ഇസ്‌ലാമിന്റെ തണലില്‍ സ്ത്രീ സുരക്ഷിതയാണ്

ഡോ. അബ്ദുര്‍റസ്സാക്വ് അല്‍ബദര്‍

2017 ആഗസ്ത് 19 1438 ദുല്‍ക്വഅദ് 26

(സ്ത്രീ ഇസ്‌ലാമിന്റെ തണലില്‍: 5)

വിവ. അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല

ഇസ്‌ലാമിന്റെ ഋജുവായ അധ്യപനങ്ങളുടെയും യുക്തിഭദ്രമായ നിര്‍ദേശങ്ങളുടെയും തണലില്‍ മാന്യമായ ജീവിതമാണ് മുസ്‌ലിം സ്ത്രീ നയിക്കുന്നത്. ഭൗതിക ജീവിതത്തിലേക്ക് അവള്‍ ആഗതമാകുന്ന ആദ്യനാള്‍ മുതല്‍ മകള്‍, മാതാവ്, ഭാര്യ, സഹോദരി, മാതൃസഹോദരി, പിതൃസഹോദരി തുടങ്ങി അവളുടെ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും നിറഞ്ഞ ബഹുമാനത്തോടും ആദരവോടും കൂടിയാണത്. ജീവിതത്തിലെ ഈ ഓരോ സാഹചര്യത്തിലും അവള്‍ക്ക് പ്രത്യേകമായ അവകാശങ്ങളും സ്‌നേഹത്തിന്റെയും ബഹുമാനാദരവിന്റെയും വിഹിതവുമുണ്ട്.

1. പുത്രിയാകുമ്പോള്‍: മകളോട് പെരുമാറ്റം നന്നാക്കുവാനും അവളുടെ ആത്മീയ വളര്‍ച്ചയിലും പരിപാലനത്തിലും സംസ്‌കരണത്തിലും ശ്രദ്ധിക്കുവാനും ഇസ്‌ലാം ആഹ്വാനം ചെയ്യുന്നു. സല്‍ഗുണ സമ്പന്നയും പവിത്രയും പതിവ്രതയുമായ സ്ത്രീയായി അവള്‍ വളരുന്നതിനു വേണ്ടിയാണത്. പെണ്‍കുട്ടിയെ ജീവനോടെ കുഴിച്ചു മൂടുകയും അവളുടെ ജനന വാര്‍ത്തയറിഞ്ഞാല്‍ നീരസപ്പെടുകയും ചെയ്തിരുന്ന അജ്ഞാന കാലക്കാരെ ഇസ്‌ലാം ശക്തമായി ആക്ഷേപിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു:

''അവരില്‍ ഒരാള്‍ക്ക് ഒരു പെണ്‍കുഞ്ഞുണ്ടായ സന്തോഷവാര്‍ത്ത നല്‍കപ്പെട്ടാല്‍ കോപാകുലനായിട്ട് അവന്റെ മുഖം കറുത്തിരുണ്ട് പോകുന്നു. അവന്ന് സന്തോഷവാര്‍ത്ത നല്‍കപ്പെട്ട ആ കാര്യത്തിലുള്ള അപമാനത്താല്‍ ആളുകളില്‍ നിന്ന് അവന്‍ ഒളിച്ച് കളയുന്നു. അപമാനത്തോടെ അതിനെ വെച്ചുകൊണ്ടിരിക്കണമോ, അതല്ല, അതിനെ മണ്ണില്‍ കുഴിച്ച് മൂടണമോ (എന്നതായിരിക്കും അവന്റെ ചിന്ത) ശ്രദ്ധിക്കുക: അവര്‍ എടുക്കുന്ന തീരുമാനം എത്ര മോശം!'' (ക്വുര്‍ആന്‍ 16:58,59).

