ക്വബ്‌റുകളുമായി ബന്ധപ്പെട്ട ഉറൂസുകള്‍ ശിര്‍ക്ക് തന്നെ!

ഡോ. അഹ്മദ് റാശിദ് റുഹൈലി / നൗഫല്‍ മദീനി

2017 നവംബര്‍ 18 1439 സഫര്‍ 29

മദീനയിലെ പണ്ഡിതരില്‍ ഒരാളായ ഡോ. അഹ്മദ് റാശിദ് റുഹൈലി കാസര്‍കോട്ടെ മാലിക് ദീനാര്‍ ഉറൂസില്‍ പങ്കെടുത്തു എന്നുള്ള വ്യാജമായ പ്രചാരണം തല്‍പരകക്ഷികള്‍ നടത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ശൈഖുമായി നടത്തിയ അഭിമുഖത്തിന്റെ ആശയ വിവര്‍ത്തനം.

ആമുഖ ഭാഷണത്തില്‍ പറഞ്ഞ കാര്യങ്ങള്‍:

''നിശ്ചയം മനുഷ്യഹൃദയത്തില്‍ ഒരു തരം വന്യത ഉണ്ടാകാറുണ്ട്; അല്ലാഹുവിലേക്ക് ആത്മാര്‍ഥമായി മുന്നിടുന്ന പ്രവര്‍ത്തനമല്ലാതെ അതിനെ നീക്കം ചെയ്യുകയില്ല. അല്ലാഹുവിലുള്ള ആത്മാര്‍ഥതയും തൗഹീദും അല്ലാതെ അതില്‍ ഉണ്ടാകുന്ന ദാരിദ്ര്യത്തെ നീക്കം ചെയ്യുകയില്ല.

അതില്‍ ഉണ്ടാകുന്ന അന്ധകാരം അല്ലാഹുവിലുള്ള അനുസരണവും ഭയഭക്തിയും കൊണ്ടല്ലാതെ പ്രകാശിതമാവുകയില്ല. അല്ലാഹുവിന് വേണ്ടി കര്‍മങ്ങള്‍ ചെയ്തവര്‍ക്ക് മംഗളങ്ങള്‍, അല്ലാഹുവിന്റെ വിഷയത്തില്‍ കാര്യങ്ങള്‍ പറഞ്ഞവര്‍ക്ക് മംഗളങ്ങള്‍, അല്ലാഹുവിന്റെ വിഷയത്തില്‍ നടന്നവര്‍ക്ക് മംഗളങ്ങള്‍, തന്റെ പ്രവര്‍ത്തനം കൊണ്ട് അല്ലാഹുവിന്റെ തൃപ്തി മാത്രം കാംക്ഷിച്ചവര്‍ക്ക് മംഗളങ്ങള്‍.

അവന്റെ പ്രയത്‌നങ്ങള്‍ കൊണ്ട് അവന്‍ അല്ലാഹുവിന്റെ അടുക്കലുള്ള പ്രതിഫലമല്ലാതെ പ്രതീക്ഷിക്കുന്നില്ല! ഇഹലോകത്തെയും അതിന്റെ ആളുകളെയും ഉപേക്ഷിച്ചവര്‍ക്ക് മംഗളങ്ങള്‍; അതിന്റെ പളപളപ്പുകളെ ഉപേക്ഷിച്ച് അല്ലാഹുവിലേക്ക് മുന്നിട്ടവരാണവര്‍.

അല്ലാഹുവിലേക്ക് കീഴ്‌വണക്കം ആത്മാര്‍ഥമാക്കിക്കൊണ്ട് നീ ആരാധന ചെയ്യുക. അറിയുക, അവന്നാണ് ആത്മാര്‍ഥമായ കീഴ്‌വണക്കം. അല്ലാഹു സൃഷ്ടികളെ സൃഷ്ടിച്ചതും വേദഗ്രന്ഥങ്ങള്‍ ഇറക്കിയതും ദൂതരെ അയച്ചതും അവന്‍ മാത്രം ആരാധിക്കപ്പെടുവാന്‍ വേണ്ടിയാണ്.

ആകാശങ്ങളെയും ഭൂമിയെയും അവയ്ക്കിടയിലുള്ളതിനെയും അവന്‍ സൃഷ്ടിച്ചതും മനുഷ്യരെയും ജിന്നുകളെയും മലക്കുകളെയും അവന്‍ സൃഷ്ടിച്ചതും ആരാധന അവന് മാത്രം ആയിരിക്കുവാന്‍ വേണ്ടിയാണ്. പ്രാര്‍ഥന അവനോട് മാത്രവും സുജൂദ് അവന്റെ മുമ്പില്‍ മാത്രവും ആകുവാന്‍ വേണ്ടിയാണ്.

