സ്ത്രീകള്‍ക്ക് സുരക്ഷിതത്വം നല്‍കുന്ന മതം

ഡോ. അബ്ദുര്‍റസ്സാക്വ് അല്‍ബദര്‍

2017 ജൂലായ് 29 1438 ദുല്‍ക്വഅദ് 05

വിവ. അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല

(സ്ത്രീ ഇസ്‌ലാമിന്റെ തണലില്‍: 3)

ഒരാള്‍ക്ക് വിശ്വാസം പുല്‍കുവാനുള്ള ഭാഗ്യം നല്‍കപ്പെടാതിരിക്കുകയും പരമകാരുണികന് വഴിപ്പെടുന്നത് അയാള്‍ സ്വയമേവ നിര്‍വഹിക്കുകയും ചെയ്തില്ലയെങ്കില്‍ അയാള്‍ അധമനും അനാദരണീയനുമാണ്. വാക്കിലും വിശ്വാസത്തിലും പ്രവൃത്തിയിലും ഈമാനിനുള്ള വിഹിതമെത്രയാണോ അതിനനുസരിച്ചാണ് ഒരു മനുഷ്യന് ആഭിജാത്യത്തിന്റെയും അപമാനത്തില്‍ നിന്നുള്ള സുരക്ഷിതത്വത്തിന്റെയും വിഹിതം. മതനിഷ്ഠയില്ലാതെ അന്തസ്സ് അന്വേഷിക്കുന്നവന്‍ നിന്ദ്യതയുടുക്കും. ഇസ്‌ലാമല്ലാത്തതില്‍ ആദരവ് ലക്ഷ്യമാക്കുന്നവന്‍ അപമാനം പേറും.

ഇവിടെ അറിയല്‍ അനിവാര്യമായ ഒന്നുണ്ട്. അഥവാ, ഒന്നാമത്തെ ഇനമായ തക്‌രീമുന്‍ ആമ്മ് രണ്ടാമത്തെ ഇനമായ തക്‌രീമുന്‍ ഖാസ്സ്വ് നേടുന്നതിനുള്ള കാരണങ്ങള്‍ യഥാവിധം നിര്‍വഹിക്കല്‍ മനുഷ്യന് അനിവാര്യമാണെന്നതാണത്. അഥവാ, അല്ലാഹുവിന് വഴിപ്പെടുന്ന മാര്‍ഗേണ തന്റെ കഴിവിനെ പരമാവധി വിനിയോഗിക്കുക, അല്ലാഹുവിന്റെ പ്രീതി നേടുന്ന വഴിയില്‍ തന്റെ അധ്വാനം സമര്‍പ്പിക്കുക എന്നത് സമ്പത്ത്, ആരോഗ്യം, സൗഖ്യം എന്നിവയാലും മറ്റും അല്ലാഹു ആദരിച്ച വ്യക്തിയുടെ ബാധ്യതയാ കുന്നു. ഇല്ലായെങ്കില്‍ ആ ആദരവിനെ കുറിച്ച് അന്ത്യനാളില്‍ അവനെ അല്ലാഹു ചോദ്യം ചെയ്യുന്നതാണ്.

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. അവര്‍ ചോദിച്ചു: ''അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ അന്ത്യനാളില്‍ ഞങ്ങളുടെ റബ്ബിനെ കാണുമോ?' തിരുദൂതര്‍(സ്വ) പറഞ്ഞു: 'കാര്‍മേഘം ഇല്ലാത്ത ഉച്ച സമയത്ത് സൂര്യനെ കാണുന്നതില്‍ നിങ്ങള്‍ക്ക് വിഷമം ഉണ്ടാകുമോ? കാര്‍മേഘം ഇല്ലാത്ത പൗര്‍ണമിരാവില്‍ ചന്ദ്രനെ കാണുന്നതില്‍ നിങ്ങള്‍ക്ക് വിഷമം ഉണ്ടാകുമോ?' അവര്‍ പറഞ്ഞു: 'ഇല്ല.' നബി(സ്വ) പറഞ്ഞു: 'എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ് സത്യം! അവ രണ്ടും കാണുന്നതില്‍ നിങ്ങള്‍ക്ക് വിഷമമില്ല എന്നത് പോലെ നിങ്ങളുടെ രക്ഷിതാവിനെ കാണുന്നതില്‍ നിങ്ങള്‍ക്ക് വിഷമം ഉണ്ടാവുകയില്ല.'

