സലഫീ പ്രബോധനം ഒരു താത്വിക വിശകലനം

ശൈഖ് നാസ്വിറുദ്ദീന്‍ അല്‍ബാനി (വിവര്‍ത്തനം: ശമീര്‍ മദീനി)

2017 ജനുവരി 21 1438 റബിഉൽ ആഖിർ 22

അല്ലാഹുവിന്റെ വചനംകൊണ്ടു തന്നെ നമ്മുടെസംസാരം തുടങ്ങട്ടെ,

''മുഹാജിറുകളില്‍ നിന്നും അന്‍സാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം''(9:100).

ദഅ്‌വത്തിന്റെ കാര്യത്തില്‍ ഓരോരുത്തരും അറിയേണ്ടതും അനുധാവനം ചെയ്യേണ്ടതുമായ ചില കാര്യങ്ങളാണ് ഇതില്‍ സൂചിപ്പിക്കുന്നത്. സലഫുകളുടെ മാര്‍ഗമെന്തെന്നറിഞ്ഞാണ് പ്രബോധനം ചെയ്യേണ്ടത്. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ വ്യത്യസ്ത നാമങ്ങളില്‍ സലഫീപ്രബോധന കൂട്ടായ്മകളുണ്ട്. ഈ ആശയത്തെ സംബന്ധിച്ച് ദീര്‍ഘ കാലമായി മുസ്‌ലിംകള്‍ അശ്രദ്ധയിലാണ്. അതല്ലെങ്കില്‍ അതിന് അര്‍ഹിക്കുന്ന പരിഗണന അവര്‍ നല്‍കിയില്ല.

എന്തുകൊണ്ടെന്നാല്‍ കാലങ്ങളായി അന്ധമായ മദ്ഹബീപക്ഷപാതിത്വത്തിലും അനുകരണത്തിലുമായി അവരുടെ ഹൃദയങ്ങള്‍ക്ക് നിര്‍ജീവതയുടെ കറപുരണ്ടിരുന്നു. ഉത്തമരായ മൂന്ന് തലമുറകള്‍ക്ക് ശേഷം അഹ്‌ലുസ്സുന്നയുടെ ഇടയില്‍ തന്നെ ഇത്തരത്തിലുള്ള നിര്‍ജീവതയും അന്ധമായ അനുകരണവും കാണാമായിരുന്നു എന്നിരിക്കെ ശേഷക്കാരുടെ കാര്യം പറയേണ്ടതില്ലല്ലോ. നബി(സ്വ) പറയുന്നു: ''ജൂതന്‍മാര്‍ 71 കക്ഷികളായി പിരിഞ്ഞു. ക്രസ്ത്യാനികള്‍ 72 വിഭാഗങ്ങളായി പിരിയും. എന്റെ സമുദായമാകട്ടെ 73 വിഭാഗമായി വേര്‍പിരിയുന്നതാണ്. ഒന്നൊഴികെയുള്ള സകലതും നരക പാതയിലാണ്''. സ്വഹാബികള്‍ ചോദിച്ചു:'''അല്ലാഹുവിന്റെ ദൂതരേ, ആരാണ് ആ വിഭാഗം?'''

നബി(സ്വ) പറഞ്ഞു:'''അതാണ് അല്‍-ജമാഅഃ.'' മറ്റൊരു നിവേദനത്തില്‍ ആ വിഭാഗത്തെ കുറിച്ച് ഇപ്രകാരം വിശദമാക്കപ്പെട്ടിരിക്കുന്നു: ''ഞാനും എന്റെ സ്വഹാബത്തും ഏതൊരു മാര്‍ഗത്തിലാണോ ആ മാര്‍ഗത്തിലായിരിക്കുമവര്‍.'''

നബി(സ്വ) അറിയിച്ചതുപോലെ ഈ സമുദായത്തില്‍ ഭിന്നതകളുണ്ടാകുമെന്നും നബി(സ്വ)യും സ്വഹാബത്തും നിലകൊണ്ട പാത പിന്‍പറ്റുന്ന ഒരു വിഭാഗം ആ 73 കക്ഷികളില്‍ നിന്നും ഒന്നായി ഉണ്ടാകുമെന്നും ഈ ഹദീഥ് വളരെ വ്യകതമായി നമ്മെ അറിയിക്കുന്നു. നബി(സ്വ)യുടെ അറിയിപ്പ് സത്യമാണ്. കാരണം അല്ലാഹു പറഞ്ഞതുപോലെ അവ വഹ്‌യാണ്.'