മുഗീറത്ത് ഇബ്‌നുശുഅ്ബയി(റ)ല്‍ നിന്നും നിവേദനം. നബി(സ്വ) പറഞ്ഞു:

''ഉമ്മമാരെ ഉപദ്രവിക്കല്‍, താന്‍ നല്‍കേണ്ടത് നല്‍കാതിരിക്കുകയും തനിക്ക് അര്‍ഹമല്ലാത്തത് ആവശ്യപ്പെടുകയും ചെയ്യല്‍, പെണ്‍മക്കളെ ജീവനോടെ കുഴിച്ചുമൂടല്‍ എന്നിവ അല്ലാഹു നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കിയിരിക്കുന്നു'' (ബുഖാരി, മുസ്‌ലിം).

ഇബ്‌നുഹജര്‍(റഹി) പറയുന്നു: ''ഇസ്‌ലാമിനു മുമ്പുള്ള അജ്ഞരായ അറബികള്‍ക്ക് പെണ്‍മക്കളെ വധിക്കുന്നതില്‍ രണ്ട് രീതികളായിരുന്നു ഉണ്ടായിരുന്നത്: ഒന്ന്, തന്റെ ഭാര്യയുടെ പ്രസവമടുത്താല്‍ ഒരു കുഴിയുടെ അരികില്‍ പ്രസവിക്കുവാന്‍ ഭര്‍ത്താവ് കല്‍പിക്കുമായിരുന്നു. ആണ്‍കുഞ്ഞിനെയാണ് പ്രസവിച്ചതെങ്കില്‍ അതിനെ നിലനിര്‍ത്തും. പെണ്‍കുഞ്ഞിനെയാണ് പ്രസവിച്ചതെങ്കില്‍ കുഴിയില്‍ അതിനെ ഉപേക്ഷിക്കും. രണ്ട്, കുഞ്ഞിന് ആറു വയസ്സ് പ്രായമായാല്‍ ചിലര്‍ കുഞ്ഞിന്റെ ഉമ്മയോട് അതിനെ അണിയിച്ചൊരുക്കുവാനും സുഗന്ധം പൂശുവാനും ആജ്ഞാപിക്കും. കുഞ്ഞിനെയും കൊണ്ട് ബന്ധുക്കളെ സന്ദര്‍ശിക്കുവാനാണെന്ന വ്യാജേനയാണത് ചെയ്യുന്നത്. ശേഷം അവളെയും കൊണ്ട് മരുഭൂമിയില്‍ വിദൂരതയിലുള്ള കിണറിനരികിലേക്ക് പോയി അവളോട് പറയും: 'കിണറിലേക്ക് നോക്കൂ.' അവളെ പിന്നില്‍ നിന്ന് അതിലേക്കു തള്ളി മണ്ണിട്ടു മൂടിക്കളയുകയും ചെയ്യും.''  

എന്നാല്‍ ഇസ്‌ലാം പെണ്‍കുഞ്ഞിനെ അല്ലാഹുവില്‍നിന്നുള്ള മഹത്തായ അനുഗ്രവും അമൂല്യമായ ദാന വായ്പുമായാണ് എണ്ണുന്നത്.

''അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആണ്‍മക്കളെയും പ്രദാനം ചെയ്യുന്നു. അല്ലെങ്കില്‍ അവര്‍ക്ക് അവന്‍ ആണ്‍മക്കളെയും പെണ്‍മക്കളെയും ഇടകലര്‍ത്തിക്കൊടുക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വന്ധ്യരാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ സര്‍വജ്ഞനും സര്‍വശക്തനുമാകുന്നു'' (ക്വുര്‍ആന്‍ 42: 49,50).

നബി(സ്വ) പറഞ്ഞതായി ഇമാം അഹ്മദ് മുസ്‌നദില്‍ നിവേദനം ചെയ്ത ഹദീഥില്‍ ഇപ്രകാരമുണ്ട്:

''ആര്‍ക്കെങ്കിലും ഒരു പെണ്‍കുഞ്ഞുണ്ടാവുകയും അവന്‍ അതിനെ ജീവനോടെ കുഴിച്ചു മൂടാതിരിക്കുകയും അവളെ അപമാനിക്കാതിരിക്കുകയും ആണ്‍കുഞ്ഞിന് അവളെക്കാള്‍ പ്രാമുഖ്യം കല്‍പിക്കാതിരിക്കുകയും ചെയ്താല്‍ അല്ലാഹു അയാളെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്നതാണ്.''