അല്ലാഹു ദാസനെ കണ്ടുമുട്ടും. അല്ലാഹു പറയും: 'അല്ലയോ മനുഷ്യാ, ഞാന്‍ നിന്നെ ആദരിക്കുകയും നേതൃപദത്തിലാക്കുകയും വിവാഹം കഴിപ്പിക്കുകയും നിനക്ക് കുതിരകളെയും ഒട്ടകങ്ങളെയും കീഴ്‌പ്പെടുത്തിത്തരുകയും 'ഭരിക്കുവാനും ലാഭം കൊയ്യുവാനും നിന്നെ വിട്ടേക്കുകയും ചെയ്തില്ലേ?' ദാസന്‍ പറയും: 'അതെ.' അല്ലാഹു പറയും: 'എന്നിട്ട് എന്നെ കണ്ടുമുട്ടേണ്ടിവരും എന്ന് നീ കരുതിയോ?' ദാസന്‍ പറയും: 'ഇല്ല. അല്ലാഹു' പറയും: 'നിശ്ചയം ഞാന്‍ നിന്നെ കയ്യൊഴിക്കുന്നു; നീ എന്നെ വിസ്മരിച്ച തുപോലെ.' 

ശേഷം അല്ലാഹു രണ്ടാമത് ഒരു ദാസനെ കണ്ടുമുട്ടും. അല്ലാഹു പറയും: 'അല്ലയോ മനുഷ്യാ, ഞാന്‍ നിന്നെ ആദരിക്കുകയും നേതൃപദത്തിലാക്കുകയും വിവാഹം കഴിപ്പിക്കുകയും നിനക്ക് കുതിരകളേയും ഒട്ടകങ്ങളേയും കീഴ്‌പ്പെടുത്തിത്തരുകയും ഭരിക്കുവാനും ലാഭം കൊയ്യുവാനും നിന്നെ വിട്ടേക്കുകയും ചെയ്തില്ലേ?' ദാസന്‍ പറയും: 'രക്ഷിതാവേ, അതെ.' അല്ലാഹു പറയും: 'എന്നിട്ടും എന്നെ കണ്ടുമുട്ടേണ്ടിവരും എന്ന് നീ കരുതിയോ?' ദാസന്‍ പറയും: 'ഇല്ല.' അല്ലാഹു പറയും: 'നിശ്ചയം ഞാന്‍ നിന്നെ കയ്യൊഴിക്കുന്നു; നീ എന്നെ വിസ്മരിച്ചതുപോലെ.' 

ശേഷം അല്ലാഹു മൂന്നാമത് ഒരു ദാസനെ കണ്ടുമുട്ടും. അല്ലാഹു, അയാളോടും അതുപോലെ പറയും. ദാസന്‍ പറയും: 'രക്ഷിതാവേ, ഞാന്‍ നിന്നെയും നിന്റെ വേദഗ്രന്ഥത്തെയും ദൂതന്മാരെയും വിശ്വസിച്ചംഗീകരിക്കുകയും നമസ്‌കരിക്കുകയും നോമ്പെടുക്കുകയും ദാനം നല്‍കുകയും ചെയ്തു.' അയാള്‍ക്ക് സാധ്യമാം വിധം അയാള്‍ സ്വന്തത്തെ പ്രശംസിച്ചു പറയും. അപ്പോള്‍ അല്ലാഹു പറയും: 'എങ്കില്‍ (നീ ജല്‍പിച്ചതിന്നെതിരില്‍ സാക്ഷ്യം സ്ഥിരീകരിക്കുവാന്‍) നീ ഇവിടെ നില്‍ക്കുക.'     