നിശ്ചയം അല്ലാഹുവോട് ഇഖ്‌ലാസ്വ് (ആത്മാര്‍ഥത) കാണിക്കല്‍ അല്ലാഹു ഇഷ്ടപ്പെടുന്ന മഹത്തരമായ പ്രവര്‍ത്തനമാണ്. ഏതൊരു മുസ്‌ലിം അവന്റെ പ്രവര്‍ത്തനത്തില്‍ അല്ലാഹുവിനോട് ഇഖ്‌ലാസ്വ് കാണിക്കുന്നുവോ, എങ്കില്‍ അല്ലാഹു അവനെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കാതിരിക്കുകയില്ല. നബി ﷺ പറഞ്ഞിട്ടുണ്ട്: 'നിങ്ങളില്‍ ഏതൊരുവന്‍ വുദൂഅ് ചെയ്യുകയും വുദൂഅ് നന്നാക്കുകയും പിന്നെ അല്ലാഹുവിലേക്ക് മുന്നിട്ട് രണ്ട് റക്അത്ത് നമസ്‌കരിക്കുകയും ചെയ്യുന്നുവോ അവന് സ്വര്‍ഗം നിര്‍ബന്ധമാവുകയും അവന്റെ പാപങ്ങള്‍ പൊറുക്കപ്പെടുകയും ചെയ്യും.' നബി ﷺ പറഞ്ഞു: 'ആരെങ്കിലും ഹൃദയത്തില്‍ ആത്മാര്‍ഥതയോടെ ലാഇലാഹ ഇല്ലലാഹ് പറഞ്ഞാല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും.'

ഇഖ്‌ലാസ്വ് അല്ലാഹു ഇഷ്ടപ്പെടുന്നു. നീ അല്ലാഹുവിന്റെ പ്രതിഫലം ഉദ്ദേശിച്ച് ഒരു വാക്ക് പറയുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നു. അല്ലാഹുവിന്റെ തൃപ്തിയും പ്രതിഫലവും ആഗ്രഹിച്ച് നീ 'ലാ ഇലാഹ ഇല്ലല്ലാഹ്' പറയുന്നത് അവന്‍ ഇഷ്ടപ്പെടുന്നു. ധാരാളം നന്‍മകള്‍ പ്രവര്‍ത്തിക്കുകയും അതോടൊപ്പം സ്വന്തത്തോട് അതിരുകവിയുകയും ചെയ്തവര്‍ വരെ മനസ്സറിഞ്ഞ് 'അസ്തഗ്ഫിറുല്ലാഹ്'  എന്ന് പറഞ്ഞാല്‍ അല്ലാഹു അവന് പൊറുത്ത് കൊടുക്കുകയും അവനെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യും. റസൂല്‍ ﷺ പറഞ്ഞ ഒരു കഥയുണ്ട്: ബനൂഇസ്‌റാഈലില്‍ പെട്ട ഒരാള്‍ 99 പേരെ കൊന്നു. പിന്നെ ഒരു ഭക്തന്റെ അടുക്കല്‍ അയാള്‍ ചെന്ന് എനിക്ക് പശ്ചാതാപം ലഭിക്കുമോ എന്ന് ചോദിച്ചു. അപ്പോള്‍ അദ്ദേഹം ഇല്ല എന്ന് മറുപടി നല്‍കി. അങ്ങനെ അയാള്‍ ആ ഭക്തനെയും കൊന്ന് 100 തികച്ചു. പിന്നെ ഒരു പണ്ഡിതന്റെ അടുക്കല്‍ ചെന്ന് അയാള്‍ എനിക്ക് തൗബ ലഭിക്കുമോ (എന്റെ പശ്ചാത്താപം സ്വീകരിക്കപ്പെടുമോ) എന്ന് ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'താങ്കള്‍ക്കും തൗബക്കും ഇടയില്‍ ആരാണ് മറയിടുക? പക്ഷേ, താങ്കളുടെ നാട് തെമ്മാടിത്തരങ്ങളുള്ള നാടാണ്. ആയതിനാല്‍ താങ്കള്‍ ഇന്ന നാട്ടിലേക്ക് പോകണം. അവിടെ നന്മയും ഭയഭക്തിയുമുണ്ട്.' അങ്ങനെ അയാള്‍ അവിടേക്ക് തിരിച്ചു. വഴിമധ്യെ അയാള്‍ മരിക്കുകയും ചെയ്തു. മരിച്ചപ്പോള്‍ കാരുണ്യത്തിന്റെയും ശിക്ഷയുടെയും മലക്കുകള്‍ ഇറങ്ങി. അവര്‍ ഇയാളുടെ കാര്യത്തില്‍ തര്‍ക്കത്തിലായി. അല്ലാഹു ആ നല്ല നാടിനോട് (ഇയാള്‍ മരിച്ച സ്ഥലത്തേക്ക്) അടുക്കാനും കുഴപ്പമുള്ള നാടിനോട് അകലാനും കല്‍പിച്ചു. അങ്ങനെ ആ തൗബ കാരണം അയാള്‍ സ്വര്‍ഗത്തില്‍ കടക്കുകയും ചെയ്തു. 

എന്ത് കൊണ്ടാണ് ആ നല്ല നാടിനോട് അടുക്കാന്‍ പറഞ്ഞത്? കാരണം അയാള്‍ ആത്മാര്‍ഥമായ തൗബയാണ് ചെയ്തത്. അതിനാല്‍ അല്ലാഹു അയാളെ തൃപ്തിപ്പെടുകയും അയാളുടെ പശ്ചാതാപം സ്വീകരിക്കുകയും ചെയ്തു. (വേറെ രണ്ട് ഉദാഹരണങ്ങളും ചരിത്രവും ശൈഖ് ഉദ്ധരിച്ചു).

