ഇസ്‌ലാം സ്ത്രീയുടെ രക്ഷകന്‍

ഡോ. അബ്ദുര്‍റസ്സാക്വ് അല്‍ബദര്‍

2017 സെപ്തംബര്‍ 16 1438 ⁠⁠ദുൽഹിജ്ജ 25

സ്ത്രീ ഇസ്‌ലാമിന്റെ തണലില്‍: 5

വിവ. അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല

ഇസ്‌ലാമിന്റെ അന്തസ്സുറ്റ അധ്യാപനങ്ങളുടെയും മഹനീയമായ മാര്‍ഗനിര്‍ദേശങ്ങളുടെയും തണലില്‍ മുസ്‌ലിം സ്ത്രീയുടെ അവസ്ഥയിലേക്ക് കണ്ണോടിക്കുന്ന ഒരു വ്യക്തിക്ക് മ്ലേച്ഛ സംസ്‌കാരങ്ങളുടെ ദ്രംഷ്ടങ്ങളില്‍നിന്ന് സ്ത്രീക്കുള്ള രക്ഷയും അധാര്‍മികതയുടെ ചളിക്കുണ്ടില്‍നിന്ന് സ്ത്രീക്കുള്ള മോക്ഷവും ഇസ്‌ലാമാണെന്ന് കണ്ടെത്താനാവും. ഇസ്‌ലാമിന്റെ സംരക്ഷണത്തിലും സംസ്‌കരണത്തിന് കീഴിലും പരിശുദ്ധിയുടെയും പാവനത്വത്തിന്റെയും മറയുടെയും ലജ്ജയുടെയും ജീവിതമാണ് സ്ത്രീ നയിക്കുന്നത്. മഹനീയ മര്യാദയില്‍, മഹദ്‌സ്വഭാവത്തില്‍, വേണ്ടത്ര ലജ്ജയില്‍, ഉന്നത സ്ഥാനവും സുരക്ഷിതത്വവും ഉള്ളവളാണ് അവള്‍. ചെന്നായ്ക്കളുടെ അക്രമങ്ങളില്‍ നിന്നും തെമ്മാടികളുടെ തലയിടലുകളില്‍നിന്നും കുറ്റവാളികളുടെ കുതന്ത്രങ്ങളില്‍ നിന്നും വിദൂരമാക്കപ്പെട്ടവളുമാണ് അവള്‍ ഇസ്‌ലാമില്‍. ഇസ്‌ലാമിനു മുമ്പുള്ള സ്തീകളുടെ സ്ഥിതിഗതികളും ഇസ്‌ലാമിന്റെ തണലിലെ അവളുടെ സ്ഥിതിഗതികളും നിരീക്ഷിക്കുന്നവര്‍ക്ക് ഈ യാഥാര്‍ഥ്യം സുതരാം വ്യക്തമാകുന്നതാണ്.

തിരുനബി(സ്വ)യുടെ പത്‌നി ആഇശ(റ) പറഞ്ഞതായി ഉര്‍വ്വതുബ്‌നുസ്സുബയ്‌റി(റ)ല്‍ നിന്ന് ഇമാം ബുഖാരി നിവേദനം ചെയ്യുന്നു: ''അജ്ഞാന കാലത്ത് വിവാഹം നാല് വിധത്തിലായിരുന്നു. അവയില്‍ ഒന്ന് ഇന്നത്തെ ജനങ്ങളുടെ വിവാഹ രീതിയായിരുന്നു. ഒരു വ്യക്തി മറ്റൊരു വ്യക്തിയോട് തന്റെ ഉടമസ്ഥതയിലുള്ള പെണ്ണിനെ അല്ലെങ്കില്‍ മകളെ വിവാഹമന്വേഷിക്കുകയും അവള്‍ക്ക് വിവാഹമൂല്യം നല്‍കി അവളെ വിവാഹം കഴിക്കുകയും ചെയ്യുക.