ശേഷം അയാളോട് പറയപ്പെടും: 'ഇപ്പോള്‍ നിന്റെ മേല്‍ നമ്മുടെ സാക്ഷിയെ ഞാന്‍ നിയോഗിക്കും.' അയാളാകട്ടെ എന്റെമേല്‍ സാക്ഷി പറയുന്നവന്‍ ആരായിരിക്കുമെന്ന് തന്റെ മനസ്സില്‍ ആലോചിക്കും. അങ്ങനെ അയാളുടെ വായക്ക് മുദ്രവെക്കപ്പെടും. അയാളുടെ തുടയോടും മാംസത്തോടും എല്ലിനോടും പറയപ്പെടും: 'സംസാരിക്കൂ.' അതോടെ അയാളുടെ തുടയും മാംസവും എല്ലുകളും സംസാരിക്കും. അല്ലാഹു തന്റെ ഭാഗത്തുനിന്നുള്ള ഒഴിവുകഴിവ് കാണിക്കുന്നതിനു വേണ്ടിയാണത്. കപടവിശ്വാസിയാകുന്നു അയാള്‍. ആ വ്യക്തിയോടത്രേ അല്ലാഹു കോപിക്കുക''(മുസ്‌ലിം).

ആരോഗ്യം, സൗഖ്യം, സമ്പത്ത്, പാര്‍പ്പിടം, ഭക്ഷണം, പാനീയം തുടങ്ങിയുള്ളവ കൊണ്ട് അല്ലാഹു മനുഷ്യനെ ആദരിച്ചതില്‍ അവന്‍ ചോദ്യം ചെയ്യപ്പെടുമെന്നതിനു ഈ ഹദീഥ് വ്യക്തമായ തെളിവാകുന്നു. കാരണം അല്ലാഹു അവനെ ആദരിച്ചത് അവന്‍ അല്ലാഹുവിന് വഴിപ്പെടുവാനും അവന്റെ പ്രീതിക്കായി പ്രവര്‍ത്തിക്കുവാനുമാണ്. അനുഗ്രഹത്തെ അനര്‍ഹമായ നിലയ്ക്ക് വിനിയോഗിച്ചാലും നേരല്ലാത്ത മാര്‍ഗത്തില്‍ ഉപയോഗിച്ചാലും അന്ത്യനാളില്‍ അതില്‍ മനുഷ്യന്‍ വിചാരണ ചെയ്യപ്പെടും.

ഇസ്‌ലാമില്‍ സ്ത്രീക്കുള്ള ആദരവ്

ഋജുവായ ഇസ്‌ലാമിക ദര്‍ശനം അതിന്റെ ശരിയായ നിദര്‍ശനങ്ങളിലൂടെയും യുക്തിഭദ്രമായ നിര്‍ദേശങ്ങളിലൂടെയും മുസ്‌ലിം സ്ത്രീയെ സംരക്ഷിച്ചു. അവള്‍ക്കുള്ള അന്തസ്സും ആദരവും സൂക്ഷിക്കുകയും അവള്‍ക്കുള്ള പ്രതാപത്തിന്റെയും സൗഭാഗ്യത്തിന്റെയും സാക്ഷാത്കാരം ഏറ്റെടുക്കുകയും സമൃദ്ധ ജീവിതത്തിനുവേണ്ട വിഭവങ്ങള്‍ അവള്‍ക്കായി ഇസ്‌ലാം ഒരുക്കുകയും ചെയ്തു. സംശയങ്ങളുടെയും കുഴപ്പങ്ങളുടെയും തിന്മകളുടെയും നാശങ്ങളുടെയും സാഹചര്യങ്ങളില്‍നിന്ന് അന്യംനിന്നുകൊണ്ടാണിത്.

ദാസന്മാരോടുള്ള അല്ലാഹുവിന്റെ മഹത്തായ കാരുണ്യത്തില്‍ പെട്ടതാണിതെല്ലാം; അവര്‍ക്ക് സാരോപദേശമേകിയും അവര്‍ വിതക്കുന്ന കുഴപ്പങ്ങളെ നന്നാക്കിയും അവരുടെ മാര്‍ഗഭ്രംശങ്ങളെ നേരാക്കിയും അവര്‍ക്ക് പുലരേണ്ട സൗഭാഗ്യത്തെ ഏറ്റെടുത്തും അവന്റെ ശരീഅത്തിനെ അവരില്‍ അവതിരിപ്പിച്ചുകൊണ്ടുമാണിത്. ഇസ്‌ലാം കൊണ്ടുവന്ന മഹത്തായ നിയന്ത്രണങ്ങള്‍ സ്ത്രീകള്‍ക്കു സുരക്ഷിതത്വത്തിന്റെ രക്ഷാകവാടമായി എണ്ണപ്പെടുന്നു. എന്നു മാത്രമല്ല വിപത്തുകളും പരീക്ഷണങ്ങളും വന്നു ഭവിക്കുന്നതില്‍ നിന്നും കുഴപ്പങ്ങളും കഷ്ടതകളും അവരില്‍ വന്നിറങ്ങുന്നതില്‍നിന്നും മൊത്തം സമുദായത്തിനുതന്നെ അവ രക്ഷയുടെ സുരക്ഷാകവാടമായി എണ്ണപ്പെടുന്നു. 

സ്ത്രീകളുമായി ബന്ധപ്പെട്ട ഇസ്‌ലാമികമായ നിയമങ്ങള്‍ സമൂഹത്തോട് യാത്രപറഞ്ഞാല്‍ സമൂഹത്തില്‍ നാശം ഭവിക്കുകയും വിപത്തുകളും അപകടങ്ങളും തുടര്‍ക്കഥകളാവുകയും ചെയ്യും. ഇതിന്റെ ഏറ്റവും വലിയ സാക്ഷ്യം ചരിത്രമാണ്. സംസ്‌കാരങ്ങളുടെ തകര്‍ച്ച, സമൂഹങ്ങളുടെ ശൈഥില്യം, സ്വഭാവങ്ങളുടെ ദൂഷ്യത, നീചവൃത്തികളുടെ വ്യാപനം, മൂല്യങ്ങളുടെ തകര്‍ച്ച, കുറ്റകൃത്യങ്ങളുടെ സാര്‍വത്രികത എന്നിവയുടെ മുഖ്യകാരണം സ്ത്രീകളുടെ അണിഞ്ഞൊരുങ്ങിയുള്ള രംഗപ്രവേശവും നഗ്നതാ പ്രദര്‍ശനവും പരപുരുഷന്മാരോടൊത്തുള്ള കൂടിക്കലരലും ചമഞ്ഞൊരുങ്ങുവാനും അന്യരോടു ഇടപഴകുവാനുമുള്ള അവളുടെ അമിതമായ ഭ്രമവും പരപുരഷന്മാരോട് ഒഴിഞ്ഞിരിക്കലും സര്‍വവിധ അലങ്കാരവുമുടുത്ത്, മികച്ച ഉടയാടകളണിഞ്ഞ് സുഗന്ധം പൂശി പൊതുവേദികളില്‍ അവള്‍ നിത്യസന്ദര്‍ശകയായതുമാണെന്ന് ചരിത്രത്തിന്റെ സുദീര്‍ഘമായ ഇന്നലെകളെ നിരീക്ഷണം നടത്തുന്ന ഏതൊരാള്‍ക്കും കണ്ടെത്താനാകും.

ഇബ്‌നുല്‍ക്വയ്യിം(റഹി) പറഞ്ഞു: ''നിസ്സംശയം, പരപുരുഷന്മാരോട് ഇടപഴകുവാന്‍ സ്ത്രീകള്‍ക്ക് അവസരമേകിയതാണ് എല്ലാവിധ കുഴപ്പങ്ങളുടെയും തിന്മകളുടെയും അടിസ്ഥാന കാരണം. സര്‍വവ്യാപിയായ ശിക്ഷകള്‍ വന്നിറങ്ങുവാനുള്ള പല കാരണങ്ങളില്‍ പ്രധാനവും അതുതന്നെയാണ്. സാധാരണക്കാരുടെയും പ്രത്യേകക്കാരുടെയും പ്രശ്‌നങ്ങള്‍ അവതാളത്തിലാകുവാനുള്ള കാരണങ്ങളിലൊന്നും അതാണ്. പരപുരുഷന്മാരോടുള്ള കൂടിക്കുഴച്ചിലാണ് നീചവൃത്തികളും വ്യഭിചാരവും പെരുകുവാനുള്ള കാരണം. അതാകട്ടെ സമൂല നാശത്തിന്റെയും തുടര്‍ച്ചയായ മാറാവ്യാധികളുടെയും ഹേതുവുമാണ്. മൂസാൗയുടെ സമൂഹത്തിലേക്ക് അഭിസാരികകള്‍ ചേക്കേറുകയും നീചവൃത്തി അവരില്‍ സാര്‍വത്രികമാവുകയും ചെയ്തപ്പോള്‍ അവര്‍ക്കെതിരില്‍ അല്ലാഹു മാറാവ്യാധികളെ നിയോഗിച്ചു. അതോടെ ഒരു ദിനം എഴുപതിനായിരം ആളുകള്‍ക്ക് ജീവഹാനി നേരിട്ടു. ഈ സംഭവം ക്വുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ പ്രസിദ്ധമാണ്. സ്ത്രീകള്‍ക്ക് പുരുഷന്മാരോട് കൂടിക്കലരുവാനും നഗ്നതപ്രദര്‍ശിപ്പിച്ചും സൗന്ദര്യപ്രകടനം നടത്തിയും അന്യര്‍ക്കിടയില്‍ ഉലാത്തുവാനും അവസരം സൃഷ്ടിച്ചത് കാരണത്താല്‍ വ്യഭിചാരം സാര്‍വത്രികമായതാണ് കൂട്ടനാശത്തിന്റെ മുഖ്യകാരണങ്ങളിലൊന്ന്. ഇതിനാല്‍ മതം അപകടപ്പെടുന്നതിനു മുമ്പു തന്നെ ലോകവും ലോകരും അപകടത്തിലാകുന്നത് രക്ഷിതാക്കള്‍ അറിഞ്ഞിരുന്നുവെങ്കില്‍ അവരാകുമായിരുന്നു ഇത് തടയുന്നതില്‍ ഏറ്റവും തീവ്രത പുലര്‍ത്തുന്നവര്‍.

ഇത്തരം കുഴപ്പങ്ങളുടെ അടിവേരറുക്കുന്നതും സമുദായത്തെ ഇത്തരം അപായങ്ങളില്‍നിന്നും തിന്മകളില്‍നിന്നും രക്ഷപ്പെടുത്തുന്നതുമായ ചികിത്സാരീതികളും സുരക്ഷാപദ്ധതികളുമായാണ് ഇസ്‌ലാമിന്റെ ആഗമനം. വന്‍പാപങ്ങളെ വര്‍ജിക്കുവാനും നീചവൃത്തികളില്‍നിന്നും നാശഗര്‍ത്തങ്ങളില്‍നിന്നും വിദൂരപ്പെടുവാനും സഹായിക്കുന്ന അനുഗൃഹീതമായ അധ്യാപനങ്ങളത്രെ അത്. അല്ലാഹുവില്‍നിന്ന് ദാസന്മാര്‍ക്കുള്ള കാരുണ്യവും അവരുടെ അഭിമാനങ്ങള്‍ക്കുള്ള സുരക്ഷയും ഭൗതികലോകത്തെ നിന്ദ്യതയില്‍നിന്നും പരലോകത്തെ ശിക്ഷയില്‍നിന്നും അവര്‍ക്കുള്ള സുരക്ഷണവുമത്രെ ഈ അധ്യാപനങ്ങള്‍. 

സ്ത്രീകളാലുള്ള കുഴപ്പങ്ങള്‍ സംഭവിച്ചു കഴിഞ്ഞാല്‍ അളവറ്റതും പര്യവസാനം ശോചനീയവുമായ ധാരാളം കെടുതികളും തിന്മകളും അപകടങ്ങളും അതിനെ തുടര്‍ന്ന് തലപൊക്കുമെന്ന് അറിയിക്കുന്ന തെളിവുകള്‍ ഇസ്‌ലാം ബോധ്യപ്പെടുത്തുന്നുണ്ട്. 

ഉസാമഃ ഇബ്‌നു സെയ്ദി(റ)ല്‍നിന്നു ഇമാം ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്യുന്നു. തിരുനബി(സ്വ) പറയുന്നു: 

''പുരുഷനു സ്ത്രീകളെക്കാള്‍ വിനയായ ഒരു ഫിത്‌നയും ഞാന്‍ എന്റെ കാലശേഷം വിട്ടേച്ചിട്ടില്ല.''

അബൂസഈദില്‍ഖുദ്‌രി(റ)യില്‍നിന്നും ഇമാം മുസ്‌ലിം നി വേദനം ചെയ്യുന്നു. നബി(സ്വ) പറയുന്നു:

''നിങ്ങള്‍ ദുന്‍യാവിനെയും സ്ത്രീകളെയും സൂക്ഷിക്കുക. കാരണം, ഇസ്‌റാഈല്യരിലെ ആദ്യത്തെ ഫിത്‌നഃ സ്ത്രീകളുടെ വിഷയത്തിലായിരുന്നു.''

ഇതിനാലാണ് ഇസ്‌ലാം സ്ത്രീക്കും പുരുഷനും കൃത്യമായ നിയമങ്ങളും മഹനീയമായ നിര്‍ദേശങ്ങളും നിശ്ചയിച്ചത്. ഇവകൊണ്ട് യഥാവിധം നിലക്കൊള്ളുമ്പോഴാണ് ഇഹത്തിലും പരത്തിലുമുള്ള മുഴുവന്‍ നന്മകളും മഹത്ത്വങ്ങളും ആദരവുകളും സഫലീകൃതമാകുന്നത്. അല്ലാഹു പറയുന്നു:

''(നബിയേ,) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവര്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തു സൂക്ഷിക്കുവാനും നീ പറയുക'' (ക്വുര്‍ആന്‍ 24:31,32). 

''പ്രവാചക പത്‌നിമാരേ, സ്ത്രീകളില്‍ മറ്റു ആരെപ്പോലെയുമല്ല നിങ്ങള്‍. നിങ്ങള്‍ ധര്‍മനിഷ്ഠ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ (അന്യരോട്) അനുനയ സ്വരത്തില്‍ സംസാരിക്കരുത്. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കും. ന്യായമായ വാക്ക് നിങ്ങള്‍ പറഞ്ഞുകൊള്ളുക. നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൗന്ദര്യപ്രകടനം പോലുള്ള സൗന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്'' (ക്വുര്‍ആന്‍ 33:32,33).

''നബിയേ, നിന്റെ പത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു'' (ക്വുര്‍ആന്‍ 33:59).

ഈ വിഷയത്തില്‍ പ്രമാണ വചനങ്ങള്‍ വിശുദ്ധ ക്വുര്‍ആനിലും തിരുസുന്നത്തിലും ധാരാളമാണ്. ജനങ്ങളുടെ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടുവാനോ ജനജീവിതം കുടുസ്സാക്കുവാനോ ഇസ്‌ലാം ഈ നിയമങ്ങളെ നിശ്ചയിച്ചയിച്ചിട്ടില്ല. പ്രത്യുത സമൂഹത്തെ സംരക്ഷിക്കുവാനും അതിന്റെ ഔന്നത്യം കാക്കുവാനും അഭിമാനവും ആഭിജാത്യവും നിലനിര്‍ത്തുവാനും മാത്രമാണ് ഈ നിയമങ്ങളെ കല്‍പിച്ചത്.

മുസ്‌ലിം സ്ത്രീയുടെ സ്വാതന്ത്ര്യം ഹനിക്കുവാന്‍ വേണ്ടി ഇസ്‌ലാം ഈ നിയമങ്ങളെ അവളുടെമേല്‍ അടിച്ചേല്‍പിച്ചിട്ടില്ല. നാണക്കേടില്‍നിന്ന് അവളെ കാക്കുവാനും നീചവൃത്തിക്ക് ഇരയാകുന്നതില്‍നിന്ന് അവളെ സംരക്ഷിക്കുവാനും കുറ്റകൃത്യത്തിലും കുഴപ്പത്തിലും നിപതിക്കുന്നതില്‍നിന്ന് അവളെ തടുക്കുവാനും ഭക്തിയുടെയും വിശുദ്ധിയുടെയും പവിത്രതയുടെയും ഉടയാട അവളെ ധരിപ്പിക്കുന്നതിനു വേണ്ടിയുമാണ് പ്രസ്തുത നിയമങ്ങളെ ആവിഷ്‌കരിച്ചത്. നീചവൃത്തിയിലേക്ക് എത്തിക്കുകയും അധാര്‍മികതയില്‍ ആപതിപ്പിക്കുകയും ചെയ്യുന്ന സമഗ്ര വഴികളെയും ഇസ്‌ലാം അവകൊണ്ട് കൊട്ടിയടച്ചു. ഇതത്രെ സ്ത്രീകള്‍ക്കുള്ള യാഥാര്‍ഥ ആദരവ്.