നീ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അല്ലാഹുവിനോട് മാത്രം പ്രാര്‍ഥിക്കുകയും ചെയ്താല്‍ അല്ലാഹു നിനക്ക് പൊറുത്ത് തരും. അല്ലാഹുവിന്റെ കൂടെ മറ്റാരോടും നീ പ്രാര്‍ഥിക്കരുത്. ക്വബ്‌റാളിയിലേക്കോ, കല്ലിലേക്കോ, മനുഷ്യരില്‍ ആരിലേക്കെങ്കിലുമോ പ്രാര്‍ഥിക്കുവാനായി നീ തിരിയുന്നതിനെ, അതിനായി പോകുന്നതിനെ നീ സൂക്ഷിക്കണം. ക്വബ്‌റാളി  മനുഷ്യനാണ്, സ്വന്തത്തിന് തന്നെ എന്തെങ്കിലും ഗുണമോ ദോഷമോ അവന്‍ അധീനപ്പെടുത്തുകയില്ല. അല്ലാഹു നിന്നോട് കല്‍പിച്ചത് നീ അവനോട് മാത്രം പ്രാര്‍ഥിക്കുവാനാണ്. ആയതിനാല്‍ കീഴ്‌വണക്കം അവന് മാത്രമാക്കിക്കൊണ്ട് നീ അല്ലാഹുവിനെ ആരാധിക്കുക. കല്ലിനെയോ, മരത്തെയോ, ക്വബ്‌റിനെയോ, ക്വബ്‌റാളിയെയോ, സജ്ജനങ്ങളെയോ, നീ ആരാധിക്കരുത്. അല്ലാഹുവിന് പുറമെ നീ ആരോടും പ്രാര്‍ഥിക്കരുത്. നിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും അല്ലാഹുവിന്ന് മാത്രമായിരിക്കണം; ആത്മാര്‍ഥതയോടെയായിരിക്കണം. കാരണം അല്ലാഹുവല്ലാതെ ആരാധിക്കപ്പെടുന്നവര്‍ സ്വന്തത്തിന് തന്നെ വല്ല ഉപകാരമോ ഉപദ്രവമോ അധീനപ്പെടുത്താത്തവരാണ്. അല്ലാഹുവിന് പുറമെ ആരെങ്കിലും ആരാധിക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയുമില്ല. 

അപ്പോള്‍ ഒരു ക്വബ്‌റാളിയുടെ അടുക്കലേക്ക് നീ പോയി അല്ലാഹുവിന് പുറമെ നീ അവനോട് വിളിച്ച് തേടിയാല്‍ നിന്റെ അവസ്ഥ എന്തായിരിക്കും? ഇത് അല്ലാഹു വിരോധിച്ചതായ ശിര്‍ക്ക് ആണ്. നിന്നോട് അല്ലാഹു ഇത് വിലക്കിയിരിക്കുന്നു. അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും അവനില്‍ യാതൊന്നിനെയും പങ്ക് ചേര്‍ക്കരുതെന്നും റസൂല്‍ ﷺ മുസ്‌ലിംകളോട് കല്‍പിക്കുകയും ചെയ്തിരിക്കുന്നു. നബി ﷺ യുടെ ക്വബ്‌റിനെ ആഘോഷ സ്ഥലമാക്കുന്നതിനെ തൊട്ട് അദ്ദേഹം ഈ സമുദായത്തെ താക്കീത് ചെയ്യുകയും ചെയ്തിരിക്കുന്നു. നബി ﷺ പറഞ്ഞു: 'എന്റെ ക്വബ്‌റിനെ നിങ്ങള്‍ ആഘോഷ സ്ഥലമായി സ്വീകരിക്കരുത്, അഥവാ ആരാധനാ സ്ഥലമാക്കരുത്.' അപ്പോള്‍ നബി ﷺ യുടെ ക്വബ്ര്‍ അല്ലാത്ത, മറ്റുള്ളവരുടെ ക്വബ്‌റുകളുടെ അവസ്ഥ എന്തായിരിക്കും? 

അഭിമുഖത്തിന്റെ ഭാഗം

ചോദ്യം: ക്വബ്‌റുകള്‍ കെട്ടിപ്പൊക്കുന്നതിന്റെയും മക്വ്ബറകളില്‍ ഉറൂസുകളും ആഘോഷങ്ങളും നടത്തുന്നതിന്റെയും വിധി എന്താണ്?