ഈ വിഭാഗം (അല്‍ ഫിര്‍ക്വത്തുന്നാജിയഃ അഥവാ രക്ഷപ്പെടുന്ന കക്ഷി) ഇക്കാലത്ത് മറ്റ് കക്ഷികള്‍ അവകാശപ്പെടുന്നതു പോലെ ക്വുര്‍ആനും സുന്നത്തുമനുസരിച്ചു പ്രവര്‍ത്തിക്കുന്നുവെന്ന കേവല അവകാശവാദക്കാരല്ല. ആധുനികവും പൗരാണികവുമായ ഒരു വിഭാഗത്തിനും ക്വുര്‍ആനിലേക്കും സുന്നത്തിലേക്കും ചേര്‍ത്തു പറയുന്നതില്‍ നിന്നൊഴിവാക്കാന്‍ സധിക്കുകയില്ല; ബിദ്അത്തിന്റെ കക്ഷികളാണ് അവരെങ്കില്‍ പോലും. എന്തുകൊണ്ടെന്നാല്‍ ഈ അവകാശവാദം അവര്‍ സ്വയം നിരാകരിച്ചാല്‍ തങ്ങള്‍ ഇസ്‌ലാമിന്റെ ശരിയായ പാതയില്‍ നിന്ന് പുറത്തുപോയ ഭിന്നതയുടെ വക്താക്കളാണെന്ന് മാലോകരെ അറിയിക്കലാകുമത്. അതുകൊണ്ടുതന്നെ ഉപരിസൂചിത ഹദീഥിലൂടെ നബി(സ്വ) ഉണര്‍ത്തിയ ആ 72 കക്ഷികളും ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും വക്താക്കളാണ് തങ്ങളെന്ന് ഒരേ സ്വരത്തില്‍ അവകാശവാദം ഉന്നയിക്കുന്നവരാണ്.

എന്നാല്‍ സലഫികളാകട്ടെ ഈ വിഭാഗങ്ങളില്‍ നിന്നൊക്കെയും വ്യത്യസ്തമാണ്. അതായത് ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും വക്താക്കളെന്ന കേവലമായ അവകാശവാദത്തിനപ്പുറം ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും ശരിയായ പാതയില്‍ നിന്ന് വ്യതിചലിച്ചു പോകാതിരിക്കാന്‍ ഒരു കാര്യം കൂടി അവര്‍ കണിശമായി ശ്രദ്ധിക്കുന്നവരാണ്. അഥവാ നബി(സ്വ)യുടെ സ്വഹാബത്തിന്റെ മാര്‍ഗം മുറുകെ പിടിക്കുന്നവരാണവര്‍. സ്വഹാബികളെ മാത്രമല്ല അവരുടെ നന്മയില്‍ അവരെ അനുധാവനം ചെയ്ത താബിഈങ്ങളെയും തബഉത്തബാഇനെയും പിന്‍പറ്റുന്നവരാണവര്‍. അതായത്, ഉത്തമ തലമുറകളെന്ന് നബി(സ്വ) സാക്ഷ്യപ്പെടുത്തിയ സച്ചരിതരെ അനുധാവനം ചെയ്യുന്നവരത്രെ അവര്‍.

പ്രബലം മാത്രമല്ല, മുതവാതിറായി തന്നെ റിപ്പോര്‍ട്ടുചെയ്യപ്പെട്ട ഹദീഥിലൂടെ നബി(സ്വ) പറയുന്നു:''ജനങ്ങളില്‍ ഏറ്റവും ഉത്തമര്‍ എന്റെ തലമുറയാണ്. പിന്നെ അതിനോടടുത്തുള്ളവര്‍'''(അഹ്മദ്, ബുഖാരി). ഈ ഒന്നാം തലമുറക്കാരുടെ അഥവാ വിശുദ്ധരായ സ്വഹാബികളുടെ അനുയായികളും പിന്നീട് അവര്‍ക്ക് ശേഷം വരുന്നവരും ഇപ്രകാരം പ്രാര്‍ഥിക്കും: ''ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും വിശ്വാസത്തോടെ ഞങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളില്‍ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീര്‍ച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു'' (59:10).