ഉക്വ്ബത്ത് ഇബ്‌നുആമിറി(റ)ല്‍ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂല്‍(സ്വ) പറയുന്നത് ഞാന്‍ കേട്ടു: ''ആര്‍ക്കെങ്കിലും മൂന്ന് പെണ്‍മക്കളുണ്ടാവുകയും അവരുടെ വിഷയത്തില്‍ അവന്‍ ക്ഷമിക്കുകയും അവന്റെ സമ്പാദ്യത്തില്‍നിന്ന് അവരെ ധരിപ്പിക്കുകയും ചെയ്താല്‍ അവര്‍ അവന്ന് നരകത്തില്‍ നിന്ന് മറയായിരിക്കും.''

തിരുനബി(സ്വ) പറഞ്ഞതായി ഇമാം മുസ്‌ലിം നിവേദനം ചെയ്യുന്നു: ''ഒരാള്‍ രണ്ട് പെണ്‍മക്കളെ പ്രായപൂര്‍ത്തിയാകുന്നതുവരെ ചെലവുനല്‍കി പോറ്റിവളര്‍ത്തിയാല്‍ അയാളും ഞാനും  അന്ത്യനാളില്‍ വരും. പ്രവാചകന്‍ തന്റെ വിരലുകള്‍ ചേര്‍ത്തുവെച്ചു.''

നബി(സ്വ) പറഞ്ഞതായി ഇമാം അഹ്മദ് മുസ്‌നദില്‍ നിവേദനം ചെയ്യുന്നു:

''ഒരാള്‍ രണ്ട് പെണ്‍മക്കളെ അല്ലെങ്കില്‍ മൂന്ന് പെണ്‍മക്കളെ, രണ്ട് സഹോദരിമാരെ അല്ലെങ്കില്‍ മൂന്ന് സഹോദരിമാരെ അവര്‍ക്ക് പ്രായപൂര്‍ത്തിയാകുന്നതുവരെ അല്ലെങ്കില്‍ അയാള്‍ അവരില്‍നിന്ന് മരിച്ചു പോകുന്നതുവരെ ചെലവുനല്‍കി പോറ്റിവളര്‍ത്തിയാല്‍ അയാളും ഞാനും സ്വര്‍ഗത്തില്‍ ഇവ രണ്ടും പോലെയായിരിക്കും.'' നബി(സ്വ) തന്റെ ചൂണ്ടുവിരല്‍ കൊണ്ടും മധ്യവിരല്‍കൊണ്ടും വിരലുകൊണ്ടും സൂചിപ്പിച്ചു.

ജാബിര്‍ ഇബ്‌നുഅബ്ദുല്ല(റ)യില്‍നിന്ന് ഇമാം ബുഖാരി അദബുല്‍ മുഫ്‌റദില്‍ നിവേദനം ചെയ്യുന്നു. തിരുദൂതര്‍(സ്വ) പറഞ്ഞു: ''ആര്‍ക്കെങ്കിലും മൂന്ന് പെണ്‍മക്കളുണ്ടാവുകയും അവര്‍ക്ക് അവന്‍ അഭയം നല്‍കുകയും അവരെ പോറ്റുകയും അവരോട് കാരുണ്യം കാണിക്കുകയും ചെയ്താല്‍ അവന് സ്വര്‍ഗം നിര്‍ബന്ധമായി.'' ആളുകളില്‍നിന്ന് ഒരു വ്യക്തി ചോദിച്ചു: ''അല്ലാഹുവിന്റെ ദൂതരേ, രണ്ടു പെണ്‍മക്കളാണെങ്കിലോ?'' നബി(സ്വ) പറഞ്ഞു: ''രണ്ടു പെണ്‍മക്കളാണെങ്കിലും ശരി.''