മറുപടി: ക്വബ്‌റുകള്‍ കെട്ടിപ്പൊക്കുന്നത് നിഷിദ്ധമാണ്. അത് ശിര്‍ക്കിലേക്ക് എത്തിക്കും. നബി ﷺ പറഞ്ഞു: 'നിങ്ങള്‍ എന്റെ ക്വബ്‌റിനെ ആഘോഷ സ്ഥലമാക്കരുത്.' ക്വബ്‌റുകളിന്‍മേല്‍ എടുപ്പുകള്‍ ഉണ്ടാക്കുന്നത് നബി ﷺ വിരോധിച്ചിട്ടുണ്ട്. കാരണം അത് പടുത്തുയര്‍ത്തുന്നത് അതിനെ ആരാധനാ സ്ഥലമാക്കും. അതിനാല്‍ തന്നെ റസൂല്‍ ﷺ അതിന്‍മേല്‍ പടുത്തുയര്‍ത്തുന്നത് വിലക്കിയിരിക്കുന്നു. അത് കെട്ടിപ്പൊക്കുന്നത് ശിര്‍ക്കും അല്ലാഹു ഇഷ്ടപ്പെടാത്തതായ കുഫ്‌റും ആണ്. നബി ﷺ ക്വബ്‌റുകളില്‍ എടുപ്പുകളുണ്ടാക്കുകയും വിളക്കുകള്‍ സജ്ജീകരിക്കുകയും ചെയ്യുന്നവരെ ശപിച്ചിരിക്കുന്നു. ക്വബ്ര്‍ കെട്ടിപ്പൊക്കുകയും ആളുകള്‍ വരാന്‍ അവിടെ വിളക്കുകളും അലങ്കാരങ്ങളും ഉണ്ടാക്കുന്നവരെ നബി ﷺ ശപിച്ചിരിക്കുന്നു. നബിമാരുടെ ക്വബ്‌റുകളെ ആരാധനാലയങ്ങളാക്കി മാറ്റിയവരുടെ മേല്‍ അല്ലാഹുവിന്റെ കോപം കഠിനമായിരിക്കുന്നു എന്ന് നബി ﷺ പറഞ്ഞിട്ടുണ്ട്. അഥവാ ആ ക്വബ്‌റുകളെ അവര്‍ ആരാധനക്കും പ്രാര്‍ഥനക്കും ആവശ്യങ്ങള്‍ ചോദിക്കുവാനും അതിലേക്ക് കീഴ്‌വണക്കം കാണിക്കുവാനും ഉള്ള സ്ഥലമായി സ്വീകരിച്ചിരിക്കുന്നു. അതിനാലാണ് അല്ലാഹുവിന്റെ കോപം അവരുടെ മേല്‍ കഠിനമായത്.

ക്വബ്‌റുകളുമായി ബന്ധപ്പെട്ട ആഘോഷങ്ങളും ഉറൂസുകളും അല്ലാഹുവിലുള്ള ശിര്‍ക്ക് തന്നെയാണ്. ഒരു ക്വബ്‌റും ആഘോഷ സ്ഥലമായി സ്വീകരിക്കപ്പെടല്‍ അനുവദനീയമല്ല. അവിടെ സന്ദര്‍ശനം നടത്തലും അവിടെ പോകലും അല്ലാഹുവിന് പുറമെയുള്ളവര്‍ പ്രാര്‍ഥിക്കപ്പെടലും അവിടെ താഴ്മ കാണിക്കലും അവിടെ ബലിയറുക്കലും എല്ലാം ശിര്‍ക്കാണ്. അല്ലാഹു അത് ഒരിക്കലും തൃപ്തിപ്പെടുകയില്ല. 

ചോദ്യം: മരിച്ചവരോട് പ്രാര്‍ഥിക്കുവാനും ക്വബ്‌റുകളില്‍ (മരിച്ചവരില്‍) നിന്ന് ബറകത്ത് എടുക്കുവാനും ഇസ്‌ലാം നിയമമാക്കിയിട്ടുണ്ടോ?

മറുപടി: മരിച്ചവരോട് പ്രാര്‍ഥിക്കല്‍ ഇസ്‌ലാം വിരോധിച്ചതാണ്. ക്വബ്‌റുകളെ ആരാധനാലയമാക്കുന്നതും ഇസ്‌ലാം വിരോധിച്ചു. അല്ലാഹു പറയുന്നു: 'അല്ലാഹുവിന് പുറമേ നിങ്ങള്‍ ആരേയും വിളിച്ച് പ്രാര്‍ഥിക്കരുത്', 'കീഴ്‌വണക്കം അല്ലാഹുവിന് മാത്രമാക്കിക്കൊണ്ട് നീ അല്ലാഹുവിനെ ആരാധിക്കണം', 'പറയുക, എന്റെ നമസ്‌കാരവും, എന്റെ ബലി കര്‍മവും എന്റെ ജീവിതവും എന്റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു'. ലോക രക്ഷിതാവിന് മാത്രം! അവന് പുറമെ മറ്റാരും ആരാധിക്കപ്പെടരുത്. (ഈ നിലയ്ക്ക്) ഒരു ക്വബ്‌റും സന്ദര്‍ശിക്കപ്പടുകയും അവിടെ പ്രദക്ഷിണം ചെയ്യപ്പെടുകയും ക്വബ്‌റാളിയോട് ചോദിക്കപ്പെടലും അരുതാത്തതാണ്. ഇവയെല്ലാം അല്ലാഹുവിലുള്ള ശിര്‍ക്ക് ആണ്.

ചോദ്യം: കാസര്‍കോഡ് മാലിക് ദീനാര്‍ മക്വ്ബറയില്‍ ആഘോഷിക്കപ്പെടുന്ന ഉറൂസില്‍ താങ്കള്‍ പങ്കെടുത്തു എന്ന പ്രചാരണം ശരിയാണോ?

