സ്ത്രീ സംരക്ഷിക്കപ്പെടണം

ഡോ. അബ്ദുര്‍റസ്സാക്വ് അല്‍ബദര്‍

2017 സെപ്തംബര്‍ 09 1438 ⁠⁠ദുൽഹിജ്ജ 18

(സ്ത്രീ ഇസ്‌ലാമിന്റെ തണലില്‍: 4)

വിവ. അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല

സഹോദരിയും പിതൃസഹോദരിയും മാതൃസഹോദരിയുമായാല്‍

സഹോദരിയോടും പിതൃസഹോദരിയോടും മാതൃസഹോദരിയോടും ബന്ധം ചാര്‍ത്തുവാനും നല്ല രീതിയില്‍ പെരുമാറുവാനും അവരുടെ അവകാശങ്ങള്‍ വകവെക്കുവാനും ഇസ്‌ലാം കല്‍പിക്കുകയും അതിന് മഹത്തായ പ്രതിഫലം നിശ്ചയിക്കുകയും ചെയ്തു.

അല്ലാഹുവിന്റെ തിരുദൂത(സ്വ) മൊഴിയുന്നത് കേട്ടതായി മിക്വ്ദാം ഇബ്‌നു മഅ്ദീ കരിബി(റ)ല്‍നിന്ന് ഇമാം ബുഖാരിയും (അദബുല്‍മുഫ്‌റദ്) ഇബ്‌നുമാജയും നിവേദനം:

''നിങ്ങള്‍ മാതാക്കള്‍ക്ക് പുണ്യം ചെയ്യണമെന്ന് നിശ്ചയം നിങ്ങളോട് അല്ലാഹു കല്‍പിക്കുന്നു. പിന്നെയും മാതാക്കള്‍ക്ക് പുണ്യം ചെയ്യണമെന്ന് അവന്‍ നിങ്ങളോട് കല്‍പിക്കുന്നു. ശേഷം നിങ്ങള്‍ നിങ്ങളുടെ പിതാക്കള്‍ക്ക് പുണ്യം ചെയ്യണമെന്ന് അല്ലാഹു കല്‍പിക്കുന്നു. പിന്നീട് മാതാപിതാക്കളോട് ഏറ്റവും അടുത്തവര്‍, പിന്നീട് അവരോട് അടുത്തവര്‍ എന്നീ ക്രമത്തില്‍ പുണ്യം ചെയ്യണമെന്ന് നിങ്ങളോട് അല്ലാഹു കല്‍പിക്കുന്നു.''

അബൂ സഈദില്‍ഖുദ്‌രി(റ)യില്‍ നിന്ന് ഇമാം അബൂദാവൂദും തുര്‍മുദിയും നിവേദനം. അല്ലാഹുവിന്റെ ദൂതര്‍(സ്വ) പറഞ്ഞു:

''നിങ്ങളിലൊരാള്‍ക്ക് മൂന്നു പെണ്‍മക്കള്‍ അല്ലെങ്കില്‍ മൂന്നു സഹോദരിമാര്‍ ഉണ്ടാവുകയും അവരോട് നന്മയില്‍ വര്‍ത്തിക്കുകയും ചെയ്താല്‍ അയാള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുക തന്നെ ചെയ്യും.''

ആഇശ(റ)യില്‍നിന്ന് ഇമാം ബുഖാരിയും മുസ്‌ലിമും നിവേദനം. തിരുനബി(സ്വ) പറഞ്ഞു:

''കുടുംബ ബന്ധം അല്ലാഹുവില്‍നിന്നുള്ള സുദൃഢമായ ബന്ധമാകുന്നു. വല്ലവനും അതു ചാര്‍ത്തിയാല്‍ അല്ലാഹു അവനോട് ബന്ധം ചാര്‍ത്തും. വല്ലവനും അത് മുറിച്ചാല്‍ അല്ലാഹു അവനോട് ബന്ധം മുറിക്കും.''

അനസി(റ)ല്‍നിന്ന് നിവേദനം. തിരുനബി(സ്വ) പറഞ്ഞു: ''തന്റെ ഉപജീവനം വിശാലമാക്കപ്പെടുവാനും ആയുസ്സ് ദീര്‍ഘമാക്കപ്പെടുവാനും വല്ലവനും ഇഷ്ടപ്പെടുന്നുവെങ്കില്‍ അവന്‍ തന്റെ കുടുംബ ബന്ധം ചാര്‍ത്തട്ടെ.''

