സ്ത്രീകളെ ആദരിക്കുന്ന ദർശനം

ഡോ. അബ്ദുര്‍റസ്സാക്വ് അല്‍ബദര്‍

2017 ജൂലായ് 22 1438 ശവ്വാല്‍ 28

വിവ: വിവ. അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല

(സ്ത്രീ ഇസ്‌ലാമിന്റെ തണലില്‍: 2)

ആരാണ് സ്ത്രീ?

മര്‍അത്ത്(സ്ത്രീ) എന്നത് മര്‍അ് എന്നതിന്റെ സ്ത്രീലിംഗമാണ്. ഈ ഏകവചനത്തിന് ബഹുവചനമില്ല. എന്നാല്‍ നിസാഅ്, നിസ്‌വത്ത് എന്നിങ്ങനെയാണ് അത് ബഹുവചനമാക്കപ്പെടുക. പുരുഷനു തന്റെ ജീവിത പങ്കാളിയാകുവാന്‍ അല്ലാഹു ഉണ്മയേകിയ സൃഷ്ടിയത്രേ സ്ത്രീ. അടിസ്ഥാനപരമായി പുരുഷനില്‍നിന്നു തന്നെയാണ് സ്ത്രീ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സമ്പര്‍ക്കം സുചിന്ത്യവും ബന്ധവും അടുപ്പവും സുദൃഢവുമാകുന്നതിന് വേണ്ടിയാണത്. ഇണകള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും പ്രൗഢമായും അതിസുന്ദരമായും പുലരുന്നതിനു വേണ്ടിയുമാണത്. അല്ലാഹു പറയുന്നു:

''മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചുകൊണ്ടിരിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും (നിങ്ങള്‍ സൂക്ഷിക്കുക.) തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു'' (ക്വുര്‍ആന്‍  4:1).

''നിങ്ങള്‍ക്ക് സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്'' (വി. ക്വു. 30: 21).

''അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് തന്നെ ഇണകളെ ഉണ്ടാക്കുകയും നിങ്ങളുടെ ഇണകളിലൂടെ അവന്‍ നിങ്ങള്‍ക്ക് പുത്രന്മാരെയും പൗത്രന്മാരെയും ഉണ്ടാക്കിത്തരികയും, വിശിഷ്ട വസ്തുക്കളില്‍ നിന്നും അവന്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്തിരിക്കുന്നു. എന്നിട്ടും അവര്‍ അസത്യത്തില്‍ വിശ്വസിക്കുകയും അല്ലാഹുവിന്റെ അനുഗ്രഹത്തെ നിഷേധിക്കുകയുമാണോ ചെയ്യുന്നത്?''(ക്വുര്‍ആന്‍ 16:72).

ഹവ്വാഅ് ആദം(അ)ന്റെ ഭാര്യയാണ്, ആദമില്‍ നിന്നാണ് അവര്‍ സൃഷ്ടിക്കപ്പെട്ടത് എന്നീ കാര്യങ്ങളെ ഈ വചനങ്ങള്‍ അറിയിക്കുന്നു. അതില്‍ പിന്നെ അവര്‍ ഇരുവരില്‍നിന്നുമായി അല്ലാഹു ധാരാളം പുരുഷന്മാരൈയും സ്ത്രീകളെയും വൈവാഹിക ജീവിതത്തിലൂടെ വ്യാപിപ്പിച്ചു. വൈവാഹിക ജീവിതത്തിലൂടെയാണല്ലോ ഗര്‍ഭധാരണവും സന്താനോല്‍പാദനവും ഉണ്ടാകുന്നത്.

അല്ലാഹു പരുഷനില്‍ അവനുള്ള വ്യക്തിത്വങ്ങളും സവിശേഷതകളും പടച്ചു. സ്ത്രീയില്‍ സ്‌ത്രൈണതയുടെ വ്യക്തിത്വങ്ങളും സവിശേഷതകളും പടച്ചു. സ്ത്രീപുരുഷന്മാര്‍ ഓരോരുത്തരും തങ്ങള്‍ക്കു നിശ്ചയിക്കപ്പെട്ടതില്‍ നിന്ന് പുറം ചാടുകയെന്നത് ശുദ്ധപ്രകൃതിയില്‍ നിന്നുള്ള വ്യതിചലനവും മാര്‍ഗ ഭ്രംശവുമായിട്ടാണ് പരിഗണിക്കപ്പെടുക. അബൂഹുറയ്‌റ(റ)യില്‍നിന്നുള്ള ഹദീഥില്‍ ഇപ്രകാരം വന്നിട്ടുണ്ട്. നബി(സ്വ) പറഞ്ഞു:

''നിശ്ചയം, സ്ത്രീ വാരിയെല്ലില്‍നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. വാരിയെല്ലുകളില്‍ ഏറ്റവും വളഞ്ഞത് മീതെയുള്ളതാകുന്നു. താങ്കള്‍ അത് നേരെയാക്കിയാല്‍ അതിനെ പൊട്ടിക്കും. താങ്കള്‍ അവളെ ആസ്വദിക്കുകയാണെങ്കില്‍ അവളെ ആസ്വദിച്ചു. അവള്‍ക്ക് ഒരു വളവുണ്ട്.'' 

ഇമാം നവവി(റഹി) പറഞ്ഞു: 'ആദമിന്റെ ഒരു വാരിയെല്ലില്‍ നിന്നാണ് ഹവ്വാഅ് സൃഷ്ടിക്കപ്പെട്ടതെന്ന കര്‍മശാസ്ത്ര പണ്ഡിതന്മാരില്‍ ചിലരുടെ അഭിപ്രായത്തിന് ഈ ഹദീഥില്‍ തെളിവുണ്ട്. അല്ലാഹു പറയുന്നു:

''മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും... ചെയ്തവനായ...'' (ക്വുര്‍ആന്‍ 4:1)

അടിസ്ഥാനപരമായ സൃഷ്ടിപ്പിലും നിര്‍മിതിയിലും ചില പ്രത്യേകതകളാലും വ്യക്തിത്വങ്ങളാലും സ്ത്രീ സവിശേഷമാക്കപ്പെട്ടിരിക്കുന്നു. പ്രസ്തുത സവിശേഷതകളും വ്യക്തിത്വങ്ങളുമാണ് അവള്‍ക്ക് ജീവിതത്തില്‍ പ്രത്യേകമായൊരു രീതിയും നിര്‍ണിതമായൊരു ശൈലിയും നേടിക്കൊടുക്കുന്നത്. അതാകട്ടെ അവളുടെ സ്‌ത്രൈണത, മാതൃത്വം, നൈര്‍മല്യം, ദൗര്‍ബല്യം, അധികരിച്ചുള്ള അവസ്ഥാ മാറ്റങ്ങള്‍ എന്നിവയില്‍നിന്നൊക്കെയാണ് പ്രയാണം കുറിക്കുന്നത്. അവള്‍ ആര്‍ത്തവകാരിയാകുന്നു. ഗള്‍ഭം ധരിക്കുന്നു. ഗര്‍ഭിണിയായിരിക്കെ ആഗ്രഹങ്ങള്‍ പേറുന്നു. പ്രസവിക്കുന്നു. മുലയൂട്ടുന്നു. കുഞ്ഞിനെ പരിപാലിക്കുന്നു... തുടങ്ങി അവള്‍ക്ക് പ്രത്യേകമായ കാര്യങ്ങള്‍ അവള്‍ നിര്‍വഹിക്കുന്നു. ഇത് പോലെ പുരുഷനും അവന്റെതായ പ്രത്യേകതകളും വ്യക്തിത്വങ്ങളും ഉണ്ട്.   

സ്ത്രീ പുരുഷന്മാരിലൊരാള്‍ അപരന്റെ സവിശേഷതകളിലേക്ക് എത്തിനോക്കുക എന്നത് പാടുള്ളതല്ല. അല്ലാഹു പറഞ്ഞു:

''നിങ്ങളില്‍ ചിലര്‍ക്ക് ചിലരെക്കാള്‍ കൂടുതലായി അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളോട് നിങ്ങള്‍ക്ക് മോഹം തോന്നരുത്. പുരുഷന്മാര്‍ സമ്പാദിച്ചുണ്ടാക്കിയതിന്റെ ഓഹരി അവര്‍ക്കുണ്ട്. സ്ത്രീകള്‍ സമ്പാദിച്ചുണ്ടാക്കിയതിന്റെ ഓഹരി അവര്‍ക്കുമുണ്ട്. അല്ലാഹുവിന്റെ ഔദാര്യത്തില്‍നിന്ന് അവനോടു നിങ്ങള്‍ ആവശ്യപ്പെട്ട് കൊള്ളുക. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു'' (ക്വുര്‍ആന്‍ 4:32).