മറുപടി: ഇത് നമ്മുടെ മേല്‍ കെട്ടിച്ചമച്ച കളവാണ്. ഞാന്‍ ഉറൂസില്‍ പോയി എന്നും ക്വബ്ര്‍ സന്ദര്‍ശിച്ചു എന്നും അവര്‍ പ്രചരിപ്പിച്ചു. അല്ലാഹുവാണെ സത്യം! ഇതെല്ലാം കളവും കെട്ടിച്ചമച്ച ആരോപണവുമാണ്. 

അല്ലാഹുവിന്റെ അടുക്കല്‍ വാദങ്ങള്‍ ഒരുമിച്ച് കൂടുക തന്നെ ചെയ്യും. ഞങ്ങള്‍ പള്ളിയില്‍ തൗഹീദിനെ കുറിച്ച് പ്രഭാഷണം നടത്തുവാനും ശിര്‍ക്കിനെ വിരോധിക്കുവാനുമാണ് പോയത്. ഈ ലക്ഷ്യം വെച്ചാണ് ഞങ്ങള്‍ പോയത്. ക്വബ്ര്‍ ഉള്ള പള്ളിയില്‍ നമസ്‌കാരം അനുവദനീയമല്ല; അനുവദനീയമേ അല്ല. അതില്‍ നമസ്‌കരിക്കാതിരിക്കാന്‍ ഞങ്ങള്‍ അങ്ങേയറ്റം ശ്രദ്ധിച്ചിട്ടുണ്ട്. തൗഹീദിലും ശിര്‍ക്ക് വിലക്കുന്നതിലും ഒരു പ്രഭാഷണം നടത്താന്‍ ഞങ്ങള്‍ നന്നായി ആഗ്രഹിക്കുകയും ചെയ്തു. എന്നാല്‍ സാങ്കേതികമായ കാരണത്താല്‍ പ്രഭാഷണം ഞങ്ങള്‍ ഒഴിവാക്കുകയുണ്ടായി. അതിന് ശേഷം ഞങ്ങള്‍ പുറപ്പെടുകയും ചെയ്തു. 

ചോദ്യം: ഇസ്‌ലാമിക ചരിത്രത്തില്‍ ഉറൂസുകളെ പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ മുമ്പുണ്ടായിട്ടുണ്ടോ? പ്രത്യേകിച്ചും ഉത്തമനൂറ്റാണ്ടുകളില്‍?

മറുപടി: നല്ലവരായ പൂര്‍വികര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടില്ല. സ്വഹാബികളോ, താബിഉകളോ, താബിഉത്താബിഉകളോ ഒന്നും ഏതെങ്കിലും മയ്യിത്തിന്റെയോ, ക്വബ്‌റിന്റെയൊ അടുത്ത് ഉറൂസോ അത് പോലെയുള്ളതോ ആഘോഷിച്ചിട്ടില്ല. ഇവയെല്ലാം റസൂല്‍ ﷺ വിരോധിച്ചതായ കാര്യങ്ങളാണ്. പ്രവാചകന്‍മാരുടെ ക്വബ്‌റുകളെ ആരാധനാലയങ്ങളാക്കിയവരുടെ മേല്‍ അല്ലാഹുവിന്റെ കോപം കഠിനമായി എന്ന് നബി ﷺ പറയുകയുമുണ്ടായിട്ടുണ്ട്. ഇവയെല്ലാം ബാത്വിലും അല്ലാഹുവിലുള്ള ശിര്‍ക്കായ കാര്യങ്ങളും അല്ലാഹു വിലക്കിയവയുമാണ്. ഉത്തമ നൂറ്റാണ്ടുകളില്‍ ഇതിനെ സ്ഥിരപ്പെടുത്തുന്ന ഒന്നും വന്നിട്ടില്ല. 

ചോദ്യം: മദീനയിലെ പണ്ഡിതന്‍മാര്‍ ഇവര്‍ ചെയ്യുന്ന പോലെയുള്ള ഉറൂസുകളും മറ്റും അംഗീകരിക്കുന്നു എന്നും അനുവദിക്കുന്നു എന്നുമൊക്കെ ഇവിടെയുള്ള ക്വബ്‌റാരാധകര്‍ പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. താങ്കള്‍ മാലിക് ദീനാറില്‍ പോയതിനെ ഇവര്‍ തെളിവാക്കുകയും ചെയ്യുന്നു. 