ആഇശ(റ)യില്‍നിന്ന് ഇമാം ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്യുന്നു: ''നബി(സ്വ)യുടെ അടുക്കലേക്ക് ഒരു അഅ്‌റാബി വന്നു. അയാള്‍ ചോദിച്ചു: 'നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ ചുംബിക്കുമോ? ഞങ്ങള്‍ ചുംബിക്കാറില്ല.' നബി(സ്വ) പറഞ്ഞു: 'നിന്റെ ഹൃദയത്തില്‍ നിന്ന് കാരുണ്യത്തെ അല്ലാഹു എടുത്ത് മാറ്റിയിട്ടുണ്ടെങ്കില്‍ നിനക്കായി ഞാന്‍ അത് ഉടമപ്പെടുത്തുകയോ?'' 

2. ഉമ്മയാകുമ്പോള്‍: ഉമ്മയാകുന്ന അവസ്ഥയില്‍ സ്ത്രീക്ക് പ്രത്യേകവും മഹനീയവുമായ ആദരവ് നല്‍കുവാനാണ് ഇസ്‌ലാമിന്റെ ആഹ്വാനം. മാതാവിന് പുണ്യം ചെയ്യുക, അവരോട് നന്മയില്‍ വര്‍ത്തിക്കുക, അവര്‍ക്ക് സേവനം ചെയ്യുന്നതിനു പരിശ്രമിക്കുക, അവര്‍ക്കു വേണ്ടി ദുആ ചെയ്യുക, ഒരു നിലക്കുള്ള ഉപദ്രവങ്ങള്‍ക്കും അവരെ വിധേയമാക്കാതിരിക്കുക, ഏറ്റവും നല്ല സഹചാരിയോടും ഏറ്റവും നല്ല കൂട്ടുകാരനോടുമുള്ള  പെരുമാറ്റം അവരോടാവുക. അല്ലാഹു പറഞ്ഞു:

''തന്റെ മാതാപിതാക്കളോട് നല്ലനിലയില്‍ വര്‍ത്തിക്കണമെന്ന് നാം മനുഷ്യനോട് അനുശാസിച്ചിരിക്കുന്നു. അവന്റെ മാതാവ് പ്രയാസപ്പെട്ടുകൊണ്ട് അവനെ ഗര്‍ഭം ധരിക്കുകയും, പ്രയാസപ്പെട്ടു കൊണ്ട് അവനെ പ്രസവിക്കുകയും ചെയ്തു. അവന്റെ ഗര്‍ഭകാലവും മുലകുടിനിര്‍ത്തലും കൂടി മുപ്പത് മാസക്കാലമാകുന്നു. അങ്ങനെ അവന്‍ തന്റെ പൂര്‍ണശക്തി പ്രാപിക്കുകയും നാല്‍പത് വയസ്സിലെത്തുകയും ചെയ്താല്‍ ഇപ്രകാരം പറയും: എന്റെ രക്ഷിതാവേ, എനിക്കും എന്റെ മാതാപിതാക്കള്‍ക്കും നീ ചെയ്തു തന്നിട്ടുള്ള അനുഗ്രഹത്തിന് നന്ദി കാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സല്‍കര്‍മം പ്രവര്‍ത്തിക്കുവാനും നീ എനിക്ക് പ്രചോദനം നല്‍കേണമേ. എന്റെ സന്തതികളില്‍ നീ എനിക്ക് നന്മയുണ്ടാക്കിത്തരികയും ചെയ്യേണമേ. തീര്‍ച്ചയായും ഞാന്‍ നിന്നിലേക്ക് ഖേദിച്ചു മടങ്ങിയിരിക്കുന്നു. തീര്‍ച്ചയായും ഞാന്‍ കീഴ്‌പെടുന്നവരുടെ കൂട്ടത്തിലാകുന്നു'' (ക്വുര്‍ആന്‍ 46:15).

''തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക് നന്മചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ട് പേരും തന്നെയോ നിന്റെ അടുക്കല്‍ വെച്ച് വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ഛെ എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക. കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തിക്കൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക'' (ക്വുര്‍ആന്‍ 17: 23,24).