അന്യ സ്ത്രീയാണെങ്കില്‍

ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു സ്ത്രീ അവന്റെ ബന്ധുവല്ല; അവളാകട്ടെ ഒരു സഹായവും പരിഗണനയും ആവശ്യമായ അവസ്ഥയിലാണ് എങ്കില്‍ അവളെ പരിഗണിക്കുവാനും അവള്‍ക്ക് സുകൃതം ചെയ്യുവാനും അവളെ സഹായിക്കുവാനും ഇസ്‌ലാം പ്രോത്സാഹിപ്പിക്കുകയും അതിന് മഹനീയമായ പ്രതിഫലം നിശ്ചയിക്കുകയും ചെയ്തു. നബി(സ്വ) പറഞ്ഞതായി ഇമാം ബുഖാരിയും മുസ്‌ലിമും നിവേദനം:

õ''വിധവകളുടെയും അഗതികളുടെയും വിഷയത്തില്‍ അധ്വാനിക്കുന്നവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള യോദ്ധാവിനെ പോലെയോ ക്ഷീണമില്ലാതെ (രാത്രി) നമസ്‌കരിക്കുന്നവനെ പോലെയോ മുറിക്കാതെ നോമ്പനുഷ്ഠിക്കുന്നവനെ പോലെയോ ആകുന്നു.''

ഇസ്‌ലാമിക അധ്യാപനങ്ങളുടെ തണലില്‍ ഒരു സ്ത്രീ നേടുന്ന ആദരവിന്റെയും ഔദാര്യത്തിന്റെയും നേരിയ പരാമര്‍ശമാണിത്. അല്ലാഹു അവന്റെ ദാസന്മാര്‍ക്ക് തൃപ്തിപ്പെട്ടേകിയ ഈ മഹനീയ മതമല്ലാത്ത ഇതര മതങ്ങളില്‍ ഇതുപോലുള്ളതോ ഇതിനോട് അടുത്തതോ ആയ വമ്പിച്ച പരിഗണയും സ്വീകാര്യമായ മാന്യതയും മതിയായ നന്മയും ഒരു സ്ത്രീ കണ്ടെത്തുകയെന്നത് അതിവിദൂരമാകുന്നു.

സ്ത്രീ സംരക്ഷിക്കപ്പെടണമെന്ന ബോധം

സ്ത്രീകളെ സംരക്ഷിക്കുവാനുള്ള ബോധം മുസ്‌ലിം മനസ്സുകളില്‍ ഇസ്‌ലാം നട്ടുവളര്‍ത്തി എന്നത് മുസ്‌ലിം സ്ത്രീയെ ഇസ്‌ലാം ആദരിച്ചതിന്റെ വശ്യമായ രൂപങ്ങളിലൊന്നാണ്, തീര്‍ച്ച. ഗീറത്ത് അഥവാ അഭിമാന സംരക്ഷണാര്‍ഥമുള്ള രോഷം മഹനീയ സ്വഭാവവും മാന്യമായ വിശേഷണവുമാണ്. ഒരു മുസ്‌ലിമിന്റെ ഹൃദയത്തില്‍ കുടിക്കൊള്ളുന്ന സ്വഭാവമാകുന്നു അത്; തന്റെ സംരക്ഷണത്തിലുള്ള സ്ത്രീയെ പരിപാലിക്കുവാനും അവര്‍ക്ക് കാവലാകുവാനും അവരുടെ അന്തസ്സും ആഭിജാത്യവും സംരക്ഷിക്കുവാനും നഗ്നതാ പ്രദര്‍ശനത്തില്‍നിന്നും അലങ്കാര പ്രദര്‍ശനത്തില്‍നിന്നും അന്യരോടൊത്തുള്ള കൂടിക്കലരലില്‍നിന്നും അവരെ തടയുവാനും പ്രസ്തുത സ്വഭാവം പ്രേരിപ്പിക്കും.

അഭിമാനത്തെ തൊട്ട് പ്രതിരോധിക്കലും തന്റെ സംരക്ഷണത്തിലുള്ള സ്ത്രീയുടെ വിഷയത്തില്‍ അഭിമാന രോഷമുണ്ടാകലും ജിഹാദായിട്ടാണ് ഇസ്‌ലാം എണ്ണുന്നത്. പ്രസ്തുത മാര്‍ഗേണ ജീവന്‍ നഷ്ടപ്പെടുന്നവന് സ്വര്‍ഗത്തില്‍ ശഹീദിന്റെ പദവി പ്രതിഫലമായി നല്‍കപ്പെടുകയും ചെയ്യും.

സഈദ് ഇബ്‌നുസെയ്ദി(റ)ല്‍നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂല്‍(സ്വ) പറയുന്നത് ഞാന്‍ കേട്ടു: ''ഒരാള്‍ തന്റെ സമ്പത്ത് (സംരക്ഷിക്കുന്നതിനു)വേണ്ടി കൊല്ലപ്പെട്ടു, അയാള്‍ രക്തസാക്ഷിയാണ്. ഒരാള്‍ തന്റെ ദീന്‍ (സംരക്ഷിക്കുവാന്‍) വേണ്ടി കൊല്ലപ്പെട്ടു, അയാള്‍ രക്തസാക്ഷിയാണ്. ഒരാള്‍ തന്റെ രക്തം (സംരക്ഷിക്കുവാന്‍) വേണ്ടി കൊല്ലപ്പെട്ടു, അയാള്‍ രക്തസാക്ഷിയാണ്. ഒരാള്‍ തന്റെ ഇണയെ (സംരക്ഷിക്കുവാന്‍) വേണ്ടി കൊല്ലപ്പെട്ടു, അയാളും രക്തസാക്ഷിയാണ്.''

മറ്റൊരു നിവേദനത്തില്‍ ഇപ്രകാരമുണ്ട്: ''ഒരാള്‍ തന്റെ അഭിമാനം (സംരക്ഷിക്കുന്നതിനു)വേണ്ടി കൊല്ലപ്പെട്ടു, അയാള്‍ ശഹീദാണ്.''

എന്നു മാത്രമല്ല, ഈമാനിന്റെ സ്വഭാവങ്ങളില്‍ കറകളഞ്ഞ സ്വഭാവമായിട്ടാണ് അഭിമാന സംരക്ഷണാര്‍ഥമുള്ള രോഷത്തെ ഇസ്‌ലാം ഗണിക്കുന്നത്. മുഗീറ(റ)യില്‍ നിന്ന് നിവേദനം:

''സഅ്ദ് ഇബ്‌നു ഉബാദ(റ) പറഞ്ഞു: ''എന്റെ ഭാര്യയോടൊപ്പം ഒരു വ്യക്തിയെ ഞാന്‍ കാണുകയായാല്‍ അവനെ ഞാന്‍ വാളു കൊണ്ട് നിഷ്‌ക്കരുണം വെട്ടും.'' ഈ വാര്‍ത്ത തിരുദൂതരുടെ സവിധത്തിലെത്തി. അപ്പോള്‍ തിരുമേനി(സ്വ) പറഞ്ഞു: ''സഅ്ദിന്റെ അഭിമാനരോഷത്തില്‍ നിങ്ങള്‍ ആശ്ചര്യപ്പെടുന്നുവോ? തീര്‍ച്ചയായും ഞാന്‍ സഅ്ദിനെക്കാള്‍ രോഷമുള്ളവനാണ്. അല്ലാഹുവാകട്ടെ എന്നെക്കാള്‍ രോഷമുള്ളവനാണ്. അല്ലാഹുവിന് രോഷമുള്ളതിനാലാണ് അവന്‍ പ്രത്യക്ഷവും പരോക്ഷവുമായ നീചവൃത്തികളെ നിഷിദ്ധമാക്കിയത്.''

അബൂഹുറയ്‌റയേില്‍നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞു: ''നിശ്ചയം അല്ലാഹു രോഷം കൊള്ളും. വിശ്വാസിയും രോഷംകൊള്ളും. അല്ലാഹു ഹറമാക്കിയത് ഒരു വിശ്വാസി ചെയ്യുകയെന്നത് അല്ലാഹുവിനെ രോഷാകുലനാക്കുന്ന കാര്യങ്ങളില്‍ പെട്ടതാണ്.''

ഗയൂറിന്റെ വിപരീത പദമാണ് ദയ്യൂഥ്. തന്റെ കുടുംബത്തില്‍ നീചവൃത്തി സമ്മതിക്കുന്നവനാണ് ദയ്യൂഥ്. കുടുംബത്തിന്റെ വിഷയത്തില്‍ അവന് യാതൊരു വിധ സംരക്ഷണ ബോധവുമുണ്ടായിരിക്കില്ല. ഇത്തരക്കാരുടെ വിഷയത്തില്‍ ശക്തമായ മുന്നറിയിപ്പ് ഇസ്‌ലാം നല്‍കിയിരിക്കുന്നു.

അബ്ദുല്ലാഹിബ്‌നു ഉമറി(റ)ല്‍നിന്നും നിവേദനം. അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞു: ''മൂന്ന് കൂട്ടര്‍, അല്ലാഹു അന്ത്യനാളില്‍ അവരിലേക്ക് നോക്കുകയില്ല. തന്റെ മാതാപിതാക്കളെ ദ്രോഹിക്കുന്നവന്‍, പുരുഷന്മാരോട് സദൃശ്യരായി ആണ്‍കോലം കെട്ടുന്ന സ്ത്രീകള്‍. കടുംബത്തില്‍ ഹീനതക്ക് കൂട്ടുനില്‍ക്കുന്ന ഗൃഹനാഥന്‍.''

മുസ്‌ലിംകള്‍ക്ക് അവരുടെ ഭാര്യമാരുടെ വിഷയത്തിലുള്ള അഭിമാനരോഷത്തിലുള്ള കണിശതയെയും ഈ കാര്യത്തിലുള്ള അവരുടെ സജീവ ശ്രദ്ധയെയും ആഖ്യാനിക്കുന്ന സംഭവങ്ങളാല്‍ ചരിത്രം ധന്യമാണ്.