പുരുഷന്മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറു വിഭാഗത്തേക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ് നല്‍കിയത് കൊണ്ടും, (പുരുഷന്മാര്‍) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്''(ക്വുര്‍ആന്‍ 4:34). 

സ്ത്രീയുടെ മേലുള്ള പുരുഷന്റെ നിയന്ത്രണാധികാരം അല്ലാഹു ചിലര്‍ക്ക് ചിലരെക്കാള്‍ നല്‍കിയ അനുഗ്രഹങ്ങളില്‍ പെട്ടതാണ്. ബുദ്ധിപൂര്‍ണത, കരുത്ത്, ക്ഷമ, സഹനം, സഹിഷ്ണുത, ശക്തി എന്നിവയാല്‍ പുരുഷന്‍ സവിശേഷമാക്കപെട്ടിരിക്കുന്നു. ഇവ പുരുഷനുള്ളതുപോലെ സ്ത്രീക്ക് ഇല്ല. അതിനാലാണ് സ്ത്രീയുടെ കഴിവുകളോടും സൃഷ്ടിപരമായ ചട്ടങ്ങളോടും ഇണങ്ങും വിധമുള്ള പുരുഷനോടുള്ള കടമകള്‍ സ്ത്രീകളുടെമേല്‍ നിശ്ചയിച്ചത്. പുരുഷന്റെ കഴിവുകളോടും സൃഷ്ടിപരമായ ചട്ടങ്ങളോടും യോജിക്കും വിധമുള്ള അവകാശങ്ങള്‍ പുരുഷനന് സ്ത്രീയുടെ മേലും നിശ്ചയിച്ചത്.

മനുഷ്യനുള്ള ആദരവ്, വസ്തുതയെന്ത്?

പ്രമാണങ്ങളുടെ ആശയങ്ങളും തെളിവുകളുടെ അറിയിപ്പുകളം നിരീക്ഷിക്കുന്നവന് മനുഷ്യന് അല്ലാഹുവില്‍നിന്നുള്ള ആദരവ് രണ്ടു നിലക്കാണെന്ന് കണ്ടെത്താനാവും. അവ:

1. തക്‌രീമുന്‍ ആമ്മ്(പൊതുവായുള്ള ആദരവ്)

ഇതത്രെ വിശുദ്ധ വചനത്തില്‍ അല്ലാഹു വിവരിച്ച ആദരവ്.

''തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും, കടലിലും കരയിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും, വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നാം അവര്‍ക്ക് ഉപജീവനം നല്‍കുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക് നാം സവിശേഷമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു'' (ക്വുര്‍ആന്‍ 17:70).

ഇമാം ക്വുര്‍ത്വുബി(റഹി) പറഞ്ഞു: ''നീണ്ടുനിവര്‍ന്ന് നല്ല രൂപത്തിലായുള്ള അവരുടെ സൃഷ്ടിപ്പും കരയിലും കടലിലും അവരെ വഹിക്കലും ഈ ആദരവില്‍ ഉള്‍പ്പെടുന്നു. മനുഷ്യനൊഴികെ മറ്റൊരു ജീവിക്കും യാഥാര്‍ഥ്യമായിട്ടില്ലാത്തതാണെല്ലോ ഇത്. തന്റെ ഉദ്ദേശ്യത്തിനും വിചാരത്തിനും ആസൂത്രണത്തിനുമനുസരിച്ച് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുകയെന്നതും അവര്‍ക്കു പ്രത്യേകമായ ഭക്ഷണങ്ങള്‍, പാനീയങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ കൊണ്ട് അവരെ സവിശേഷമാക്കി എന്നതും ഈ ആദരവില്‍ ഉള്‍പ്പെടുന്നു. ഇവകളില്‍ മനുഷ്യര്‍ക്ക് സ്വകര്യം നല്‍കപ്പെട്ടതു പോലെ ഒരു മൃഗത്തനും സൗകര്യം നല്‍കപ്പെട്ടിട്ടില്ലല്ല. കാരണം മനുഷ്യര്‍ സ്വത്ത് സമ്പാദിക്കുന്നു; മൃഗങ്ങള്‍ സമ്പാദിക്കുന്നില്ല. അവര്‍ വസ്ത്രം ധരിക്കുന്നു. ഭക്ഷണങ്ങളില്‍നിന്ന് പാകം ചെയ്തത് ആഹരിക്കുകയും ചെയ്യുന്നു. വേവിക്കാത്ത മാംസമോ പാകം ചെയ്യാത്ത ഭക്ഷണമോ തിന്നുവാനേ ഓരോ മൃഗത്തിനും കഴിയൂ.