അബൂഹുറയ്‌റഃയേില്‍നിന്ന് നിവേദനം. ചോദിക്കപ്പെട്ടു: ''അല്ലാഹുവിന്റെ ദൂതരേ, ഞാന്‍ പുണ്യം ചെയ്യേണ്ടത് ആര്‍ക്കാണ്?'' തിരുമേനി(സ്വ) പറഞ്ഞു: ''നിന്റെ മാതാവിന്.'' ചോദിച്ചു: ''പിന്നീട് (പുണ്യം ചെയ്യേണ്ടത്) ആര്‍ക്കാണ്?'' തിരുമേനി(സ്വ) പറഞ്ഞു: ''നിന്റെ മാതാവിന്.'' ചോദിച്ചു: ''പിന്നീട് ആര്‍ക്കാണ്?'' തിരുമേനി(സ്വ) പറഞ്ഞു: ''നിന്റെ പിതാവിന്.''

അബ്ദുല്ലാഹ് ഇബ്‌നു അംറി(റ)ല്‍നിന്ന് അബൂദാവൂദും ഇബ്‌നുമാജഃയും നിവേദനം: ''ഹിജ്‌റയുടെ വിഷയത്തില്‍ പ്രതിജ്ഞ ചെയ്യുവാന്‍ ഒരു വ്യക്തി നബി(സ്വ)യുടെ അടുക്കലേക്കു വന്നു. അയാള്‍ തന്റെ മാതാപിതാക്കളെ കരയുന്ന നിലയിലാണ് വിട്ടേച്ചു പോന്നത്. നബി(സ്വ) പറഞ്ഞു: ''അവരിലേക്ക് തിരിച്ചു ചെല്ലുകയും അവരെ കരയിച്ചതു പോലെ അവരെ ചിരിപ്പിക്കുകയും ചെയ്യുക.''

ഇബ്‌നു മസ്ഊദി(റ)ല്‍ നിന്ന് ഇമാം ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്യുന്നു: ''കര്‍മങ്ങളില്‍ അല്ലാഹുവിന് ഏതാണ് ഏറ്റവും ഇഷ്ടകരമെന്ന് ഞാന്‍ നബി(സ്വ)യോട് ചോദിച്ചു. അവിടുന്ന്  പ്രതികരിച്ചു: ''നമസ്‌കാരം അതിന്റെ സമയത്ത് നിര്‍വഹിക്കലാണ്.'' ഞാന്‍ ചോദിച്ചു: ''പിന്നീട് ഏതാണ്?'' നബി(സ്വ) പറഞ്ഞു: ''മാതാപിതാക്കള്‍ക്ക് പുണ്യം ചെയ്യലാണ്.'' ഞാന്‍ ചോദിച്ചു: ''പിന്നീട് ഏതാണ്?'' അവിടുന്ന് പറഞ്ഞു: ''അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദാണ്.''

മാതാപിതാക്കളെ ദ്രോഹിക്കുന്നതിനെ തൊട്ടും ഏതെങ്കിലും നിലയ്ക്കുള്ള ഉപദ്രവങ്ങള്‍ അവര്‍ക്ക് ഏല്‍പിക്കുന്നതിനെ തൊട്ടും ഇസ്‌ലാം അതിഭീഷണമാം വിധം മുന്നറിയിപ്പ് നല്‍കുകയും അന്ത്യനാളില്‍ വിചാരണ ചെയ്യപ്പെടുന്ന ദ്രോഹമായി അതിനെ എണ്ണുകയും ചെയ്തു. എന്നു മാത്രമല്ല വന്‍പാപങ്ങളില്‍ അതിനെ ഗണിക്കുകയും ചെയ്തു.

അബൂബക്ര്‍(റ)വില്‍ നിന്നും ഇമാം ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്യുന്നു. തിരുദൂതര്‍(സ്വ) പറഞ്ഞു: ''ഞാന്‍ നിങ്ങള്‍ക്ക് മഹാപാപങ്ങളെക്കുറിച്ച് അറിയിച്ചുതരട്ടെയോ?'' (മൂന്നുതവണ തിരുമേനി ഇത് ആവര്‍ത്തിച്ചു) അവര്‍ പറഞ്ഞു: ''അല്ലാഹുവിന്റെ ദൂതരേ, അതെ.'' നബി(സ്വ) പറഞ്ഞു: ''അല്ലാഹു വില്‍ പങ്കുചേര്‍ക്കല്‍, മാതാപിതാക്കളെ ധിക്കരിക്കല്‍.'' ചാരി ഇരിക്കുകയായിരുന്ന തിരുമേനി(സ്വ) നേരെയിരുന്ന ശേഷം പറഞ്ഞു: ''അറിയുക, കള്ളം പറയല്‍; അറിയുക, കള്ളസാക്ഷ്യം നിര്‍വഹിക്കല്‍. തിരുമേനി(സ്വ) അത് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. എത്രത്തോളമെന്നാല്‍ ഞങ്ങള്‍ പറഞ്ഞുപോയി: 'തിരുമേനി(സ്വ) മൗനം ദീക്ഷിച്ചുവെങ്കില്‍!' (ബുഖാരി, മുസ്‌ലിം).