രക്ഷപ്പെടുന്ന കക്ഷിയില്‍ (അല്‍ഫിര്‍ഖത്തുന്നാജിയഃ) ഉള്‍പ്പെടണമെന്നാഗ്രഹിക്കുന്ന എല്ലാവരും സ്വഹാബികളും താബിഈങ്ങളുമടങ്ങുന്ന പൂര്‍വികരായ സച്ചരിതരെ അനുധാവനം ചെയ്യുകയും മാതൃകയാക്കുകയും വേണം. സലഫുസ്സ്വാലിഹുകളെ പിന്‍പറ്റണമെന്ന ഇക്കാര്യം ഒരു പുത്തന്‍വാദമൊന്നുമല്ല. പ്രത്യുത അല്ലാഹുവിന്റെ വചനത്തിലൂടെ വ്യത്മാക്കപ്പെട്ട നിര്‍ബന്ധ കല്‍പനയാണ്:'''തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞവഴിക്ക്തന്നെ നാം അവനെ തിരിച്ചുവിടുന്നതും നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!'''(4:115).

നബി(സ്വ)ക്ക് എതിരാകുന്നതിനെ ശക്തമായ 'ഭാഷയില്‍ തക്കീത് ചെയ്യുകയാണ് അല്ലാഹു ഈ സൂക്തത്തിലൂടെ, എന്നിട്ട് അതിനോട് ചേര്‍ത്ത് പറഞ്ഞതിപ്രകാരമാണ് -''സത്യവിശ്വാസികളുടേതല്ലാത്ത മാര്‍ഗം പിന്‍പറ്റുന്നവര്‍.''നിസ്സംശയം എതിരാകാന്‍ പാടില്ലെന്ന് അല്ലാഹു താക്കീത് ചെയ്ത ഈ സത്യവിശ്വാസികള്‍ മുമ്പ് സൂചിപ്പിച്ച ആയത്തില്‍ പറഞ്ഞവര്‍ തന്നെയാണ്. അതായത് മുഹാജിറുകളിലും അന്‍സ്വാറുകളിലും പെട്ടവരും നന്മയില്‍ അവരെ പിന്‍പറ്റിയവരും:

''മുഹാജിറുകളില്‍ നിന്നും അന്‍സ്വാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം'''(9:100).

അവരാകട്ടെ തീര്‍ച്ചയായും അല്ലാഹുവിന്റെ തൃപ്തിനേടിയവരും അല്ലാഹുവിനെ തൃപ്തിപ്പെട്ടവരുമാണ്. വാസ്തവത്തില്‍ അതാണ് നാവുകൊണ്ട് പറയലിലൂടെ മാത്രം ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും ആളുകളാവുകയും എന്നിട്ട് സ്വഹാബത്തിന്റെ മാര്‍ഗമവലംബിച്ച് അതിന്റെ ശരിയായ പാത പിന്‍പറ്റേണ്ടതിനു പകരം ക്വുര്‍ആനിനും സുന്നത്തിനും എതിരായി മാറുകയും ചെയ്യുന്നവരെ വേര്‍തിരിച്ചറിയാനുള്ള മാനദണ്ഡം.

നമുക്കു മുമ്പില്‍ ഈ വിഷയത്തില്‍ അല്ലാഹുവിന്റെ ആയത്തും നബി(സ്വ)യുടെ സ്വഹീഹായ ഹദീഥും ഉണ്ട്. ആയത്ത് 'സത്യവിശ്വാസികളുടെ മാര്‍ഗ'മെന്ന് പറഞ്ഞു. നബി(സ്വ)യാകട്ടെ അത് തന്റെ അനുചരന്മാരാണെന്ന് (സ്വഹാബത്ത്) വിശദമാക്കി; അബൂദാവൂദ്, തിര്‍മുദി, അഹ്മദ്്യ തുടങ്ങിയവര്‍ റിപ്പോര്‍ട്ട് ചെയ്ത സ്വഹീഹായ മറ്റൊരു ഹദീഥില്‍ ഖുലഫാഉര്‍റാശിദുകളുടെ ചര്യയാണതെന്നും വ്യക്തമാക്കിയതു പോലെ.

