സ്ത്രീകളും മനുഷ്യരാണ്

ഡോ. അബ്ദുര്‍റസ്സാക്വ് അല്‍ബദര്‍

2017 ആഗസ്ത് 12 1438 ദുല്‍ക്വഅദ് 19

വിവ. അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല

(സ്ത്രീ ഇസ്‌ലാമിന്റെ തണലില്‍: 4)

ദാസന്മാര്‍ക്ക് സന്മാര്‍ഗവും കാരുണ്യവും വെളിച്ചവും പ്രകാശവും ഉല്‍ബോധനവുമായി അല്ലാഹു അവതരിപ്പിച്ച വിശുദ്ധ ക്വുര്‍ആനിനെ നിരീക്ഷണ വിധേയമാക്കുന്നവര്‍ക്ക് സ്ത്രീയുടെ വിഷയത്തില്‍ മുഖ്യ പരിഗണനയും അവളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് അങ്ങേയറ്റത്തെ പ്രോത്സാഹനവും അവള്‍ ക്കു നേരെയുള്ള അന്യായത്തിനെതിരിലും അതിക്രമത്തിനെതിരിലും ശക്തമായ താക്കീതും അതില്‍ കണ്ടെത്താനാവും. ഇത്തരം വിഷയങ്ങളെ സ്ഥിരീകരിക്കുന്ന ധാരാളം സൂക്തങ്ങള്‍ വിശുദ്ധ ക്വുര്‍ആനിലുണ്ട്. എന്നു മാത്രമല്ല വിശുദ്ധ ക്വുര്‍ആനില്‍ അന്നിസാഅ് (സ്ത്രീകള്‍) എന്ന ഒരു അധ്യായം തന്നെയുണ്ട്! സ്ത്രീകളുമായി ബന്ധപ്പെട്ടതും അവര്‍ക്കുള്ള മഹത്തായ അവകാശങ്ങളെ വിവരിക്കുന്നതുമായ ധാരാളം വചനങ്ങള്‍ സൂറതുന്നിസാഇലുണ്ട്. സ്ത്രീകളോടുള്ള പെരുമാറ്റ വിഷയത്തില്‍ ശ്രദ്ധിക്കേണ്ട, ക്വുര്‍ആനിലെ ഏതാനും നിദര്‍ശനങ്ങള്‍ താഴെ കൊടുക്കുന്നു:

1. മഹത്തായ നിയമങ്ങള്‍ക്കും നേരായ മാനദണ്ഡങ്ങള്‍ക്കുമനുസരിച്ച് നന്മയുടെയും മാന്യതയുടെയും അതിരുകളിലൊതുങ്ങി സ്ത്രീകളോട് പെരുമാറുവാനുള്ള കല്‍പനകള്‍. സ്ത്രീയോട് അന്യായം കാണിക്കുന്നവര്‍ക്കും അവളോട് പെരുമാറുന്ന വിഷയത്തില്‍ അല്ലാഹു നിശ്ചയിച്ച അതിര്‍വരമ്പുകളെ മറികടക്കുന്നവര്‍ക്കും താക്കീത്. അല്ലാഹു പറഞ്ഞു:

''(മടക്കിയെടുക്കാന്‍ അനുമതിയുള്ള) വിവാഹമോചനം രണ്ടു പ്രാവശ്യം മാത്രമാകുന്നു. പിന്നെ ഒന്നുകില്‍ മര്യാദയനുസരിച്ച് കൂടെ നിര്‍ത്തുകയോ, അല്ലെങ്കില്‍ നല്ല നിലയില്‍ പിരിച്ചയക്കുകയോ ആണ് വേണ്ടത്. നിങ്ങള്‍ അവര്‍ക്ക് (ഭാര്യമാര്‍ക്ക്) നല്‍കിയിട്ടുള്ളതില്‍നിന്ന് യാതൊന്നും തിരിച്ചുവാങ്ങാന്‍ നിങ്ങള്‍ക്ക് അനുവാദമില്ല. അവര്‍ ഇരുവര്‍ക്കും അല്ലാഹുവിന്റെ നിയമ പരിധികള്‍ പാലിച്ചുപോരാന്‍ കഴിയില്ലെന്ന് ആശങ്ക തോന്നുന്നുവെങ്കിലല്ലാതെ. അങ്ങനെ അവര്‍ക്ക് (ദമ്പതിമാര്‍ക്ക്) അല്ലാഹുവിന്റെ നിയമ പരിധികള്‍ പാലിക്കുവാന്‍ കഴിയില്ലെന്ന് നിങ്ങള്‍ക്ക് ഉല്‍ക്കണ്ഠ തോന്നുകയാണെങ്കില്‍ അവള്‍ വല്ലതും വിട്ടുകൊടുത്തുകൊണ്ട് സ്വയം മോചനം നേടുന്നതില്‍ അവര്‍ ഇരുവര്‍ക്കും കുറ്റമില്ല. അല്ലാഹുവിന്റെ നിയമ പരിധികളത്രെ അവ. അതിനാല്‍ അവയെ നിങ്ങള്‍ ലംഘിക്കരുത്. അല്ലാഹുവിന്റെ നിയമ പരിധികള്‍ ആര്‍ ലംഘിക്കുന്നുവോ അവര്‍ തന്നെയാകുന്നു അക്രമികള്‍'' (ക്വുര്‍ആന്‍ 33:59).

''ഇനിയും (മൂന്നാമതും) അവന്‍ അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അതിന് ശേഷം അവളുമായി ബന്ധപ്പെടല്‍ അവന് അനുവദനീയമാവില്ല; അവള്‍ മറ്റൊരു ഭര്‍ത്താവിനെ സ്വീകരിക്കുന്നത് വരേക്കും. എന്നിട്ട് അവന്‍ (പുതിയ ഭര്‍ത്താവ്) അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ (പഴയ ദാമ്പത്യത്തിലേക്ക്) തിരിച്ചുപോകുന്നതില്‍ അവരിരുവര്‍ക്കും കുറ്റമില്ല; അല്ലാഹുവിന്റെ നിയമ പരിധികള്‍ പാലിക്കാമെന്ന് അവരിരുവരും വിചാരിക്കുന്നുണ്ടെങ്കില്‍. അല്ലാഹുവിന്റെ നിയമപരിധികളത്രെ അവ. മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി അല്ലാഹു അത് വിവരിച്ചുതരുന്നു.'' (ക്വുര്‍ആന്‍ 2:230).

''നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്തിട്ട് അവരുടെ അവധി പ്രാപിച്ചാല്‍ ഒന്നുകില്‍ നിങ്ങളവരെ മര്യാദയനുസരിച്ച് കൂടെ നിര്‍ത്തുകയോ, അല്ലെങ്കില്‍ മര്യാദയനുസരിച്ച് തന്നെ പിരിച്ചയ ക്കുകയോ ആണ് വേണ്ടത്. ദ്രോഹിക്കുവാന്‍ വേണ്ടി അന്യായമായി നിങ്ങളവരെ പിടിച്ചുനിര്‍ത്തരുത്. അപ്രകാരം വല്ലവനും പ്രവര്‍ത്തിക്കുന്ന പക്ഷം അവന്‍ തനിക്ക് തന്നെയാണ് ദ്രോഹം വരുത്തിവെക്കുന്നത്. അല്ലാഹുവിന്റെ തെളിവുകളെ നിങ്ങള്‍ തമാശയാക്കിക്കളയരുത്. അല്ലാഹു നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം നിങ്ങള്‍ ഓര്‍ക്കുക. നിങ്ങള്‍ക്ക് സാരോപദേശം നല്‍കിക്കൊണ്ട് അവനവതരിപ്പിച്ച വേദവും വിജ്ഞാനവും ഓര്‍മിക്കുക. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. അല്ലാഹു എല്ലാ കാര്യവും അറിയുന്നവനാണെന്ന് മനസ്സിലാക്കുകയും ചെയ്യുക'' (ക്വുര്‍ആന്‍ 2:231).

''നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്തിട്ട് അവരുടെ അവധി പ്രാപിച്ചാല്‍ അവര്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരുമായി വിവാഹത്തില്‍ ഏര്‍പെടുന്നതിന് നിങ്ങള്‍ തടസ്സമുണ്ടാക്കരുത്; മര്യാദയനുസരിച്ച് അവര്‍ അന്യോന്യം തൃപ്തിപ്പെട്ടിട്ടുണ്ടെങ്കില്‍. നിങ്ങളില്‍ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്കുള്ള ഉപദേശമാണത്. അതാണ് നിങ്ങള്‍ക്ക് ഏറ്റവും ഗുണകരവും സംശുദ്ധവുമായിട്ടുള്ളത്. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല'' (ക്വുര്‍ആന്‍ 2: 232).

2. സ്ത്രീയെ ഭാര്യയായി വെക്കുമ്പോഴും അല്ലെങ്കില്‍ അവളെ വിവാഹമോചനം നടത്തി അയക്കുമ്പോഴും അവള്‍ക്കുള്ള ജീവിതച്ചെലവുമായി ബന്ധപ്പെട്ട സൂക്ഷ്മമായ നിയങ്ങള്‍ നിശ്ചയിച്ചു. ഏത് അവസ്ഥകളിലും അവളോടുള്ള പെരുമാറ്റം നന്നാക്കുന്നതിന് പ്രാധാന്യം കല്‍പിക്കണമെന്ന നിര്‍ദേശത്തോടൊപ്പമാണിത്. 

''നിങ്ങള്‍ ഭാര്യമാരെ സ്പര്‍ശിക്കുകയോ, അവരുടെ വിവാഹമൂല്യം നിശ്ചയിക്കുകയോ ചെയ്യുന്നതിനു മുമ്പായി നിങ്ങളവരുമായുള്ള ബന്ധം വേര്‍പെടുത്തിയാല്‍ (മഹ്ര്‍ നല്‍കാത്തതിന്റെ പേരില്‍) നിങ്ങള്‍ക്ക് കുറ്റമില്ല. എന്നാല്‍ അവര്‍ക്ക് നിങ്ങള്‍ മര്യാദയനുസരിച്ച് ജീവിതവിഭവമായി എന്തെങ്കിലും നല്‍കേണ്ടതാണ്. കഴിവുള്ളവന്‍ തന്റെ കഴിവനുസരിച്ചും, ഞെരുക്കമുള്ളവന്‍ തന്റെ സ്ഥിതിക്കനുസരിച്ചും. സദ്‌വൃത്തരായ ആളുകള്‍ക്ക് ഇതൊരു ബാധധ്യതയത്രെ. ഇനി നിങ്ങള്‍ അവരെ സ്പര്‍ശിക്കുന്നതിനു മുമ്പ് തന്നെ വിവാഹബന്ധം വേര്‍പെടുത്തുകയും, അവരുടെ വിവാഹമൂല്യം നിങ്ങള്‍ നിശ്ചയിച്ച് കഴിഞ്ഞിരിക്കുകയും ആണെങ്കില്‍ നിങ്ങള്‍ നിശ്ചയിച്ചതിന്റെ പകുതി (നിങ്ങള്‍ നല്‍കേണ്ടതാണ്). അവര്‍ (ഭാര്യമാര്‍) വിട്ടുവീഴ്ച ചെയ്യുന്നുവെങ്കിലല്ലാതെ. അല്ലെങ്കില്‍ വിവാഹക്കരാര്‍ കൈവശം വെച്ചിരിക്കുന്നവന്‍ (ഭര്‍ത്താവ്) (മഹ്ര്‍ പൂര്‍ണമായി നല്‍കിക്കൊണ്ട്) വിട്ടുവീഴ്ച ചെയ്യുന്നുവെങ്കിലല്ലാതെ. എന്നാല്‍ (ഭര്‍ത്താക്കന്‍മാരേ,) നിങ്ങള്‍ വിട്ടുവീഴ്ച ചെയ്യുന്നതാണ് ധര്‍മനിഷ്ഠയ്ക്ക് കൂടുതല്‍ യോജിച്ചത്. നിങ്ങള്‍ അന്യോന്യം ഔദാര്യം കാണിക്കാന്‍ മറക്കരുത്. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാകുന്നു'' (ക്വുര്‍ആന്‍ 2:236,237).

3. ഭര്‍ത്താവ് തീരുമാനിച്ച മഹ്ര്‍ ഭാര്യക്കു നല്‍കണമെന്നത് നിര്‍ബന്ധമാക്കി. എന്നാല്‍ അതില്‍നിന്ന് അവള്‍ വല്ലതും അവന്ന് വിട്ടുവീഴ്ച ചെയ്യുകയാണെങ്കില്‍ അത് അവന്ന് അനുവദീയമാകുന്നതാണ്. അല്ലാഹു പറഞ്ഞു:

''സ്ത്രീകള്‍ക്ക് അവരുടെ വിവാഹമൂല്യങ്ങള്‍ മനഃസംതൃപ്തിയോട് കൂടി നിങ്ങള്‍ നല്‍കുക. ഇനി അതില്‍ നിന്ന് വല്ലതും സന്മനസ്സോടെ അവര്‍ വിട്ടുതരുന്ന പക്ഷം നിങ്ങളത് സന്തോഷ പൂര്‍വം സുഖമായി ഭക്ഷിച്ചു കൊള്ളുക'' (ക്വുര്‍ആന്‍ 4:4).

4. മാതാപിതാക്കളും മറ്റു അടുത്ത ബന്ധുക്കളും വിട്ടേച്ച സ്വത്തില്‍ ബന്ധത്തിനനുസരിച്ചും അര്‍ഹിക്കുന്ന പരിധിക്കുള്ളിലും അനന്തരസ്വത്തില്‍ സ്ത്രീകള്‍ക്ക് സ്വത്തോഹരി നിശ്ചയിച്ചു. അല്ലാഹു പറഞ്ഞു:

''മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സമ്പത്തില്‍ പുരുഷന്മാര്‍ക്ക് ഓഹരിയുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ ധനത്തില്‍ സ്ത്രീകള്‍ക്കും ഓഹരിയുണ്ട്. (ആ ധനം) കുറച്ചാകട്ടെ, കൂടുതലാകട്ടെ. അത് നിര്‍ണയിക്കപ്പെട്ട ഓഹരിയാകുന്നു'' (ക്വുര്‍ആന്‍ 4:7).

5. സ്ത്രീയെ മുടക്കിയിടുക, അവള്‍ക്ക് ഇടുക്കമുണ്ടാക്കുക, അവളുടെ മഹ്ര്‍ തിരിച്ചുവാങ്ങുക എന്നിവയെ തൊട്ട് മുന്നറിയിപ്പു നല്‍കി. അല്ലാഹു പറഞ്ഞു:

''സത്യവിശ്വാസികളേ, സ്ത്രീകളെ ബലാല്‍ക്കാരമായിട്ട് അനന്തരാവകാശ സ്വത്തായി എടുക്കല്‍ നിങ്ങള്‍ക്ക് അനുവദനീയമല്ല. അവര്‍ക്ക് (ഭാര്യമാര്‍ക്ക്) നിങ്ങള്‍ കൊടുത്തിട്ടുള്ളതില്‍ ഒരു ഭാഗം തട്ടിയെടുക്കുവാന്‍ വേണ്ടി നിങ്ങളവരെ മുടക്കിയിടുകയും ചെയ്യരുത്. അവര്‍ പ്രത്യക്ഷമായ വല്ല നീചവൃത്തിയും ചെയ്‌തെങ്കിലല്ലാതെ. അവരോട് നിങ്ങള്‍ മര്യാദയോടെ സഹവര്‍ത്തിക്കേണ്ടതുമുണ്ട്. ഇനി നിങ്ങള്‍ക്കവരോട് വെറുപ്പ് തോന്നുന്ന പക്ഷം (നിങ്ങള്‍ മനസ്സിലാക്കുക) നിങ്ങളൊരു കാര്യം വെറുക്കുകയും അതേ കാര്യത്തില്‍ അല്ലാഹു ധാരാളം നന്മ നിശ്ചയിക്കുകയും ചെയ്‌തെന്ന് വരാം. നിങ്ങള്‍ ഒരു ഭാര്യയുടെ സ്ഥാനത്ത് മറ്റൊരു ഭാര്യയെ പകരം സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന പക്ഷം അവരില്‍ ഒരുവള്‍ക്ക് നിങ്ങള്‍ ഒരു കൂമ്പാരം തന്നെ കൊടുത്തിട്ടുണ്ടായിരുന്നുവെങ്കിലും അതില്‍ നിന്ന് യാതൊന്നും തന്നെ നിങ്ങള്‍ തിരിച്ചുവാങ്ങരുത്. കള്ള ആരോപണം ചുമത്തിക്കൊണ്ടും പ്രത്യക്ഷമായ അധര്‍മം ചെയ്തുകൊണ്ടും നിങ്ങളത് മേടിക്കുകയോ? നിങ്ങള്‍ അന്യോന്യം കൂടിച്ചേരുകയും അവര്‍ നിങ്ങളില്‍ നിന്ന് കനത്ത ഒരു കരാര്‍ വാങ്ങുകയും ചെയ്തു കഴിഞ്ഞിരിക്കെ നിങ്ങള്‍ അതെങ്ങനെ മേടിക്കും?'' (ക്വുര്‍ആന്‍ 4:19-21).

6. ഭാര്യാഭര്‍ത്താക്കന്മാരില്‍ ഓരോരുത്തര്‍ക്കുമുള്ള സവിശേഷതകളും യോഗ്യതകളും വ്യക്തമാക്കി. രണ്ടിലൊരാള്‍ അപരനുള്ള യോഗ്യതയിലേക്ക് കണ്ണ് നടുന്നതിനെ തൊട്ട് മുന്നറിയിപ്പു നല്‍കി. അല്ലാഹു പറഞ്ഞു:

''നിങ്ങളില്‍ ചിലര്‍ക്ക് ചിലരെക്കാള്‍ കൂടുതലായി അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളോട് നിങ്ങള്‍ക്ക് മോഹം തോന്നരുത്. പുരുഷന്മാര്‍ സമ്പാദിച്ചുണ്ടാക്കിയതിന്റെ ഓഹരി അവര്‍ക്കുണ്ട്. സ്ത്രീകള്‍ സമ്പാദിച്ചുണ്ടാക്കിയതിന്റെ ഓഹരി അവര്‍ക്കുമുണ്ട്. അല്ലാഹുവോട് അവന്റെ ഔദാര്യത്തില്‍ നിന്ന് നിങ്ങള്‍ ആവശ്യപ്പെട്ടുകൊള്ളുക. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു'' (ക്വുര്‍ആന്‍ 4:32).

7. അല്ലാഹുവിനു വഴിപ്പെടുന്നതിലും പുണ്യം പ്രവൃത്തിക്കുന്നതിലും പുരുഷന്റെ തുല്യയായി സ്ത്രീയെയും നിശ്ചയിച്ചു. പുരുഷനോടു കല്‍പിച്ച ആരാധനകള്‍ അവളോടും കല്‍പിച്ചു. രണ്ടില്‍ ഓരോരുത്തര്‍ക്കും അന്ത്യനാളില്‍ തന്റെ ആത്മാര്‍ഥയുടെയും അധ്വാനത്തിന്റേയും ആരാധനയുടെയും തോതനുസരിച്ച് പ്രതിഫലമുണ്ടായിരിക്കും. അല്ലാഹു പറഞ്ഞു: ''(അല്ലാഹുവിന്) കീഴ്‌പെടുന്നവരായ പുരുഷന്മാര്‍, സ്ത്രീകള്‍, വിശ്വാസികളായ പുരുഷന്മാര്‍, സ്ത്രീകള്‍, ഭക്തിയുള്ളവരായ പുരുഷന്മാര്‍, സ്ത്രീകള്‍, സത്യസന്ധരായ പുരുഷന്മാര്‍, സ്ത്രീകള്‍, ക്ഷമാശീലരായ പുരുഷന്മാര്‍, സ്ത്രീകള്‍ വിനീതരായ പുരുഷന്മാര്‍, സ്ത്രീകള്‍, ദാനം ചെയ്യുന്നവരായ പുരുഷന്മാര്‍, സ്ത്രീകള്‍, വ്രതമനുഷ്ഠിക്കുന്നവരായ പുരുഷന്മാര്‍, സ്ത്രീകള്‍, തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരായ പുരുഷന്മാര്‍, സ്ത്രീകള്‍, ധാരാളമായി അല്ലാഹുവെ ഓര്‍മിക്കുന്നവരായ പുരുഷന്മാര്‍, സ്ത്രീകള്‍-ഇവര്‍ക്ക് തീര്‍ച്ചയായും അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു'' (ക്വുര്‍ആന്‍. 4:32).

8. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ തെറ്റും പിണക്കവും അതുപോലുള്ള അഭിപ്രായ ഭിന്നതയുമുടലെടുക്കുമ്പോള്‍ അത് ചികിത്സിക്കുവാനുള്ള കൃത്യമായ അടിസ്ഥാനങ്ങള്‍ നിശ്ചയിച്ചു. അല്ലാഹു പറഞ്ഞു:

''ഒരു സ്ത്രീ തന്റെ ഭര്‍ത്താവില്‍ നിന്ന് പിണക്കമോ അവഗണനയോ ഭയപ്പെടുന്നുവെങ്കില്‍ അവര്‍ പരസ്പരം വല്ല ഒത്തുതീര്‍പ്പും ഉണ്ടാക്കുന്നതില്‍ അവര്‍ക്ക് കുറ്റമില്ല. ഒത്തുതീര്‍പ്പില്‍ എത്തുന്നതാണ് കൂടുതല്‍ നല്ലത്. പിശുക്ക് മനസ്സുകളില്‍ നിന്ന് വിട്ടുമാറാത്തതാകുന്നു. നിങ്ങള്‍ നല്ലനിലയില്‍ വര്‍ത്തിക്കുകയും സൂക്ഷ്മത പാലിക്കുകയുമാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു. നിങ്ങള്‍ എത്രതന്നെ ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പാലിക്കാന്‍ നിങ്ങള്‍ക്കൊരിക്കലും സാധിക്കുകയില്ല. അതിനാല്‍ നിങ്ങള്‍ (ഒരാളിലേക്ക്) പൂര്‍ണമായി തിരിഞ്ഞുകൊണ്ട് മറ്റവളെ കെട്ടിയിട്ടവളെപ്പോലെ വിട്ടേക്കരുത്. നിങ്ങള്‍ (പെരുമാറ്റം) നന്നാക്കിത്തീര്‍ക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു'' (ക്വുര്‍ആന്‍ 4:128,129).

9. പെണ്‍മക്കളോടുള്ള ബഹുദൈവവിശ്വാസികളുടെ വെറുപ്പില്‍ അവരെ അധിക്ഷേപിക്കുകയും അങ്ങേയറ്റം ആക്ഷേപിക്കുകയും ചെയ്തു. അല്ലാഹു പറഞ്ഞു:

''അവരില്‍ ഒരാള്‍ക്ക് ഒരു പെണ്‍കുഞ്ഞുണ്ടായ സന്തോഷവാര്‍ത്ത നല്‍കപ്പെട്ടാല്‍ കോപാകുലനായിട്ട് അവന്റെ മുഖം കറുത്തിരുണ്ട് പോകുന്നു. അവന്ന് സന്തോഷവാര്‍ത്ത നല്‍കപ്പെട്ട ആ കാര്യത്തിലുള്ള അപമാനത്താല്‍ ആളുകളില്‍ നിന്ന് അവന്‍ ഒളിച്ച് കളയുന്നു. അപമാനത്തോടെ അതിനെ വെച്ചുകൊണ്ടിരിക്കണമോ, അതല്ല, അതിനെ മണ്ണില്‍ കുഴിച്ച് മൂടണമോ (എന്നതായിരിക്കും അവന്റെ ചിന്ത). ശ്രദ്ധിക്കുക: അവര്‍ എടുക്കുന്ന തീരുമാനം എത്ര മോശം!'' (ക്വുര്‍ആന്‍ 16:58,59).

10. വിശ്വാസിനികളും പതിവ്രതകളുമായ സ്ത്രീകളെ, തങ്ങള്‍ അപരാധികളായ വിഷയത്തില്‍ അപവാദപ്രചരണം നടത്തുന്നവര്‍ക്ക് അതിഭീഷണമാം വിധം താക്കീതു നല്‍കി. അല്ലാഹു പറഞ്ഞു:

''ചാരിത്രവതികളുടെ മേല്‍ (വ്യഭിചാരം) ആരോപിക്കുകയും, എന്നിട്ട് നാലു സാക്ഷികളെ കൊണ്ടു വരാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ എണ്‍പത് അടി അടിക്കുക. അവരുടെ സാക്ഷ്യം നിങ്ങള്‍ ഒരിക്കലും സ്വീകരിക്കുകയും ചെയ്യരുത്. അവര്‍ തന്നെയാകുന്നു അധര്‍മകാരികള്‍'' (ക്വുര്‍ആന്‍ 24:4).

''പതിവ്രതകളും (ദുര്‍വൃത്തിയെപ്പറ്റി) ഓര്‍ക്കുക പോലും ചെയ്യാത്തവരുമായ സത്യവിശ്വാസിനികളെപ്പറ്റി ദുരാരോപണം നടത്തുന്നവരാരോ അവര്‍ ഇഹത്തിലും പരത്തിലും ശപിക്കപ്പെട്ടിരിക്കുന്നു; തീര്‍ച്ച. അവര്‍ക്ക് ഭയങ്കരമായ ശിക്ഷയുമുണ്ട്'' (ക്വുര്‍ആന്‍ 24:23).

11. സമാധാനവും സ്‌നേഹവും കാരുണ്യവും സഫലീകരിക്കുന്ന, അല്ലാഹുവിന്റെ മഹത്തായ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ് വിവാഹമെന്ന് വ്യക്തമാക്കി. അല്ലാഹു പറഞ്ഞു:

''നിങ്ങള്‍ക്ക് സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്'' (ക്വുര്‍ആന്‍ 30:21).

12. ത്വലാക്വ് (വിവാഹ മോചനം), ഇദ്ദഃ(ദീക്ഷാകാലം), ശുഹൂദ് (സാക്ഷികള്‍), വേര്‍പാടിന്റെ വേളയിലെ ജീവിതച്ചെലവ് തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ നിശ്ചയിച്ചു. അല്ലാഹു പറഞ്ഞു:

''നബിയേ, നിങ്ങള്‍ (വിശ്വാസികള്‍) സ്ത്രീകളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അവരെ നിങ്ങള്‍ അവരുടെ ഇദ്ദഃ കാലത്തിന് (കണക്കാക്കി) വിവാഹമോചനം ചെയ്യുകയും ഇദ്ദഃ കാലം നിങ്ങള്‍ എണ്ണിക്കണക്കാക്കുകയും ചെയ്യുക. നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. അവരുടെ വീടുകളില്‍നിന്ന് അവരെ നിങ്ങള്‍ പുറത്താക്കരുത്. അവര്‍ പുറത്തു പോകുകയും ചെയ്യരുത്. പ്രത്യക്ഷമായ വല്ല നീചവൃത്തിയും അവര്‍ ചെയ്യുകയാണെങ്കിലല്ലാതെ. അവ അല്ലാഹുവിന്റെ നിയമപരിധികളാകാകുന്നു. അല്ലാഹുവിന്റെ നിയമപരിധികളെ വല്ലവനും അതിലംഘിക്കുന്ന പക്ഷം, അവന്‍ അവനോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിന് ശേഷം അല്ലാഹു പുതുതായി വല്ലകാര്യവും കൊണ്ടുവന്നേക്കുമോ എന്ന് നിനക്ക് അറിയില്ല. അങ്ങനെ അവര്‍ (വിവാഹമുക്തകള്‍) അവരുടെ അവധിയില്‍ എത്തുമ്പോള്‍ നിങ്ങള്‍ ന്യായമായ നിലയില്‍ അവരെ പിടിച്ച് നിര്‍ത്തുകയോ, ന്യായമായ നിലയില്‍ അവരുമായി വേര്‍പിരിയുകയോ ചെയ്യുക. നിങ്ങളില്‍ നിന്നുള്ള രണ്ടു നീതിമാന്മാരെ നിങ്ങള്‍ സാക്ഷി നിര്‍ത്തുകയും അല്ലാഹുവിന് വേണ്ടി സാക്ഷ്യം നേരാംവണ്ണം നിലനിര്‍ത്തുകയും ചെയ്യുക. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് ഉപദേശം നല്‍കപ്പെടുന്നതത്രെ അത്. അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവന്നൊരു പോംവഴി ഉണ്ടാക്കിക്കൊടുക്കുകയും അവന്‍ കണക്കാക്കാത്തവിധത്തില്‍ അവന്ന് ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്...'' (ക്വുര്‍ആന്‍ 65:1-3).

''നിങ്ങളുടെ കഴിവില്‍ പെട്ട, നിങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് നിങ്ങള്‍ അവരെ താമസിപ്പിക്കണം. അവര്‍ക്കു ഞെരുക്കമുണ്ടാക്കാന്‍ വേണ്ടി നിങ്ങള്‍ അവരെ ദ്രോഹിക്കരുത്. അവര്‍ ഗര്‍ഭിണികളാണെങ്കില്‍ അവര്‍ പ്രസവിക്കുന്നത് വരെ നിങ്ങള്‍ അവര്‍ക്കു ചെലവു കൊടുക്കുകയും ചെയ്യുക. ഇനി അവര്‍ നിങ്ങള്‍ക്കു വേണ്ടി (കുഞ്ഞിന്) മുലകൊടുക്കുന്നപക്ഷം അവര്‍ക്കു നിങ്ങള്‍ അവരുടെ പ്രതിഫലം കൊടുക്കുക. നിങ്ങള്‍ തമ്മില്‍ മര്യാദപ്രകാരം കൂടിയാലോചിക്കുകയും ചെയ്യുക. ഇനി നിങ്ങള്‍ ഇരു വിഭാഗത്തിനും ഞെരുക്കമാവുകയാണെങ്കില്‍ അയാള്‍ക്കു വേണ്ടി മറ്റൊരു സ്ത്രീ മുലകൊടുത്തു കൊള്ളട്ടെ'' (ക്വുര്‍ആന്‍ 65:6).

13. ബഹുഭാര്യത്വം നിരുപാധികമായിരുന്നതിനു ശേഷം ഒന്നിലധികം വിവാഹം ഉദ്ദേശിക്കുന്നവര്‍ക്ക്  ഇസ്‌ലാം നാലു ഭാര്യമാരായി എണ്ണം പരിമിതപ്പെടുത്തി. അല്ലാഹു പറഞ്ഞു:

''സ്ത്രീകളില്‍ നിന്ന് നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ, മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ (അവര്‍ക്കിടയില്‍) നീതിപുലര്‍ത്താനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെ ങ്കില്‍ ഒരുവളെ മാത്രം (വിവാഹം കഴിക്കുക.)'' (ക്വുര്‍ആന്‍ 4:3). 

സ്ത്രീകളുമായും അവരോട് നന്മയില്‍ വര്‍ത്തക്കുന്നതുമായും ബന്ധപ്പെട്ട വിശുദ്ധ ക്വുര്‍ആനിന്റെ നിര്‍ദേശങ്ങളുടെയും അവരോടുള്ള പെരുമാറ്റത്തില്‍ സ്വീകരിക്കല്‍ അനിവാര്യമായ നിയമങ്ങളുടെയും ഏതാനും ഉദാഹരണങ്ങളാണിവ. യുക്തിപൂര്‍ണമായ മാനദണ്ഡങ്ങളും അവക്രമായ നിര്‍ദേശങ്ങളുമത്രെ ഇവ. ഇവ മുറുകെ പിടിക്കുകയും കണിശമായി പാലിക്കുകയും  ചെയ്യാതെ ജനങ്ങളുടെ അവസ്ഥകള്‍ വ്യവസ്ഥാപിതമാവുകയോ അവരുടെ കാര്യങ്ങള്‍ ചൊവ്വാകുകയോ ഇല്ല. സൃഷ്ടികളെ കുറിച്ച് സൂക്ഷ്മമായി അറിയുന്നവനും മതത്തില്‍ യുക്തിജ്ഞനുമായ ലോകരുടെ രക്ഷിതാവിന്റെ അവതീര്‍ണതയത്രെ അത്.