അലി(റ)വില്‍നിന്ന് ഇമാം മുസ്‌ലിം നിവേദനം. നബി(സ്വ) പറഞ്ഞു: ''തന്റെ മാതാപിതാക്കളെ ശപിച്ചവരെ അല്ലാഹു ശപിച്ചിരിക്കുന്നു.''

3. ഭാര്യയാകുമ്പോള്‍: സ്ത്രീ ഭാര്യയാകുമ്പോള്‍ അവരെ ആദരിക്കുന്നത് ഇസ്‌ലാം പ്രോത്സാഹിപ്പിച്ചു. ഭാര്യക്ക് ഭര്‍ത്താവിനോട് ബാധ്യതയായ സഗൗരവമായ അവകാശങ്ങള്‍ ഉള്ളതു പോലെ ഭര്‍ത്തവിന്റെ ബാധ്യതയായി ധാരാളം അവകാശങ്ങള്‍ അവള്‍ക്ക് ഇസ്‌ലാം നിശ്ചയിച്ചു. മാന്യമായ ദാമ്പത്യ ജീവിതം, ഭക്ഷണവും പാനീയവും വസ്ത്രവും മാന്യമാക്കല്‍, മൃദുലമായ പെരുമാറ്റം, അവളുടെ വിഷയത്തില്‍ ക്ഷമിക്കല്‍, ആദരണീയമായ ഇടപഴകല്‍ എന്നിവയെല്ലാം ഭാര്യയോട് ഭര്‍ത്തവിന് ബാധ്യതയായ അവകാശങ്ങളാണ്. ഭാര്യയോട് ഉത്തമമായി വര്‍ത്തിക്കുന്നവനാണ് ഇസ്‌ലാമില്‍ ജനങ്ങളിലെ ഏറ്റവും ഉത്തമന്‍. ഭാര്യയെ മതം പഠിപ്പിക്കുക, അവളുടെ വിഷയത്തില്‍ അഭിമാന രോഷമുണ്ടാവുക, അവളുടെ അന്തസ്സ് കാത്തുസൂക്ഷിക്കുക, അവളോടുള്ള പെരുമാറ്റം നന്നാക്കുക എന്നിവയും അവള്‍ക്കുള്ള അവകാശമാണ്. ഭാര്യക്കുള്ള അവകാശങ്ങളെ മൊത്തത്തില്‍ അറിയിക്കുന്ന വചനങ്ങളില്‍പെട്ടതാണ് ''അവരോട് നിങ്ങള്‍ മര്യാദയോടെ സഹവര്‍ത്തിക്കേണ്ടതുമുണ്ട്'' (ക്വുര്‍ആന്‍ 4:19) എന്നത്. 