ഇമാം ഇബ്‌നുകഥീര്‍ പറഞ്ഞു: ''ഏറ്റവും നല്ലതും പരിപൂര്‍ണവുമായ ഘടനയില്‍ മനുഷ്യനെ സൃഷ്ടിച്ചതിലൂടെയുള്ള മനുഷ്യരോടുള്ള അല്ലാഹുവിന്റെ ബഹുമാനത്തെ കുറിച്ചും അവര്‍ക്കുള്ള അവന്റെ ആദരവിനെ കുറിച്ചും അവന്‍ പറയുന്നു: 'തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്നു' (ക്വുര്‍ആന്‍ 95:4). അഥവാ മനുഷ്യന്‍ തന്റെ ഇരുകാലുകളില്‍ നേരെ നിവര്‍ന്ന് നടക്കുകയും അവന്റെ ഇരുകരങ്ങള്‍ കൊണ്ട് തിന്നുകയും ചെയ്യുന്നു. മറ്റു മൃഗങ്ങളാകട്ടെ നാലു കാലുകളില്‍ നടക്കുകയും വായകൊണ്ടു തിന്നുകയും ചെയ്യുന്നു. അല്ലാഹു മനുഷ്യന് കേള്‍വിയും കാഴ്ചയും ഹൃദയവും നല്‍കി. അവകൊണ്ട് അവന്‍ ഗ്രഹിക്കുകയും ഉപകാരമെടുക്കുകയും കാര്യങ്ങള്‍ക്കിടയില്‍ വേര്‍തിരിക്കുകയും ഇഹപര വിഷയങ്ങളില്‍ അവയിലെ ഉപകാരങ്ങള്‍, സവിശേഷതകള്‍, ഉപദ്രവങ്ങള്‍, എന്നിവ അവന്‍ മനസിലാക്കുകയും ചെയ്യുന്നു.''

2. തക്‌രീമുന്‍ ഖാസ്വ്(പ്രത്യേകമായുള്ള ആദരവ്)

ഇസ്‌ലാമിലേക്ക് മാര്‍ഗമരുളിയും ലോകരക്ഷിതാവിന് വഴിപ്പെടുവാന്‍ ഉദവിയേകിയുമുള്ള ആദരവാകുന്നു അത്. ഇതത്രെ യഥാര്‍ഥ ആദരവും സമ്പൂര്‍ണ പ്രതാപവും ഇഹത്തിലും പരത്തിലുമുള്ള നിത്യസൗഭാഗ്യവും. കാരണം ഇസ്‌ലാമാകുന്നു അന്തസ്സിന്റെയും ആഭിജാത്യത്തിന്റെയും പുരോഗതിയുടെയും നേര്‍ജീവിതത്തിന്റെയും ആദര്‍ശമായ അല്ലാഹുവിന്റെ മതം. അല്ലാഹുവിനും അവന്റെ ദൂതനും സത്യവിശ്വാസികള്‍ക്കുമാണല്ലോ പ്രതാപം.

അല്ലാഹുവിന്റെ മഹത്ത്വത്തിനുമുന്നില്‍ വിനയാന്വിതമാകല്‍ കൊണ്ടും അവന്റെ വലിപ്പത്തിനു വിധേയാകല്‍ കൊണ്ടും അവന്റെ കല്‍പനകളെ പ്രാവര്‍ത്തികമാക്കല്‍കൊണ്ടും മാത്രമാണ് അന്തസ്സുണ്ടാവുക എന്നത് വ്യക്തമാക്കിക്കൊണ്ട് അല്ലാഹു പറയുന്നു:

''ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും പര്‍വതങ്ങളും വൃക്ഷങ്ങളും ജന്തുക്കളും മനുഷ്യരില്‍ കുറെ പേരും അല്ലാഹുവിന് പ്രണാമം അര്‍പിച്ചുകൊണ്ടിരിക്കുന്നു എന്ന് നീ കണ്ടില്ലേ? (വേറെ) കുറെ പേരുടെ കാര്യത്തില്‍ ശിക്ഷ സ്ഥിരപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹു വല്ലവനെയും അപമാനിതനാക്കുന്ന പക്ഷം അവനെ ബഹുമാനിക്കുവാന്‍ ആരും തന്നെയില്ല. തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് ചെയ്യുന്നു'' (ക്വുര്‍ആന്‍ 95:4).