മറുപടി: ആദ്യമായി പറയട്ടെ, ഞാന്‍ മദീനയിലെ പണ്ഡിതന്‍മാരില്‍ പെട്ട ആളല്ല. ഞാന്‍ മദീനയിലെ ഒരു മതവിദ്യാര്‍ഥിയാണ്. രണ്ടാമതായി, ഞാന്‍ മസ്ജിദുന്നബവിയിലെ അധ്യാപകനല്ല. ഞാന്‍ മസ്ജിദുന്നബവിയിലെ ഫത്‌വ ബോര്‍ഡില്‍ അംഗം മാത്രമാണ്. പിന്നെ ഞാന്‍ സാധുക്കളില്‍ ഒരു സാധു മാത്രമാണ്, അല്‍പം ചില ആളുകളെയേ അറിയുകയുള്ളൂ. കേരളത്തില്‍ പെട്ട ഒരു മാന്യവ്യക്തി എന്നോട് കേരളത്തില്‍ വരാന്‍ ആവശ്യപ്പെട്ടതാണ്. ഈ മനഷ്യനെ ഞാന്‍ ഇഷ്ടപ്പെടുകയും അദ്ദേഹം എന്നെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. അദ്ദേഹം മസ്ജിദുന്നബവിയില്‍ വന്ന് എന്നെ സന്ദര്‍ശിച്ചു. അപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ താല്‍പര്യത്തിന് മറുപടി നല്‍കാന്‍ തീരുമാനിച്ച് ഇവിടെ വന്നു. അദ്ദേഹം തൗഹീദ് ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. അദ്ദേഹം പറഞ്ഞു: 'നമ്മള്‍ ഈ പള്ളിയില്‍ (മാലിക് ദീനാര്‍) തൗഹീദിനെ കുറിച്ചും ശിര്‍ക്കിനെ വിരോധിച്ചും ഒരു പ്രഭാഷണം നടത്താന്‍ ഉദ്ദേശിക്കുന്നു.' ഈ പള്ളിയില്‍ മാലിക് ബിന്‍ ദീനാറിന്റെ ക്വബ്ര്‍ ഉണ്ടെന്നും അദ്ദേഹമാണ് ഈ പള്ളി നിര്‍മിച്ചതെന്നും കേരളക്കാര്‍ വാദിക്കുന്നു എന്ന് അദ്ദേഹം എന്നെ അറിയിക്കുകയും ചെയ്തു. അപ്പോള്‍ ഞാന്‍ അതെ എന്ന് പറഞ്ഞു; നമുക്ക് തൗഹീദിനെ കുറിച്ചും ശിര്‍ക്കിനെതിരെയും ഒരു പ്രഭാഷണം നടത്താം. അങ്ങനെ ഞങ്ങള്‍ അതിനായി ആ സ്ഥലത്തേക്ക് പോയി. അതാണുണ്ടായത്.

മദീനയിലെ പണ്ഡിതര്‍ ഉറൂസ് പോലെയുള്ള പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നില്ല, അനുവദനീയമാക്കുന്നുമില്ല. ഞങ്ങള്‍ അവിടെ വന്നത് തൗഹീദിനെ കുറിച്ച് പ്രഭാഷണം നടത്തുവാനും ശിര്‍ക്കിനെ വിരോധിക്കുവാനുമാണ്. ഞങ്ങള്‍ അതിനോട് യോജിപ്പുണ്ടായി വന്നതാണെന്ന് പറയുന്നത് ഏറ്റവും വലിയ അസത്യമാണ്. ഞങ്ങള്‍ ശിര്‍ക്കിനെ വിരോധിക്കുവാനാണ് വന്നത്, തൗഹീദ് കല്‍പിക്കുവാനാണ് വന്നത്. അവര്‍ പറയുന്നത്, അവര്‍ ഉള്ളതായ (വിശ്വാസ) കാര്യങ്ങളെ അംഗീകരിച്ച് കൊണ്ടാണ് ഞങ്ങള്‍ വന്നത് എന്നാണ്! അല്ലാഹുവാണ് സത്യം! ഇത് കളവാണ്. നിശ്ചയം റസൂല്‍ ﷺ യുടെ മേലും പണ്ഡിതന്മാരുടെ മേലും, നബിമാരുടെ മേലും കളവ് പറയപ്പെട്ടിട്ടുണ്ട്, അവരുടെ വാക്കുകള്‍ കോട്ടിമാട്ടപ്പെടുകയും മാറ്റത്തിരുത്തലുകള്‍ വരുത്തപ്പെടുകയും ചെയ്തിട്ടുണ്ട്. ശിര്‍ക്കിന്റെയും ബിദ്അത്തിന്റെയും ആളുകള്‍ കളവ് പറയുന്നത് അപരിചിതമായ കാര്യമല്ല. 

ഞാന്‍ വന്നത് തൗഹീദ് പറയുവാനും ശിര്‍ക്കിനെ വിലക്കുവാനും മാത്രമാണ്. പിന്നെ, ഞങ്ങള്‍ പള്ളി സന്ദര്‍ശിച്ചു. പഴയ പള്ളി കണ്ടു പുറത്തു വന്നു. അതില്‍ ഞാന്‍ രണ്ട് റക്അത്ത് നമസ്‌കരിച്ചിട്ടില്ല. കാരണം അതില്‍ ക്വബ്ര്‍ ഉണ്ട്. അതില്‍ നമസ്‌കാരം അനുവദനീയമല്ല. ഞാന്‍ പള്ളിയില്‍ പ്രവേശിച്ച് പുറത്ത് വന്നു എന്ന് മാത്രം. 

സത്യത്തില്‍ അവിടെ ഉറൂസ് നടക്കുന്നു എന്ന് എനിക്ക് അറിയുമായിരുന്നില്ല. അവിടെ ഒരു ആഘോഷം നടക്കുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു. അതിനാല്‍ തന്നെ അതില്‍ നിന്ന് രക്ഷപ്പെടുത്തിയ അല്ലാഹുവിന് സര്‍വ്വസ്തുതിയും. ഞാന്‍ പ്രഭാഷണം നടത്തുവാന്‍ മാത്രമാണ് വന്നത്.

