലുണ്ടായിരുന്നത്‌. ആ സ്ഥാപനത്തിൽ പഠിച്ച മുസ്ലിം സ്ത്രീകൾ പിന്നീട്‌ പരിഷ്കരണങ്ങളുടെ പ്രചാരകരായി.

എല്ലാ മേഖലകളിലും കാവിവത്കരണം നടക്കുന്നതായി ആരോപിക്കപ്പെടുന്ന കാലമാണിത്‌. ഇതിനെക്കുറിച്ച്‌ എന്താണ്‌ അഭിപ്രായം?

അത്‌ ഒരു പ്രചരണ മുദ്രാവാക്യമാണ്‌. കാവി മോശമായി എനിക്ക്‌ തോന്നിയിട്ടില്ല. പഴയകാലത്ത്‌ ലൗകികജീവിത വിരക്തിയുടെ മുദ്രയായിട്ട്‌ സ്വീകരിച്ചിരുന്നതാണത്‌. അതിനെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമാണ്‌ ആർ.എസ്‌.എസ്സുകാർ നടത്തുന്നത്‌. അതിന്റെ ഫലമായി മറ്റുള്ളവർ കാവിയെ തന്നെ വെറുക്കുന്ന അവസ്ഥയുണ്ടായി. ഇസ്ലാമിനെ അവഹേളിക്കുന്നവരാണല്ലോ ഇസ്ലാമിക ഭീകരവാദികൾ. അതുപേലെ കാവിയെ ദുരുപയോഗം ചെയ്യുന്നവർ ഹൈന്ദവ സംസ്കാരത്ത നിന്ദിക്കുന്നവരാണ്‌. ഹിന്ദുസംസ്കാരം എന്തെന്ന്‌ അറിയാത്തവരാണ്‌ അക്രമണ പ്രവണതയെ പ്രോത്സാഹിപ്പിക്കുന്നവർ. പ്രവാചകന്റെ കാലത്തും അതിനുശേഷവും നിലനിന്നിട്ടുള്ള പരിശുദ്ധമായ ചിന്താഗതികൾ മാനവ ഐക്യത്തിലും ഏകദൈവ സിദ്ധാന്തത്തിലും അടിയുറച്ചതാണ്‌. അത്‌ മനസ്സിലാക്കാൻ കഴിയാത്തവരാണ്‌ ഇസ്ലാമിന്റെ പ്രാതിനിധ്യം അവാശപ്പെട്ടുകൊണ്ട്‌ അക്രമ പ്രവർത്തനങ്ങൾ നടത്തുന്നത്‌.

ഐ.എസ്‌.ഐ.എസ്‌ പോലുള്ള തീവ്രവാദികളുടെ പ്രവർത്തനങ്ങൾ ഇസ്ലാമിനെ തെറ്റായി മനസ്സിലാക്കപ്പെടാൻ സഹായിക്കുന്ന അവസ്ഥയാണുള്ളത്‌. ഇതിനെ എങ്ങനെ വിലയിരുത്തുന്നു?