ഭാര്യയുടെ അവകാശങ്ങളെ പരിഗണിക്കുന്നതിനെയും പരിപാലിക്കുന്നതിനെയും അരക്കിട്ടുറപ്പിക്കുന്ന വിഷയത്തില്‍ ധാരാളം ഹദീഥുകള്‍ സുന്നത്തില്‍ വന്നിട്ടുണ്ട്. അബൂഹുറയ്‌റ(റ)യില്‍ നിന്ന് ഇമാം ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്യുന്ന ഹദീഥ് അതില്‍ പെട്ടതാണ്. അല്ലാഹുവിന്റെ തിരുദൂതര്‍(സ്വ) പറഞ്ഞു: ''സ്ത്രീകളോട് നന്മയില്‍ വര്‍ത്തിക്കണമെന്ന വസ്വിയ്യത്ത് നിങ്ങള്‍ സ്വീകരിക്കുക. നിശ്ചയം, സ്ത്രീ വാരിയെല്ലില്‍നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. വാരിയെല്ലുകളില്‍ ഏറ്റവും വളഞ്ഞത് മീതെയു ള്ളതാകുന്നു. താങ്കള്‍ അത് നേരെയാക്കിയാല്‍ അതിനെ പൊട്ടിക്കും. താങ്കള്‍ അതിനെ വിട്ടേക്കുകയാണെങ്കിലോ അത് വളഞ്ഞു തന്നെയിരിക്കും. അതിനാല്‍ സ്ത്രീകളോട് നന്മയില്‍ വര്‍ത്തിക്കണമെന്ന വസ്വിയ്യത്ത് നിങ്ങള്‍ സ്വീകരിക്കുക.'' 

ഇമാം നവവി(റഹി) പറഞ്ഞു: ''സ്ത്രീകളോടു മൃദുലമായി പെരുമാറണമെന്നും നന്മയില്‍ വര്‍ത്തിക്കണമെന്നും അവരുടെ വക്രസ്വഭാവങ്ങളിലും ദുര്‍ബല ബുദ്ധിയുടെ സാധ്യതയിലും ക്ഷമയവലം ബിക്കണമെന്നും അകാരണമായി അവരെ ത്വലാക്വ് ചൊല്ലല്‍ വെറുക്കപ്പെട്ടതാണെന്നും അവര്‍ നേരെ നിലക്കൊള്ളുവാന്‍ അത്യാര്‍ത്തി കാണിക്കരുതെന്നും ഈ ഹദീഥ് അറിയിക്കുന്നു.''

അബൂഹുറയ്‌റ(റ)യില്‍നിന്ന് ഇമാം അഹ്മദും അബൂദാവൂദും തുര്‍മുദിയും നിവേദനം ചെയ്യുന്നു. അല്ലാഹുവിന്റെ തിരുദൂതര്‍(സ്വ) പറഞ്ഞു: ''സത്യവിശ്വാസികളില്‍ വിശ്വാസം പൂര്‍ണമായവന്‍ അവരില്‍ ഏറ്റവും നല്ല സ്വഭാവക്കാരനാണ്. തങ്ങളുടെ ഭാര്യമാരോട് ഏറ്റവും നന്നായി പെരുമാറുന്നവനാണ് നിങ്ങളില്‍ ഏറ്റവും ഉത്തമന്‍.''

ജാബിര്‍ ഇബ്‌നുഅബ്ദില്ല(റ)യില്‍നിന്ന് ഇമാം മുസ്‌ലിം നിവേദനം. അല്ലാഹുവിന്റെ തിരുദൂതര്‍(സ്വ) തന്റെ വിടവാങ്ങല്‍ ഹജ്ജിലെ പ്രസംഗത്തില്‍ പറഞ്ഞു:

''സ്ത്രീകളുടെ വിഷയത്തില്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. കാരണം അല്ലാഹുവിന്റെ കരാറിലാണ് നിങ്ങള്‍ അവരെ സ്വീകരിച്ചത്. അല്ലാഹുവിന്റെ വചനം(സാക്ഷ്യവചനങ്ങള്‍) കൊണ്ടാണ് നിങ്ങള്‍ അവരുടെ ലൈംഗികാവയവങ്ങളെ അനുവദനീയമാക്കിയത്. നിങ്ങള്‍ക്ക് അനിഷ്ടമുള്ള ആരെയും നിങ്ങളുടെ വിരിപ്പില്‍ ചവിട്ടിക്കാതിരിക്കുകയെന്നത് അവരുടെമേല്‍ നിങ്ങള്‍ക്കുള്ള അവകാശമാകുന്നു. അവര്‍ അപ്രകാരം ചെയ്താല്‍ മുറിവേല്‍പ്പിക്കാത്ത നിലയില്‍ നിങ്ങള്‍ അവരെ അടിക്കുക. മാന്യമായ നിലക്ക് അവര്‍ക്കുള്ള ഉപജീവനവും വസ്ത്രവും നിങ്ങളുടെ മേല്‍ ബാധ്യതയാണ്'' (മുസ്‌ലിം).