ചോദ്യം: മാലിക് ദീനാറിലെ ഉറൂസ് പ്രവര്‍ത്തനങ്ങളെ താങ്കള്‍ അംഗീകരിച്ചു എന്ന് ക്വബ്‌റാരാധകര്‍ പ്രചരിപ്പിക്കുന്നു. ഇത് ശരിയാണോ?

മറുപടി: നാം അവരെ പ്രോത്സാഹിപ്പിച്ചിട്ടുമില്ല, അവരെ അംഗീകരിച്ചിട്ടുമില്ല. ഞങ്ങള്‍ പ്രഭാഷണത്തിനായി മാത്രം വന്നതായിരുന്നു. അവിടെ ഉറൂസോ മറ്റോ നടക്കുന്നതായി ഞങ്ങള്‍ക്ക് അറിയുമായിരുന്നില്ല. 

പിന്നെ ഞങ്ങള്‍ ഓഫീസില്‍ ഒരുമിച്ച് കൂടി. ഇവര്‍ സ്വൂഫികളായിരുന്നു എന്ന് എനിക്ക് അറിയുമായിരുന്നില്ല. അങ്ങനെ എന്നോട് സംസാരിക്കുവാന്‍ പറഞ്ഞു. അവര്‍ ഇസ്‌ലാമിനും ദീനിനും സേവനം ചെയ്യുന്നവരാണെന്നും പറഞ്ഞു. ഞാന്‍ അവരോട് പറഞ്ഞു: അബൂബക്കര്‍(റ) ദീനിന് സേവനം ചെയ്യുന്നവരായിരുന്നു. നിങ്ങളും ദീനിന് സേവനം ചെയ്യുന്നവരാണെങ്കില്‍-ഞാന്‍ ഉദ്ദേശിച്ചത് തൗഹീദും സുന്നത്തുമായിരുന്നു. അല്ലാതെ ശിര്‍ക്കും സ്വൂഫിയ്യത്തുമല്ല- അബൂബക്കര്‍(റ) സേവനം ചെയ്തത് പോലെചെയ്യണം എന്നാണ് ഞാന്‍ പറഞ്ഞത്. അബൂബക്കര്‍(റ)സുന്നത്തിനെ സേവിക്കുകയും തൗഹീദിനെ സഹായിക്കുകയും ചെയ്യുമായിരുന്നു; റസൂല്‍ ﷺ യെ സഹായിക്കുമായിരുന്നു. എന്നാല്‍ ഇവര്‍ ചെയ്യുന്നതായ പ്രവര്‍ത്തനങ്ങള്‍ ശിര്‍ക്കിനെയും ബിദ്അത്തിനെയും തോന്നിവാസങ്ങളെയും സഹായിക്കുന്നതാണെന്നതില്‍ സംശയമില്ല. അല്ലാഹുവില്‍ അഭയം

ചോദ്യം: കേരളത്തിലും അതിന് പുറത്തും ഉറൂസുകള്‍ പോലെയുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ക്ക് നല്‍കാനുള്ള താങ്കളുടെ ഉപദേശമെന്താണ്?

മറുപടി: ഈ ഉറൂസ് ആഘോഷിക്കുന്നവനോട് ഞാന്‍ പറയുന്നത്; നീ അല്ലാഹുവിനെ സൂക്ഷിക്കണമെന്നും നിന്റെ നബി ﷺ യെ പിന്തുടരണം എന്നുമാണ്. നീ അറിയണം, ഈ ക്വബ്‌റുകള്‍ അല്ലാഹുവിന്റെ അടുക്കല്‍ നിനക്ക് ഒന്നിനും മതിയായതല്ല. അവ ഉപകാരമോ ഉപദ്രവമോ ചെയ്യില്ല. ഉപകാരവും ഉപദ്രവമെല്ലാം അല്ലാഹു മുഖേനയാണ് ഉണ്ടാവുക. അവനാണ് ഉപകാരം ചെയ്യുന്നവനും ഉപദ്രവങ്ങളുണ്ടാക്കുന്നതും. പിന്നെ എന്തിനാണ് നീ മനുഷ്യരിലേക്ക് തിരിയുന്നത്, പിന്നെ എന്തിനാണ് നീ മയ്യിത്തിലേക്ക് തിരിയുന്നത്? എന്നെന്നും ജീവിച്ചിരിക്കുന്നവനായ അല്ലാഹു പറയുന്നത് 'ആരുണ്ട് എന്നോട് പ്രാര്‍ഥിക്കുവാന്‍, ഞാന്‍ അവന് ഉത്തരം നല്‍കാം' എന്നാണ്. നീ എന്തിനാണ് ക്വബ്‌റാളിയുടെ അടുക്കലേക്ക് പോകുന്നത്? മരിച്ച ഒരാളിലേക്കാണോ നീ പോകുന്നത്? ഉപകാരത്തിനും ഉപദ്രവം തടയുന്നതിനും അവനോടാണോ തേടുന്നത്? അല്ലാഹുവിന്റെ ഖജനാവുകള്‍ നിറഞ്ഞ് കവിഞ്ഞവയാണ്, അവന്റെ വാതില്‍ എപ്പോഴും തുറന്നിരിക്കുന്നതാണ്, ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നവന് അവന്‍ ഉത്തരം നല്‍കും. 