മറ്റൊരു വിവാഹ രീതി ഇപ്രകാരമായിരുന്നു: തന്റെ ഭാര്യ ആര്‍ത്തവ ശുദ്ധിയുള്ളവളായി കഴിഞ്ഞാല്‍ ഭര്‍ത്താവ് അവളോട് ഇന്ന വ്യക്തിയുടെ അടുക്കലേക്ക് പോകുവാനും അയാളുമായി രമിച്ച് കഴിയുവാനും ആവശ്യപ്പെടുകയും അയാള്‍ അവളില്‍നിന്ന് അകന്ന് കഴിയുകയും ചെയ്യും. താന്‍ രമിച്ച പുരുഷനില്‍നിന്നു ള്ള അവളുടെ ഗര്‍ഭധാരണം വ്യക്തമാകുന്നതുവരെ ഒരിക്കലും ഭര്‍ത്താവ് അവളെ സ്പര്‍ശിക്കുകയില്ല. അവളുടെ ഗര്‍ഭം വ്യക്തമായാല്‍, ഭര്‍ത്താവ് ഇഷ്ടപ്പെട്ടാല്‍ അവളെ പ്രാപിക്കും. കുട്ടി ബുദ്ധി വൈഭവമുള്ളവനാകണമെന്ന താല്‍പര്യത്താല്‍ മാത്രമായിരുന്നു അയാള്‍ അപ്രകാരം ചെയ്തിരുന്നത്. നികാഹുല്‍ ഇസ്തിബ്ദാഅ് ആയിരുന്നു ഈ വിവാഹം.

മറ്റൊരു വിവാഹ രീതി: പത്തില്‍ കുറഞ്ഞ ഒരു സംഘം ആളുകള്‍ ഒരുമിച്ചു കൂടുകയും അവര്‍ ഒരു സ്ത്രീയുടെ അടുക്കലേക്ക് കടന്നു ചെല്ലുകയും അവരെല്ലാവരും അവളെ ലൈംഗികമായി പ്രാപിക്കുകയും ചെയ്യും. അവള്‍ ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയും പ്രസവാനന്തരം ഏതാനും രാവുകള്‍ കഴിഞ്ഞ് പോകുകയും ചെയ്താല്‍ ആ സംഘത്തെ ക്ഷണിച്ചു വരുത്താന്‍ അവള്‍ ആളെ നിയോഗിക്കും. സംഘത്തിലെ ഒരാള്‍ക്കും വിസമ്മതിക്കുവാന്‍ സാധിക്കില്ല. അവര്‍ അവളുടെ അടുക്കല്‍ ഒത്ത് കൂടിയാല്‍ അവള്‍ അവരോടു പറയും: നിങ്ങളും ഞാനും തമ്മിലുണ്ടായിരുന്ന ബന്ധം നിങ്ങള്‍ക്കറിയാമല്ലോ. ഞാന്‍ പ്രസവിച്ചിരിക്കുന്നു. അവരില്‍ തനിക്കിഷ്ടപ്പെട്ട ഒരാളെ അയാളുടെ പേരു വിളിച്ച് അവള്‍ പറയും: ഇത് നിന്റെ കുട്ടിയാകുന്നു. അവളുടെ കുട്ടിയെ അയാളിലേക്ക് ചേര്‍ക്കും. അയാള്‍ക്ക് വിസമ്മതിക്കുവാന്‍ സാധിക്കുകയില്ല.

നാലാമത്തെ വിവാഹ രീതി: ധാരാളമാളുകള്‍ ഒരുമിച്ച് കൂടുകയും അവര്‍ ഒരു സ്ത്രീയുടെ അടുക്കല്‍ പ്രവേശിക്കുകയും ചെയ്യും. തന്റെ അടുക്കല്‍ വരുന്നവരെ അവള്‍ തടയുകയില്ല. അഭിസാരികകളാകുന്നു അത്തരം സ്ത്രീകള്‍. ഒരു അടയാളമെന്ന നിലയില്‍ അവര്‍ തങ്ങളുടെ വീട്ടു വാതിലുകളില്‍ കൊടികള്‍ സ്ഥാപിക്കുമായിരുന്നു. അവരെ വേണ്ടവര്‍ക്ക് അവരുടെ അടുക്കല്‍ കടന്നുചെല്ലാം. സ്ത്രീ ഗര്‍ഭം ധരിച്ച് പ്രസവിച്ചാല്‍ അവളെ പ്രാപിച്ചവരെല്ലാം ഒരുമിച്ചു കൂട്ടപ്പെടുകയും ലക്ഷണം പറയുന്ന ആളെ ക്ഷണിച്ച് വരുത്തുകയും ചെയ്യും. ശേഷം അവളുടെ കുട്ടിയെ അവരെല്ലാവരും അഭിപ്രായപ്പെടുന്ന ഒരാളോട് ചേര്‍ക്കും. അയാള്‍ ആ കുട്ടിയുമായി ബന്ധം ചാര്‍ത്തുകയും അയാളുടെ മകനെന്ന് വിളിക്കപ്പെടുകയും ചെയ്യും. അത് അയാള്‍ വിസമ്മതിക്കില്ല.   