ഈ ഹദീഥിലെ,'നിങ്ങള്‍ക്ക് അനിഷ്ടമുള്ള ആരെയും നിങ്ങളുടെ വിരിപ്പില്‍ അവര്‍ ചവിട്ടിക്കാതിരിക്കുക'  എന്നതിന്റെ ഉദ്ദേശ്യം, നിങ്ങളുടെ ഭവനങ്ങളില്‍ പ്രവേശിക്കുന്നതിലും നിങ്ങളുടെ താമസസ്ഥലങ്ങളില്‍ കയറിയിരിക്കുന്നതിലും നിങ്ങള്‍ക്ക് അനിഷ്ടമായ ഒരാള്‍ക്കും അത് ആണാകട്ടെ പെണ്ണാകട്ടെ, അവര്‍ അനുവാദം നല്‍കാതിരിക്കുക എന്നതാണ്.

അബൂഹുറയ്‌റ(റ)യില്‍നിന്ന് ഇമാം മുസ്‌ലിം നിവേദനം. അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞു: ''ഒരു വിശ്വാസിയും വിശ്വാസിനിയോട് കോപിക്കരുത്. അവളില്‍ നിന്ന് ഒരു സ്വഭാവം അവന്‍ വെറുത്താല്‍ അവളില്‍നിന്ന് മറ്റൊന്ന് അല്ലെങ്കില്‍ അതൊഴികെയുള്ളത് അവന്‍ ഇഷ്ടപ്പെടും.'' 

തനിക്ക് അനിഷ്ടകരമായ ഒരു സ്വഭാവം തന്റെ ഭാര്യയില്‍ ഒരാള്‍ കണ്ടാല്‍ അവളില്‍തന്നെ ഉല്‍കൃഷ്ട സ്വഭാവങ്ങളും മാന്യമായ പെരുമാറ്റങ്ങളും ധാരാളമായുണ്ട് എന്നത് ഓര്‍ക്കേണ്ടതുണ്ട്. 

ആഇശ(റ)യില്‍നിന്ന് ഇമാം അഹ്മദും അബൂദാവൂദും തുര്‍മുദിയും നിവേദനം. അല്ലാഹുവിന്റെ തിരുദൂതര്‍(സ്വ) പറഞ്ഞു: ''നിശ്ചയം സ്ത്രീകള്‍ പരുഷന്മാര്‍ക്ക് ശക്വാഇക്വ് (സ്വഭാവങ്ങളിലും പ്രകൃതിയിലും സമന്മാര്‍) ആകുന്നു.'' ഇബ്‌നുല്‍ അഥീര്‍ പറഞ്ഞു: ''അഥവാ സ്വഭാവങ്ങളിലും പ്രകൃതിയിലും സമന്മാരും തുല്യരുമാകുന്നു. സ്ത്രീകള്‍ പുരുഷന്മാരില്‍നിന്ന് അടര്‍ത്തിയെടുക്കപ്പെട്ടത് പോലെയാണ്. കാരണം ആദമി(അ)ല്‍നിന്നാണ് ഹവ്വാഅ് സൃഷ്ടിക്കപ്പെട്ടത്. ഒരു വ്യക്തിയുടെ ശക്വീക്വ് എന്നാല്‍ അയാളുടെ പിതാവിലും മാതാവിലും ഒത്ത പൂര്‍ണ സഹോദരന്‍ എന്നാണ്. അതിന്റെ ബഹുവചനം അശിക്ക്വാഅ് എന്നാണ്.''

പെരുമാറ്റം നന്നാക്കുവാനും സഹവര്‍ത്തിത്വം മെച്ചപ്പെടുത്തുവാനും മൃദുലമായി പെരുമാറുവാനും സുകൃതം ചെയ്യുവാനുമുള്ള ആഹ്വാനമാണ് സുവ്യക്തമാം വിധം ഈ തിരുമൊഴിയിലടങ്ങയിട്ടുള്ളത്.