അവര്‍ ആരാധന അല്ലാഹുവിന് ആത്മാര്‍ഥമാക്കാന്‍ ഞാന്‍ അവരെ ഉപദേശിക്കുന്നു. അവര്‍ അല്ലാഹുവിനെ മാത്രം വിളിച്ച് പ്രാര്‍ഥിക്കണമെന്നും ഉപദേശിക്കുന്നു. ക്വബ്‌റാളിയെയോ, അല്ലാഹുവോടൊപ്പം മറ്റാരെെയങ്കിലുമോ അവര്‍ വിളിച്ച് പ്രാര്‍ഥിക്കരുത്. അവര്‍ അല്ലാഹുവില്‍ മാത്രം അഭയം തേടുന്നവരായിരിക്കണം. പ്രാര്‍ഥനയും ആരാധനയും ഗുണം തേടലും ദോഷം നീക്കം ചെയ്യാന്‍ തേടലും അല്ലാഹുവിനോട് മാത്രമാവണം. എല്ലാവരെയും ഹിദായത്തിലാക്കുവാന്‍ അല്ലാഹുവിനോട് ഞാന്‍ തേടുന്നു.

ചോദ്യം: താങ്കളെ കുറിച്ച് കളവുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കുള്ള താങ്കളുടെ ഉപദേശമെന്താണ്? താങ്കള്‍ അവിടെ പോയത് മൊബൈലില്‍ പകര്‍ത്തി നെറ്റിലും മറ്റും വ്യാപകമായി അവര്‍ അത് പ്രചരിപ്പിക്കുന്നു. അവര്‍ രണ്ട് വിഭാഗമുണ്ട്: ഒന്ന്, യാഥാര്‍ഥ്യം അറിഞ്ഞ് ചെയ്യുന്നവര്‍. രണ്ട്, എന്താണ് യാഥാര്‍ഥ്യം എന്ന് അറിയാതെ ചെയ്യുന്നവര്‍.

മറുപടി: ആദ്യമായി, ഇങ്ങനെ പ്രചരിപ്പിക്കുന്നവര്‍ രണ്ട് തിന്‍മകള്‍ ചെയ്യുന്നു എന്ന് ഞാന്‍ പറയുന്നു. ഒന്ന്: അവര്‍ ശിര്‍ക്കിലേക്ക് ക്ഷണിക്കുന്ന ഒന്നാണ് പ്രചരിപ്പിക്കുന്നത്. ഇത് അനുവദനീയമല്ല. അല്ലാഹു പറഞ്ഞത്: 'നിങ്ങള്‍ പുണ്യത്തിലും തക്വ്‌വയിലും പരസ്പരം സഹകരിക്കണം, നിങ്ങള്‍ പാപത്തിലും ശത്രുതയിലും പരസ്പരം സഹകരിക്കരുത്' എന്നാണ്.

മാര്‍ഗങ്ങള്‍ക്ക് ലക്ഷ്യത്തിന്റെ വിധിയായിരിക്കും. ആരെങ്കിലും ശിര്‍ക്ക് പ്രചരിപ്പിച്ചാല്‍ അവന്‍ ശിര്‍ക്ക് പ്രവര്‍ത്തിച്ചു. അവന്‍ പ്രചരിപ്പിക്കുന്നത് ശിര്‍ക്ക് സത്യമാണ് എന്നാണ്. ഇത് അസത്യവും അവന് പാപമാകുന്നതുമാണ്. അല്ലാഹുവില്‍ അഭയം. 

എന്റെ മേലുള്ള കളവും കെട്ടിച്ചമക്കലുമാണ് രണ്ടാമത്തെ തിന്മ. ഞാന്‍ അത് ചെയ്തു എന്നും ക്വബ്ര്‍ സന്ദര്‍ശിച്ചു എന്നും ശിര്‍ക്കിലും ബാത്വിലിലും കഴിയുന്ന സ്വൂഫിയ്യത്തിനെ ഞാന്‍ ബലപ്പെടുത്തി എന്നുമുള്ള പ്രചാരണങ്ങള്‍ വലിയ തിന്മയാണ്. ഇത് വ്യക്തമായ ദുരാരോപണവും അക്രമവും കളവും അന്ത്യദിനത്തില്‍ വിചാരണ ചെയ്യപ്പെടുന്നതുമാണ്. എന്റെ മേലുള്ള ആരോപണം, അത് പോലെ മദീന പണ്ഡിതന്‍മാരുടെ മേലുള്ള ആരോപണം, ഇസ്‌ലാമിന്റെ പണ്ഡിതന്‍മാരുടെ മേലുള്ള ആരോപണം... ഇവര്‍ പറയാത്തതും ചെയ്യാത്തതും ഇവരിലേക്ക് ചേര്‍ത്തിപ്പറയല്‍ വലിയ അപരാധം തന്നെയാണ്. (ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍).