സ്ത്രീ ഇസ്‌ലാമിന്റെ തണലില്‍

ഡോ. അബ്ദുര്‍റസ്സാക്വ് അല്‍ബദര്‍ (വിവ. അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല)  

2017 ജൂലായ് 15 1438 ശവ്വാല്‍ 21

ഭാഗം: 1

മുസ്‌ലിമായ ഒരു ദാസന് നേരെയുള്ള അല്ലാഹുവിന്റെ അനുഗ്രഹം മഹനീയമാണ്. മഹത്തായ ഈ ഇസ്‌ലാമിക ആദര്‍ശത്തിലേക്ക് മാര്‍ഗമേകിയെന്നത് അവനോടുള്ള അല്ലാഹുവിന്റെ വലിയ ഔദാര്യമാണ്. അവന്‍ ദാസന്മാര്‍ക്ക് തൃപ്തിപ്പെട്ട് ഏകുകയും  അവര്‍ക്കായി പൂര്‍ത്തീകരിച്ച് നല്‍കുകയും ചെയ്ത അവന്റെ ആദര്‍ശമാണല്ലോ ദീനുല്‍ ഇസ്‌ലാം. ദാസന്മാരില്‍നിന്ന് ഇസ്‌ലാമല്ലാത്ത മറ്റൊരു ആദര്‍ശവും അവന്‍ സ്വീകരിക്കുകയുമില്ല.

 അല്ലാഹു പറയുന്നു: ''ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ടു തന്നിരിക്കുന്നു'' (വി.ക്വു. 5:3).

''തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതം എന്നാല്‍ ഇസ്‌ലാമാകുന്നു'' (3:19).

''ഇസ്‌ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനില്‍നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ അവന്‍ നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും'' (3:85).

''എങ്കിലും അല്ലാഹു നിങ്ങള്‍ക്ക് സത്യവിശ്വാസത്തെ പ്രിയങ്കരമാക്കിത്തീര്‍ക്കുകയും നിങ്ങളുടെ ഹൃദയങ്ങളില്‍ അത് അലംകൃതമായി തോന്നിക്കുകയും ചെയ്തിരിക്കുന്നു. അവിശ്വാസവും അധര്‍മവും അനുസരണക്കേടും നിങ്ങള്‍ക്കവന്‍ അനിഷ്ടകരമാക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെയുള്ളവരാകുന്നു നേര്‍മാര്‍ഗം സ്വീകരിച്ചവര്‍. അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു ഔദാര്യവും അനുഗ്രഹവുമാകുന്നു അത്. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമാകുന്നു''(13:40).

അല്ലാഹു വിശ്വാസങ്ങളെയും സ്വഭാവങ്ങളെയും സമുദ്ധരിച്ചതും ഇഹപര ജീവിതങ്ങളെ സംസ്‌കരിച്ചതും മനുഷ്യരുടെ അകവും പുറവും അലങ്കരിച്ചതും ഇസ്‌ലാമിലൂടെയാണ്. അസത്യത്തിന്റെ കരാള ഹസ്തങ്ങളില്‍ നിന്നും അധമത്വത്തിന്റെ അഗാധ ഗര്‍ത്തങ്ങളില്‍നിന്നും വ്യതിയാനത്തിന്റെയും വഴികേടിന്റെയും വേദികളില്‍നിന്നും ഈ ആദര്‍ശം ആശ്ലേഷിക്കുകയും മുറുകെപ്പിടിക്കുകയും ചെയ്ത എല്ലാവരെയും അല്ലാഹു രക്ഷപ്പെടുത്തി. ഋജുവായതും ലക്ഷ്യങ്ങളിലും നിര്‍ദേശങ്ങളിലും നിദര്‍ശനങ്ങളിലും പര്യവസാനങ്ങളിലും ഫലങ്ങളിലുമെല്ലാം തീര്‍ത്തും യുക്തിഭദ്രവുമാകുന്നു ഇസ്‌ലാം. അതിലെ വൃത്താന്തങ്ങളെല്ലാം സത്യവും വസ്തുനിഷ്ഠവുമാകുന്നു. അതിലെ വിധികളെല്ലാം നീതിനിഷ്ഠവും ഗുണപ്രദവുമാകുന്നു. ഇസ്‌ലാം വിരോധിച്ചിരുന്നുവെങ്കില്‍ എന്ന് നേര്‍ബുദ്ധി പറയുന്ന ഒരു കാര്യവും ഇസ്‌ലാം കല്‍പിച്ചിട്ടില്ല. കല്‍പിച്ചിരുന്നുവെങ്കില്‍ എന്ന് നേര്‍ബുദ്ധി പറയുന്ന ഒരു കാര്യവും ഇസ്‌ലാം വിരോധിച്ചിട്ടുമില്ല. ഇസ്‌ലാമിന്റെ മഹിതമായ വൃത്താന്തങ്ങളെ ഖണ്ഡിക്കുന്ന ശരിയായ ഒരു ശാസ്ത്രവും ഒരിക്കലും വന്നിട്ടേയില്ല. അതിന്റെ ഋജുവായ വിധികളെ അസാധുവാക്കുന്ന നേരായ ഒരു വിധിയും ഒരിക്കലും വന്നിട്ടില്ല.

സത്യത്തിലേക്കും ചൊവ്വായ സരണിയിലേക്കും മാര്‍ഗദര്‍ശനമേകുന്ന മഹാപ്രസ്ഥാനമാകുന്നു ഇസ്‌ലാം. സത്യസന്ധതയാണ് അതിന്റെ ചിഹ്നം. നീതിയാണ് അതിന്റെ അച്ചുതണ്ട്. സത്യമാണ് അതിന്റെ വ്യവസ്ഥ. കാരുണ്യമാകുന്നു അതിന്റെ ആത്മാവും ലക്ഷ്യവും. നന്മയാകുന്നു അതിന്റെ കൂട്ട്. സംസ്‌കരണവും പരിഷ്‌കരണവുമാണ് അതിന്റെ ഭംഗിയും ധര്‍മവും. സന്മാര്‍ഗവും നേര്‍മാര്‍ഗവുമാണ് അതിന്റെ പാഥേയം. വല്ലവനും ഇസ്‌ലാമിനേയും ഇസ്‌ലാമിക മാര്‍ഗദര്‍ശനത്തെയും കയ്യൊഴിച്ചാല്‍ യഥാര്‍ഥ വിശ്വാസവും മഹനീയ കര്‍മങ്ങളും മാന്യവും ഉന്നതവുമായ സ്വഭാവങ്ങളും അവനില്‍നിന്ന് യാത്രയാകും. ഊഹങ്ങളും വിലകുറഞ്ഞ സങ്കല്‍പങ്ങളും ചീത്ത കര്‍മങ്ങളും ദുഷിച്ച സ്വഭാവങ്ങളും അവയുടെ സ്ഥാനത്ത് ഇടം നേടുകയും ചെയ്യും.

അതിനാല്‍ മഹത്തായ ഈ ആദര്‍ശത്തിലേക്ക് ദര്‍ശനമുണ്ടാവുകയെന്നതും അത് മുറുകെപ്പിടിക്കുവാനും അതിന്റെ മാര്‍ഗദര്‍ശനങ്ങളെ കാത്തുസൂക്ഷിക്കുവാനും നിദര്‍ശനങ്ങളും നിര്‍ദേശങ്ങളും നിത്യമായി പുല്‍കുവാനും അത് വിരോധിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തതില്‍ നിന്ന് പരിപൂര്‍ണമായി വിട്ടുനില്‍ക്കുകയും തീര്‍ത്തും മുന്‍കരുതലെടുക്കുകയും ചെയ്യുവാനും ഉദവി നല്‍കപ്പെടുക എന്നതുമാണ് ഒരു ദാസന്‍ നേടിയെടുക്കുന്ന ഏറ്റവും വലിയ കറാമത്ത്.

മുസ്‌ലിം സ്ത്രീയെ ആദരിച്ചതും അവളെ സംരക്ഷിച്ചതും അവളുടെ അവകാശങ്ങളെ പരിഗണിച്ചതും അവള്‍ക്കു നേരെയുള്ള അതിക്രമം, അനീതി, ദൗര്‍ബല്യം ചൂഷണം ചെയ്യല്‍ തുടങ്ങിയവ തടഞ്ഞതും അവള്‍ക്കും അവളുടെ കൂടെ ജീവിക്കുന്നവര്‍ക്കും സമൃദ്ധമായ ജീവിതവും പൊരുത്തപ്പെട്ട വാസവും ഇഹപര സൗഭാഗ്യവും സമാധാനവും സാക്ഷാല്‍കരിക്കുമാറ് മഹനീയമായ നിയമങ്ങളും യുക്തിഭദ്രമായ നിര്‍ദേശങ്ങളും ശരിയായ നിദര്‍ശനങ്ങളും നിശ്ചയിച്ചുവെന്നതും ഉന്നതമായ ഈ മതത്തിന്റെ പൂര്‍ണ തയും സൗന്ദര്യവുമാണ്. 

സുപ്രധാന തത്ത്വങ്ങള്‍

ഒരു മുസ്‌ലിം ഏതാനും സുപ്രധാന തത്ത്വങ്ങളും ഗൗരവമേറിയ നിയമങ്ങളും ഈ അവസരത്തില്‍ അറിഞ്ഞിരിക്കല്‍ അനിവാര്യമാണ്. അവ അറിഞ്ഞു മനസ്സിലാക്കുന്നതിലൂടെയും അതിനനുസരിച്ച് ചരിക്കുന്നതിലൂടെയും യഥാര്‍ഥമായ ആദരവും സമ്പൂര്‍ണവും സമഗ്രവുമായ അനുഗ്രഹവും ഇഹലോകത്തും പരലോകത്തുമുള്ള നിത്യസൗഭാഗ്യവും അവന്‍ നേടിയെടുക്കുന്നതിന് വേണ്ടിയാണത്.

ഒന്ന്: ഏറ്റവും നല്ലതും ചൊവ്വായതും സമ്പൂര്‍ണവും സുന്ദരവുമായ വിധികള്‍ ലോകത്തിന്റെ രക്ഷിതാവും മുഴുലോകരുടെ സ്രഷ്ടാവുമായവന്റെ വിധികളാകുന്നുവെന്ന് ഒരു ദാസന്‍ ദൃഢമായും അറിഞ്ഞിരിക്കണം. അല്ലാഹു പറഞ്ഞു:

''വിധികര്‍തൃത്വം അല്ലാഹുവിന് മാത്രമാകുന്നു. അവനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്ന് അവന്‍ കല്‍പിച്ചിരിക്കുന്നു. വക്രതയില്ലാത്ത മതം അതത്രെ. പക്ഷേ, മനുഷ്യരില്‍ അധികപേരും മനസ്സിലാക്കുന്നില്ല'' (13:40).

''ദൃഢവിശ്വാസികളായ ജനങ്ങള്‍ക്ക് അല്ലാഹുവെക്കാള്‍ നല്ല വിധികര്‍ത്താവ് ആരാണുള്ളത്?'' (5: 50).

''അവനത്രെ തീര്‍പ്പുകല്‍പിക്കുന്നവരില്‍ ഉത്തമന്‍'' (7:87).

''അല്ലാഹു വിധികര്‍ത്താക്കളില്‍ വെച്ച് ഏറ്റവും വലിയ വിധികര്‍ത്താ വല്ലയോ?''(95:8).

 ''...അപ്രകാരം അല്ലാഹു നിങ്ങള്‍ക്ക് അവന്റെ തെളിവുകള്‍ വിവരിച്ചു തരുന്നു. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമാകുന്നു''(24:59).

രണ്ട്: രക്ഷിതാവിന് വഴിപ്പെടുന്നതിലും അവന്റെ മതവിധികള്‍ മുറുകെ പിടിക്കുന്നതിലുമാണ് ദാസനുള്ള സൗഭാഗ്യവും ആദരവും പരിപൂര്‍ണമായും ബന്ധപ്പെട്ടു കിടക്കുന്നത് എന്നും വഴിപ്പെടലിന്റെയും മതനിഷ്ഠയുടെയും വിഹിതവും അളവുമനുസരിച്ചാണ് ദാസനുള്ള ഭാഗ്യത്തിന്റെ വിഹിതവും അളവുമെന്നും അവന്‍ ഉള്‍കൊള്ളേണ്ടതുണ്ട്. അല്ലാഹു പറഞ്ഞു:

''നിങ്ങളോട് നിരോധിക്കപ്പെടുന്ന വന്‍പാപങ്ങള്‍ നിങ്ങള്‍ വര്‍ജിക്കുന്ന പക്ഷം നിങ്ങളുടെ തിന്‍മകളെ നിങ്ങളില്‍ നിന്ന് നാം മായ്ച്ചുകളയുകയും മാന്യമായ ഒരു സ്ഥാനത്ത് നിങ്ങളെ നാം പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്'' (5:31).

ആലുയാസീനിലെ ഒരു വിശ്വാസിയെ കുറിച്ച് അല്ലാഹു പറഞ്ഞു: 

''തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ചിരിക്കുന്നു. അത് കൊണ്ട് നിങ്ങള്‍ എന്റെ വാക്ക് കേള്‍ക്കുക. സ്വര്‍ഗത്തില്‍ പ്രവേശിച്ച് കൊള്ളുക. എന്ന് പറയപ്പെട്ടു. അദ്ദേഹം പറഞ്ഞു: എന്റെ ജനത അറിഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നു! എന്റെ രക്ഷിതാവ് എനിക്ക് പൊറുത്തുതരികയും ആദരിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ എന്നെ ഉള്‍പെടുത്തുകയും ചെയ്തതിനെ പറ്റി'' (26:25-27). 

അല്ലാഹു പറഞ്ഞു: ''തീര്‍ച്ചയായും അതിനെ (അസ്തിത്വത്തെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു. അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു'' (91: 9,10).

''നിങ്ങള്‍ക്കിതാ അല്ലാഹുവിങ്കല്‍ നിന്ന് ഒരു പ്രകാശവും വ്യക്തമായ ഒരു ഗ്രന്ഥവും വന്നിരിക്കുന്നു. അല്ലാഹു തന്റെ പൊരുത്തം തേടിയവരെ അത് മുഖേന സമാധാനത്തിന്റെ വഴികളിലേക്ക് നയിക്കുന്നു. തന്റെ ഉത്തരവ് മുഖേന അവരെ അന്ധകാരങ്ങളില്‍ നിന്ന് അവന്‍ പ്രകാശത്തിലേക്ക് കൊണ്ടുവരികയും നേരായ പാതയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു'' (5:15,16).

മൂന്ന്: മുസ്‌ലിമായ ദാസന്റെ സ്ഥാനം നഷ്ടപ്പെടുത്തുവാനും അവനുള്ള പ്രതാപത്തിന്റെയും സൗഭാഗ്യത്തിന്റെയും വഴികള്‍ അലങ്കോലപ്പെടുത്തുവാനും പരിശ്രമിക്കുന്ന, അവനെ അപകടപ്പെടുത്തുവാനും അപമാനപ്പെടുത്തുവാനും സാധ്യമായതെല്ലാം ചെയ്യുന്ന ധാരാളം ശത്രുക്കള്‍ ഈ ഭൗതിക ലോകത്ത് അവനുണ്ടെന്നതില്‍ അവന്‍ ഉല്‍ബുദ്ധനാകേണ്ടതുണ്ട്.

ഈ ശത്രുക്കളുടെ മുന്‍പന്തിയില്‍ അല്ലാഹുവിന്റെയും ഇസ്‌ലാമിന്റെയും വിശ്വാസികളുടെയും ശത്രുവായ പിശാചാകുന്നു. ഈ മതത്തിലൂടെ അല്ലാഹു വിശ്വാസികളെ ആദരിക്കുകയും ചൊവ്വായ പാതയിലേക്ക് അവരെ ആനയിക്കുകയും ചെയ്തത് പിശാചിനെ നന്നായി ചൊടിപ്പിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ അവന്‍ അവര്‍ക്കെതിരില്‍ നാനോന്മുഖങ്ങളായ ആക്രമണങ്ങള്‍ നടത്തുമെന്ന് പരസ്യമാക്കി. അവരെ തെറ്റിക്കുവാന്‍ എല്ലാ വഴികളിലും അവന്‍ ഇരിക്കും. അവന്‍ എല്ലാ ഭാഗങ്ങളിലൂടെയും അവരിലേക്ക് ചെല്ലും. വിശ്വാസികളുടെ മാന്യത കെടുത്തുവാനും അവരുടെ പ്രതാപവും സ്ഥാനവും നഷ്ടപ്പെടുത്തുവാനും അവന്‍ ഉദ്ദേശിക്കുന്നു.

''നിങ്ങള്‍ ആദമിന് പ്രണാമം ചെയ്യുക എന്ന് നാം മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു). അപ്പോള്‍ അവര്‍ പ്രണമിച്ചു. ഇബ്‌ലീസൊഴികെ. അവന്‍ പറഞ്ഞു: നീ കളിമണ്ണിനാല്‍ സൃഷ്ടിച്ചവന്ന് ഞാന്‍ പ്രണാമം ചെയ്യുകയോ? അവന്‍ പറഞ്ഞു: എന്നെക്കാള്‍ നീ ആദരിച്ചിട്ടുള്ള ഇവനാരെന്ന് നീ എനിക്ക് പറഞ്ഞു തരൂ. തീര്‍ച്ചയായും ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളുവരെ നീ എനിക്ക് അവധി നീട്ടിത്തരുന്ന പക്ഷം, ഇവന്റെ സന്തതികളില്‍ ചുരുക്കം പേരൊഴിച്ച് എല്ലാവരെയും ഞാന്‍ കീഴ്‌പെടുത്തുക തന്നെ ചെയ്യും. അവന്‍ (അല്ലാഹു) പറഞ്ഞു: നീ പോയിക്കൊള്ളൂ. അവരില്‍ നിന്ന് വല്ലവരും നിന്നെ പിന്തുടരുന്ന പക്ഷം നിങ്ങള്‍ക്കെല്ലാമുള്ള പ്രതിഫലം നരകം തന്നെയായിരിക്കും. അതെ; തികഞ്ഞ പ്രതിഫലം തന്നെ. അവരില്‍ നിന്ന് നിനക്ക് സാധ്യമായവരെ നിന്റെ ശബ്ദം മുഖേന നീ ഇളക്കിവിട്ട് കൊള്ളുക. അവര്‍ക്കെതിരില്‍ നിന്റെ കുതിരപ്പടയെയും കാലാള്‍പ്പടയെയും നീ വിളിച്ചുകൂട്ടുകയും ചെയ്ത് കൊള്ളുക. സ്വത്തുക്കളിലും സന്താനങ്ങളിലും നീ അവരോടൊപ്പം പങ്ക് ചേരുകയും അവര്‍ക്കു നീ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തു കൊള്ളുക. പിശാച് അവരോട് ചെയ്യുന്ന വാഗ്ദാനം വഞ്ചന മാത്രമാകുന്നു'' (17:61-64).

''തീര്‍ച്ചയായും പിശാച് നിങ്ങളുടെ ശത്രുവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ശത്രുവായിത്തന്നെ ഗണിക്കുക. അവന്‍ തന്റെ പക്ഷക്കാരെ ക്ഷണിക്കുന്നത് അവര്‍ നരകാവകാശികളുടെ കൂട്ടത്തിലായിരുക്കുവാന്‍ വേണ്ടി മാത്രമാണ്'' (25:6).

അതിനാല്‍ സന്മാര്‍ഗത്തില്‍നിന്ന് അകറ്റുവാന്‍ ലക്ഷ്യമിടുന്ന മുഴുവന്‍ ശത്രുക്കളില്‍നിന്നും പിശാചില്‍നിന്നും ജാഗ്രത പുലര്‍ത്തല്‍ ഓരോ മുസ്‌ലിമിനും നിര്‍ബന്ധമാണ്.

നാല്: തനിക്കുള്ള ഉദവിയും തന്റെ കാര്യം ശരിയാകലും അവസ്ഥ നേരെയാകലും തനിക്കുള്ള മാന്യത പുലരലും തന്റെ യജമാനനും ഉടമസ്ഥനും മഹത്ത്വമുടയവനുമായ രക്ഷിതാവിന്റെ കയ്യാല്‍ മാത്രമാകുന്നുവെന്ന് മുസ്‌ലിമായ ദാസന്‍ വിശ്വസിച്ചംഗീകരിക്കേണ്ടതുണ്ട്. അല്ലാഹു പറഞ്ഞു:

''അല്ലാഹു വല്ലവനെയും അപമാനിതനാക്കുന്ന പക്ഷം അവനെ ബഹുമാനിക്കുവാന്‍ ആരും തന്നെയില്ല. തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് ചെയ്യുന്നു'' (22:6).

അതുകൊണ്ട് രക്ഷിതാവുമായുള്ള ബന്ധം സുദൃഢമാക്കലും തനിക്കുള്ള ആദരവ് നിലനിര്‍ത്താന്‍ അവനോട് പ്രാര്‍ഥിക്കലും  വിശ്വാസിയുടെ ബാധ്യതയാണ്. തിരുനബിലയുടെ ഒരു പ്രാര്‍ഥനയില്‍ ഇപ്രകാരം കാണാം:

''അല്ലാഹുവേ, എന്റെ കാര്യങ്ങള്‍ക്ക് സുരക്ഷിതത്വമായ എന്റെ ദീനിനെ നീ നന്നാക്കേണമേ. എന്റെ ജീവിതമുള്ള ദുനിയാവിനെയും നീ നന്നാക്കേണമേ. എന്റെ മടക്കമുള്ള പരലോകത്തെയും നീ നന്നാക്കേണമേ. എല്ലാ നന്മകളുടെ വിഷയത്തിലും ജീവിതം എനിക്കു നീ വര്‍ധിപ്പിച്ചു തരേണമേ. എല്ലാ വിപത്തുകളില്‍നിന്നും മരണത്തിലൂടെ നീ എനിക്ക് ആശ്വാസമേകണമേ.'''

തന്റെ കാര്യങ്ങള്‍ നേരെയാവുക, വിഷയങ്ങള്‍ ശരിയാവുക, തനിക്കുള്ള ആദരവും ബഹുമാനവും പുലരുക തുടങ്ങിയ വിഷയങ്ങളില്‍ ഒരാള്‍ക്കും തന്റെ രക്ഷിതാവിനെ കൂടാതെ സ്വയം പര്യാപ്തനാകുവാന്‍ കഴിയില്ലെന്നതിന് ഈ ഹദീഥില്‍ തെളിവുണ്ട്.


അഞ്ച്: അല്ലാഹുവിങ്കല്‍ താന്‍ ആദരണീയനാവുക എന്നത് ഒരു മുസ്‌ലിം ഈ ഭൗതിക ലോകത്തെ തന്റെ ഏറ്റവും വലിയ ഉദ്ദേശ്യമാക്കണം. അങ്ങനെ അവനുള്ള അല്ലാഹുവിന്റെ ആദരവ് നേടുന്നതിനും ആദരണീയരായ തന്റെ ദാസന്മാര്‍ക്ക് അവന്‍ ഒരുക്കിയതു കൊണ്ട് അവന്‍ സൗഭാഗ്യവാനാകുന്നതിനു വേണ്ടിയുമാണത്. അവരെ കുറിച്ചാണല്ലോ അല്ലാഹു പറഞ്ഞത്:

''അത്തരക്കാര്‍ സ്വര്‍ഗത്തോപ്പുകളില്‍ ആദരിക്കപ്പെടുന്നവരാകുന്നു'' (49: 35).

ഇതത്രെ യഥാര്‍ഥ കറാമത്ത്. രഹസ്യത്തിലും പരസ്യത്തിലും ദൃശ്യത്തിലും അദൃശ്യത്തിലും അല്ലാഹുവിലുള്ള ഭയഭക്തി സാക്ഷാല്‍കരിച്ച് കൊണ്ടു മാത്രമാണ്  അത് നേടിയെടുക്കുന്നത്.

''തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു'' (70: 13).

അബൂഹുറയ്‌റ്യയില്‍നിന്ന് ഇമാം ബുഖാരി നിവേദനം ചെയ്യുന്ന ഹദീഥില്‍ ഇപ്രകാരമുണ്ട്. 

''തിരുനബിലയോട് ചോദിക്കപ്പെു: ജനങ്ങളില്‍ അത്യാദരണീയന്‍ ആരാണ്? നബില പ്രതിവചിച്ചു: ഏറ്റവും ഭക്തനാണ് അവരില്‍ ഏറ്റവും ആദരണീയന്‍'' (ബുഖാരി).

ഇസ്‌ലാമല്ലാത്ത ആദര്‍ശത്തിലാണ് വല്ലവരും മാന്യത തേടുന്നതെങ്കില്‍ അവന്‍ മരീചികയിലാണ് നടന്നു നീങ്ങിക്കൊണ്ടിരിക്കുന്നത്. നൈരാശ്യത്തിന്റെയും നാശത്തിന്റെയും പാതയിലാണ് അവന്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്.

ആറ്: സ്ത്രീയുമായി ബന്ധപ്പെട്ട മതവിധികള്‍ അങ്ങേയറ്റം യുക്തിഭദ്രവും തീര്‍ത്തും കുറ്റമറ്റതുമാണെന്നും അതില്‍ യാതൊരു ന്യൂനതയും അനീതിയും വീഴ്ചയുമില്ലെന്നതും സ്ത്രീകള്‍ പ്രത്യേകിച്ച് അറിയല്‍ അനിവാര്യമാണ്. തന്റെ തീരുമാനത്തില്‍ യുക്തിജ്ഞനും ദാസന്മാരെ സൂക്ഷ്മമായി കണ്ടറിയുന്നവനും ദാസന്മാര്‍ക്ക് നന്മയും വിജയവും ഇഹപര സൗഭാഗ്യവും എവിടെയാണെന്ന് സസൂക്ഷ്മം അറിയുന്നവനുമായ ഏറ്റവും വലിയ വിധികര്‍ത്താവും ലോകരക്ഷിതാവുമായ അല്ലാഹുവില്‍ നിന്ന് അവ തീര്‍ണമാണ് പ്രസ്തുത വിധികളെന്നിരിക്കെ അവയില്‍ എങ്ങനെയാണ് ന്യൂനതയും കുറവും അനീതിയും കുറ്റവുമുണ്ടാവുക!  

അതിനാല്‍ തന്നെ സ്ത്രീകളുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ അല്ലാഹുവിന്റെ വിധികളില്‍ വല്ലതിനെ കുറച്ചും അതില്‍ അനീതിയുണ്ട്, അന്യായമുണ്ട്, അവകാശലംഘനമുണ്ട്, പിഴവുണ്ട് എന്നൊക്കെ പറയുന്നത് ഏറ്റവും വലിയ അതിര്‍ലംഘനവും അതികഠിനമായ കുറ്റവും അധിക്ഷിപ്തതയുമാണ്. വല്ലവനും അങ്ങനെയൊക്കെ പറഞ്ഞാല്‍, അവന്‍ തന്റെ റബ്ബിനെ കണക്കാക്കേണ്ട വിധം കണക്കാക്കിയിട്ടില്ല. റബ്ബിനെ ആദരിക്കേണ്ട  വിധം ആദരിച്ചിട്ടുമില്ല. പരമോന്നതനായ അല്ലാഹു പറയുന്നു: 

''നിങ്ങള്‍ക്കെന്തു പറ്റി? അല്ലാഹുവിന് ഒരു ഗാംഭീര്യവും നിങ്ങള്‍ പ്രതീക്ഷിക്കുന്നില്ല''(71:13) അഥവാ, അവനെ ആദരിക്കുന്നവര്‍ അവനോട് പെരുമാറുന്നതു പോലെ നിങ്ങള്‍ അവനോട് പെരുമാറുന്നില്ല. തൗക്വീര്‍ (ഗാംഭീര്യം നല്‍കല്‍) എന്നത് തഅഌീമ്(ആദരിക്കല്‍) ആകുന്നു. അല്ലാഹുവിന്റെ വിധികള്‍ സ്വീകരിക്കലും ആജ്ഞകള്‍ അനുസരിക്കലും അവന്റെ വിധികളിലും കല്‍പനകളിലുമാണ് സുരക്ഷയും പരിപൂര്‍ണതയും ഔന്നത്യവും ഉള്ളതെന്ന് വിശ്വസിക്കലും അവനോടുള്ള ആദരവില്‍ പെട്ടതാണ്. വല്ലവനും ഇതിന്നെതിരില്‍ അവയെ കുറിച്ച് വിശ്വസിച്ചാല്‍ അല്ലാഹുവിനെ ആദരിക്കുന്നതില്‍ നിന്ന് അവന്‍ ഏറെ ദൂരെയായിരിക്കുന്നു. ഇഹത്തിലും പരത്തിലും അവന്‍ അപമാനത്തിലും അക്ഷേപത്തിനും ഏറെ അര്‍ഹനുമായിരിക്കുന്നു.

സുപ്രധാനങ്ങളായ അടിസ്ഥാനങ്ങളും മഹത്തായ നിയമങ്ങളുമാകുന്നു ഈ അടിത്തറകള്‍. ഈയൊരു വിഷയത്തിനു മുന്നോടിയായി ഇവ അറിയലും ശ്രദ്ധിക്കലും അഭികാമ്യമാണ്. (തുടരും)