സത്യദീനുമായി മുഹമ്മദ് നബി(സ്വ) നിയോഗിക്കപ്പെട്ടപ്പോള്‍ ജാഹിലിയ്യത്തിലെ വിവാഹരീതികളെല്ലാം ഉടച്ചുവാര്‍ത്തു; ഇന്നത്തെ ജനങ്ങളുടെ വിവാഹ രീതി ഒഴിച്ച്.''

മൃഗങ്ങളും ചരക്കുകളുമെന്ന പോലെ കൊള്ളക്കൊടുപ്പിനുള്ള വിഭവമായിരുന്നു സ്ത്രീ. വിവാഹത്തിനും വേശ്യാവൃത്തിക്കും അവള്‍ നിര്‍ബന്ധിക്കപ്പെടുമായിരുന്നു. അവള്‍ അനന്തരമെടുക്കുമായിരുന്നില്ല. അവളെ അനന്തരമെടുക്കപ്പെടുമായിരുന്നു. അവളെ ഉടമപ്പെടുത്തുമായിരുന്നു. അവള്‍ ഉടമപ്പെടുത്തിയിരുന്നില്ല. അവളെ ഉടമപ്പെടുത്തിയവരില്‍ ഭൂരിഭാഗവും അവള്‍ ഉടമപ്പെടുത്തിയതില്‍ പുരുഷന്റെ അനുവാദം കൂടാതെ ഇടപാട് നടത്തുന്നതില്‍ അവള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. അവളുടെ സ്വത്തില്‍ ഭര്‍ത്താവിന് കൈകാര്യകര്‍തൃത്വമുണ്ടെന്ന് അവര്‍ അഭിപ്രായപ്പെട്ടിരുന്നു; അവള്‍ക്കാകട്ടെ അതിന് അനുവാദമുണ്ടായിരുന്നില്ല താനും. ചില നാടുകളില്‍ ചിലര്‍ സ്ത്രീ പുരുഷനെ പോലെ ദേഹവും ദേഹിയുമുള്ള ഒരു മനുഷ്യനാണോ അല്ലേ, അവള്‍ക്ക് മതം പഠിക്കാമോ പാടില്ലേ, അവളുടെ ആരാധന സാധുവാകുമോ ഇല്ലേ, അന്ത്യനാളില്‍ അവള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുമോ ഇല്ലേ എന്നീ വിഷയങ്ങളില്‍ തര്‍ക്കിച്ചിരുന്നു! 

റോമയില്‍ ഒരു സഭ സ്ത്രീ നിത്യജീവനും ചൈതന്യവുമില്ലാത്ത ഒരു മലിന ജീവിയാണെന്നും എന്നാലും ആരാധനയും സേവനവും അവള്‍ക്ക് നിര്‍ബന്ധമാണെന്നും തീരുമാനിക്കുകയുണ്ടായി. സ്ത്രീ പൈശാചികമായ കെണിയാണെന്നതിനാല്‍ അവള്‍ ചിരിക്കുന്നതും സംസാരിക്കുന്നതും തടയുവാന്‍ ഒട്ടകത്തിന്റെയും കടിക്കുന്ന പട്ടിയുടേയും വായ മൂടിക്കെട്ടുന്നതു പോലെ അവളുടെയും വായ മൂടിക്കെട്ടണമെന്നും തീരുമാനിക്കുകയുണ്ടായി. തന്റെ മകളെ കൊല്ലുവാന്‍ പിതാവിന് അവകാശമുണ്ടെന്നും മാത്രവുമല്ല അവളെ ജീവനോടെ കുഴിച്ചു മൂടണമെന്നും അറബികളില്‍ ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു. പുരുഷന്‍ സ്ത്രീയെ വധിച്ചാല്‍ പുരുഷനില്‍ ക്വിസ്വാസ്വും(പ്രതിക്രിയ) ദിയതും(ദായ ധനം) ഇല്ലെന്ന് അഭിപ്രായപ്പെടുന്നവരും അവരിലുണ്ടായിരുന്നു.'ഇതുപോലെ സ്ത്രീയെ അവഗണിക്കുകയും കൈപുനീര്‍ കുടിപ്പിക്കുകയും ചെയ്തിരുന്ന അക്രമങ്ങളുടെയും അപഹസിക്കലിന്റെയും ഉദാഹരണങ്ങള്‍ വേറേയുമുണ്ട്.

വര്‍ത്തമാനകാലത്ത് അനിസ്‌ലാമികതയുടെ നിഴലില്‍ ജീവിക്കുന്ന പല സ്ത്രീകളും തീക്ഷ്ണമായ യാതനകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു എന്നത് വസ്തുതയാണ്. എത്രത്തോളമെന്നാല്‍ മുസ്‌ലിം സ്തീയോടുള്ള പെരുമാറ്റം തങ്ങള്‍ക്ക് ലഭിച്ചിരുന്നുവെങ്കിലെന്ന് അവരില്‍ ചിലര്‍ അഭിലഷിക്കുന്നു. 

പ്രസിദ്ധ എഴുത്തുകാരി മിസ്സ് അത്‌റോഡ് പറയുന്നു: ''നമ്മുടെ പെണ്‍മക്കളെ വീടുകളില്‍ ഭൃത്യരായി അല്ലെങ്കില്‍ ഭൃത്യരെപ്പോലെ  ജോലി ചെയ്യിക്കലാണ് ജോലി സ്ഥലങ്ങളില്‍ അവരെ വേല ചെയ്യിക്കുന്നതിലേറെ ഉത്തമവും പ്രയാസം കുറഞ്ഞതും. പെണ്‍കുട്ടികളുടെ ജീവിത ഭംഗി എന്നെന്നേക്കുമായി പൊയ്‌പ്പോകുന്ന മാലിന്യങ്ങളാല്‍ അവള്‍ അവിടങ്ങളില്‍ മലീമസയാകുന്നു. നമ്മുടെ നാടുകള്‍ മുസ്‌ലിം നാടുകളെ പോലെ ആയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. മുസ്‌ലിം നാടുകളില്‍ ലജ്ജയും പവിത്രതയും പരിശുദ്ധിയുമുണ്ട്. ഭൃത്യയും അടിമയും സമൃദ്ധമായ ജീവിതമാണ് അനുഭവിക്കുന്നത്. വീട്ടിലെ സന്താനങ്ങളോട് പെരുമാറുന്നതുപോലെയാണ് അവരോട് പെരുമാറുന്നത്. അഭിമാനങ്ങള്‍ക്ക് ക്ഷതമേല്‍ക്കുന്നുമില്ല.''

അതെ, പുരുഷന്മാരോട് യഥേഷ്ടം കൂടിക്കലര്‍ന്നുകൊണ്ട് അവഹേളനങ്ങള്‍ക്ക് തങ്ങളുടെ പെണ്‍മക്കളെ ഇരയാക്കുക എന്നത് ബ്രിട്ടീഷ് നാടുകള്‍ക്ക് മാനക്കേട് തന്നെയാണ്. വീട്ടു ജോലി നിര്‍വഹിക്കുക പോലുള്ള സ്ത്രീയുടെ പ്രകൃതിക്കിണങ്ങുന്ന ജോലിയെടുക്കുവാന്‍ അവളെ നിശ്ചയിക്കാനും സ്ത്രീയുടെ മാനം കാക്കുവാന്‍ പുരുഷന്റെ ജോലികള്‍ പുരുഷന് ഒഴിവാക്കിക്കൊടുക്കുവാനും നാം എന്തുകൊണ്ട് ശ്രമിക്കുന്നില്ല?

അലായ്‌കോ എന്ന പത്രത്തില്‍ ലേഡി കോക്ക് എന്ന എഴുത്തുകാരി എഴുതുന്നു: ''കൂടിക്കലരുന്നത് പുരുഷനാണ് ചേരുക. അതിനാല്‍ തന്നെ തന്റെ പ്രകൃതിയോട് എതിരാവുന്നതിലാണ് സ്ത്രീ അതിമോഹം കാണിച്ചത്. പരപുരുഷ സ്ത്രീ സങ്കലനം വര്‍ധിക്കുന്നതനുസരിച്ച് ജാരസന്താനങ്ങളുടെ പെരുപ്പമുണ്ടാകുന്നു. ഇവിടെയാണ് സ്ത്രീക്കുള്ള വമ്പിച്ച പരീക്ഷണവും. അവള്‍ ബന്ധം സ്ഥാപിച്ച പുരുഷന്‍ അവളെയും അവളുടെ ആവശ്യങ്ങളെയും കയ്യൊഴിക്കും. അവളാകട്ടെ ഇല്ലായ്മയുടെയും വല്ലായ്മയുടെയും കിടപ്പറയില്‍ ചഞ്ചലിതയായി കഴിയുകയും നിന്ദ്യതയുടെയും അപമാനത്തിന്റെയും അപഹാസ്യതയുടെയും എന്നു മാത്രമല്ല മരണത്തിന്റെ തന്നെ കൈപ്പുനീര്‍ ആസ്വദിക്കുകയും ചെയ്യേ ണ്ടി വരുന്നു. ഗര്‍ഭധാരണവും ഗര്‍ഭ ഭാരവും ആഗ്രഹങ്ങളും തല കറക്കവും ജോലിയെടുക്കുന്നത് തടയുന്ന കാര്യങ്ങളായതിനാലാണ് അവള്‍ക്ക് വല്ലായ്മയുണ്ടാകുന്നത്. ജോലിയാണല്ലോ അവള്‍ക്ക് അന്നം നേടിക്കൊടുക്കുന്നത്.

സ്വയം എന്തു ചെയ്യണമെന്നറിയാതെ പരിഭ്രാന്തയും പരവശയുമായി മാറുന്നതിനാലാണ് അവള്‍ക്ക് വല്ലായ്മയനുഭവിക്കേണ്ടി വരുന്നത്. ഇതിനപ്പുറം വലിയ ആക്ഷേപവും അപമാനവും മറ്റെന്താണ്? ആത്മഹത്യയിലൂടെ അവള്‍ക്ക് സ്വന്തത്തെ തന്നെ ഹനിക്കേണ്ടി വരുന്നതിനാലാണ് അവള്‍ക്ക് മരണത്തിന്റെ കൈപ്പുനീരും ആസ്വദിക്കേണ്ടി വരുന്നത്.     

പുരുഷനാകട്ടെ, ഇതില്‍ യാതൊന്നും തൊട്ടുതീണ്ടുന്നില്ല. ഇതിനെക്കാളെല്ലാം ഉപരിയായി സ്ത്രീയുടെ പിരടിയിലാകുന്നു ഉത്തരവാദിത്തമെന്നുള്ളതാണ്. കുറ്റഭാരവും അവള്‍ക്കാകുന്നു. സ്ത്രീ പുരുഷന്മാര്‍ കൂടിക്കലരാനുള്ള പ്രേരകങ്ങള്‍ പുരുഷനില്‍ നിന്നാണ് താനും.

പാശ്ചാത്യ പൗരയുടെ മേല്‍ ആക്ഷേപമായി ഭവിക്കുന്ന ഈ ദുരിതങ്ങള്‍ ലഘൂകരിക്കുവാന്‍ (അത് തുടച്ചു നീക്കുവാന്‍ എന്നു നാം പറയുന്നില്ല) നമുക്ക് സമയമായില്ലേ? യാതൊരു കുറ്റവും ചെയ്യാത്ത ലക്ഷക്കണക്കിന് കുഞ്ഞുങ്ങളെ കൊല്ലുന്നത് തടയുന്ന മാര്‍ഗങ്ങള്‍ സ്വീകരിക്കുവാന്‍ നമുക്ക് സമയമായില്ലേ? 

പുരുഷനിലാണ് കുറ്റമെല്ലാം; വാഗ്ദാനങ്ങളിലൂടെ പുരുഷനുണ്ടാക്കുന്ന ദുര്‍മന്ത്രണങ്ങളെയും അവന്‍ ജനിപ്പിക്കുന്ന ആഗ്രഹങ്ങളെയും സത്യപ്പെടുത്തുവാന്‍ ഉതകുമാറുള്ള ലോലഹൃദയം പ്രകൃത്യായുള്ള സ്ത്രീയെ പ്രലോഭിപ്പിക്കുന്നത് അവനാണല്ലോ. അങ്ങനെ തന്റെ ആവശ്യം പൂര്‍ത്തീകരിച്ചാല്‍ അവനവളെ വലിച്ചെറിയുന്നു.

ഇപ്രകാരം പീഡനങ്ങളും ക്ലേശങ്ങളും മാനക്കേടുകളും സ്ത്രീക്ക് തുടര്‍ക്കഥയാകുന്നു. നോവേറുന്ന പീഡനം അവള്‍ സഹിക്കേണ്ടി വരുന്നു. ജീവിത വ്യഥകള്‍ അവള്‍ കുടിച്ചിറക്കുന്നു. തന്റെ പ്രകൃതിക്കും സൃഷ്ടിപ്പിനും സര്‍ഗസിദ്ധിക്കും അനുയോജ്യമായ ശരിയായ ജീവിതത്തിനുവേണ്ടി ഇതില്‍ നിന്നെല്ലാം രക്ഷപ്പെട്ടിരുന്നുവെങ്കില്‍ എന്ന് അവള്‍ ആഗ്രഹിക്കുന്നു. ഈ പീഡനങ്ങളില്‍ നിന്നെല്ലാം സ്ത്രീക്കുള്ള ഏക രക്ഷകനും മോചകനും അവള്‍ക്കുള്ള അന്തസ്സും ആശ്വാസവും ശാന്തിയും ഇസ്‌ലാം മാത്രമായി ശേഷിക്കുന്നു.