ഏറെക്കുറെ എല്ലാ സമൂഹങ്ങളിലും കാണപ്പെടുന്ന ഒന്നാണിത്‌. ഒരു പ്രസ്ഥാനത്തിന്റെ ആളുകളായി രംഗത്തു വരുന്നവരിൽ തന്നെ -കമ്യൂണിസ്റ്റുകളായാലും ദേശീയവാദികളായാലും ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലിംകളുമായാലും ശരി - എല്ലാറ്റിലും ഇങ്ങനെയുള്ള പ്രവണതകൾ കാണാം. ഇസ്ലാമിന്റെ പേരിൽ ഭീകരപ്രവണതകൾ നടക്കുന്നു എന്നത്‌ വസ്തുതയാണ്‌. അതിനെ ചെറുത്തുതോൽപിക്കേണ്ടതിന്റെ ഉത്തരവാദിത്തം പ്രവാചകനിലും ക്വുർആനിലും ഇസ്ലാമിന്റെ പരിശുദ്ധിയിലും വിശ്വസിക്കുന്ന യഥാർഥ മുസ്ലിംകൾക്കാണ്‌.
അതുപോലെ ഹിന്ദുക്കൾക്കിടയിൽ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ജാതിവിഭജനങ്ങളുമൊക്കെയുണ്ട്‌. അതിനെ ചെറുത്തു തോൽപിക്കേണ്ട മൗലികമായ ഉത്തരവാദിത്തം ഹിന്ദുവിശ്വാസികൾക്കു തന്നെയാണ്‌.
ആർ.എസ്എസ്സുകാരും ബിജെപിക്കാരും ഹിന്ദുക്കളുടെ രക്ഷകന്മാരായി അഭിനയിക്കുന്നവരാണ്‌. അവർ നാട്ടിന്റെ ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും വായിക്കാത്തതിനാൽ പുഷ്പകവിമാനം ശാസ്ത്ര സത്യമാണ്‌ കവിഭാവനയല്ല എന്നൊക്കെ വാദിക്കുന്നുണ്ട്‌. ഇതൊന്നും ചരിത്രമല്ല എന്ന്‌ പൂർവാചാര്യന്മാർക്ക്‌ കൃത്യമായ ധാരണയുണ്ടായിരുന്നു. അതുകൊണ്ടാണ്‌ രാമായണത്തെ ആദികാവ്യം എന്നും വാൽമീകിയെ ആദികവി എന്നും വിശേഷിപ്പിച്ചത്‌. അല്ലെങ്കിൽ ആദിചരിത്രം എന്നും ആദികവിത എന്നും പറയുമായിരുന്നു. ഇതിലൂടെയാണ്‌ ഇന്ത്യയുടെ തത്ത്വചിന്തകളും വേദാന്ത ചിന്തകളും ഗ്രാമങ്ങളിൽ പോലും എത്തിയത്‌ പക്ഷേ, അതിന്റെയിടയിൽ തിരുകിക്കയറ്റുന്ന അന്ധവിശ്വാസങ്ങളുണ്ടാകും. ചിലപ്പോൾ ആ അന്ധവിശ്വാസത്തിന്റെ ആളുകളായിരിക്കും യഥാർഥ വിശ്വാസത്തിന്റെ ആളുകളായി പ്രത്യക്ഷപ്പെടുക.
ഇത്‌ ഇസ്ലാമിലും സംഭവിച്ചിട്ടുണ്ട്‌. വേൾഡ്‌ ട്രേഡ്‌ സെന്റർ തകർത്തവർ ഇസ്ലാമിന്റെ രക്ഷകരായി വേഷമിട്ടാണ്‌ അത്‌ ചെയ്തതെങ്കിലും ലോകത്തിനു മുന്നിൽ ഇസ്ലാമിനെ കരിതേച്ചു കാണിക്കുകയാണ്‌ അവർ ചെയ്തത്‌. അതിനാൽ താടിവെച്ചവരും മുസ്ലിം പേരുള്ളവരും അമേരിക്കക്കാരുടെ കണ്ണിൽ ഭീതിയുളവാക്കുന്നവരാണ്‌.

ക്വുർആൻ കൊണ്ടുവന്ന മാറ്റങ്ങൾ?

തമ്മിൽ കലഹിച്ചിരുന്ന പല ഗോത്രങ്ങൾക്കിടയിലും ഐക്യം കൊണ്ടുവന്നു. ആ ഐക്യത്തിന്റെ ഊർജം അവരിൽ ആത്മവിശ്വാസം വളർത്തി. മുമ്പുതന്നെ അവർ കച്ചവടം വഴി മറ്റു സംസ്കാരങ്ങളുമായി ബന്ധപ്പെട്ടിരുന്നല്ലോ. ആ ബന്ധങ്ങളിലൊക്കെ ഒരു നേതൃസ്ഥാനം അവർക്ക്‌ കൈവന്നത്‌ ഇസ്ലാമന്റെ ഉദയത്തോടുകൂടിയാണ്‌.
ഇസ്ലാം ഒരു പുതിയ മതമല്ല. പഴയ മതങ്ങളുടെ പുനർനവീകൃതമായ രൂപമാണ്‌. ക്വുർആനിലുള്ള തത്ത്വചിന്തയും ബൈബിൾ പഴയ പുതിയനിയമങ്ങളിലുള്ള തത്ത്വചിന്തയും വലിയ അകൽച്ചയുണ്ട്‌ എന്ന്‌ പറയാനാകില്ല. കാലികമായ, പ്രാദേശികമായ വ്യത്യാസങ്ങളൊഴിച്ചാൽ കേന്ദ്ര സത്യങ്ങൾ മൂന്ന്‌ സെമിറ്റിക്‌ മതങ്ങളിലും ഒന്നാണ്‌. ഒരേ പാരമ്പര്യമാണ്‌. ഇതേ പാരമ്പര്യം മറ്റു ഭാഷകളിലും വംശങ്ങളിലും രൂപങ്ങളിലുമുള്ള പ്രത്യക്ഷീഭാവമാണ്‌ ഇതര ദർശനങ്ങളൽ കാണുന്നത്‌. അതിൽ വൈരുധ്യമുണ്ട്‌ എന്ന്‌ പറയാനാകില്ല. അത്‌ തെറ്റിദ്ധാരണയുടെ ഫലമാണ്‌. ഇസ്ലാം അറേബ്യയിൽ ഉദിച്ചുയരുന്ന കാലത്ത്‌ അവിടെയുള്ളവർക്ക്‌ ഇന്ത്യയെപറ്റി വലിയ വിവരമാന്നുമുണ്ടായിരുന്നില്ല. അവ്യക്തമായ ചില ധാരണകളേ ഉണ്ടായിരുന്നുള്ളൂ.