ഇബ്‌നുല്‍ജൗസി തന്റെ അല്‍മുന്‍തള്വിമെന്ന ഗ്രന്ഥത്തില്‍ നല്‍കിയത് ഈ വിഷയത്തില്‍ അത്ഭുത സംഭവങ്ങളിലൊന്നാണ്. മുഹമ്മദ് ഇബ്‌നു മൂസല്‍ ക്വാദി പറയുന്നു:

''ഹിജ്‌റാബ്ദം ഇരുന്നൂറ്റി എണ്‍പത്തി ആറില്‍ മൂസാ ഇബ്‌നുഇസ്ഹാക്വ് അല്‍ക്വാദ്വിയുടെ മജ്‌ലിസില്‍ ഞാന്‍ സന്നിഹിതനായിരിന്നു. അപ്പോള്‍ ഒരു സ്ത്രീ മുന്നിട്ട് വന്നു. തന്റെ ഭര്‍ത്താവ് അഞ്ഞൂറ് ദീനാര്‍ മഹ്‌റായി തനിക്ക് നല്‍കുവാനുണ്ടെന്ന് അവള്‍ വാദിച്ചു. ഭര്‍ത്താവ് അത് നിഷേധിച്ചു. ക്വാദ്വി വാദിയോട് പറഞ്ഞു: 'താങ്കള്‍ സാക്ഷികളെ ഹാജറാക്കണം.' 'ഞാന്‍ അവരെ ഹാജറാക്കിയിട്ടുണ്ട്' വാദി പ്രതികരിച്ചു. സാക്ഷ്യനിര്‍വഹണത്തില്‍ വിരല്‍ ചൂണ്ടുവാന്‍ സ്ത്രീയെ കാണണമെന്ന് സാക്ഷികളില്‍ ചിലര്‍ വാദിച്ചു. സാക്ഷി എഴുന്നേറ്റ് സ്ത്രീയോട് പറഞ്ഞു: 'എഴുന്നേല്‍ക്കൂ.' അപ്പോള്‍ ഭര്‍ത്താവ് പറഞ്ഞു: 'നിങ്ങള്‍ എന്താണ് ചെയ്യുന്നത്?' സാക്ഷി പറഞ്ഞു: 'താങ്കളുടെ ഭാര്യയെ അറിയുമെന്നതിന്റെ സാധുതക്ക് മുഖം തുറന്ന നിലക്ക് കാണുവാന്‍ അവര്‍ അവളിലേക്ക് നോക്കുകയാണ്.' ഭര്‍ത്താവ് പറഞ്ഞു: 'എങ്കില്‍ ഞാന്‍ ക്വാദ്വിയെ സാക്ഷിയാക്കി പ്രഖ്യാപിക്കുന്നു; അവള്‍ വാദിക്കുന്ന മഹ്ര്‍ ഞാന്‍ നല്‍കാമെന്നേറ്റിരിക്കുന്നു. അവള്‍ മുഖം വെളിപ്പെടുത്തരുത്.' അപ്പോള്‍ ആ സ്ത്രീ പറഞ്ഞു: 'എങ്കില്‍ ക്വാദ്വിയെ സാക്ഷിയാക്കി ഞാനും പ്രഖ്യാപിക്കുന്നു; ഈ മഹ്ര്‍ ഞാന്‍ അദ്ദേഹത്തിനു ദാനമായി നല്‍കിയിരിക്കുന്നു. അതില്‍ നിന്ന് ഇഹത്തിലും പരത്തിലും ഞാന്‍ അദ്ദേഹത്തിന് ഒഴിവ് നല്‍കിയിരിക്കുന്നു.' ഉടന്‍ ക്വാദി പറഞ്ഞു: 'മാന്യ സ്വഭാവങ്ങളെ കുറിച്ചുള്ള രചനയില്‍ ഈ വ്യക്തി രേഖപ്പെടുത്തപ്പെ ടണം.''

അതെ, മഹത്തായ സ്വഭാവങ്ങള്‍, ഉത്തമ മര്യാദകള്‍, ഉന്നത മൂല്യങ്ങള്‍ എന്നിവയില്‍ ഈ വ്യക്തി രേഖപ്പെടുത്തപ്പെടേണ്ടതുണ്ട്. തന്റെ ഭാര്യക്ക് യാതൊരു നിലയും കല്‍പിക്കാത്ത, മാന്യമായ പെരുമാറ്റമോ സല്‍സ്വഭാവങ്ങളോ തന്റെ കുടുംബത്തോട് പ്രകടിപ്പിക്കാത്ത വ്യക്തിയെവിടെ? ഈ വ്യക്തി എവിടെ?