ഇര്‍ബാദ് ബിന്‍ സാരിയ്യ്യ പറയുന്നു: ''അല്ലാഹുവിന്റെ ദൂതന്‍(സ്വ) ഒരിക്കല്‍ ഞങ്ങളെ ശക്ത്മായി ഉപദേശിച്ചു. ആ ഉപദേശത്താല്‍ ഞങ്ങളുടെ ഹൃദയങ്ങള്‍ വിറച്ചു, കണ്ണുകള്‍ നിറഞ്ഞു. ഞങ്ങള്‍ പറഞ്ഞു: ''പ്രവാചകരേ, ഇതൊരു വിടവാങ്ങല്‍ ഉപദേശം പോലെയുണ്ടല്ലോ. ഞങ്ങളോട് വസ്വിയ്യത്ത് ചെയ്താലും''. നബി(സ്വ) പറഞ്ഞു: ''അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കണമെന്ന് ഞാന്‍ നിങ്ങളോട് വസ്വിയ്യത്ത് ചെയ്യുന്നു. ഭരണാധികാരികളെ കേള്‍ക്കുകയും അനുസരിക്കുകയും വേണം; നിങ്ങളൂടെ മേല്‍ അധികാരമേല്‍ക്കുന്നത് ഒരു എത്യോപിയന്‍ അടിമയാണെങ്കിലും ശരി. തീര്‍ച്ചയായും എനിക്ക് ശേഷം നിങ്ങളില്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് ധാരാളം ഭിന്നതകള്‍ ദര്‍ശിക്കാവുന്നതാണ്. അപ്പോള്‍ നിങ്ങള്‍ എന്റെയും എനിക്ക് ശേഷമുള്ള ഖുലഫാഉര്‍റാശിദുകളുടെയും ചര്യ പിന്‍പറ്റണം. അണപ്പല്ലുകള്‍ കൊണ്ടവയെ മുറുകെ പിടിക്കണം. മതത്തിലെ നൂതന കാര്യങ്ങളെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. കാരണം എല്ലാ നൂതന കാര്യങ്ങളും ബിദ്അത്താ(പുത്തനാചാരം)കുന്നു). എല്ലാ ബിദ്അത്തും വഴികേടുമാകുന്നു.'' മറ്റൊരു ഹദീഥില്‍ ഇങ്ങനെയും വന്നിട്ടുണ്ട്:'''എല്ലാ വഴികേടും നരകത്തിലുമാണ്''(നസാഈ).

അതെ, ഈ ഹദീഥില്‍ നബി(സ്വ) തന്റെ സുന്നത്തിനോട് ഖുലഫാഉര്‍റാശിദുകളുടെ ചര്യയെ ചേര്‍ത്തുപറഞ്ഞു. ഈ ഹദീഥ് മുമ്പ് സൂചിപ്പിച്ച രക്ഷപ്പെടുന്ന കക്ഷിയുടെ(ഫിര്‍ക്കത്തുന്നാജിയഃ) ഹദീഥുമായി സംയോജിക്കുന്നു. അപ്രകാരം തന്നെ അല്ലാഹുവിന്റെ ഈ സൂക്തവുമായും (4/115) അത് സംഗമിക്കുന്നു.

ക്വുര്‍ആനും സുന്നത്തും പിന്‍പറ്റുകയാണെന്ന പേരില്‍ പൂര്‍വികരായ സച്ചരിതര്‍ക്കെതിരായ അഭിപ്രായങ്ങളും ആദര്‍ശങ്ങളും പിന്‍പറ്റാന്‍ ഒരു മുസ്‌ലിമിന് പാടുള്ളതല്ല. കാരണം, സലഫുസ്സ്വാലിഹുകളുടെ ആദര്‍ശം ക്വുര്‍ആനും സുന്നത്തും തന്നെയാണ്. സുന്നത്ത് ക്വുര്‍ആനിന്റെ വിവരണമാണെന്ന് ക്വുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നബി(സ്വ)യെ സംബോധന ചെയ്തുകൊണ്ട് അല്ലാഹു പറയുന്നു:'''വ്യക്തമായ തെളിവുകളും വേദഗ്രന്ഥങ്ങളുമായി (അവരെ നാം നിയോഗിച്ചു). നിനക്ക് നാം ഉല്‍ബോധനം അവതരിപ്പിച്ച് തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ വേണ്ടിയും അവര്‍ ചിന്തിക്കാന്‍ വേണ്ടിയും''(16/44).

നബി(സ്വ) ക്വുര്‍ആനിന്റെ വിവരണം അവിടുത്തെ സുന്നത്തിലൂടെയാണ് നിര്‍വഹിച്ചത്. പ്രസ്തുത സുന്നത്ത് മൂന്ന് രൂപത്തിലാണ്. അഥവാ നബി(സ്വ)യുടെ വാക്ക്, പ്രവൃത്തി, അംഗീകാരം എന്നിങ്ങനെ. ഈ സുന്നത്തിലേക്ക് നമുക്കുമെത്തിച്ചേരുവാനും അത് മനസ്സിലാക്കുവാനും സ്വഹാബികളിലൂടെയല്ലാതെ സാധിക്കുകയില്ല. അത്‌കൊണ്ട് തന്നെ ഒരു മുസ്‌ലിമിന് ഫിര്‍ക്വത്തുന്നാജിയയില്‍ (രക്ഷപ്പെടുന്ന കക്ഷി) ഉള്‍പ്പെടുവാന്‍ സലഫുസ്സ്വാലിഹുകളുടെ മാര്‍ഗം അനുസരിച്ച് ക്വുര്‍ആനും സുന്നത്തും പിന്‍പറ്റുന്നത്തിലൂടെമാത്രമെ സാധിക്കുകയുള്ളൂ. ക്വുര്‍ആനും സുന്നത്തും പിന്‍പറ്റുക എന്നതിനു പുറമെ അത് സലഫുസ്സ്വാലിഹുകളുടെ രീതിയനുസരിച്ചാവുക എന്ന കാര്യം പ്രത്യേകം മനസ്സിരുത്തേണ്ട സംഗതിയാണ്. ക്വിയാമത്തു നാളില്‍ രക്ഷപ്പെടുന്ന വിഭാഗത്തില്‍ ഉള്‍പ്പെടണമെന്ന ആത്മാര്‍ഥവും സത്യസന്ധവുമായ വിചാരമുണ്ടെങ്കില്‍ അത് അനിവാര്യമാണ്.

നമ്മളിന്ന് കാണുന്ന മിക്ക ഇസ്‌ലാമിക സംഘടനകളും വിശ്വസിക്കുന്നത് ഇസ്‌ലാം എന്നാല്‍ ക്വുര്‍ആനും സുന്നത്തും മാത്രമാണെന്നാണ.് അവയില്‍ ഭൂരിഭാഗവും മൂന്നാമത്തെ സംഗതിയായി വിവരിച്ച സലഫുകളുടെ മാര്‍ഗം അവലംബിക്കുവാനോ അംഗീകരിക്കുവാനോ സന്നദ്ധരല്ല. ആ വിശുദ്ധ മാര്‍ഗത്തെ സംബന്ധിച്ച് ക്വുര്‍ആനും സുന്നത്തും തെര്യപ്പെടുത്തിയ കാര്യം മുമ്പ് പറഞ്ഞുവല്ലോ.

വാസ്തവത്തില്‍ അഭിപ്രായങ്ങളിലും വീക്ഷണഗതികളിലും പൂര്‍വികരായ സച്ചരിതരുടെ (സലഫുസ്സ്വാലിഹ്) മാര്‍ഗം പിന്തുടരാത്തതാണ് മുസ്‌ലിംകളെ വ്യത്യസ്ത കക്ഷികളും വിഭാഗങ്ങളുമാക്കി സമുദായ ഐക്യം തകര്‍ത്തു കളഞ്ഞതിന്റെ മുഖ്യ ഹേതു.